Thursday, June 29, 2017 Last Updated 0 Min 28 Sec ago English Edition
Todays E paper
Wednesday 01 Feb 2017 02.02 AM

എണ്ണ വിലയിടിവ്‌ : സൗദിയില്‍ നികുതി വരുന്നു

uploads/news/2017/02/76263/in6.jpg

റിയാദ്‌: നികുതിരഹിത ജീവിത വ്യവസ്‌ഥയോടു വിടപറയാനൊരുങ്ങി സൗദി അറേബ്യ. എണ്ണ വിലയിടിവുണ്ടാക്കിയ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ മൂല്യവര്‍ധിത നികുതി (വാറ്റ്‌) ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ അനുമതി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്‌ട്രവും അറബ്‌ മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയുമായ സൗദിയുടെ ബജറ്റ്‌ കമ്മി 9.7 കോടി ഡോളറിലെത്തിയതിനു പിന്നാലെയാണ്‌ ഈ കടുത്ത നടപടി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതോടെ രാജ്യത്തെ നിര്‍മാണമേഖല പാടേ സ്‌തംഭനത്തിലാണ്‌. മന്ത്രിമാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. എണ്ണ സബ്‌സിഡിയടക്കം എടുത്തുകളയേണ്ട സ്‌ഥിതിയിലേക്കും സൗദി എത്തി. കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ അനിവാര്യമായ ഘട്ടത്തിലാണ്‌ നികുതി ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌.
എണ്ണ സമ്പുഷ്‌ടമായ സൗദിയില്‍ കാലങ്ങളായി ഒന്നിനും നികുതി ചുമത്തിയിരുന്നില്ല. പൗരന്മാര്‍ക്ക്‌ ഒട്ടേറെ ആനുകൂല്യങ്ങളും ഭരണകൂടം വാരിക്കോരി നല്‍കിയിരുന്നു. എന്നാല്‍, 2014 ല്‍ തുടങ്ങിയ എണ്ണവിലത്തകര്‍ച്ച കാര്യങ്ങള്‍ മാറ്റിമറിച്ചു. ഇതോടെ ഇളവുകള്‍ ഓരോന്നായി വെട്ടിക്കുറച്ചു.
ആറംഗ ഗള്‍ഫ്‌ കോര്‍പറേഷന്‍ കൗണ്‍സിലില്‍ (ജി.സി.സി.) പൂര്‍ണമായും വാറ്റ്‌ നടപ്പാക്കാനാണ്‌ ഇപ്പോഴത്തെ തീരുമാനം. ഇതിനായി ഭരണാധികാരിയുടെ ഉത്തരവ്‌ തയാറായിട്ടുണ്ടെന്ന്‌ സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജി.സി.സിയിലെ ധാരണയ്‌ക്കു വിധേയമായി അഞ്ചു ശതമാനം നികുതി ചുമത്താനാണു നീക്കം. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സോഫ്‌റ്റ്‌ എനര്‍ജി ട്രിങ്കുകള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ ജി.സി.സി. രാജ്യങ്ങള്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. എണ്ണവിലത്തകര്‍ച്ച സൃഷ്‌ടിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ എക്‌െസെസ്‌, വാറ്റ്‌ നികുതികള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഗള്‍ഫ്‌ രാജ്യങ്ങള്‍ പരിഗണിക്കണമെന്ന്‌ രാജ്യാന്തര നാണയ നിധിയും (ഐ.എം.എഫ്‌) ശിപാര്‍ശ ചെയ്‌തിരുന്നു.

Ads by Google
Wednesday 01 Feb 2017 02.02 AM
YOU MAY BE INTERESTED
TRENDING NOW