Saturday, June 09, 2018 Last Updated 45 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 12.27 AM

വാസം, പ്രവാസം, ജീവിതം

uploads/news/2017/01/75169/5s.jpg

ചന്ദ്രഗിരിപ്പുഴയ്‌ക്കും ഏഴിമലയ്‌ക്കുമിടയിലെ പശിമയുള്ള നാടന്‍ മണ്ണില്‍ നിന്നാണ്‌ സുറാബ്‌ എഴുത്തു തുടങ്ങുന്നത്‌. നിശബ്‌ദമായ വഴികളും ഗ്രാമത്തിന്റെ ശാന്തതയും നിറഞ്ഞ കാര്യങ്കോട്‌ പുഴയ്‌ക്കിപ്പുറത്തെ നാടിന്റെ ദൃശ്യം. കളരി, കളിയാട്ടം, പൂരം, തെയ്യം, കോട്ട, ആല്‌, പുകയില, പാടം എന്നിവ എഴുത്തില്‍ സമൃദ്ധമായി നിറയുന്നു. മഴയും പനിയും ബിംബമായി സുറാബില്‍ പെയ്യുന്നു. എന്റെ വീട്‌ തീരെ ചെറുത്‌.
അതിന്‌ ആധാരമില്ല. ജാലകമില്ല. എന്നുറച്ചും, എന്റെ രാത്രിയില്‍ ഒരു ഹൃദയം കരഞ്ഞുകൊണ്ടിരിക്കുന്നു എന്നറിയിച്ചും തബല സമാഹാരത്തിലെ കേള്‍വികള്‍ ഒട്ടനവധി. സുറാബിന്റെ ഭാഷയില്‍ ഇതുവരെ ഉണ്ണായിവാര്യരുടെ പാട്ട്‌. ഇനി വാരിയുണ്ണുന്നവന്റെ കൂത്ത്‌. സുറാബിന്റെതായ ഒരു താളമാണ്‌ ഈ കവിതയില്‍. പ്രവാസ ജീവിതം സര്‍ഗജീവിതമായി, ബിംബങ്ങള്‍ ദൃശ്യഭാഷയായി കൈകൊള്ളുന്നു. കിനാവ്‌ കാണുന്നവന്‌ സ്‌ഥലകാല ഭേദമില്ല. കിനാവുകളുടെ ഏറ്റവും വലിയ കോട്ടയാണ്‌ എന്റെ മനസ്സ്‌. കുറേ അന്ധവിശ്വാസങ്ങള്‍, അതിലേറെ ഭക്‌തികളും അമളികളും ചതിവുകളും. മഴ നനഞ്ഞ മണ്‍കുടങ്ങള്‍, കഷണ്ടി കയറിയ പച്ചക്കുന്നുകള്‍, കരിപിടിച്ച ജാഥകള്‍, ഖദറു ടുപ്പിട്ട നോക്കുകുത്തികള്‍, ചങ്ങലയ്‌ക്കിട്ട വികാരങ്ങള്‍... ജീവിതങ്ങള്‍...
വയ്യ. ഞാനൊരു പ്രവാസിയാണെന്ന്‌ പറയാന്‍ എനിക്ക്‌ വയ്യ. നഗരത്തിലുറങ്ങുമ്പോഴും മനസ്സ്‌ തടവുചാടുന്നത്‌ അങ്ങോട്ടേക്കാണ്‌. എന്റെ ഊഞ്ഞാലിലേക്ക്‌, എന്റെ പൂമ്പാറ്റയിലേക്ക്‌, എന്റെ കവിതയിലേക്ക്‌. ഇതാണ്‌ എന്റെ സര്‍ഗജീവിതം. സാഹിത്യം ജീവിതത്തിന്റെ ഭാഷയാണ്‌. ചിലപ്പോള്‍ ആര്‍ദ്രമാകുന്നു. ചിലപ്പോള്‍ ഗ്രാമ്യവും. ഭാഷ തിരിച്ചറിവിന്റെ ഭൂതക്കണ്ണാടിയാണ്‌. കാലത്തിനനുസരിച്ച്‌ അവ മാറുന്നു.
ഭാഷയില്‍ നിന്ന്‌ ജീവിതമോ, ജീവിതത്തില്‍ നിന്ന്‌ ഭാഷയോ ഉണ്ടാകുന്നില്ല. ഭാഷ, അവനവന്‌ കിട്ടിയ മുലപ്പാലാണ്‌, അമ്മയാണ്‌. നാം ജീവിച്ചു തീര്‍ക്കുന്നതൊക്കെ നമ്മുടെ അനുഭവങ്ങളാണ്‌. കഥകളാണ്‌. അതായത്‌, കാലത്തിനനുസരിച്ച്‌, ജീവിതത്തിനനുസരിച്ച്‌ തുന്നിയിടുന്ന വേഷങ്ങള്‍. പലപ്പോഴും ഞാനീ നഗരത്തില്‍ ഒരു തീവണ്ടിയേപ്പോലെയാണ്‌. തീയും പുകയും വെയിലും മഴയും മനസ്സിലിട്ട്‌, മനസ്സിന്റെ മഴവില്ല്‌ കുലുക്കി തെക്കോട്ടും വടക്കോട്ടും പായുന്ന തീവണ്ടി. പലപ്പോഴും ആളൊഴിഞ്ഞ സ്‌റ്റേഷനിലായിരിക്കും എനിക്കുള്ള കൊടി. അതെ, എല്ലാ ബഹളത്തില്‍ നിന്നും, എല്ലാ ചാട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നഗരത്തിന്റെ നിശബ്‌ദമായ വരാന്തയില്‍ ഞാനെന്നെത്തന്നെ അനാച്‌ഛാദനം ചെയ്യുന്നു. നോക്കിക്കാണുന്നു. സൗഹൃദം കിണറാകുമ്പോള്‍, സ്‌നേഹം വേദനകളാകുമ്പോള്‍.
ഇന്ന്‌ തീവണ്ടി വന്ന്‌ നില്‍ക്കുന്നത്‌ അടുക്കളയിലാണ്‌. യാത്രക്കാരിറങ്ങിപ്പോകുന്നത്‌ വിറകിന്‍ കൂമ്പാരത്തിലേക്കും. ഇത്‌ ചിത എന്ന കവിതയിലെ വരികള്‍. ഈ തിരിച്ചറിയലിന്റെ ഭാഷ, പ്രമേയം മറ്റ്‌ സമകാലികരായ കവികള്‍ക്കൊപ്പം സുറാബിനെയും ശക്‌തനാക്കുന്നു. ഈ കവി ആദ്യമായി എഴുതിയ നോവലാണ്‌ അഞ്ചില്ലം. വടക്കേ മലബാറിന്റെ പോയത്തം പറഞ്ഞ്‌. എന്താണ്‌ ഇതിന്റെ പ്രചോദനം? അതിനു ശരിയായ ഉത്തരമുണ്ട്‌. ഇതൊരു അന്വേഷണമാണ്‌.
ഇത്തരം അന്വേഷണങ്ങളും വ്യാകുലതകളും ഉത്തരമാകുമ്പോള്‍, കവിതയിലൊതുങ്ങാത്തതാകുമ്പോള്‍ ഞാനിങ്ങനെ പലതും എഴുതിപ്പോകുന്നു. അതൊക്കെ കഥയായി, തിരക്കഥയായി, നോവലായി സാഹിത്യത്തിന്റെ വിവിധ അകപ്പൊരുളുകളാകുന്നു. അഞ്ചില്ലത്തിന്റെ അവതാരികയില്‍ മലയാളത്തിന്റെ മഹാ പ്രതിഭയായ എം.ടി. വാസുദേവന്‍ നായര്‍ കുറിച്ചിട്ട വാക്കുകള്‍ സുറാബിന്‌ ലഭിച്ച വലിയൊരനുഗ്രഹമാണ്‌. വാമൊഴിയുടെ അകൃത്രിമ ചാരുതയെപ്പറ്റി സുറാബ്‌ ബോധവാനാണ്‌. യാഥാര്‍ത്ഥ്യങ്ങളുടെ കൂമ്പാരത്തില്‍ നിന്ന്‌ ചെറിയ ചെറിയ മിത്തുകളെ അനാവരണം ചെയ്‌ത് സമര്‍ത്ഥമായി നിരത്താന്‍ കഥാകാരന്‌ കഴിയുന്നതുകൊണ്ട്‌ വായനക്കാര്‍ ഇവിടെ സംപ്രീതനാകുന്നു.
ഓര്‍ക്കാപ്പുറത്താണ്‌ എഴുതിത്തുടങ്ങിയത്‌. ഇതിന്‌ മുമ്പ്‌ ഈ സൂക്കേട്‌ ഞങ്ങളുടെ കുടുംബത്തില്‍ മറ്റാര്‍ക്കുമുണ്ടായിട്ടില്ല. ഉപ്പ, പാട്ടുകാരനായിരന്നു എന്നതൊഴിച്ചാല്‍. എന്നിട്ടും എന്റെ അശാന്തതയില്‍, വേവലാതിയില്‍, അനുഭവങ്ങളുടെ ഉള്‍ക്കടച്ചില്‍ ഉഴിഞ്ഞെടുക്കുമ്പോള്‍ എഴുതാനിരിക്കുമ്പോള്‍, അപ്പുറത്തു നിന്നും ഞാന്‍ കേള്‍ക്കുന്നു. ഓന്‍ കവിതക്കാരന്‍. പിരാന്തന്‍. പറഞ്ഞ്‌ പറഞ്ഞ്‌ ഓനിപ്പോള്‍ കവിതയില്‍ തന്നെ സംസാരോം തുടങ്ങി...
നേരാണ്‌, ഞാനൊരു കവിതക്കാരനാണ്‌. കനത്തു നില്‍ക്കുന്ന കര്‍ക്കിടകമാണ്‌. ഗ്രാമ്യബിംബങ്ങളുടെ സാന്നിധ്യവുമായി നിറഞ്ഞൊഴുകുന്ന കവിതയിലൂടെ ശ്രദ്ധേയനായ ഇഹന്ത മഹാബത്ര എന്ന ഒറീസയിലെ കവിയെ ഇവിടെ ഓര്‍ത്തുപോകുകയാണ്‌.
രണ്ട്‌ ഭാഷകളിലെ സാംസ്‌കാരിക മൂല്യം മനസ്സിലിട്ട്‌ നടക്കുന്ന കവികളുടെ താരതമ്യം ഗ്രാമ്യതയില്‍ ഊന്നിയെന്ന്‌ മാത്രം. ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ ഗന്ധമാണ്‌ ഒറീസയില്‍ ജൂണില്‍ പെയ്യുന്ന മഴയ്‌ക്ക് എന്ന്‌ മഹാബത്ര പറയുന്നു. മഴ നനഞ്ഞെത്തിയ ആരോടോ അവള്‍ നിര്‍ത്താതെ പറയുന്നു, അവളൊരു മരുഭൂമിയായെന്ന്‌. വയ്യാതായെന്ന്‌... സുറാബിന്റെ കവിത ഇങ്ങനെയും. ഇന്ത്യന്‍ കവിതയിലെ ഈ സമാനത, അനുഭവത്തിന്റെ ഇടപെടല്‍ തന്നെയാണ്‌.

Ads by Google
Sunday 29 Jan 2017 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW