Saturday, June 24, 2017 Last Updated 3 Min 39 Sec ago English Edition
Todays E paper
Wednesday 01 Feb 2017 02.07 AM

നോട്ട്‌ നിരോധനം ചരിത്രപരമായ തീരുമാനം : രാഷ്‌ട്രപതി

uploads/news/2017/02/76283/d3.jpg

ന്യൂഡല്‍ഹി: നോട്ട്‌ അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമായിരുന്നെന്ന്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റ്‌ സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്‌ട്രപതി.
പാര്‍ലമെന്റിലേക്കും സംസ്‌ഥാന നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു ദേശീയ സംവാദം നടത്തണം. തെരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനമില്ലാതാക്കുന്നതിനു സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുപ്പു ചെലവു വഹിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യണമെന്നും രാഷ്‌ട്രപതി പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികാസം എന്നതാണു സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നും രാഷ്‌ട്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.
കള്ളപ്പണത്തെയും അഴിമതിയെയും വ്യാജ നോട്ടുകളെയും ഭീകരവാദത്തെയും നേരിടാനാണ്‌ 2016 നവംബര്‍ എട്ടിന്‌ നോട്ട്‌ അസാധുവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇതുവഴി രാജ്യത്ത്‌ കറന്‍സി ഇതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞാണു രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. 2.1 കോടി ജനങ്ങള്‍ സ്വമേധയാ എല്‍.പി.ജി. സബ്‌സിഡി ഉപേക്ഷിച്ചതടക്കമുള്ള ഭരണ നേട്ടങ്ങള്‍ രാഷ്‌ട്രപതി വിവരിച്ചു. പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 2.6 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു. പ്രധാന്‍മന്ത്രി മുദ്ര യോജനയുടെ കീഴില്‍ രണ്ടു ലക്ഷം കോടി രൂപ ലോണ്‍ അനുവദിച്ചു, യുവാക്കളുടെ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ കൊണ്ടുവന്നു, 20 കോടിയിലധികം റുപെ കാര്‍ഡുകള്‍ വിതരണം ചെയ്‌തു, വനിതകള്‍ക്കു ഒരു കോടി തൊഴിലവസരം ഉറപ്പാക്കി, ഏഴാമത്‌ പേ കമ്മിഷന്‍ നടപ്പാക്കിയത്‌ 50 ലക്ഷം തൊഴിലാളികള്‍ക്കും 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെട്ടു, പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സ്‌റ്റാന്‍ഡ്‌ അപ്‌ ഇന്ത്യ പദ്ധതി നടപ്പിലാക്കി, ഭീകരരെ നേരിടാന്‍ നമ്മുടെ പ്രതിരോധസേന മിന്നലാക്രമണത്തിലൂടെ കടന്നുകയറ്റത്തിന്‌ ശക്‌തമായ മറുപടി നല്‍കി, ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയുണ്ടാകുന്ന പണത്തിന്റെ ചോര്‍ച്ച തടയാനായി. 36,000 കോടി രൂപ സംരക്ഷിക്കാനായി, പാവപ്പെട്ട 13 കോടി ആളുകള്‍ക്ക്‌ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തി, ധാന്യങ്ങളുടെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കി, ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നടപ്പിലാക്കി, പ്രസവാവധി മൂന്നില്‍നിന്ന്‌ ആറുമാസമാക്കി ഉയര്‍ത്തി, സ്‌ത്രീ സംരംഭകരെ പ്രോത്സാഹിപ്പിച്ചു, 73,000 കിലോ മീറ്ററില്‍ പുതിയ റോഡ്‌ നിര്‍മിച്ചു, ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കി, വ്യോമസേനയില്‍ വനിതാ പൈലറ്റുമാരെ ഉള്‍പ്പെടുത്തി തുടങ്ങിയവയാണ്‌ രാഷ്‌ട്രപതി പ്രസംഗത്തില്‍ പ്രധാനമായും പരാമര്‍ശിച്ചത്‌.
അതേസമയം, ബജറ്റ്‌ സമ്മേളനം ഫലപ്രദമായി നടക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനതാല്‍പര്യം മുന്‍നിര്‍ത്തിയാകും സമ്മേളനമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ഏതുവിഷയവും പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും വ്യക്‌തമാക്കി. പാര്‍ലമെന്റില്‍ ഇന്ന്‌ ധനകാര്യ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പൊതു ബജറ്റ്‌ അവതരിപ്പിക്കും.

Ads by Google
Wednesday 01 Feb 2017 02.07 AM
YOU MAY BE INTERESTED
TRENDING NOW