Wednesday, May 23, 2018 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 01 Feb 2017 01.33 AM

വാളെടുത്തവരെയെല്ലാം വെളിച്ചപ്പാടാക്കുന്ന വിദ്യാഭ്യാസം

uploads/news/2017/02/76118/1bft1.jpg

ഇതു ഹൈടെക്‌ വിദ്യാഭ്യാസത്തിന്റെ കാലം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ എതു വിഷയത്തിലും വിവരം ആര്‍ജിക്കല്‍ ഞൊടിയിടയില്‍ സാധ്യം. ചെറിയ സ്‌ക്രീനിലെ കാര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാണത്തക്കവിധം ചുമരിലെ വലിയ സ്‌ക്രീനിലേക്കു തെളിച്ചുകാട്ടി അധ്യാപകരും വിദ്യാര്‍ഥികളും അധ്യാപന-പഠനപ്രക്രിയ നടത്തുന്ന ക്ലാസ്‌ മുറികളാണ്‌ അധികവും.
പഴയ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ഹൈടെക്‌ ക്ലാസ്‌ മുറികള്‍ക്ക്‌ ഗുണങ്ങള്‍ അനവധി. പഠന വിഷയത്തില്‍ കൂടുതല്‍ ദൃശ്യ-ശ്രാവ്യ വിവരങ്ങള്‍ അനാവരണം ചെയ്യാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും പ്രധാന ഗുണഫലം. നിശ്‌ചലചിത്രങ്ങളും ചലച്ചിത്രങ്ങളും ശബ്‌ദവും രൂപവുമൊക്കെ കണ്ടറിഞ്ഞു പഠിക്കാന്‍ കഴിയുന്നത്‌ നല്ലതാണ്‌. കുട്ടികളുടെ അപഗ്രഥനശേഷിയും താല്‍പര്യവും ഇതിലൂടെ പതിന്മടങ്ങായി വര്‍ധിപ്പിക്കാം.
പരമ്പരാഗത ക്ലാസ്‌ മുറികളുടെ മടുപ്പും മുഷിപ്പും സ്‌മാര്‍ട്ട്‌ ക്ലാസ്‌ മുറികളിലില്ല. ബ്ലാക്‌ ബോര്‍ഡും പൊടിപാറുന്ന ചോക്കുകളും അന്യമായിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ കുപ്പായം കീറിപ്പോകുന്ന തരത്തിലുള്ള ബെഞ്ചുകളും ഡെസ്‌കുകളുമാണ്‌ മുമ്പ്‌ ക്ലാസുകളിലുണ്ടായിരുന്നതെങ്കില്‍ ഇന്ന്‌ മുന്തിയ കസേരകളും വലിപ്പുകളുള്ള മേശകളുമെത്തിയിരിക്കുന്നു.
ജില്ലയൊന്നിന്‌ 150 സ്‌മാര്‍ട്ട്‌ സ്‌കൂളുകള്‍ സ്‌ഥാപിക്കാന്‍ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാധിക്കുന്ന പദ്ധതിയാണ്‌ കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം തയാറാക്കിയിരിക്കുന്നത്‌. ഒരു സ്‌കൂളിന്‌ ഒറ്റത്തവണത്തേക്ക്‌ 25 ലക്ഷം രൂപയും ആവര്‍ത്തിതമായി രണ്ടര ലക്ഷം രൂപയും ഗ്രാന്റ്‌ ലഭിക്കും. പദ്ധതിപ്രകാരം സ്‌കൂളൊന്നിന്‌ 40 കമ്പ്യൂട്ടറുകള്‍ സ്വന്തമാക്കാം.
സംസ്‌ഥാന വിദ്യാഭ്യാസ സാങ്കേതികവിദ്യാ ഇന്‍സ്‌റ്റിറ്റ്യൂട്ടുകള്‍ക്ക്‌ തങ്ങള്‍ക്കാവശ്യമായ ഉള്ളടക്കം പ്രസ്‌തുത ഐ.സി.ടി. വിദ്യാഭ്യാസരീതിയിലേക്ക്‌ തയാറാക്കി നിശ്‌ചയിക്കാനുള്ള അധികാരമുണ്ട്‌. മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യ വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്ന അധ്യാപകര്‍ക്കു ദേശീയ അവാര്‍ഡും നേടാം. ആകെ ചെലവിന്റെ മുക്കാല്‍ഭാഗം കേന്ദ്രസര്‍ക്കാരും കാല്‍ഭാഗം സംസ്‌ഥാനങ്ങളും വഹിക്കണം. സിക്കിം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഇത്‌ യഥാക്രമം 90 ശതമാനവും 10 ശതമാനവുമാണ്‌.
വിദ്യാഭ്യാസരംഗത്തെ പ്രസ്‌തുത നടപടികള്‍ പുരോഗമനപരമായ ഗുണഫലങ്ങള്‍ ഉളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, 1990-കളില്‍ ഉദയം ചെയ്‌ത ആഗോളവത്‌കരണത്തിന്റെ അനന്തരഫലമായി വിദ്യാഭ്യാസം കമ്പോളച്ചരക്കായി മാറിയെന്നതും കാണാതിരിക്കാനാകില്ല, കുറഞ്ഞപക്ഷം ഉന്നതവിദ്യാഭ്യാസ മേഖലയിലെങ്കിലും. മുക്കിനു മുക്കിനു പൊട്ടിമുളയ്‌ക്കുന്ന ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ പലപ്പോഴും നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്‌. ഇവയില്‍ പലതിനും കച്ചവട താല്‍പര്യം മാത്രമേയുള്ളൂ. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യങ്ങളെക്കുറിച്ചോ സ്വഭാവരൂപീകരണത്തെക്കുറിച്ചോ യുവതലമുറയില്‍ സാമൂഹികബോധം വളര്‍ത്തുന്നതിനെക്കുറിച്ചോ യാതൊരു ധാരണയുമില്ല. പലപേരില്‍ ഫീസുകള്‍ വാങ്ങിക്കൂട്ടുക, കുറെ പാഠങ്ങള്‍ പഠിപ്പിക്കുക, പരീക്ഷനടത്തുക അത്രതന്നെ.
മനുഷ്യശരീരം തൊട്ടുനോക്കാന്‍ കിട്ടാത്ത മെഡിക്കല്‍ കോളജുകളും ആവശ്യമായ യന്ത്രങ്ങള്‍ കണികാണാന്‍ പോലുമില്ലാത്ത എന്‍ജിനീയറിങ്‌ കോളജുകളും നിലവിലുണ്ടത്രേ. ഇത്തരം സ്‌ഥാപനങ്ങളെ നിരീക്ഷിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഉത്തരവാദപ്പെട്ടവര്‍ അവരുടെ കര്‍ത്തവ്യം കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ? കമ്പോള സാധ്യത മാത്രം നോക്കി കോഴ്‌സുകള്‍ രൂപപ്പെടുത്തുന്ന അസാധാരണ സ്‌ഥിതിവിശേഷവുമുണ്ട്‌. സസ്യശാസ്‌ത്രവും രസതന്ത്രവും ഭൗതികശാസ്‌ത്രവും സാമൂഹികശാസ്‌ത്രവുമെല്ലാം ഇന്ന്‌ സൂക്ഷ്‌മമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്ലാന്റ്‌ ജനറ്റിക്‌സ്‌, ഫീനോളജി, പാലിനോളജി, പ്ലാന്റ്‌ ബയോകെമിസ്‌ട്രി... ബോട്ടണി തന്നെ ഇങ്ങനെ ചെറുസ്‌പെഷ്യലൈസേഷനുകളായിരിക്കുന്നു. ഭൗതികശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം എടുത്തതുകൊണ്ട്‌ ഇന്നു കാര്യമില്ല. പകരം ക്വാണ്ടം ഓപ്‌റ്റിക്‌സ്‌, ക്വാണ്ടം മെക്കാനിക്‌സ്‌, ലേസര്‍ ഫിസിക്‌സ്‌... അങ്ങനെ പോകുന്നു മേഖലകള്‍.
പരിസ്‌ഥിതി ശാസ്‌ത്രം കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ബിരുദ-ബിരുദാനന്തര ബിരുദ വിഷയമാണ്‌. 90കളുടെ അവസാനപാദം മുതല്‍ ആരംഭിച്ച പ്രസ്‌തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും അതിനപ്പുറവും യോഗ്യതകള്‍ കരസ്‌ഥമാക്കിയ വലിയൊരു വിഭാഗം യുവാക്കള്‍ സംസ്‌ഥാനത്തുണ്ട്‌. അവര്‍ക്കു തൊഴില്‍ ലഭിക്കുന്നില്ലെന്നതാണ്‌ പ്രശ്‌നം. കേരള സര്‍വകലാശാലയില്‍ ബിരുദതലത്തിലെ പരിസ്‌ഥിതിശാസ്‌ത്രം പഠിപ്പിക്കുന്നത്‌ ഇംഗ്ലീഷ്‌ അധ്യാപകരാണെന്ന വിരോധാഭാസം നിലനില്‍ക്കെയാണിത്‌. അതായത്‌ യുവാക്കളെ ഒരു വിഷയം പഠിപ്പിച്ച്‌ ഉന്നത ഡിഗ്രികളെല്ലാം നല്‍കുക. അതിനുശേഷം അതേവിഷയത്തില്‍ തൊഴില്‍ നല്‍കുന്നതോ മറ്റുവിഷയങ്ങള്‍ പഠിച്ചവര്‍ക്കും!
എന്തായാലും സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ ദൃശ്യമാകുന്ന ഗുണപരമായ മാറ്റം ഉന്നതവിദ്യാഭ്യാസരംഗത്ത്‌ കാണുന്നില്ല എന്നുറപ്പാണ്‌. ഉന്നതവിദ്യാഭ്യാസരംഗം ഫീസ്‌ വാങ്ങിക്കൂട്ടാനുള്ള കച്ചവടരംഗമായി മാറരുത്‌. പഠിച്ചവിഷയങ്ങളില്‍ തൊഴില്‍കൂടി നല്‍കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നതു ഗുണം ചെയ്യില്ല.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 01 Feb 2017 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW