Tuesday, May 29, 2018 Last Updated 44 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 30 Jan 2017 04.18 PM

എന്നും പിന്തുടരുന്ന നഷ്ടബോധം

uploads/news/2017/01/75721/Weeklygopakumar.jpg

ഇരുനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, എം.ആര്‍.ഗോപകുമാര്‍. എന്നാല്‍ അതിലൊന്നും കിട്ടാത്ത പബ്ലിസിറ്റിയാണ് 'പുലിമുരുകനി'ലെ മൂപ്പന്‍ തിരിച്ചുകൊടുത്തത്. കോടികളുടെ കിലുക്കവുമായി മുരുകന്‍ മുന്നേറുമ്പോള്‍, വാണിജ്യസിനിമകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊടുക്കുകയാണ് ഈ കലാകാരന്‍.

''അഭിനയിച്ചതില്‍ കൂടുതലും സമാന്തരസിനിമകളായിരുന്നു. അതുകൊണ്ടാണ് ആ സിനിമയുടെ വക്താവ് എന്ന രീതിയില്‍ മുദ്രകുത്തപ്പെട്ടത്. ഐ.വി.ശശിയുടെ 'അനുഭൂതി'യുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഒടുവില്‍ ഉണ്ണികൃഷ്ണന് എന്തോ കാരണത്താല്‍ വരാന്‍ കഴിഞ്ഞില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ച് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു.

എനിക്ക് സന്തോഷമായിരുന്നു. ലൊക്കേഷനില്‍ ചെന്ന് അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു-ഗോപകുമാര്‍ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങള്‍ അടൂരിനെപ്പോലുള്ളവരുടെ സിനിമകളിലേ അഭിനയിക്കുകയുള്ളൂ എന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ഇപ്പോള്‍ ആ തെറ്റിദ്ധാരണ മാറി.

മറ്റൊരിക്കല്‍ ഞങ്ങളുടെ ഓഫീസിലെ പ്രോഗ്രാമിന് പ്രശസ്തനായൊരു സംവിധായകനെ ഗസ്റ്റായി ക്ഷണിച്ചു. പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു-എം.ആര്‍.ഗോപകുമാര്‍ ഭയങ്കരനടനാണ്. എന്നുവച്ച് പുള്ളിയെ കമേഴ്‌സ്യല്‍ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പറ്റുമോ? അങ്ങനെ ചെയ്താല്‍ ജനം അംഗീകരിക്കുമോ?

സ്‌റ്റേജിലുണ്ടായിരുന്ന ഞാന്‍ ഒന്നും മിണ്ടിയില്ല. അങ്ങനെയുള്ള എനിക്ക് കേരളം കണ്ട ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അതും ആദ്യം മുതല്‍ അവസാനം വരെ. അഞ്ചുദിവസത്തെ വര്‍ക്കിന് വേണ്ടിയാണ് 'പുലിമുരുകനി'ലേക്ക് വിളിച്ചത്.

പക്ഷേ അഭിനയിച്ചുതുടങ്ങിയശേഷമാണ് ആ കഥാപാത്രത്തെ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഹിറ്റ് സിനിമകളില്‍ അഭിനയിച്ചാലേ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂ. മോശം സിനിമകളില്‍ എത്ര നല്ല കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിട്ടും കാര്യമില്ല. 'നാരായ'ത്തിലും 'അനുഭൂതി'യിലുമൊക്കെ നല്ല വേഷമായിരുന്നു. പക്ഷെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.''

തിരുവനന്തപുരം വേട്ടമുക്കിലെ വീട്ടിലുണ്ടായിരുന്നു ഗോപകുമാര്‍. 'മഞ്ഞുരുകും കാലം' എന്ന സീരിയല്‍ അവസാനിച്ചു. ഇനി ചെയ്യാനുള്ളത് തമിഴ്‌സിനിമയാണ്. അതിനിടയ്ക്ക് യു.കെയിലേക്ക് പോകാനൊരുങ്ങുകയാണ്. മകനെയും കുടുംബത്തെയും കാണാന്‍.

നാടകത്തിന്റെ വലിയൊരു പിന്‍ബലമുണ്ട്, ഗോപകുമാറിന്. അല്ലേ?


തിരുവട്ടാര്‍ ഹൈസ്‌കൂളില്‍ നാടകം അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പ്രീ യൂണിവേഴ്‌സിറ്റിക്ക് പഠിക്കുമ്പോഴും അത് തുടര്‍ന്നു. കോളജില്‍ നാടകമേ ഉണ്ടായില്ല. അക്കാലത്തൊക്കെ പഠനത്തിലായിരുന്നു ശ്രദ്ധ. എം.കോം കഴിഞ്ഞപ്പോള്‍ പി.ആന്റ് ടി ഓഡിറ്റ് ഓഫീസില്‍ ജോലികിട്ടി.

പുതുതായി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ജോലിക്കാരെല്ലാം പുതിയ ആളുകള്‍. അവിടെയായിരുന്നു നാടകപ്രവര്‍ത്തനത്തിന്റെ തുടക്കം. കവി കടമ്മനിട്ട രാമകൃഷ്ണന്‍ എന്റെ ഓഫീസിലായിരുന്നു. പി.ആന്റ് ടി റിക്രിയേഷന്‍ ക്ലബിന്റെ നാടകം സംവിധാനം ചെയ്തത് കടമ്മനിട്ടയാണ്. എല്ലാദിവസവും വൈകിട്ടാണ് റിഹേഴ്‌സല്‍.

ജോലി കഴിഞ്ഞാല്‍ റിഹേഴ്‌സല്‍ കാണാന്‍ ഞാനുമുണ്ടാവും. നാടകത്തിലെ പ്രധാനപ്പെട്ട ഒരു നടന്‍ പെട്ടെന്ന് ബന്ധുവിന്റെ അസുഖം കാരണം നാട്ടിലേക്ക് പോയി. ആ ദിവസം റിഹേഴ്‌സല്‍ കാണാന്‍ ചെന്ന എന്നോട് കടമ്മനിട്ട ചോദിച്ചു-രണ്ടു ദിവസത്തേക്ക് അയാളുടെ വേഷം ചെയ്യാമോ? സമ്മതിച്ചു.

പക്ഷേ ബന്ധു മരിച്ചതുകാരണം നടന്‍ കുറെനാളത്തേക്ക് വന്നില്ല. അതോടെ ഞാന്‍ തന്നെ ആ വേഷം ചെയ്യേണ്ടിവന്നു. പിന്നീടുള്ള ഓരോ വര്‍ഷവും ഞാനുമുണ്ടാവും, നാടകത്തില്‍. നാടകം കാണാന്‍ നരേന്ദ്രപ്രസാദ്, അടൂര്‍, ഭരത്‌ഗോപി, പവിത്രന്‍, ചിന്തരവി തുടങ്ങിയ പ്രഗത്ഭരുടെ നിരയുണ്ടാവും. ഒരു തവണ ഞങ്ങള്‍ നരേന്ദ്രപ്രസാദിനെക്കൊണ്ട് നാടകമെഴുതിച്ചു. അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തതും. പിന്നീട് അതൊരു പതിവായി. പ്രസാദ് സാര്‍ എഴുതിയ 'മാര്‍ത്താണ്ഡവര്‍മ്മ'യില്‍ പ്രധാന കഥാപാത്രം ഞാനായിരുന്നു.

ആ സമയത്താണ് തിരുവനന്തപുരം ദൂരദര്‍ശന്‍ ആരംഭിക്കുന്നത്. അതില്‍ 'കുഞ്ഞയ്യപ്പന്‍' എന്ന ടെലിഫിലിം ചെയ്തു. അതായിരുന്നു ക്യാമറയുടെ മുമ്പിലെ ആദ്യത്തെ അഭിനയം. പിന്നീട് നെടുമുടിക്കൊപ്പം 'മണ്ടന്‍കുഞ്ചു'. അതോടെ കുടുംബസദസ്സുകളില്‍ അറിയപ്പെടാന്‍ തുടങ്ങി.

നാടകവും ടെലിഫിലിമുമായി നടന്ന ഗോപകുമാറിനെ അടൂര്‍ കണ്ടെത്തിയത് എങ്ങനെയാണ്?


1989ലായിരുന്നു അടൂര്‍ സാറിന്റെ 'മതിലുകളു'ടെ ഷൂട്ടിംഗ്. പൂര്‍ണ്ണമായും ജയിലില്‍ ചിത്രീകരിക്കുന്ന ആ സിനിമയില്‍ ജയില്‍പ്പുള്ളികളായി അഭിനയിക്കാന്‍ നടന്‍മാരെ വേണം. അതിന്റെ ചുമതല അലിയാര്‍ക്കായിരുന്നു. അലിയാറാണ് എന്നെ അഭിനയിക്കാന്‍ വിളിച്ചത്. ഊരും പേരുമില്ലാത്ത കഥാപാത്രമായിരുന്നു എന്റേത്.

ചെറിയൊരു സീന്‍ മാത്രം. കണ്ടാല്‍പോലും മനസ്സിലാവില്ല. അതുകഴിഞ്ഞ് ഞാന്‍ വീണ്ടും സീരിയലുകളില്‍ ശ്രദ്ധിച്ചു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ രവി വള്ളത്തോള്‍ ഒരു നാടകമെഴുതി. രവി നായകനും ഞാന്‍ വില്ലനും. അതു കാണാന്‍ അടൂര്‍ സാറും വന്നിരുന്നു. നാടകം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അടൂര്‍സാര്‍ രവിക്കൊരു കത്തെഴുതി-നാടകം നന്നായിരുന്നൂ. പ്രത്യേകിച്ചും വില്ലന്‍വേഷം ചെയ്ത ഗോപകുമാര്‍.

എനിക്കത് വലിയൊരു അംഗീകാരമായി. ഒരു ദിവസം ഓഫീസിലേക്ക് അടൂര്‍ സാര്‍ നേരിട്ട് വിളിച്ചു-തിരക്കില്ലെങ്കില്‍ ഒന്നിവിടംവരെ വരാമോ?
വരാമെന്ന് പറഞ്ഞു. പിറ്റേ ദിവസം തന്നെ പോയിക്കണ്ടു.

Ads by Google
Loading...
TRENDING NOW