Wednesday, December 13, 2017 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jan 2017 04.24 PM

സ്‌നേഹവെളിച്ചം പരത്തുന്ന കണ്ണുകള്‍

uploads/news/2017/01/76074/weeklylilia1.jpg

അന്ധത ശാപമല്ല ഷാജി-ലൈല ദമ്പതികള്‍ക്ക്, അനുഗ്രഹമാണ്. തുല്യദുഖിതരായ ഒട്ടേറെ പേര്‍ക്ക് ജീവിതവെളിച്ചം നല്‍കാന്‍ അവര്‍ തങ്ങളുടെ ജന്മം സമര്‍പ്പിക്കുന്നു.

കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ...

റേഡിയോയിലൂടെ ഈ പാട്ടൊഴുകിയെത്തുമ്പോള്‍ ലൈലയും ഷാജിയും ഒരുമിച്ചു മൂളും.കാരണം പരസ്പരം കാണാതെ ഹ്യദയം കൊണ്ട് ഒന്നായവരാണിവര്‍. ഓര്‍മ്മയുടെ റീലുകള്‍ റിവേഴ്‌സ് ഗിയറിലിട്ട് അവര്‍ പറഞ്ഞു തുടങ്ങി.

പത്താംക്‌ളാസ്സിലെ ഒരു വേനല്‍ച്ചൂടിലാണ് ഷാജിയുടെ കണ്‍വെളിച്ചങ്ങള്‍ അടഞ്ഞത്. വെക്കേഷന്‍ കാലത്ത് മിണ്ടാതെ പറയാതെ വന്ന അസുഖങ്ങള്‍ പടിയിറങ്ങിയപ്പോള്‍ ജീവിതത്തിലെ വെളിച്ചവും കൂടെ കൊണ്ടു പോയി.

പത്താംക്‌ളാസ്സു വരേയും ക്‌ളാസ്സില്‍ മിടുക്കനായി ഓടിച്ചാടി നടന്നിരുന്നയാള്‍ അന്നുമുതല്‍ ഒരു കൈത്താങ്ങിനായ് ആഗ്രഹിച്ചു തുടങ്ങി. പരസഹായമില്ലാതെ എങ്ങും പോകാനാവാത്ത നിസ്സഹായതയുടെ ചൂടില്‍ ഉരുകിയ കാലമായിരുന്നു അത്.

തോറ്റു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു മനസ്സും ശരീരവും. കണ്ണിലെ വെളിച്ചം മങ്ങിയെങ്കിലും ഉള്ളില്‍ പ്രത്യാശയുടെ വെളിച്ചങ്ങള്‍ മങ്ങാതെ നിന്നു.
തട്ടിത്തടഞ്ഞ് വീഴാതെ എങ്ങനൊക്കെയോ ഷാജി ബിരുദധാരിയായി. അച്ഛനില്ലാത്ത കുടുംബം.

''കൂലിപ്പണിയെടുത്താണ് അന്നൊക്കെ അമ്മയെ നോക്കിയിരുന്നത്. കുടുംബത്തിലെ മൂത്ത മകനായ ഞാന്‍ പരസഹായത്തിനായി ആഗ്രഹിക്കുന്നതു പോലും ചിന്തിക്കാന്‍ പറ്റാത്ത കാലമായിരുന്നു അത്.''

ആയുര്‍വ്വേദചികിത്സയുടെ പ്രധാന കോഴ്‌സായ മാസ്സിയര്‍ കോഴ്‌സും ഷാജി ഇതിനിടയില്‍ പഠിച്ചു പാസ്സായി.

കുന്നംകുളത്തിനടുത്ത് കാട്ടാകാമ്പാലിലെ ജൂനിയര്‍ ചിത്രയായിരുന്നു ലൈല എന്ന തട്ടത്തിന്‍മറയക്കാരി. നാട്ടിലെയും വീട്ടിലെയും എല്ലാ പരിപാടികളിലും ലൈലയുടെ ഒരു പാട്ടുണ്ടാവും.എല്ലാവരും കണ്ടും കേട്ടും പാട്ടു പാടുമ്പോള്‍ ലൈല പാടിയത് ഹ്യദയം കൊണ്ടായിരുന്നു.കാരണം മനസ്സിലെ വെളിച്ചം മാത്രമായിരുന്നു ലൈലയെ ഗായികയാക്കിയത്.

ഏഴാം ക്‌ളാസ്സു വരെ കുന്നംകുളം അന്ധവിദ്യാലയമായിരുന്നു ലൈലയുടെ ലോകം.ഹൈസ്‌കൂള്‍ പഠനം കാഴ്ചയുള്ളവര്‍ക്കൊപ്പം സാധാരണ സ്‌കൂളിലായിരുന്നു.മറ്റുള്ളവരുടെ കാഴ്ചകള്‍ക്കൊപ്പം പതിയെപ്പതിയെ ലൈലയും പിച്ചവച്ചു.കൂട്ടുകാര്‍ക്കിടയിലെ കേട്ടുമുട്ടലുകള്‍ പഠനത്തെയും ഉഷാറാക്കി.

പ്രീഡിഗ്രിക്ക് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ എത്തിയപ്പോള്‍ ലൈലയുടെ ഈണങ്ങളെ സ്‌നേഹിച്ച ,സങ്കടങ്ങളില്‍ കൈ പിടിച്ച എലൈറ്റ് ബിസിനസ്സ് ഗ്രൂപ്പാണ് കോളേജ് ഫീസ് അടച്ച് കോളജ് പഠനം യാഥാര്‍ത്ഥ്യമാക്കിയത്. തേര്‍ഡ് ഗ്രൂപ്പില്‍ പഠനം തുടങ്ങിയെങ്കിലും ചെമ്പൈ സംഗീതകോളേജിലെ അഡ്മിഷനിലൂടെ ദൈവം വീണ്ടും ലൈലയുടെ ജീവിതത്തെ മാറ്റി എഴുതി.

ജീവിതത്തിലെ സരിഗമക്കാലം...


ചെമ്പൈ ഒരു ലോകമായിരുന്നു.കാഴ്ചയില്ലാത്ത എനിക്ക് കേള്‍വിയുടെ ആകാശങ്ങളായിരുന്നു അവിടെ എല്ലാം. ഗായിക ലതിക ടീച്ചര്‍ അവിടെ എന്റെ അധ്യാപികയായിരുന്നു. നല്ല സൗഹ്യദങ്ങള്‍, സ്‌നേഹം, അറിവ് ,ആത്മവിശ്വാസം ഒക്കേയും ഇവിടെ നിന്നാണ് എനിക്കൊപ്പം ചേര്‍ന്നത്.

ഇടറാതെ പാടാനും ഒറ്റയ്ക്കു നടക്കാനും എനിക്ക് ഉള്‍ക്കരുത്തായി. ബാങ്കിലെ കരാര്‍ ജോലിയും ഗാനമേളയുമായി കുറേ നാളുകള്‍. സക്ഷമ ബ്‌ളൈന്‍ഡ് ട്രൂപ്പില്‍ ഇടക്കിടെ പാടിയിരുന്നു. ആ ട്രൂപ്പിലെ മാനേജരായിരുന്നു ഷാജിയേട്ടന്‍.കേട്ടുകേട്ട് എന്റെ പാട്ടിനേയും എന്നേയും ഷാജിയേട്ടന്‍ ഇഷ്ടപ്പെട്ടു.എനിക്കും മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

രണ്ടു പേരുടേയും വീട്ടില്‍ കലാപക്കൊടിയായി.ജാതിയും മതവും സാമ്പത്തികവും ഒരുമിച്ചു വില്ലന്‍വേഷത്തില്‍ വന്നു.സ്‌നേഹമെന്ന ഒറ്റമൂലിയില്‍ മാത്രമേ ഞങ്ങള്‍ വിശ്വസിച്ചുള്ളു.നാട്ടുകാര്‍ ഞങ്ങള്‍ക്കൊപ്പം സഹകരിച്ചു.

സുഹ്യത്തുക്കളും ഒപ്പമുണ്ടായി. ഒടുവില്‍ ഷാജിയേട്ടന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ അമ്യതാനന്ദമയി മഠം നടത്തിയ സമൂഹവിവാഹത്തില്‍ വച്ച് താലികെട്ടി ഞങ്ങള്‍ ജീവിതത്തിലേക്ക് കൈപിടിച്ചു.

ജീവിതം, കല്യാണം, പ്രസവം വീണ്ടും കഷ്ടപ്പാടുകളുടെ കാലമായിരുന്നു കാത്തിരുന്നത്. രണ്ടു വീട്ടുകാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കു കൈ പിടിച്ച് ഞങ്ങള്‍ നടന്നു. ഇടയ്ക്കു തപ്പിത്തടഞ്ഞെങ്കിലും ഒന്നിലും നിരാശ ഉണ്ടായിരുന്നില്ല.

കല കൊണ്ടു മാത്രം വിശപ്പടങ്ങില്ലെന്ന തിരിച്ചറിവില്‍ ഒരുപാട് അലഞ്ഞു. ഒടുവില്‍ ലോട്ടറി വില്‍പനക്കാരിയായി. കുഞ്ഞുമോനെയും എടുത്ത് ബസ്സില്‍ക്കയറി നാടൊട്ടുക്കും അലഞ്ഞു. മോനെ നടത്താറായതോടെ അവന്റെ കൈ പിടിച്ചു നടന്നായി ലോട്ടറിക്കച്ചവടം. ഞങ്ങളുടെ രണ്ടാളുടേയും വെളിച്ചമായിരുന്നു അവന്‍.

ഇന്നിപ്പൊ രണ്ടു മക്കളായി ഞങ്ങള്‍ക്ക്. ദേവദത്തനും ദേവനന്ദനും. മൂത്ത മോന്റെ പഠനച്ചെലവുകള്‍ ഗള്‍ഫിലുള്ള ഒരു ബിസിനസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.അവന് പഠിക്കാന്‍ ഇഷ്ടമുള്ളിടത്തോളം മുന്നോട്ടു പോകാന്‍ ഈ സഹായം ഒരു കൈത്താങ്ങാണ് ഞങ്ങള്‍ക്ക്.

TRENDING NOW