Thursday, May 24, 2018 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google

ഒാരം

Azad
Azad
Monday 30 Jan 2017 12.16 AM

കൊച്ചിയിലെ മെട്രോ തൂണുകള്‍ ചിത്രത്തൂണുകളാകട്ടെ

uploads/news/2017/01/75449/1op.jpg

കൊച്ചി മെട്രോയുടെ പണിപൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ അതിന്റെ നാനൂറിലേറെ വരുന്ന തൂണുകളെ ചിത്രങ്ങളും പെയ്‌ന്റിങ്ങുകളുംകൊണ്ട്‌ മനോഹരമാക്കുന്നതു സംബന്ധിച്ച ചില ആലോചനകള്‍ ഉയരുന്നുണ്ട്‌. അതു സ്വാഗതാര്‍ഹമാണ്‌. സാധാരണഗതിയില്‍ പരസ്യങ്ങളുടെ മോഹത്തൂണുകളാവാനാണ്‌ ഇവയ്‌ക്കു സാധ്യതയേറെ. അത്തരം വരുമാനദായക താല്‍പ്പര്യങ്ങള്‍ക്ക്‌ അല്‍പ്പഭാഗം നീക്കിവച്ചാല്‍തന്നെ നമ്മുടെ സാംസ്‌കാരിക വൈവിധ്യവും ഈടുവയ്‌പ്പുകളും വര്‍ത്തമാനത്തോടുള്ള കലഹപ്രിയങ്ങളും വിളിച്ചറിയിക്കുന്ന സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ക്കു നിറഞ്ഞുനില്‍ക്കാനാകും.
തൂണുകളില്‍ ചിത്രങ്ങളൊരുക്കാന്‍ അതിന്‌ അധികാരപ്പെട്ടവര്‍ തീരുമാനിക്കണം. അതു നിര്‍വഹിക്കാന്‍ നമ്മുടെ ചിത്രകാരന്മാര്‍ തയാറാവണം. മെട്രോ റയിലിനുള്ള തൂണുകള്‍ റോഡിലാണെന്നതിനാല്‍ ചലിക്കുന്ന പ്രേക്ഷകസമൂഹത്തെ അഭിസംബോധന ചെയ്യുന്ന സവിശേഷ ഛായാതലങ്ങളായി അവയ്‌ക്കു മാറാന്‍ കഴിയും. സംസ്‌ഥാന ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നമ്മുടെ കലാകാരന്മാര്‍ക്കും ചിത്രകലാ വിദ്യാര്‍ഥികള്‍ക്കും അതു നിര്‍വഹിക്കാവുന്നതേയുള്ളു. ഇപ്പോള്‍ ലോകമെങ്ങും ഇത്തരം പൊതുഇട സാധ്യതകളെ ജനകീയ കലാവിഷ്‌ക്കാര വിതാനങ്ങളാക്കി സൗന്ദര്യാത്മക സംവാദങ്ങളെയും ആസ്വാദനത്തെയും വലിയതോതില്‍ പുതുക്കിപ്പണിയുന്നുണ്ട്‌.
ചുമരെഴുത്തിന്റെ മഹത്തായ പാരമ്പര്യവും ജനകീയ ചിത്രകലയുടെ നവാദര്‍ശങ്ങളും അടയാളപ്പെടുവിധം പുതുചുമരുകള്‍ നിവരണം. മാനവികമായതൊന്നും നാമ്പുനീട്ടാത്ത വാര്‍പ്പു വാസ്‌തുവിചാരങ്ങളെ അതൊന്നു ചൊടിപ്പിക്കട്ടെ. പണപ്പൊലിമയുടെ മത്സരവേഗങ്ങളെ അല്‍പ്പനേരത്തേയ്‌ക്കെങ്കിലും പിടിച്ചുകെട്ടട്ടെ. തീവണ്ടികള്‍ കുതിക്കുന്ന തൂണുകളില്‍ വേഗസൂക്ഷ്‌മത്തിന്റെ നാരുകളായി ആത്മാനുഭവങ്ങളുടെ നിശ്‌ചലബോഗികള്‍ തെളിയണം. ഇടശ്ശേരി പാടിയതുപോലെ ഈ വഴിയേ തേരോടിക്കാനും ആസന്നോദയ വികാര വിപ്ലവ ദൃശ്യങ്ങള്‍ കാണാനും ഹൃദയത്തെ മഥിക്കുന്ന സൗന്ദര്യ പ്രതിഭാസങ്ങള്‍ അനുഭവിക്കാനും കഴിയണം. കൊച്ചിയിലെ ചിത്രത്തൂണുകള്‍ വിസ്‌മയം കുറിക്കട്ടെ.
ചിത്രവും ചുമരെഴുത്തും ശില്‍പ്പാഖ്യാനവുമെല്ലാം ധനമുതലാളിത്തത്തിന്റെ ലാളനയേറ്റ്‌ വല്ലാതെ വഷളായിട്ടുണ്ട്‌. അതൊരവകാശംപോലെയായിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ അനുഗ്രഹവും രക്ഷാകര്‍ത്തൃത്വവുമില്ലാതെ കലകളെങ്ങനെ നിവര്‍ന്നുനില്‍ക്കാന്‍ എന്നായിരിക്കുന്നു ചിന്ത. ലോകത്തോടു വിലപേശുന്ന ചിത്രകാരന്മാരെയും അവരെന്തു നല്‍കണമെന്നു ശഠിക്കുന്ന കലാവ്യവസായികളെയും അവര്‍ക്കിടയിലെ ദല്ലാളന്മാരെയും ഭയന്നും നമിച്ചും ഉള്‍വലിഞ്ഞു കഴിയുന്ന കലാകാരന്മാരും നമുക്കുണ്ട്‌. അങ്ങനെയൊരു ലോകം എപ്പോഴും തമസ്‌ക്കരിക്കപ്പെടുകയാണ്‌. ഭരണകൂടവും വ്യാപാര ലോകത്തെ മാത്രമാണു പരിഗണിക്കുന്നത്‌. കൊച്ചിയിലെ മെട്രോ തൂണുകളില്‍ ചിത്രമെഴുതാനും കേരളത്തിന്റെ കലാദര്‍ശനം രൂപപ്പെടുത്താനും ബിനാലെ മുതലാളിമാര്‍ മതിയെന്നു ചിലരെങ്കിലും കരുതുന്നത്‌ അങ്ങനെയാണ്‌. കൊച്ചിയിലെ നാനൂറിലേറെ വരുന്ന മെട്രോ തൂണുകള്‍ പരസ്യങ്ങള്‍ക്കു നീക്കിവയ്‌ക്കാനേ അധികാരികള്‍ ശ്രമിക്കുകയുള്ളു. അതിന്റെ ഭാഗമായേ ഏതെങ്കിലും കലയോ കലാകാരനോ പരിഗണിക്കപ്പെടുകയുമുള്ളു. ചുങ്കംപിരിവിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്ന സര്‍ക്കാരുകളും നിര്‍മാണ കമ്പനികളും ധനാഗമ മാര്‍ഗങ്ങളൊന്നും കൈവിടില്ല. ഒരു നിശ്‌ചിത അളവുഭാഗം പരസ്യത്തിനു നല്‍കുമ്പോള്‍തന്നെ കലാപരിചരണത്തിനു ഇടം കണ്ടെത്താവുന്നതേയുള്ളു. അതും പക്ഷേ, വലിയ കലാവ്യാപാരത്തിന്റെ ലീലാവിലാസങ്ങള്‍ക്ക്‌ വിട്ടുകൊടുത്തുകൂടാ. അവിടെ കേരളത്തിലെ ചിത്രകാരന്മാരുടെ വൈവിദ്ധ്യമുള്ള കലാ പ്രവര്‍ത്തനങ്ങള്‍ നിറയട്ടെ. പൊതുസമൂഹത്തോട്‌ ഉത്തരവാദിത്വമുള്ള ലളിതകലാ അക്കാദമിപോലെ ഒരു സ്‌ഥാപനമുണ്ടായിരിക്കെ ധനാഢ്യ ബിനാലെ കമ്പനികള്‍ക്ക്‌ ഇത്തരം ചുമതലകള്‍ നല്‍കരുതാത്തതാണ്‌. അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാലും സെക്രട്ടറി പൊന്ന്യം ചന്ദ്രനും ഇതു സംബന്ധിച്ച പ്രതിഷേധം പരസ്യപ്പെടുത്തിക്കഴിഞ്ഞു.
യഥാര്‍ഥത്തില്‍ ബിനാലെപോലുള്ള ലോകോത്തര മേളകള്‍ നടത്താനുള്ള പ്രാപ്‌തി നമ്മുടെ അക്കാദമിക്കുണ്ട്‌. രാജ്യാന്തര ഫിലിം ഫെസ്‌റ്റിവല്‍ നടത്താന്‍ ചലച്ചിത്ര അക്കാദമിക്കും രാജ്യാന്തര നാടകോത്സവം നടത്താന്‍ സംഗീത നാടക അക്കാദമിക്കും സാധിക്കുമെങ്കില്‍ അവയ്‌ക്കു ലഭിക്കുന്നതുപോലെയുള്ള പിന്തുണ സര്‍ക്കാരില്‍നിന്നുണ്ടായാല്‍ ലളിതകലാഅക്കാദമിക്കു ബിനാലെ നടത്താനും സാധിക്കും. ശരിയായ മാര്‍ഗദര്‍ശനവും സഹായവുമാണു നല്‍കേണ്ടത്‌. ദൗര്‍ഭാഗ്യവശാല്‍ അക്കാദമിയുടെ ജനകീയ ഉത്തരവാദിത്വത്തെ മറികടക്കുന്ന പ്രവണതകളാണു പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌.
കലാകാരന്മാരെല്ലാം മറ്റു കലകളെ അപേക്ഷിച്ചു ഒറ്റയ്‌ക്കൊറ്റയ്‌ക്കു പ്രവര്‍ത്തിക്കുന്നവരാണ്‌. അവരെ ഒന്നിപ്പിക്കാനായില്ലെങ്കിലും അവരുടെ കലാദര്‍ശനങ്ങളെ സമ്പന്നമാക്കാനും ക്ലേശങ്ങളില്‍ കരുത്താകാനും പുതിയ സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറന്നിടാനും സാധ്യമാകണം. നമ്മുടെ ഏറ്റവും സര്‍ഗധനനായ ഒരു ചിത്രകാരന്റെ അറുപതോളം ചിത്രങ്ങള്‍ ഒരു വിമാനക്കമ്പനിയുടെ അനാസ്‌ഥമൂലം നഷ്‌ടപ്പെട്ടപ്പോള്‍ അതു തിരികെ ലഭ്യമാക്കാനോ നഷ്‌ടപരിഹാരം വാങ്ങിക്കുന്നതിനോ കടുത്ത സമ്മര്‍ദമുയര്‍ത്താന്‍ കലാലോകത്തിനു കഴിഞ്ഞിട്ടില്ല. കലാവ്യവസായത്തോടും അതിന്റെ വാണിജ്യലീലകളോടും വിമുഖത കാണിക്കുന്ന ചന്‍സ്‌ എന്ന ചന്ദ്രശേഖരനെ തുണയ്‌ക്കാന്‍ ബിനാലെ കമ്പനിക്കോ അക്കാദമിക്കോ താല്‍പ്പര്യമുണ്ടായില്ല.
വിരലിലെണ്ണാവുന്ന ബിനാലെ കമ്മിറ്റിക്കാരാണ്‌ നമ്മുടെ സാംസ്‌കാരിക നയം രൂപപ്പെടുത്തുന്നതെങ്കില്‍ അതു കലാവ്യവസായത്തിന്റെ മാനിഫെസേ്‌റ്റാ ആകാനേ തരമുള്ളു. അതില്‍ താല്‍പ്പര്യങ്ങളുള്ളവര്‍ ഏറെപ്പേരുണ്ടാകും. ജനകീയ കലാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി ബിനാലെ മാറ്റുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങും. ബിനാലെ പോലുള്ള സംരംഭങ്ങള്‍ നമ്മുടെ സാംസ്‌കാരിക ധാരകളെ ആഗോളാനുഭവങ്ങളുമായി കണ്ണിചേര്‍ക്കുന്നുണ്ട്‌. വിദൂരവും അപരിചിതവുമായ കലാനുഭവങ്ങളെ കണ്‍മുന്നിലെത്തിക്കുന്നുണ്ട്‌. ഭാവുകത്വത്തെ അഴിച്ചുപണിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. അതു ശക്‌തവും സമ്പുഷ്‌ടവുമായ നീക്കിയിരിപ്പാകണമെങ്കില്‍ അതിന്റെ ഗുണഫലം പൊതുസമൂഹത്തിലെത്തണം. അതിനുള്ള മാധ്യമമാണു ലളിതകലാ അക്കാദമി. ബിനാലെയുടെ കലാത്മകവും ധനാത്മകവുമായ നേട്ടങ്ങളെ ലളിതകലാ അക്കാദമിയുടെയും ഇതര സാംസ്‌കാരിക സ്‌ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിനു ഊര്‍ജമേകുംവിധം പ്രയോജനപ്പെടുത്താനാകണം.

Ads by Google

ഒാരം

Azad
Azad
Monday 30 Jan 2017 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW