Tuesday, October 24, 2017 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 02.02 AM

എച്ച്‌-1 ബി വിസാ നിയന്ത്രണം ലക്ഷ്യമിട്ട്‌ ബില്‍

uploads/news/2017/02/76261/in3.jpg

വാഷിങ്‌ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം വിലക്കിയ ഉത്തരവിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ എച്ച്‌-1ബി വിസയിലും നിയന്ത്രണത്തിന്‌. യു.എസിലെ അതിവിദഗ്‌ധ തൊഴിലുകള്‍ വിദേശികള്‍ സ്വന്തമാക്കുന്നില്ലെന്ന്‌ ഉറപ്പാക്കാനുതകുംവിധം എച്ച്‌-1ബി വിസ പരിഷ്‌കരണ ബില്‍ യു.എസ്‌. കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
എച്ച്‌-1ബി വിസക്കാരുടെ കുറഞ്ഞ വാര്‍ഷിക ശമ്പള പരിധി ഇരട്ടിയിലധികമായി വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശയോടെയാണ്‌ ജനപ്രതിനിധിസഭയില്‍ "ദ്‌ ഹൈ സ്‌കില്‍ഡ്‌ ഇന്റഗ്രിറ്റി ആന്‍ഡ്‌ ഫെയര്‍നെസ്‌ ആക്‌ട്‌ ഓഫ്‌ 2017" അവതരിപ്പിച്ചിരിക്കുന്നത്‌. ഇത്തരം വിസയിലെത്തുന്നവരുടെ പങ്കാളികളായെത്തുന്നവര്‍ക്ക്‌ രാജ്യത്ത്‌ തൊഴിലെടുക്കാന്‍ അനുവദിക്കുന്നതു പിന്‍വലിക്കണമെന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നു. പ്രതിവര്‍ഷം അനുവദിക്കുന്ന ആകെ എച്ച്‌-1ബി വിസയില്‍ 20% അന്‍പതോ അതില്‍ താഴെയോ ജീവനക്കാരുള്ള ചെറുകിട സ്‌ഥാപനങ്ങള്‍ക്കും സ്‌റ്റാര്‍ട്ടപ്പുകള്‍ക്കുമായി ഉറപ്പാക്കണമെന്നും ബില്ലിലുണ്ട്‌. ഐടി മേഖലയിലടക്കം ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ സ്‌ഥാപനങ്ങള്‍ക്കും തിരിച്ചടിയാകുന്നതാണ്‌ നിയമപരിഷ്‌കരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കലിഫോര്‍ണിയയില്‍നിന്നുള്ള ജനപ്രതിനിധിസഭാംഗം സോ ലോഫ്‌ഗ്രെന്‍ ആണ്‌ ബില്‍ അവതരിപ്പിച്ചത്‌. എച്ച്‌-1ബി വിസയ്‌ക്ക്‌ അപേക്ഷിക്കുന്നവരുടെ വാര്‍ഷിക ശമ്പളത്തിന്റെ കുറഞ്ഞ പരിധിയായ 60,000 ഡോളറെന്നത്‌ 130,000 ഡോളറായി വര്‍ധിപ്പിക്കണമെന്നാണ്‌ ബില്ലില്‍ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. 1989-ലാണ്‌ 60,000 ഡോളറെന്ന കുറഞ്ഞ വേതനപരിധി പ്രാബല്യത്തില്‍വരുത്തിയത്‌. അതിനുശേഷം ഇതാദ്യമായാണ്‌ പരിധി ഉയര്‍ത്താന്‍ തയാറെടുക്കുന്നത്‌.
എച്ച്‌-1ബി വിസ സംവിധാനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം ഉറപ്പാക്കാനാണ്‌ നിയമപരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ബില്‍ അവതരിപ്പിച്ച ലോഫ്‌ഗ്രെന്‍ പറഞ്ഞു. രാജ്യാന്തര തലത്തില്‍നിന്ന്‌ ഏറ്റവും വൈദഗ്‌ധ്യമുള്ളവരെമാത്രം യു.എസിലെത്തിക്കുകയെന്നതാണ്‌ ലക്ഷ്യം. അവര്‍ക്ക്‌ ഉയര്‍ന്ന വേതനം ഉറപ്പാക്കാനും നിയമപരിഷ്‌കരണത്തിലൂടെ സാധിക്കുമെന്ന്‌ ലോഫ്‌ഗ്രെന്‍ കൂട്ടിച്ചേര്‍ത്തു.
ബില്‍ അവതരണ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഐടി വമ്പന്‍മാരായ ഇന്‍ഫോസിസ്‌, വിപ്രോ, ടി.സി.എസ്‌. തുടങ്ങിയവയുടെ ഓഹരിമൂല്യം ഇടിഞ്ഞു. ഓഹരിവിപണിയില്‍ ഐടി അധിഷ്‌ഠിത ഓഹരികള്‍ക്ക്‌ ഇന്നലെ നേരിടേണ്ടിവന്നത്‌ ഒന്‍പതു ശതമാനം നഷ്‌ടമാണ്‌. വിപണിയിലെ അഞ്ചു മുന്‍നിര സ്‌ഥാപനങ്ങള്‍ക്കുമാത്രം ആകെമൂല്യത്തില്‍ 50,000 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നു കണക്കാക്കപ്പെടുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നതാണ്‌ നിയമ പരിഷ്‌കരണം. വിദേശ രാജ്യങ്ങളില്‍നിന്ന്‌ കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെയെത്തിക്കുന്ന യു.എസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും പരിഷ്‌കരണം വന്‍ തിരിച്ചടിയാകും. കുറഞ്ഞ വേതനപരിധി ഉയര്‍ത്തുന്നതോടെ അമേരിക്കന്‍ പൗരന്‍മാരെ തഴഞ്ഞ്‌ വിദേശികളെ ആശ്രയിച്ചിരുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ വന്‍ സാമ്പത്തികബാധ്യത അഭിമുഖീകരിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Ads by Google
Advertisement
Wednesday 01 Feb 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW