Tuesday, May 22, 2018 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.33 AM

ഭഗവാന്‍-ഭാഗവതം-മള്ളിയൂര്‍ ശബ്‌ദം മൂന്ന്‌, അര്‍ഥം ഒന്ന്‌

uploads/news/2017/02/76117/1bft2.jpg

ഭാഗവത കഥാപാരായണരംഗത്ത്‌ അതുല്യനായിരുന്ന, ഭക്‌തമനസുകളില്‍ സ്‌ഥിരപ്രതിഷ്‌ഠ നേടിയ മഹാത്മാവാണ്‌ യശശ്ശരീരനായ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി. അചഞ്ചലമായ ഭക്‌തിയുടെ മകുടോദാഹരണമായിരുന്നു അദ്ദേഹം. ഉപാസനാ മൂര്‍ത്തിയായ മഹാഗണപതിയുടെയും ഗുരുവായൂരപ്പന്റെയും ഗുരുകാരണവന്മാരുടെയും അനുഗ്രഹമാണ്‌ തന്നെ മുന്നോട്ടു നയിച്ചിരുന്നതെന്നു വിശ്വസിച്ചിരുന്ന ആ സുകൃതിയുടെ 96-ാം ജന്മദിനം ഭക്‌തജനങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ആഘോഷിക്കുകയാണ്‌.
മള്ളിയൂര്‍ ജീവിതം ദര്‍ശനം എന്ന ഉത്തമഗ്രന്ഥത്തിന്‌ അവതാരിക എഴുതാന്‍ ഈയുള്ളവനു ഭാഗ്യമുണ്ടായിട്ടുണ്ട്‌. ഭാഗവതഹംസത്തിന്റെ ജീവചരിത്രത്തിന്‌ മുഖവുര എഴുതാന്‍ ലഭിച്ച ക്ഷണം ഗുരുവായൂരപ്പന്റെ ആജ്‌ഞയാണെന്ന്‌ എനിക്കു തോന്നി.
ജീവചരിത്രത്തിലൂടെ മനസ്സ്‌ കടന്നുപോയപ്പോള്‍ അവിടെ പറ്റിപ്പിടിച്ചുനിന്ന രണ്ടുവരിയാണ്‌,
ഭക്‌ത്യാമാമഭിജാനാതി
യാവാന്‍ യശ്‌ചാസ്‌മിതത്ത്വതഃ
എവിടെയോ വായിച്ചിട്ടുണ്ട്‌ എന്നുതോന്നി. എവിടെയാണെന്നു പെട്ടെന്ന്‌ ഓര്‍മ്മ കിട്ടിയില്ല- അന്വേഷിച്ചപ്പോള്‍ മനസിലായി; ഭഗവദ്‌ ഗീതയിലെ പതിനെട്ടാം സര്‍ഗത്തിലെ 55-ാം ശ്ലോകമാണ്‌. ഭഗവദ്‌ ഗീത എടുത്തു മറിച്ചു നോക്കി:
ഭക്‌ത്യാമാമഭിജാനാതി
യാവാന്‍ യശ്‌ചാസ്‌മി തത്ത്വതഃ
തതോമാം തത്ത്വതോജ്‌ഞാത്വം
വിശതേ തദനന്തരം-
ഇപ്പോഴേ കാര്യം വ്യക്‌തമായുള്ളു.
ഭക്‌തിയിലൂടെ അവന്‍ കണ്ടെത്തുന്നു, സത്യത്തില്‍ എത്ര മഹത്താണു ഞാനെന്ന്‌; ഞാന്‍ ആരാണ്‌ എന്ന്‌. അങ്ങനെ, ആ അറിവിലൂടെ ശരിയായും അവന്‍ എന്നിലേക്കു പ്രവേശിക്കുന്നു.
ഇവിടെവച്ച്‌ ഈ ശ്ലോകം മള്ളിയൂരിന്റെ ആത്മചിത്രമായി തീരുന്നില്ലേ? ഉണ്ടെന്ന്‌ എനിക്കു തോന്നുന്നു. കാരണം, ഭക്‌തിയിലൂടെ മാത്രമേ ഭഗവാനെ ശരിക്കു കണ്ടറിയാന്‍ സാധിക്കൂ. കണ്ടറിഞ്ഞാലോ, നമ്മിലുള്ള ഞാനെന്നഭാവം പൂര്‍ണമായി അപ്രത്യക്ഷമായിത്തീരുകയും ചെയ്യുന്നു - അവിടെ വച്ച്‌ നമ്മിലുള്ള ജീവാത്മാവും ഗുരുവായൂരപ്പനെന്ന പരമാത്മാവും രണ്ടല്ലാതായിത്തീരുന്നു.
ഇത്‌ എനിക്കു മനസിലായതു ഭാഗവതത്തില്‍നിന്നുതന്നെയാണ്‌. ഭാഗവതം രണ്ടാം സ്‌കന്ദത്തില്‍ ഒമ്പതാം അധ്യായത്തില്‍ ഉള്ള നാലു ശ്ലോകങ്ങളെയാണ്‌ ചതുശ്ലോകീ ഭാഗവതം എന്നു പറയുന്നത്‌. 32, 33, 34, 35 എന്നീ ശ്ലോകങ്ങളെ,
ആദ്യം ഞാന്‍ മാത്ര, മില്ലന്യം,
സത്ത സത്തുവരങ്ങളായ്‌
പിമ്പുണ്ടായിത്തീര്‍ന്നതും ഞാനേ,
ഞാനേ ശേഷിച്ചിടാവതും
ജലത്തിങ്കല്‍ ഖഗോളംപോല്‍
ബിംബിപ്പൂ വസ്‌തുവിങ്കല്‍ ഞാന്‍;
കണ്ടാല്‍ തോല്‌ക്ക,തെന്‍ മായ
രാഹുപോലെ മറയ്‌ക്കയാല്‍,
വലുതായ്‌ച്ചെറുതായ്‌ വാഴ്‌വില്‍
പഞ്ചഭൂതങ്ങളെന്നപോല്‍
ഉള്‍പ്പെടാതെയുമുള്‍പ്പെട്ടും
ഉണ്ടു ഞാനെങ്ങുമില്ല ഞാന്‍ -
അറിയേണ്ടതിതേയുള്ളു
പൊരുളാരാഞ്ഞിടുന്നവര്‍;
കൂടിച്ചേര്‍ന്നും വേര്‍പിരിഞ്ഞും
എങ്ങുമെപ്പോഴുമുണ്ടു ഞാന്‍.
എന്നുവച്ചാല്‍ ഈ പ്രപഞ്ചത്തില്‍ പഞ്ചഭൂതരൂപത്തില്‍ കാണപ്പെടുന്ന ഏതു വസ്‌തുവും ഈശ്വരനാണ്‌. മനുഷ്യാദി ജീവികള്‍ക്ക്‌ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എന്തു വസ്‌തുവും ഈശ്വരനാണ്‌. ഇത്‌ അനുഭവിച്ചറിയാന്‍ കഴിഞ്ഞാല്‍പ്പിന്നെ അവനെക്കാള്‍ പണ്‌ഡിതനായി മറ്റൊരാളില്ല - സുഖം, ദുഃഖം എന്നിങ്ങനെയുള്ള എല്ലാ ദ്വന്ദങ്ങള്‍ക്കും അതീതനായ ആ മഹാത്മാവ്‌ പ്രത്യക്ഷ ദൈവംതന്നെയാണ്‌. ഷിര്‍ദിസായിബാബ, സത്യസായിബാബ, മാതാ അമൃതാനന്ദമയീ ദേവി എന്നിവരൊക്കെ ആ അവസ്‌ഥയിലേക്ക്‌ എത്തിയവരാണ്‌. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയും അത്തരത്തില്‍ ഒരാളാണ്‌. ഇതുകൊണ്ടാണ്‌ ജനം ഭാഷകള്‍ക്കതീതമായ ഭക്‌തിയിലൂടെവന്ന്‌ മള്ളിയൂരിന്റെ കാല്‍ക്കല്‍ നമസ്‌കരിക്കുന്നത്‌.
എന്നാല്‍, ഈ ചതുശ്ലോകീ ഭാഗവതം അനുഭവത്തിലൂടെ നമുക്കു മനസിലാവണമെങ്കില്‍ നമ്മളെന്തു ചെയ്യണം? ചതുശ്ലോകീ ഭാഗവതത്തിനു മുമ്പുള്ള 31-ാം ശ്ലോകത്തില്‍ വേദവ്യാസന്‍ തന്നെ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.
ഞാനാര്‌, എന്തെന്‍ ഭാവരൂപ-
ഗുണകര്‍മ്മങ്ങള്‍? ആപ്പൊരുള്‍
ഉള്ളപോലറിയാന്‍ ശക്‌ത-
നാവും നീയെന്നനുഗ്രഹാല്‍,
ഭഗവാന്‍ ആരാണ്‌, ഭഗവാന്റെ ഭാവമെന്താണ്‌? രൂപമെന്താണ്‌? ഗുണം എന്താണ്‌? കര്‍മ്മം എന്താണ്‌? ആ സത്യം ഏറ്റക്കുറച്ചിലില്ലാതെ മനസിലാകണമെങ്കില്‍ നമ്മള്‍ ഭഗവാന്റെ അനുഗ്രഹം വാങ്ങിയിട്ടുണ്ടാവണം.അനുഗ്രഹം വാങ്ങാത്തവര്‍ക്കു ഭഗവാനെ മനസിലാവുകയില്ല.
ചതുശ്ലോകീ ഭാഗവതത്തിന്റെ തത്ത്വം അനുഭവിച്ചറിഞ്ഞവര്‍ക്കു സകലേന്ദ്രിയങ്ങളിലൂടെയും ഭഗവാനെ അനുഭവിച്ചറിയാന്‍ സാധിക്കുന്നു. അതും ഭാഗവതത്തില്‍ത്തന്നെയുണ്ട്‌
ഞാനെന്റെയും വമിക്കുന്ന
കാമക്രോധാദിതന്‍ ചളി
പോയിത്തെളിഞ്ഞ ഹൃത്തെന്നും
അദുഃഖം, അസുഖം, സമം-
ഈ ഘട്ടത്തിലാണ്‌ ഭഗവാന്‍, ഭാഗവതം, ഭക്‌തന്‍ മൂന്നും ഒന്നാണെന്ന്‌, പണ്ട്‌, ശ്രീരാമകൃഷ്‌ണ പരമഹംസന്‍ പ്രസ്‌താവിച്ചത്‌. നമ്മുടെ മുമ്പില്‍ ഭഗവാന്‍, ഭാഗവതം, മള്ളിയൂര്‍- മൂന്നു ശബ്‌ദത്തിനും ഒന്നാണര്‍ഥം.
മള്ളിയൂര്‍ എന്ന നാമം സ്‌മരിക്കുമ്പോള്‍, എന്റെ മനസിലൂടെ കടന്നുപോകുന്നത്‌ കേരളത്തില്‍ ഭാഗവത സപ്‌താഹങ്ങള്‍ ആരംഭിച്ച കൂടല്ലൂര്‍ നമ്പൂതിരിപ്പാടു മുതല്‍ ഈയിടെ ദിവംഗതനായ ഭാഗവതാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരി വരെയുള്ളവരാണ്‌. ആഞ്ഞമാണല്ലോ ഭാഗവത സപ്‌താഹ പ്രസ്‌ഥാനത്തില്‍നിന്ന്‌ ഹരേകൃഷ്‌ണ പ്രസ്‌ഥാനത്തിലേക്കു വഴിവെട്ടിയത്‌. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും ഭാഗവതസപ്‌താഹത്തിനായി മള്ളിയൂരിനു ക്ഷണം ലഭിച്ചു എന്നതും ഭാഗവതധര്‍മ പ്രചാരണം തന്റെ ജീവിതവ്രതമായി അദ്ദേഹം സ്വീകരിച്ചു എന്നതും കാലത്തിന്റെ നിയോഗം തന്നെ!
ആ പരമതേജോരൂപത്തിന്റെ ദീപ്‌തമായ സ്‌മരണയ്‌ക്കുമുമ്പില്‍ സാഷ്‌ടാംഗം നമസ്‌കരിക്കുന്നു.

അക്കിത്തം

Ads by Google
Wednesday 01 Feb 2017 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW