Wednesday, May 23, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 12.27 AM

സംഗീതത്തിന്റെ നിലാമഴ

uploads/news/2017/01/75167/3s.jpg

ജാതിമതരാഷ്‌ട്രീയങ്ങള്‍ക്ക്‌ അതീതമായി സംഗീതം സ്‌നേഹത്തിന്റെയും ഒരുമയുടെയും ജീവതാളമെന്നു ബോധ്യപ്പെടുന്നത്‌ ഒരു സംസ്‌കാരത്തിന്റെ വേറിട്ട അനുഭവമാണ്‌, തിരിച്ചറിവാണ്‌. വാക്കുകള്‍ക്കു ജീവന്‍ വയ്‌ക്കുന്നതും, അത്‌ താളമായും പ്രണയമായും നൃത്തമായും വിലാപമായും സാന്ത്വനമായും ഓരോരുത്തരിലും കടന്നു വരുന്നതും സാംസ്‌കാരിക ജീവിതത്തിന്റെ വ്യത്യസ്‌തമായ നീക്കിയിരിപ്പുകളാണ്‌. അക്ഷരനഗരിക്ക്‌ അന്യമെന്നു കരുതിപ്പോന്ന ഗാനാസ്വാദനത്തിന്റെ രുചിക്കൂട്ട്‌ ഇന്ന്‌ അവര്‍ നെഞ്ചേറ്റിയ 'രാകേന്ദു' രാവുകളിലൂടെ സ്വാംശീകരിക്കുന്നു.
ചലച്ചിത്ര ഗാനരംഗത്തെ അതുല്യ പ്രതിഭകള്‍ക്ക്‌ അവരുടെ അനശ്വര ഗാനങ്ങള്‍ കൊണ്ട്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ സി.കെ. ജീവന്‍ സ്‌മാരക ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'രാകേന്ദു' സംഗീതോത്സവം ഈ മാസം 12 മുതല്‍ 15 വരെ കോട്ടയം മാര്‍തോമ്മാ (എം.ടി.) സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. ഇതിനു തൊട്ടു മുമ്പ്‌ മൂന്ന്‌ ദിവസങ്ങളിലായി 'രാകേന്ദു' സാഹിതാ്യേല്‍സവം കോട്ടയം ബസേലിയോസ്‌ കോളജിലും നടന്നു.
മഞ്ഞും നിലാവും ഒരുമിച്ചു പെയ്യുന്ന രാവുകളില്‍ സംഗീതപരിപാടികളും പ്രഭാഷണങ്ങളും ചിത്രപ്രദര്‍ശനവും ആലാപന മത്സരങ്ങളും പരിശീലനക്കളരികളും കൊണ്ട്‌ നാലു ദിനങ്ങള്‍ കോട്ടയത്തിനു മറക്കാനാവാത്ത സാംസ്‌കാരിക വിരുന്നൊരുക്കി. പാട്ടും പാട്ടിന്റെ ചരിത്രവും കഥകളും പ്രഭാഷണങ്ങളും 'നാലുമണിക്കാറ്റിന്റെ' നാടന്‍ ഭക്ഷ്യമേളയും പ്രദര്‍ശനങ്ങളും, സൗഹൃദക്കൂട്ടങ്ങളുടെ ഒത്തുചേരലുമായി നഗരസന്ധ്യകള്‍ക്ക്‌ ജീവന്‍ നല്‍കി രാകേന്ദു സംഗീതസാഹിതാ്യേത്സവം അതിന്റെ നാലാം പതിപ്പ്‌ പൂര്‍ത്തിയാക്കിയിരിക്കുന്നു.
ധനുമാസപൗര്‍ണമി രാവില്‍ തുടങ്ങിയ 'രാകേന്ദു'വില്‍ ഓരോ ദിവസും സംഗീത പരിപാടികള്‍ക്കു നിലാവിനോടു ചേര്‍ന്ന പേരുകളാണ്‌ നല്‍കിയിരുന്നത്‌. 'നിറനിലാവ്‌,' 'നാട്ടുനിലാവ്‌,' 'പ്രണയനിലാവ്‌,' 'ചാദുവി ക ചാന്ദ്‌' എന്നീ നാല്‌ സംഗീത രാവുകള്‍ അക്ഷരനഗരിയുടെ ഹൃദയം കവര്‍ന്ന സാംസ്‌കാരികോത്സവമായിരുന്നു.
12 നു പൗര്‍ണ്ണമി സന്ധ്യയില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ രാകേന്ദു സാഹിത്യ സംഗീതോത്സവത്തിനു തിരി തെളിച്ചു. സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതോത്സവം ഉദ്‌ഘാടനം ചെയ്‌തു. സംഗീതജ്‌ഞ ഡോ. മാലിനി ഹരിഹരന്‍ എം.എസ്‌. സുബ്ബുലക്ഷ്‌മി അനുസ്‌മരണം നടത്തി.
'മധുരിക്കും ഓര്‍മ്മകളേ, മലര്‍മഞ്ചല്‍ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍...' ഒ.എന്‍.വി. കുറുപ്പിന്റെ സ്‌മരണയ്‌ക്കായി നീക്കിവച്ച ആദ്യദിനം ധനുമാസപൗര്‍ണമി ദിനത്തിലെ 'നിറനിലാവില്‍' കുളിച്ചു. പ്രഫ. ബി.എല്‍. ശശികുമാറിന്റെ അനുസ്‌മരണ പ്രഭാഷണം ഒ.എന്‍.വി. ഗാനങ്ങളുടെ ഉള്ളറ തുറന്നു. കല്ലറ ഗോപന്‍, ഉദയ്‌ രാമചന്ദ്രന്‍, സുമേഷ്‌ കൃഷ്‌ണ, ലീലാ ജോസഫ്‌, ഒ.എന്‍.വിയുടെ പൗത്രി പര്‍ണ്ണാ രാജീവ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
കാവാലം അനുസ്‌മരണസമ്മേളനം മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ.ബാബു സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു. 'മണ്ണിന്‍ ഈറന്‍ മനസ്സിനെ മാനം തൊട്ടുണര്‍ത്തിയ' രാകേന്ദുവിന്റെ 'നാട്ടുനിലാവ്‌' അനശ്വര പ്രതിഭയായ കാവാലം നാരായണ പണിക്കര്‍ക്ക്‌ സമര്‍പ്പിച്ചുകൊണ്ടുള്ള സംഗീതവിരുന്നായിരുന്നു. നാടന്‍ പാട്ടിനെയും നാടകങ്ങളെയും തന്റെ ജീവരക്‌തമാക്കിയ കാവാലത്തെ നാടക സംവിധായകന്‍ ചന്ദ്രദാസനും നടന്‍ സോപാനം ശിവകുമാറും ചേര്‍ന്ന്‌ അവതരിപ്പിച്ച കാവാലം 'വായ്‌ത്താരി' യിലൂടെ വ്യത്യസ്‌തമായ ഒരു അനുസ്‌മരണം നടത്തി. കുട്ടനാടിന്റെ ഭൂമികയെ മുന്‍നിര്‍ത്തി കാവാലത്തിന്റെ കലാസാഹിത്യ ജീവിതത്തിലൂടെയുള്ള സംഗീത യാത്രയായിരുന്നു അത്‌. കാവാലം ഓര്‍മകള്‍ തൊട്ടുണര്‍ത്തിയ നാട്ടുനിലാവില്‍ കാവാലം ശ്രീകുമാര്‍, വിജേഷ്‌ ഗോപാല്‍, വൈക്കം വിജയലക്ഷ്‌മി, സരിതാ രാജീവ്‌ എന്നിവരായിരുന്നു ഗായകര്‍.
മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് സി.കെ. ജീവന്‍ സ്‌മാരക ട്രസ്‌റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള രാകേന്ദു സംഗീത പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്‌ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ സമ്മാനിച്ചു. ക്ഷുഭിത വാര്‍ദ്ധക്യങ്ങളെ പോലും 'പ്രണയനിലാവി'ല്‍ അലിയിച്ച 'രാകേന്ദു'വിന്റെ മൂന്നാം ദിവസം അവിസ്‌മരണീയമായിരുന്നു. ജീവിതം പ്രണയസുരഭിലവും യൗവ്വന തീക്ഷ്‌ണവും ആയിരിക്കാന്‍ ആഹ്വാനം ചെയ്‌ത രാവില്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗാനസദ്യയാണ്‌ നല്‍കിയത്‌. 'കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി വീണ്ടും ജീവനില്‍ അണിയാന്‍' ആഗ്രഹിച്ച മാതിരിയായിരുന്നു സദസ്സിന്റെ പ്രതികരണം. ആലങ്കോട്‌ ലീലാകൃഷ്‌ണന്റെ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ പ്രണയഗാനനിര്‍ശ്‌ചരിയായി പ്രണയനിലാവിന്‌ മിഴിവേകി. സംഗീത സാന്ദ്രമാക്കിയ പ്രണയനിലാവില്‍ വിധു പ്രതാപ്‌, സംഗീത്‌, അരുണ്‍ കുമാര്‍, ലീലാ ജോസഫ്‌, റോഷ്‌നി മേനോന്‍ എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചത്‌.
സമാപനസമ്മേളനം നടന്‍ വിജയരാഘവന്‍ ഉദ്‌ഘാടനം ചെയ്‌തു. ജമാല്‍ കൊച്ചങ്ങാടിയുടെ മുഖ്യ പ്രഭാഷണം ലാളിത്യവും മിതത്വവും കൊണ്ട്‌ വേറിട്ട അനുഭവമായി. ഇന്ത്യയെ ഏകീകരിച്ചു നിര്‍ത്തുന്നതില്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന ജമാല്‍ കൊച്ചങ്ങാടിയുടെ നിരീക്ഷണം ശ്രദ്ധേയമായി. ഹിന്ദിയിലെ നിത്യഹരിത ഗാനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ച സംഗീത പരിപാടിയായിരുന്നു 'ചൗദവീ കാ ചാന്ദ്‌ '. വ്യത്യസ്‌തതകളുടെ നാലാം രാവായിരുന്നു അത്‌. മുഹമ്മദ്‌ റഫി ഗാനങ്ങള്‍ പാടി കൊച്ചിന്‍ ആസാദും കിഷോര്‍കുമാറിന്റെ ജനപ്രിയ ഗാനങ്ങളിലൂടെ സലില്‍ ശ്യാമും യേശുദാസിന്റെ പ്രശസ്‌തങ്ങളായ ഗാനങ്ങള്‍ പാടി കലാഭവന്‍ സാബുവും ലതാ മങ്കേഷ്‌കര്‍, ആശാ ഭോംസ്ലെ ഗാനങ്ങള്‍ പാടി ഏക്‌ താ ഷായും ജ്യോതി മേനോനും ഹിന്ദിഗാനങ്ങളുടെ പതിനാലാം രാവിലെ സംഗീതനിലാവ്‌ മറക്കാനാവാത്തതാക്കി.
നിറനിലാവില്‍ ഒ.എന്‍.വിയുടെ ഗാനങ്ങള്‍ പാടി ചെറുമകള്‍ അപര്‍ണ രാജീവും നാട്ടുനിലാവില്‍ അച്‌ഛന്‍ കാവാലം നാരായണ പണിക്കരുടെ പാട്ടുകള്‍ പാടി മകന്‍ കാവാലം ശ്രീകുമാറും എത്തിയതു പ്രേക്ഷകര്‍ക്ക്‌ പ്രത്യേക അനുഭവമായി. മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സാജന്‍ പീറ്റര്‍ പരിപാടിയില്‍ ജ്യോതി മേനോനോടൊപ്പം പാടാനെത്തിയതും അക്ഷരനഗരിക്ക്‌ പുതുമയുള്ളതായി.
കോഴിക്കോട്ടെ കലാകാരന്‍മാരുടെ യെസ്‌ ബാന്‍ഡ്‌ ആയിരുന്നു സംഗീത വിരുന്നിന്റെ പശ്‌ചാത്തലമൊരുക്കിയത്‌. ഓര്‍ക്കസ്‌ട്രയ്‌ക്കു ചുക്കാന്‍ പിടിച്ച യുവപ്രതിഭകളുടെ ഈ സംഗീത കൂട്ടുകെട്ടിനെ അക്ഷരനഗരി എന്നും സ്‌മരിക്കും. പുല്ലാങ്കുഴല്‍ വായിച്ച അഭിജിത്ത്‌ കോട്ടയത്തെ സംഗീത പ്രേമികളുടെ മനം കവര്‍ന്നു.
രാകേന്ദു സംഗീതോത്സവത്തോട്‌ അനുബന്ധിച്ചുള്ള സാഹിത്യ സെമിനാറുകളും കോളജ്‌, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചലച്ചിത്രഗാന ആലാപനമത്സവും കോട്ടയം ബസേലിയോസ്‌ കോളജിലാണ്‌ നടന്നത്‌. ഡോ എം. തോമസ്‌ മാത്യു ഉദ്‌ഘാടനം ചെയ്‌ത ഒ.എന്‍.വി സാഹിത്യ സെമിനാറില്‍ ഡോ. പി സോമന്‍, കെ.വി. സജയ്‌, ഡോ മ്യൂസ്‌ മേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വൈകുന്നേരം സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.ടി. ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു.
കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്നു നടത്തിയ 'മലയാള ചലച്ചിത്രഗാനം: ചരിത്രം, സാഹിത്യം, സംഗീതം' സെമിനാര്‍ ജില്ലാ കളക്‌ടര്‍ സി എ ലത ഉദ്‌ഘാടനം ചെയ്‌തു. രമേശ്‌ ഗോപാലകൃഷ്‌ണന്‍, ഡോപിഎസ്‌ രാധാകൃഷ്‌ണന്‍, സി. എസ്‌ മീനാക്ഷി, എം ജെ ശ്രീചിത്രന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌ത കോളജ്‌സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചലച്ചിത്രഗാന ആലാപനമത്സരം. താമസമെന്തേ വരുവാന്‍..., പ്രിയതമാ... പ്രിയതമാ, ഒരുകൊച്ചു സ്വപ്‌നത്തിന്‍.. അജ്‌ഞാതസഖി, ആത്മസഖി.. മഞ്‌ജുഭാഷിണീ.. കായാമ്പൂ കണ്ണില്‍ വിടരും. തളിരിട്ട കിനാക്കള്‍ തന്‍.. ഇങ്ങനെ മലയാള ചലച്ചിത്ര ഗാനശാഖയിലെ പ്രണയ ഈരടികളിലൂടെയുള്ള സഞ്ചാരമായിരുന്നു ഉദ്‌ഘാടന ചടങ്ങിലെ നടനും ചലച്ചിത്രനിര്‍മ്മാതാവുമായ പ്രേം പ്രകാശിന്റെ പ്രഭാഷണം. കേള്‍വിക്കാരായി കലാലയത്തിലെ പൂര്‍വ വിദ്യാര്‍തഥികളായ രണ്ടു മുന്‍ മന്ത്രിമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മോന്‍സ്‌ ജോസഫും.
ശനിയാഴ്‌ച രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്‌കൂള്‍കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാട്ടൊരുക്കം സംഗീതമത്സര പരിശീലന കളരി ശ്രീകുമാരന്‍ തമ്പി ഉദ്‌ഘാടനം ചെയ്‌തു. പാട്ടുകള്‍ പാടിയും പാട്ടുകഥകള്‍ പറഞ്ഞും ശ്രീകുമാരന്‍തമ്പിയും സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ നായരുംക്ല ാസുകള്‍ നയിച്ചു.
1215 തീയതികളില്‍ എം റ്റി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സംഗീത കാഴ്‌ചകള്‍ എന്ന പ്രദര്‍ശനം ചലച്ചിത്ര സംവിധായകന്‍ എം പി സുകുമാരന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. വിഗതകുമാരന്‍ മുതല്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകള്‍, അവാര്‍ഡുകള്‍, ചലച്ചിത്ര പ്രതിഭകളുടെ വിവരങ്ങള്‍ ഇവ ചിത്രീകരിക്കുന്ന 'ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട മലയാളസിനിമ' എന്നതായിരുന്നു പ്രദര്‍ശനത്തിലെ മുഖ്യഇനം. ചിത്രകാരന്മാരുടെ ചതുരാത്മാ ഗ്രൂപ്പ്‌ ഒരുക്കുന്ന ഓ എന്‍ വി ചിത്രങ്ങള്‍, ഷാജി വാസന്‍ ഒരുക്കുന്ന കാവാലം കാരിക്കേച്ചര്‍ ഷോ, സംഗീത സംബന്ധിയായ സ്‌റ്റാമ്പുകള്‍, പുസ്‌തകങ്ങള്‍ ഇവ ആകര്‍ഷകങ്ങളായ മറ്റിനങ്ങളും.
കലാരത്ന ആര്‍ട്ടിസ്‌റ്റ് സുജാതന്‍, ആര്‍കിടെക്‌ട് എ ജോണ്‍, ഗ്രാഫിക്‌ ഡിസൈനര്‍ എസ്‌ രാധാകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്ന്‌ രൂപകല്‍പ്പന ചെയ്‌തതായിരുന്നു ആധുനിക വൈദ്യുത ദീപാലങ്കാരങ്ങള്‍ വര്‍ണാഭമാക്കിയ എം ടി സെമിനാരി ഹൈസ്‌കൂള്‍ അങ്കണത്തിലെ നിലാപ്പന്തല്‍ എന്ന വേദിയും വൃത്താകൃതിയിലുള്ള ഇരിപ്പിട സജ്‌ജീകരണങ്ങളും. നിലാപ്പന്തലിലെ രാകേന്ദു രാവുകളില്‍ നാട്ടുകൂട്ടായ്‌മ്മയായ നാലുമണിക്കാറ്റ്‌ ഒരുക്കിയ നാടന്‍ വിഭവങ്ങള്‍ സംഗീതാസ്വാദര്‍ക്കു മാത്രമല്ല വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും അടൂര്‍ ഗോപാലകൃഷ്‌ണ്ണനും ശ്രീകുമാരന്‍ തമ്പിയും അടക്കമുള്ള വിശിഷ്‌ടാതിഥികള്‍ക്കും കൊതിയൂറും നാട്ടുരുചിക്കൂട്ടൊരുക്കി.
സി കെ ജീവന്‍ ട്രസ്‌റ്റും സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറും എല്‍ ഐ സി യും കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയസ്‌ കോളജും എം ടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്‌തമായാണ്‌ രാകേന്ദു സംഗീതോത്സവം സംഘടിപ്പിച്ചത്‌.
അക്ഷരനഗരിക്കു പരിചിതമില്ലാതിരുന്ന സംഗീതത്തിന്റെ വസന്തത്തെ പൗര്‍ണമി നാളില്‍ ക്ഷണിച്ചു വരുത്തി ഒരു ജനതയുടെ ജീവതാളമാക്കി മാറ്റുന്നതില്‍ അകാലത്തില്‍ മണ്‍മറഞ്ഞുപോയ സീ കെ ജീവന്റെ ആത്മ സുഹൃത്തുക്കള്‍ 'വാല്‌മീകി'യെന്ന കുര്യന്‍ തോമസും ഡിജോ കാപ്പനും വഹിച്ച പങ്കു അവിസ്‌മരണീയമാണ്‌. സംഗീത പരിപാടികളും സാഹിത്യസംഗീത പ്രഭാഷണങ്ങളും ചിത്രപ്രദര്‍ശനവും ആലാപന മത്സരങ്ങളും പരിശീലന കളരികളും ഒക്കെയായി നാലു രാവുകള്‍ കോട്ടയത്തിനു കലാചാരുത അണിയിച്ചാണ്‌ രാകേന്ദു കടന്നുപോയത്‌.
'മകരമഞ്ഞു പെയ്‌തു തുടങ്ങുന്ന സായന്തനത്തില്‍ തുടങ്ങി നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്ന രാവുവരെ നീണ്ട ഈ സംഗീതോത്സവം പങ്കെടുത്തവര്‍ക്കെല്ലാം സ്വാദിഷ്‌ടമായ സാംസ്‌കാരിക വിരുന്നായി.' അര്‍ത്ഥവത്തായ ഒരു വിലയിരുത്തല്‍ നടത്തിയ വാല്‌മീകിയുടെ വാക്കുകള്‍ ശ്രദ്ധേയം: 'പരിപാടികള്‍ക്കു നല്‍കിയ പേരില്‍ തുടങ്ങി വേദി തിരഞ്ഞെടുക്കുന്നതില്‍ വരെ കാണിച്ച കാല്‍പനികതയാണ്‌ രാകേന്ദുവിനെ വ്യത്യസ്‌തമാകുന്നുന്നതും മനോഹരമാക്കുന്നതും. അങ്ങനെയാണ്‌ രാകേന്ദു ഒരേ സമയം ഗൗരവതരവും സാധാരണക്കാര്‍ക്കു പ്രിയതരമാകുന്നത്‌. അങ്ങനെയാണ്‌ ഓരോ വര്‍ഷം പിന്നിടുന്തോറും രാകേന്ദു പ്രസക്‌തമാക്കുന്നതും ജനകീയമാക്കുന്നതും. തിരക്കേറിയ ജീവിതത്തിനിടയിലും മനുഷ്യര്‍ കലയെയും സംഗീതത്തെയും എത്രമാത്രം ഇഷ്‌ടപ്പെടുന്നു എന്ന്‌ തെളിയിക്കുന്നതായിരുന്നു ഓരോ രാകേന്ദു രാവുകളിലും എത്തിച്ചേരുന്ന സംഗീത പ്രേമികളുടെ വലിയ കൂട്ടങ്ങള്‍. ഈ വര്‍ഷം ദൃശ്യ മാധ്യമത്തിലൂടെയുള്ള തത്സമയ സംപ്രേക്ഷണം കേരളത്തില്‍ ഉടനീളമുള്ള ആസ്വാദകരിലേക്ക്‌ ഈ സംഗീത വിരുന്നിനെ നേരിട്ട്‌ എത്തിച്ചിരിക്കുന്നു'. അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ 'രാകേന്ദു' കേരളത്തിന്‌ ആകമാനം ഏറ്റെടുക്കാവുന്ന ഒരു സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞു. അക്ഷരനഗരി ഇപ്പോള്‍ കാത്തിരിക്കുകയല്ല. അടുത്ത 'രാകേന്ദു'വിനു തയ്യാറെടുക്കുകയാണ്‌.?
(ലേഖകന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ രാജ്യാന്തര പഠന വകുപ്പില്‍ പ്രഫസറാണ്‌)

Ads by Google
Sunday 29 Jan 2017 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW