Monday, May 01, 2017 Last Updated 12 Min 14 Sec ago English Edition
Todays E paper
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
Tuesday 31 Jan 2017 03.23 PM

ബുദ്ധന്റെ വേദാന്തവും സെന്നിന്റെ പൊരുളും

ഉള്‍ക്കാഴ്ച
uploads/news/2017/01/76058/weeklyreligus310117.jpg

സെന്‍ ഗുരു ഗോസഹോയന്‍ ബുദ്ധന്റെ വേദാന്തം എന്താണെന്നു ശിഷ്യന്‍മാര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ വേഗത്തില്‍ മനസ്സിലാക്കുവാന്‍ ഒരു കഥ പറഞ്ഞു. ആ കഥ ഇപ്രകാരമാണ്.

ഒരു മോഷ്ടാവിന്റെ മകന്‍ അച്ഛനോട് പറഞ്ഞു. അച്ഛനു തീരെ പ്രായമായിരിക്കുന്നു. ഇനി അധികനാള്‍ മോഷണത്തിനു പോകുവാന്‍ സാധിക്കില്ല. അതുകൊണ്ട് മോഷണത്തിന്റെ പാഠങ്ങള്‍ എന്നെ പഠിപ്പിച്ചു തന്നാലും.

പിറ്റേന്നാള്‍ മോഷണത്തിനു പോകുന്നതിനു മുമ്പായി അച്ഛന്‍ മകനെ വിളിച്ചിട്ടു പറഞ്ഞു: തയ്യാറായി വരിക. ഇന്നു ഞാന്‍ മോഷണത്തിന്റെ പാഠങ്ങള്‍ നിന്നെ പഠിപ്പിച്ചു തരാം. അയാള്‍ മകനെയും കൂട്ടി മോഷണത്തിനു പോയി.

അവര്‍ ഗ്രാമത്തിലെ ധനികന്റെ വീട്ടില്‍ കയറി. ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. എന്നാല്‍ അകത്തെത്തിയതും അച്ഛന്‍ ഉച്ചത്തില്‍ ബഹളമുണ്ടാക്കുവാന്‍ തുടങ്ങി. ഇതു കേട്ടു വീട്ടുകാര്‍ ഉണര്‍ന്നു.

അവര്‍ ഉച്ചത്തില്‍ കളളന്‍ കളളന്‍ എന്ന് അലറിവിളിച്ചപ്പോഴേയ്ക്കും അയല്‍ക്കാരെല്ലാം ഓടി കൂടാന്‍ തുടങ്ങി. ഈ സമയം അച്ഛന്‍ വിദഗ്ദ്ധമായി ഓടി രക്ഷപ്പെട്ടു. വളരെ സാഹസപ്പെട്ടു, തന്ത്രപരമായി മകനും രക്ഷപ്പെട്ട് വീട്ടിലെത്തി.

അച്ഛനെ കണ്ടപ്പോള്‍ മകന്‍ ദേഷ്യത്തോടെ പറഞ്ഞു: അച്ഛന്‍ എന്തു പണിയാ ചെയ്തത്? മോഷണവിദ്യ പഠിപ്പിക്കാമെന്നു പറഞ്ഞ് എന്നെ ആളുകള്‍ക്കു പിടിക്കാനുളള സാഹചര്യം ഉണ്ടാക്കി ഇവിടെ വന്നു സുഖമായി വിശ്രമിക്കുന്നോ? എത്ര തന്ത്രപരമായിട്ടാണ് ഞാന്‍ രക്ഷപ്പെട്ടത് എന്ന് അച്ഛനറിയാമോ? അവന്റെ ദേഷ്യം നോക്കി പുഞ്ചിരിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു: ഇപ്പോള്‍ ആ വിദ്യ നീ പഠിച്ചിരിക്കുന്നു.

ആളുകള്‍ക്ക് പിടികൊടുക്കാതെ എങ്ങനെ രക്ഷപ്പെടാം എന്നതിനെ കുറിച്ച് അച്ഛന്‍ മകന് ഒരു ക്ലാസും എടുത്തിരുന്നില്ല. അവര്‍ അതിനെക്കുറിച്ച് ഒരു പദ്ധതിയും ആസൂത്രണം ചെയ്തിരുന്നില്ല. സമയം വന്നപ്പോള്‍, രക്ഷ അനിവാര്യമെന്നു തോന്നിയപ്പോള്‍ മകന്‍ അവന്റെ യുക്തി ഉപയോഗിച്ചു രക്ഷപ്പെട്ടു.

ജീവിതവും ഇതുപോലെയാണ്. പലഘട്ടങ്ങളിലും നമ്മള്‍ സ്വതസിദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ജീവിതത്തില്‍ പ്രായോഗികമായിട്ടുളളത്.

അല്ലാതെ എപ്പോഴും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയോ പദ്ധതികളിലൂടെയോ മുന്നോട്ടു പോകുവാന്‍ ആകുന്ന ഒന്നല്ല ജീവിതം. ഒന്നു നിര്‍ത്തിയിട്ടു ഗുരു പറഞ്ഞു. ഇതാണ് സെന്നിന്റെ പൊരുള്‍. ഇതാണ് ബുദ്ധന്റെ വേദാന്തം.

Ads by Google
TRENDING NOW