Friday, April 20, 2018 Last Updated 30 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.40 AM

ഇന്ത്യ-ഇംഗ്ലണ്ട്‌ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്‌ , ട്രിപ്പിള്‍ തികയ്‌ക്കാന്‍ ടീം ഇന്ത്യ

uploads/news/2017/02/76134/s1.jpg

ബംഗളുരു: ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട്‌ ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ-ഇംഗ്ലണ്ട്‌ ട്വന്റി 20 പരമ്പരയുടെ 'ഫൈനല്‍' ഇന്നു ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും.
മൂന്നു മത്സരപരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇരുടീമുകളും പങ്കിട്ടതോടെയാണ്‌ നിര്‍ണായക മൂന്നാം മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഫൈനലായി മാറിയത്‌. രാത്രി ഏഴുമുതലാണ്‌ മത്സരം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്നില്‍ തത്സമയം.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം പരമ്പരയാണിത്‌. നേരത്തെ നടന്ന ടെസ്‌റ്റ്-ഏകദിന പരമ്പരകളില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. ട്വന്റി 20 കിരീടം കൂടി സ്വന്തമാക്കി ട്രിപ്പിള്‍ തികയ്‌ക്കാന്‍ ടീം ഇന്ത്യ കച്ചമുറുക്കുമ്പോള്‍ മാനം കാക്കാനൊരു കിരീടമാണ്‌ ഇംഗ്ലണ്ട്‌ തേടുന്നത്‌.
കാണ്‍പൂരില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്‌ ഏഴുവിക്കറ്റിന്‌ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ നാഗ്‌പൂരിലെ ആവേശകരമായ മത്സരത്തില്‍ തിരിച്ചടിച്ച ആതിഥേയര്‍ അവസാന ഓവറില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നേടി പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു.
ഇന്ന്‌ നിര്‍ണായകപോരാട്ടത്തിന്‌ ഇറങ്ങുമ്പോള്‍ ബാറ്റിങ്‌ നിരയാണ്‌ ഇന്ത്യയുടെ ആശങ്ക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇംഗ്ലീഷ്‌ ബൗളിങ്ങിനു മുന്നില്‍ ചൂളിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക്‌ 150-ന്‌ അപ്പുറം സ്‌കോര്‍ ഉയര്‍ത്താനായിട്ടില്ല.
രണ്ടാം മത്സരത്തില്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ്‌ ഇന്ത്യക്ക്‌ തുണയായത്‌. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക്‌ മികച്ച സ്‌കോര്‍ നേടാന്‍ കഴിയുന്നില്ല. മോശം ഫോമിലായിരുന്ന ഓപ്പണര്‍ ലോകേഷ്‌ രാഹുല്‍ കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി തിരിച്ചെത്തിയത്‌ ഇന്ത്യക്ക്‌ ആശ്വാസം പകരുന്നു.
മൂന്നാം നമ്പര്‍ സ്‌ഥാനത്തു നിന്ന്‌ ഓപ്പണിങ്ങിലേക്ക്‌ സ്വയം സ്‌ഥാനക്കയറ്റം നടത്തിയ വിരാട്‌ കോഹ്ലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി, യുവ്രാജ്‌ സിങ്‌ എന്നിവര്‍ക്കും കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായിട്ടില്ല.
ഇവരില്‍ മൂന്നുപേരെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന ബംഗളുരുവിലെ പിച്ചില്‍ ഇന്ത്യക്ക്‌ മുതല്‍ക്കൂട്ടാകും.
മറുവശത്ത്‌ ഇംഗ്ലണ്ട്‌ ഭേദപ്പെട്ട പ്രകടനമാണ്‌ രണ്ടു മത്സരങ്ങളിലും കാഴ്‌ചവച്ചത്‌. അഭിമാനപ്പോരാട്ടമായിക്കാണുന്നതിനാല്‍ ഇന്ന്‌ അല്‍പംകൂടി ആക്രമണവീര്യത്തോടെയാകും അവര്‍ കളത്തിലിറങ്ങുക.
ടീം വാര്‍ത്തകള്‍:-
ഇന്ത്യ:- രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. സ്‌പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചാഹലും അമിത്‌ മിശ്രയും സ്‌ഥാനം നിലനിര്‍ത്തും. മിശ്ര കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌വച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ചാഹലിന്‌ ഈ പിച്ചില്‍ കളിച്ചുള്ള പരിചയമാകും തുണയാകുക.
ഇംഗ്ലണ്ട്‌:- ബാറ്റിങ്‌ ദുഷ്‌കരമായ നാഗ്‌പൂരിലെ പിച്ചില്‍ അല്‍പം പതറിയ ഇംഗ്ലീഷ്‌ ബാറ്റ്‌സ്മാന്മാര്‍ക്ക്‌ ആത്മവിശ്വാസം പകരുന്നതാണ്‌ ബംഗളുരിവിലെ ബാറ്റിങ്‌ പിച്ച്‌. അതിനാല്‍ത്തന്നെ ബാറ്റിങ്‌ നിരയില്‍ മാറ്റമുണ്ടാകില്ല. ചിന്നസ്വാമിയിലെ ഗ്രൗണ്ട്‌ ചെറിയതായതിനാല്‍ ബൗളിങ്‌ നിരയില്‍ സ്‌പിന്നര്‍ ലിയാം ഡോസന്‌ പകരം പേസര്‍ ലിയാം പ്ലങ്കറ്റിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്‌.
പിച്ചും സാഹചര്യങ്ങളും:-
കഴിഞ്ഞവര്‍ഷരെത്ത ഐ.പി.എല്‍. ഫൈനലിനു ശേഷം ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരമാണിത്‌. അന്നത്തെ മത്സരത്തിനു ശേഷം പുനര്‍നിര്‍മിച്ച ഔട്ട്‌ഫീല്‍ഡ്‌ വളരെവേഗമേറിയതാണ്‌.
അതിനാല്‍ത്തന്നെ അന്ന്‌ 400 റണ്‍സ്‌ പിറന്ന മത്സരത്തിനേക്കാള്‍ ആവേശകരമായി ഈ മത്സരം മാറുമെന്നാണ്‌ ഏവരും പ്രതീക്ഷിക്കുന്നത്‌.
ഫ്‌ളാറ്റ്‌ പിച്ചും വലുപ്പം കുറഞ്ഞ ബൗണ്ടറികളും ചേരുമ്പോള്‍ ബൗളര്‍മാര്‍ക്ക്‌ ഏറെപ്പണിപ്പെടേണ്ടിവരും. കാലാവസ്‌ഥയും മത്സരത്തിന്‌ അനുകൂലമാണ്‌.
സ്‌ഥിതിവിവരക്കണക്കുകള്‍:-
ഇതിനു മുമ്പ്‌ മൂന്നു രാജ്യങ്ങളുമായി മൂന്നു മത്സര ട്വന്റി 20 പരമ്പര കളിച്ച ഇന്ത്യ മൂന്നും സ്വന്തമാക്കിയിട്ടുണ്ട്‌.
അതേസമയം ഇംഗ്ലണ്ടിനെതിരേ ഇതുവരെ ഒരു ട്വന്റി 20 പരമ്പര ഇന്ത്യക്ക്‌ ജയിക്കാനായിട്ടില്ല. ഇതിനു മുമ്പ്‌ രണ്ടു തവണ ഇരുടീമുകളും തമ്മില്‍ രണ്ടു മത്സര പരമ്പര നടന്നപ്പോള്‍ ആദ്യതവണ സമനിലയും രണ്ടാം തവണ ഇംഗ്ലണ്ട്‌ ജയിക്കുകയും ചെയ്‌തു.
നിലവിലെ ഇംഗ്ലണ്ട്‌ ടീമില്‍ മൂന്നുപേര്‍ മാത്രമാണ്‌ ഇതിനു മുമ്പ്‌ ബംഗളുരുവില്‍ കളിച്ചിട്ടുള്ളത്‌. നായകന്‍ ഓയിന്‍ മോര്‍ഗന്‍, ജോസ്‌ ബട്‌ലര്‍, ക്രിസ്‌ ജോര്‍ദാന്‍ എന്നിവര്‍ക്കാണ്‌ 'ചിന്നസ്വാമി'യെ നേരത്തെ പരിചയമുള്ളത്‌.

Ads by Google
Wednesday 01 Feb 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW