Tuesday, June 19, 2018 Last Updated 33 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 12.27 AM

നിത്യതയുടെ കൊട്ടാരം

uploads/news/2017/01/75168/4s.jpg

സാല്‍വേഷന്‍ ആര്‍മി ജനറലായിരുന്ന ജോണ്‍ ജോര്‍ജ്‌ കാര്‍പെന്ററിന്‌ സൗന്ദര്യമുള്ള ഒരു മകളുണ്ടായിരുന്നു. അദ്ദേഹവും ഭാര്യയും ഈ കുട്ടിയെ മിഷനറി പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ചിരുന്നു. പെട്ടെന്ന്‌ ഒരു ദിവസം അവള്‍ ടൈഫോയ്‌ഡ് ബാധിച്ച്‌ കിടപ്പിലായി. സ്വാഭാവികമായും കാര്‍പെന്ററും ഭാര്യയും മകളുടെ സൗഖ്യത്തിനു വേണ്ടി പ്രാര്‍ഥന തുടങ്ങി. വിചിത്രമെന്നു പറയട്ടെ, അവര്‍ക്ക്‌ തങ്ങളുടെ മകളുടെ രോഗസൗഖ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: കര്‍ത്താവേ, തിരുഹിതമെങ്കില്‍ സൗഖ്യമാക്കുക. ആറാഴ്‌ചയ്‌ക്കു ശേഷം മകള്‍ മരിച്ചു. അപ്പോള്‍ കാര്‍പെന്റര്‍ തന്റെ ഭാര്യയോടിങ്ങനെ പറഞ്ഞു: എന്റെ ഉള്ളില്‍ വളരെ അസാധാരണമായ ഒരു സാമാധാനമുണ്ട്‌. എനിക്കും അങ്ങനെ അനുഭവപ്പെടുന്നു. ഇതു ദൈവത്തിന്റെ സമാധാനമാണ്‌, ഭാര്യ മറുപടി നല്‍കി.
ഈശ്വരനില്‍ ആശ്രയിക്കുകയും അവിടുത്തെ സന്നിധിയില്‍ സമസ്‌തവും സമര്‍പ്പിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ഈ രീതിയില്‍ പ്രതികരിക്കുവാന്‍ കഴിയൂ. ഈ ലോകത്തിലെ ജീവിതം താല്‌ക്കാലികമാണെന്നും ഇതിനുമപ്പുറം ഒരു ജീവിതം ശേഷിക്കുന്നു എന്നും വിശ്വസിക്കുന്നവര്‍ക്ക്‌ സങ്കടങ്ങള്‍ നിസാരമായി കാണാന്‍ കഴിയും.
ദൈവപുരുഷനായ മോശെ പ്രാര്‍ഥിച്ചു: ഞങ്ങള്‍ ജ്‌ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.
ജീവിതമെന്നതു പോലെ മരണവും ഒരു യാഥാര്‍ഥ്യമാണ്‌. നാം അറിയുന്നില്ലെങ്കിലും ഓരോ ദിവസവും മരണത്തോടു ഓരോ പടി അടുത്തുകൊണ്ടിരിക്കുകയാണ്‌.
എന്നാല്‍ മരണം ജീവിതത്തിന്റെ അവസാനമല്ല. മരണത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ച്‌ എല്ലാ ജനവിഭാഗങ്ങളുടെയും ഇടയില്‍ ഓരോരോ അളവിലുള്ള വിശ്വാസമുണ്ട്‌.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രാജ്‌കോട്ടില്‍ ഒരു സംഭവം നടന്നു: ഒരു ഭവനത്തിലെ മരിച്ചു പോയ മകനു വേണ്ടി അവന്റെ മാതാവ്‌ നിത്യവും ഭക്ഷണവും മധുരപലഹാരങ്ങളും ഉണ്ടാക്കി മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്നു. അവന്‍ ഒരു ദിവസം തിരിച്ചു വരും എന്നായിരുന്നു ആ മാതാവു വിശ്വസിച്ചിരുന്നത്‌. ഇങ്ങനെ പതിനഞ്ചു വര്‍ഷം ചെയ്‌തു. ഒടുവില്‍ ഭക്ഷണം കുമിഞ്ഞുകൂടി ചീഞ്ഞ്‌ ആ പ്രദേശം മുഴുവന്‍ നാറ്റം വമിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ പരാതിയുമായി അധികൃതരുടെ അടുത്തെത്തി. അവര്‍ വന്ന്‌ വീട്‌ പരിശോധിച്ച്‌ വിവരം അന്വേഷിച്ചപ്പോഴാണ്‌ ഈ യാഥാര്‍ഥ്യം പുറത്തായത്‌. നഗരത്തിലെ കോളറ ബാധയുടെ തുടക്കം അവിടെയായിരുന്നു എന്ന്‌ അവര്‍ മനസിലാക്കി. ഏതായാലും അവര്‍ ആ മലിന വസ്‌തുക്കളെല്ലാം വിദൂരതയില്‍ കൊണ്ടുപോയി കുഴിച്ചുമൂടി.
പുരാതന മിസ്രയീമില്‍ ഒരു രാജാവിന്റെ മൃതദേഹം , ജീവിക്കുവാന്‍ വേണ്ട എല്ലാ സജ്‌ജീകരണങ്ങളോടും കൂടിയാണ്‌ സംസ്‌കരിച്ചത്‌. നമ്മുടെ നാട്ടില്‍ പിതൃക്കള്‍ക്ക്‌ ബലിയിടുന്ന സമ്പ്രദായം ഉണ്ടല്ലോ. മരിച്ചുപോയവരുടെ ആത്മാക്കള്‍ വന്ന്‌ ആ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുമെന്നാണ്‌ നമ്മള്‍ വിശ്വസിക്കുന്നത്‌. ഇങ്ങനെ ഓരോ ജനവിഭാഗങ്ങള്‍ക്കിടയിലും മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും വ്യത്യസ്‌തമായ ആശയവും ചിന്തകളും ഉണ്ട്‌.
മഹാകവിയായ ജോണ്‍ മില്‍ട്ടണ്‍ പറഞ്ഞിരിക്കുന്നത്‌, നിത്യതയുടെ രാജകൊട്ടാരം തുറക്കുന്ന സ്വര്‍ണത്താക്കോലാണ്‌ മരണം എന്നാണ്‌.
ഒരു ഈശ്വരഭക്‌തനെ സംബന്ധിച്ച്‌ മരണം ലാഭമാണ്‌. ഈ ഭൂമിയിലെ കഷ്‌ടാരിഷ്‌ടതകള്‍ വെടിഞ്ഞ്‌ നിത്യസൗഭാഗ്യത്തിലേക്കുള്ള കടന്നുപോക്ക്‌ ഓരോ ഭക്‌തന്റെയും പ്രത്യാശയാണ്‌. ക്രിസ്‌തു പറഞ്ഞു, വിചാരപ്പെടുന്നതു കൊണ്ട്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ നീളം കൂട്ടുവാനോ കുറയ്‌ക്കുവാനോ കഴിയുകയില്ല. സെന്റ്‌ പോള്‍ പറഞ്ഞിതിങ്ങനെ: എനിക്കു ജീവിക്കുന്നതു ക്രിസ്‌തുവും മരിക്കുന്നതു ലാഭവും ആകുന്നു.
മരണത്തിനപ്പുറം ഉള്ള പ്രത്യാശയോടെ ജീവിക്കുന്നവര്‍ക്ക്‌ മറ്റുള്ളവരെ വെറുക്കുവാനോ ചതിക്കുവാനോ ദുഷ്‌പ്രവര്‍ത്തികള്‍ ചെയ്യാനോ സാധ്യമല്ല. കാരണം, ദൈവികമായ സമാധാനത്തിലാണ്‌ അവര്‍ ജീവിക്കുന്നത്‌. ജീവിതത്തെ ഓര്‍ത്ത്‌ ചിന്താകുലപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യേണ്ടതില്ല. കാരണം അതുകൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. മനസ്സ്‌ ഈശ്വരനില്‍ കേന്ദ്രീകരിക്കുകയും നിത്യമായ ജീവിതംപ്രത്യാശിക്കുകയും ചെയ്യുക.
ഇന്നു നിങ്ങള്‍ നേരിടുന്ന പ്രതിസന്ധിയില്‍ സമാധാനം അനുഭവിക്കുവാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഈശ്വരനില്‍ ആശ്രയിക്കുക, സമര്‍പ്പിക്കുക.
അസാധാരണ പ്രതിസന്ധികളും മരണത്തിന്റെ ശൂന്യതയും നേരിടേണ്ടി വരുമ്പോള്‍ നാം അതിനോടു പ്രതകരിക്കുന്നതെങ്ങനെയാണ്‌? ജീവിതത്തിന്റെ അര്‍ത്ഥവും മരണത്തിനപ്പുറമുള്ള പ്രത്യാശയും ഉള്ളവര്‍ക്കേ ഇത്തരം സന്ദര്‍ഭങ്ങളില്‍ സമാധാനത്തോടെ ആയിരിക്കുവാന്‍ കഴിയൂ.

Ads by Google
Sunday 29 Jan 2017 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW