Friday, April 20, 2018 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 12.27 AM

'രത്നാകരന്റെ ഭാര്യ' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

uploads/news/2017/01/75166/2s.jpg

നിലവാരമുള്ള പത്തോളം കഥാസമാഹാരങ്ങളും, മികവാര്‍ന്ന നൂറോളം കഥകളും വഴി മലയാള കഥാ സാഹിത്യത്തിന്‌ അഭിമാനിക്കാവുന്ന സംഭാവനകള്‍ നല്‍കിയ എഴുത്തുകാരിയാണ്‌ ചന്ദ്രമതി.
രചനാ വിഷയങ്ങളിലെ വ്യത്യസ്‌തതകൊണ്ടും അവതരണ രീതിയുടെ സവിശേഷതകൊണ്ടും മലയാളി വായനക്കാരുടെ മനസില്‍ 'വായനക്കൊരിടം' എന്നും ചന്ദ്രമതിക്കുണ്ട്‌.
ചുറ്റുപാടുകളില്‍നിന്നും യഥാര്‍ത്ഥമായ ജീവിത നിരീക്ഷണം ആര്‍ജ്‌ജിക്കുവാനും അത്‌ തെളിച്ചമുള്ള ഭാഷയോടെ കഥകളില്‍ പകര്‍ത്താനുമാണ്‌ ഈ എഴുത്തുകാരി എന്നും ശ്രമിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ സ്വാഭാവികമായ ഒരു താളം എല്ലാ കഥകളിലും പുറപ്പെടുവിക്കാന്‍ ചന്ദ്രമതിയുടെ കൃതികള്‍ക്കാവുന്നുണ്ട്‌.
പെണ്ണെഴുത്തിന്റെ കേവലം മനോ വ്യാപാരങ്ങളില്‍ അഭിരമിക്കുന്നതിനുമപ്പുറം ചന്ദ്രമതിയുടെ കഥകള്‍ ജീവിതത്തിന്റെ കൂടുതല്‍ ഉള്‍ക്കാഴ്‌ചകളിലൂടെ സഞ്ചരിക്കുന്നു. പതിവ്‌ അഖ്യാനരീതികളെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തുന്ന ഈ എഴുത്തുകാരി രചനാശൈലിയില്‍ സ്വയം നവീകരണത്തിന്‌ തയാറാകുന്നുണ്ടെന്നത്‌ എഴുത്തിലെ സവിശേഷതയാണ്‌. യാതൊരു പ്രസ്‌ഥാനത്തിന്റെയും പിന്‍ബലത്തിലല്ലാതെ രചനയുടെ മികവുകൊണ്ടുമാത്രം സാഹിത്യത്തില്‍ തന്റെ ഇടം കണ്ടെത്തിയ ചന്ദ്രമതിയുടെ യഥാര്‍ത്ഥ പേര്‌ ബി. ചന്ദ്രിക എന്നാണ്‌. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ എം.എയും പി.എച്ച്‌.ഡിയും നേടിയ എഴുത്തുകാരി തിരുവനന്തപുരം ഓള്‍ സെയിന്റ്‌ കോളജില്‍ ഇംഗ്ലീഷ്‌ അധ്യാപികയായിരുന്നു.
സ്‌കൂള്‍ കുട്ടിയായിരുന്ന കാലത്തെ അമ്മൂമ്മയില്‍ നിന്ന്‌ കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമായിരുന്നു ചന്ദ്രമതിയുടേത്‌. ഈ ബാല്യത്തിന്റെ വീണ്ടെടുപ്പുകളും, സംശയങ്ങളും, വളര്‍ച്ചയുടെ പാതയില്‍ കണ്ട പുതിയകാല സാമൂഹീക ജീവിതത്തിന്റെ പരിണാമങ്ങളും കോര്‍ത്തിണക്കി ചന്ദ്രമതി എഴുതിയ ' രത്നാകരന്റെ ഭാര്യ' എന്ന കഥ പ്രസ്‌ദ്ധീകരിക്കപ്പെട്ട കാലത്തെ വായനാലോകത്ത്‌ ഏറെ ചര്‍ച്ചചെയ്പ്പെട്ടയിരുന്നു. ആ ചര്‍ച്ചയ്‌ക്ക് തെളിവായി കഴിഞ്ഞവര്‍ഷത്തെ ഒ.വി. വിജയന്‍ പുരസ്‌കാരവും ' രത്നാകരന്റെ ഭാര്യ' എന്ന കഥാസമാഹാരത്തെ തേടിയെത്തി. 'രത്നാകരന്റെ ഭാര്യ' യെകുറിച്ചുള്ള രചനയുടെ രഹസ്യം എഴുത്തുകാരി വെളിപ്പെടുത്തുന്നു.
'രത്നാകരന്റെ ഭാര്യ'
എന്ന കഥയുടെ
പിറവിയെക്കുറിച്ച്‌
പറയാമോ?

കുറെ നാളായി എന്റെ മനസിലുണ്ടായിരുന്ന കഥാബീജമാണ്‌ 'രത്നാകരന്റെ ഭാര്യ'യുടേത്‌. രത്നാകരന്‍ എന്ന കാട്ടാളന്റെ പേരില്ലാത്ത ഭാര്യയുടെ ആരും വരച്ചിടാത്ത മുഖം മാത്രമേ അപ്പോള്‍ മനസിലുണ്ടായിരുന്നുള്ളൂ. ഉന്മേഷമില്ലാത്ത മുഖവുമായി എപ്പോഴും പണിയെടുക്കുന്ന ഒരു വനവാസി സ്‌ത്രീയായിരുന്നു അവര്‍. അവളുടെ ഉള്ളിലെ അഗ്നി ഒരു ചോദ്യത്തിന്റെ ഉത്തരത്തിലൂടെ തിരിച്ചറിയുന്ന ഭര്‍ത്താവ്‌. പിന്നീടാണ്‌ അവള്‍ വിരിഞ്ഞുവിടര്‍ന്ന്‌ രണ്ടു രത്നാകരന്മാരുടെ രണ്ടു ഭാര്യമാരായി പിരിഞ്ഞത്‌. ഇന്ന്‌ വിശകലനം ചെയ്‌തു നോക്കുമ്പോള്‍ എത്രയോ മുമ്പാണ്‌ ആ പേരില്ലാ സ്‌ത്രീ മനസില്‍ കടന്നത്‌ എന്നു മനസിലാകുന്നു.
ഞാന്‍ ചെറിയ സ്‌കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മൂമ്മ (അച്‌ഛന്റെ അമ്മ) ആണ്‌ രാമായണം കഥ 'ഇന്‍സ്‌റ്റാള്‍മെന്റായി' പറഞ്ഞു തന്നത്‌. രാത്രി അമ്മൂമ്മയുടെ കഥ കേട്ടുകഴിഞ്ഞുമാത്രം അച്‌ഛനമ്മമാരോടൊപ്പം പോയി കിടന്നുറങ്ങുന്നതായിരുന്നു ശീലം. രാമായണവും ഭാരതവും ഭാഗവതവുമൊക്കെ അങ്ങനെയാണ്‌ ആദ്യം ഞാന്‍ കേട്ടത്‌. ഓരോ രാത്രിയും അമ്മൂമ്മ ഏറ്റവും സസ്‌പെന്‍സ്‌ ഉള്ള ഭാഗത്ത്‌ കഥ നിര്‍ത്തും. ഏതു കഥയായാലും എത്ര നിര്‍ബന്ധിച്ചാലും ബാക്കി കഥ അടുത്ത രാത്രിയേ പറയൂ. രാമായണ രാത്രികള്‍ അങ്ങനെയങ്ങനെ ഉത്തരരാമായണത്തിന്റെ അവസാനമെത്തിയപ്പോള്‍ പാവം സീതയോട്‌ രാമന്‍ കാണിച്ച ക്രൂരത ഒട്ടും എനിക്ക്‌ ഇഷ്‌ടമായില്ല. ''അങ്ങനെയൊന്നും പറയരുത്‌, രാമന്‍ ദൈവമാണ്‌''- അമ്മൂമ്മ പറഞ്ഞു. ''ദൈവത്തിനു തെറ്റുചെയ്യാത്തവരെ ശിക്ഷിക്കാമോ?''- ഈ ചോദ്യം ഞാന്‍ അച്‌ഛനോടും ചോദിച്ചു. കുറെക്കൂടി വളര്‍ന്നു, കൂടുതല്‍ വായിച്ചു, കൂടുതല്‍ ചിന്തിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്നു പറഞ്ഞ്‌ അച്‌ഛന്‍ ആ ചോദ്യത്തെ നിസാരവത്‌കരിച്ചു.
ആരാണീ കഥയെഴുതിയത്‌ എന്നറിയാന്‍ രാമായണത്തിന്റെ പുറം ചട്ട നോക്കി. എഴുത്തച്‌ഛന്‍! രാമായണം ആദ്യം എഴുതിയത്‌ എഴുത്തച്‌ഛന്‍ അല്ല, അമ്മൂമ്മ പറഞ്ഞു. അത്‌ വാല്‌മീകി ആണ്‌. വാല്‌മീകി ആദ്യം ഒരു കാട്ടാളനായിരുന്നു. രത്നാകരനെന്നു പേര്‌. ഒരു കൊടുംകാട്ടില്‍ കൊള്ളയും കൊലയുമൊക്കെയായി കഴിഞ്ഞവന്‍. പിന്ന വാല്‌മീകിയായി; കവിയായി.
ആ രാത്രിയില്‍ കാട്ടാളന്‍ കവിയായി മാറിയ കഥ അമ്മൂമ്മ പറഞ്ഞുതന്നു. രത്നാകരന്റെ ഭാര്യയെ നന്ദിയോ സ്‌നേഹമോ ഇല്ലാത്ത ഒരു ദുഷ്‌ടസ്‌ത്രീയായിട്ടാണ്‌ അമ്മൂമ്മ അവതരിപ്പിച്ചത്‌. ഞാനും ആ ഈര്‍ഷ്യ പങ്കിട്ടു.

കഥയുടെ
വഴിയിലേക്കുള്ള
പരിണാമം
എങ്ങനെയായിരുന്നു?

പിന്നെ കാലത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ പഴയതൊക്കെ പിന്നോട്ടുപോവുകയും പുതിയ അറിവുകളും അനുഭവങ്ങളും അവയ്‌ക്കുമേല്‍ വന്നുവീഴുകയും ചെയ്‌തു. മഞ്ഞില്‍ പുതഞ്ഞാലും പൂക്കള്‍ വാടുകയില്ല. മഞ്ഞുരുകാന്‍ ഉണര്‍വോടെ അവ കാത്തു കിടക്കും.
തിരുവനന്തപുരത്തെ ഒരു നക്ഷത്ര സ്‌ത്രീ സമ്മേളനത്തില്‍ സാഹചര്യങ്ങളുടെ സമര്‍ദ്ദം നിമിത്തം എനിക്ക്‌ പങ്കെടുക്കേണ്ടി വന്നു. അത്തരം വേദികള്‍ കഴിയുന്നത്ര ഒഴിവാക്കുകയാണ്‌ പതിവെങ്കിലും വളരെ ബഹുമാനിക്കുന്ന ഒരു എഴുത്തുകാരന്‍ ശിപാര്‍ശ ചെയ്‌തതുകൊണ്ട്‌ മുഖ്യപ്രഭാഷണം ചെയ്യാമെന്നു സമ്മതിക്കുകയായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബിയില്‍ പട്ടിന്റെയും സ്വര്‍ണത്തിന്റെയും തിളക്കവുമായി സ്‌ത്രീകള്‍ അനവധി കാത്തുനിന്നിരുന്നു.
വെളുത്തുതടിച്ച ഒരു സ്‌ത്രീ മിമിക്രി രീതിയില്‍ ചോദിച്ചു-''ഓര്‍മയുണ്ടോ ഈ മുഖം?''. എനിക്ക്‌ ഓര്‍മയുണ്ടായിരുന്നില്ല. സ്‌കൂളില്‍ എന്റെ സീനിയര്‍ ക്ലാസില്‍ പഠിച്ചിരുന്നു എന്ന്‌ അവര്‍ പറഞ്ഞു. അക്കാലത്തെ ചില കുസൃതികള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ അവരുടെ യൂണിഫോമിട്ട കുട്ടി രൂപം മെല്ലെ മനസില്‍ തെളിഞ്ഞു.
എഴുപതുശതമാനം സ്‌ത്രീകളും മുപ്പതുശതമാനം പുരുഷന്മാരുമടങ്ങുന്ന സദസ്‌. സ്വാഗതം പറഞ്ഞത്‌ എന്റെ സീനിയറായ സ്‌ത്രീയായിരുന്നു. പുരുഷന്‍ സ്‌ത്രീക്ക്‌ എന്നും പണിതുവയ്‌ക്കുന്ന കെണികളെക്കുറിച്ച്‌ അവര്‍ ആവേശത്തോടെ സംസാരിച്ചു. ശീലാവതി ഏറ്റവും തെറ്റായ മാതൃകയാണെന്നും അവര്‍ വാദിച്ചു. ഭര്‍ത്താവിന്റെ ഇഷ്‌ടമനുസരിക്കാന്‍ അയാളെ വേശ്യാലയത്തിലേക്ക്‌ ചുമന്നുകൊണ്ടുപോകുന്ന പതിവ്രതാസങ്കല്‌പം നിരാകരിക്കാന്‍ ആഹ്വാനം ചെയ്‌തു. എന്നിട്ടാണ്‌ അവര്‍ സ്വാഗതം പറയുക എന്ന 'കര്‍ത്തവ്യ'ത്തിലേക്ക്‌ കടന്നത്‌. സ്‌ത്രീയാണെങ്കില്‍ മനസില്‍ തോന്നുന്നത്‌ പറയാനും പ്രതികരിക്കാനുമുള്ള ധൈര്യം വേണം എന്നു പറഞ്ഞ്‌ അവര്‍ ആ കര്‍ത്തവ്യം അവസാനിപ്പിച്ചു.
പ്രസംഗത്തിന്‌ എഴുന്നേറ്റപ്പോള്‍ എന്റെ മനസിലേക്ക്‌ കറുത്തിരുണ്ട്‌ ഉറച്ച ശരീരവും കടുത്ത മുഖവുമുള്ള ഒരുവള്‍ കടന്നുവന്നു. ഒരു കാട്ടുപെണ്ണ്‌. കുടുംബം നോക്കുന്ന പുരുഷന്‍ കൊണ്ടുവരുന്നതൊക്കെ ചോദ്യങ്ങളില്ലാതെ സ്വീകരിച്ചിരുന്നവള്‍. ഒടുവില്‍ അവന്റെ ഒറ്റചോദ്യത്തിനു നല്‍കിയ ഒറ്റ മറുപടിയില്‍ അവനെത്തന്നെ ചുഴറ്റിയെറിഞ്ഞവള്‍. അവള്‍ സര്‍വംസഹയായിരുന്നുവോ? ഭര്‍ത്താവ്‌ ചിതല്‍പുറ്റില്‍ മറഞ്ഞപ്പോള്‍, സന്യാസിയായി ഉയിര്‍ത്തെണീറ്റപ്പോള്‍, അവള്‍ക്ക്‌ എന്തു സംഭവിച്ചിട്ടുണ്ടാവണം?.
അവളെ സ്‌പര്‍ശിച്ചുകൊണ്ടായിരുന്നു ഞാന്‍ തുടങ്ങിയത്‌. നാല്‌പത്തിയഞ്ചു മിനിറ്റ്‌ സംസാരിച്ചിട്ട്‌ ഞാന്‍ സീറ്റിലേക്ക്‌ മടങ്ങി. ആശംസാ പ്രസംഗകര്‍ അരങ്ങുതകര്‍ക്കുമ്പോള്‍ പെട്ടെന്ന്‌ എന്റെ പിന്നില്‍നിന്ന്‌ ഒരു മൊബൈല്‍ പാട്ടുപാടാന്‍ തുടങ്ങി. വേഗം തന്നെ അത്‌ നിലയ്‌ക്കുകയും ചെയ്‌തു. ആരുടെയോ താഴ്‌ന്ന സ്വരത്തിലുള്ള സംസാരം എന്റെ ചെവിയില്‍ വീണു.
''....ഇപ്പോഴാണോ നീ അറിഞ്ഞത്‌?..... അത്‌ കുറെ ദിവസമായി. വിജിലന്‍സ്‌ റെയ്‌ഡ് ഞങ്ങള്‍ക്കിപ്പോ സാധാരണ സംഭവമായി. ഒക്കെ ശത്രുക്കളുടെ പണിയാ...... ഇല്ല, ഒന്നും പിടിച്ചില്ല..........ഹീ ഈസ്‌ ഫൈന്‍....... ഇവിടെ മുന്‍നിരയില്‍ ഇരിപ്പുണ്ട്‌........ ഞങ്ങള്‍ ഒരു മീറ്റിങ്ങിലാ...... ഞാന്‍ പറയാം. പിന്നെ വിളിക്കാം.''
ഞാന്‍ വളരെ സാവധാനം പിന്നിലേക്ക്‌ പാളിനോക്കിയപ്പോള്‍ .....പച്ചപ്പട്ടുലച്ച്‌ ഒരു പുഞ്ചിരി കിട്ടി. കാതിലെയും കഴുത്തിലെയും വെളളക്കല്ലുകളില്‍ വീഡീയോ ലൈറ്റിന്റെ പ്രതിഫലനം. സദസിന്റെ മുന്‍നിരയിലിരിക്കുന്ന ആരോ ആവാം അവരുടെ ഭര്‍ത്താവ്‌?. എല്ലാവര്‍ക്കും ഒരേ മുഖം!
നന്ദിപ്രസംഗം പച്ചപ്പട്ട്‌ ധരിച്ച സ്‌ത്രീയുടേതായിരുന്നു. അപ്പോള്‍ പെട്ടെന്ന്‌ മുന്‍നിരയില്‍ ഒരാള്‍ മുഖം വലിച്ചുകെട്ടി കുനിഞ്ഞിരുന്നു. ആ കഷണ്ടിക്കാരന്‍ പച്ചപ്പട്ടിന്റെ ഭര്‍ത്താവായിരിക്കുമെന്ന്‌ എനിക്കപ്പോള്‍ തോന്നി. ഊഹം തെറ്റിയില്ല. സമ്മേളനം കഴിഞ്ഞ്‌ ചായകുടിക്കുമ്പോള്‍ അയാളെ അവര്‍ പരിചയപ്പെടുത്തി:'' മീറ്റ്‌ മൈ ഹസ്‌ മിസ്‌റ്റര്‍...'' പേശിമുറുക്കമില്ലാതെ അപ്പോള്‍ അയാള്‍ ഭംഗിയായി ചിരിച്ചു.
എന്നെ വീട്ടില്‍ കൊണ്ടാക്കാനുള്ള കാറില്‍ സീനിയറും കയറി ('അത്രേം നേരം നമുക്ക്‌ സംസാരിച്ച്‌ ചിരിക്കാമല്ലോ') സംഭാഷണത്തെ ഞാന്‍ സ്വാഭാവികമെന്നോണം പച്ചപ്പട്ടിലേക്ക്‌ നയിച്ചു.
നഗരത്തിലെ പല പ്രമുഖ സ്‌ഥാപനങ്ങളുടെയും ഉടമയാണ്‌ അവര്‍ എന്ന്‌ അവള്‍ പറഞ്ഞു. ഫ്രോഡുകള്‍, അവള്‍ രോഷത്തോടെ പറഞ്ഞു. കള്ളപ്പണക്കാര്‍! എന്നും വീട്ടില്‍ പാര്‍ട്ടിയും ബഹളവും! കൂടക്കൂടെ വിജിലന്‍സുകാര്‍ കയറിയിറങ്ങുമെങ്കിലും ഇതുവരെ പിടികൊടുത്തിട്ടില്ല. ആരാ പുള്ളികള്‍! ആകെ ഒരേയൊരു മകളേയുള്ളൂ. 500 പവനും ഒരു ബെന്‍സ്‌ കാറും കൊടുത്താ കെട്ടിച്ചത്‌. കല്യാണപ്പന്തലില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ ആരോ ഭീഷണിപ്പെടുത്തി. പോലീസും പട്ടിയുമൊക്കെ വന്ന്‌ ചടങ്ങ്‌ അലങ്കോലമാക്കി. ഒരുപാട്‌ ശത്രുക്കളുണ്ടവര്‍ക്ക്‌! എങ്ങനെ ഉണ്ടാവാതിരിക്കും? അയാളൊരു അലവലാതി! പെണ്ണുപിടിയന്‍!.....

ഈ സംസാരവും
സന്ദര്‍ഭവുമാണോ
കഥാപാത്രനിര്‍മ്മിതിക്ക്‌
കാരണമായത്‌?

അതേ. അവള്‍ പറഞ്ഞു പറഞ്ഞു കയറുമ്പോള്‍ ഞാനറിഞ്ഞില്ല എനിക്കൊരു കഥാപാത്രം വീണു കിട്ടുകയാണെന്ന്‌. കഥയില്‍ അയാള്‍ മുതലാളി രത്നാകരനായി.
വീണ്ടും കുറെനാള്‍ കഴിഞ്ഞാണ്‌ ഞാന്‍ ആ കഥ എഴുതാനിരുന്നത്‌. അപ്പോള്‍ കഥയുടെ പേരുമാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. രത്നാകരന്റെ ഭാര്യ. ബാക്കിയൊക്കെ അവ്യക്‌ത നിഴലുകള്‍.
കഥയില്‍ ആദ്യം ഡ്രൈവര്‍ രത്നാകരനും ഭാര്യയും മകളും വന്നു. രത്നാകരന്റെ ഭാര്യ പുറം ജോലി ചെയ്‌തുകൊടുക്കുന്ന ഒരു വീടും കഥയില്‍ വന്നു. ആ വീട്ടിലെ ധനികഭാര്യ ഒരു വ്യക്‌തിത്വമായി സാവധാനം വളര്‍ന്നു, പച്ചപ്പട്ടുസാരിക്കാരിയുടെ മാതൃകയില്‍. അവരുടെ ഭര്‍ത്താവായ ധനികന്‌ പേശി മുറുക്കി മുന്‍നിരയിലിരുന്ന കഷണ്ടിക്കാരന്റെ രൂപവും കൈവന്നു. രത്നാകരനെ ആ വീട്ടിലെ ഡ്രൈവര്‍ ആക്കിയപ്പോള്‍ അവന്റെ ഭാര്യ അവിടെ ചേരില്ലെന്നു തോന്നി. അവളെ അംഗന്‍വാടിയിലേക്ക്‌ വിട്ടിട്ട്‌ പകരം റോഷന്‍ എന്ന പാചകക്കാരിയെ സൃഷ്‌ടിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ രത്നാകരന്‍ റോഷനെ പ്രണയിക്കാന്‍ തുടങ്ങി.

കഥയില്‍ രണ്ട്‌
കഥാപാത്രങ്ങളുടെയും
പേര്‌ രത്നാകരന്‍
എന്നാണല്ലോ?.
ഇത്‌ എങ്ങനെ
സംഭവിച്ചു?

കഥയുടെ ആദ്യ ഡ്രാഫ്‌റ്റില്‍ ഒരു രത്നാകരനേ ഉണ്ടായിരുന്നുള്ളൂ. മുതലാളി പേരില്ലാത്ത കഥാപാത്രമായി നിന്നു. രണ്ടാം ഡ്രാഫ്‌റ്റില്‍ അയാള്‍ക്കും രത്നാകരന്‍ എന്ന പേരു നല്‍കി. രണ്ട്‌ രത്നാകരന്മാരും പണമുണ്ടാക്കാന്‍ അരുതാത്തത്‌ പലതും ചെയ്യുന്നവര്‍. രണ്ടു ഭാര്യമാരും പരസ്‌പരം കാണുന്നില്ലെങ്കിലും പാരസ്‌പര്യമുള്ളവര്‍. കഥാന്ത്യം എഴുതിയശേഷം കഥയുടെ തുടക്കത്തിലേക്കു മടങ്ങി. രണ്ടു കഥാപാത്രങ്ങള്‍ക്ക്‌ ഒരേ പേര്‌ നല്‍കേണ്ടിവരുമ്പോഴുള്ള വിഷമം വായനക്കാരുമായി പങ്കുവച്ചു.
എന്റെ ചെറിയ കൈയക്ഷരത്തില്‍ രണ്ടാം ഡ്രാഫ്‌റ്റ് ഏകദേശം 12 പേജുകള്‍ ഉണ്ടായിരുന്നു. ചെറുകഥയുമല്ല, നീണ്ടകഥയുമല്ല. മകള്‍ പറഞ്ഞു. എഡിറ്റിങ്‌ വളരെ ആവശ്യം.
രത്നാകരഭാര്യമാര്‍ പരസ്‌പരമറിയാതെ ഒരേ സ്യൂഡോ സന്യാസിയുടെ ആത്മീയക്ലാസില്‍ മനഃസമാധാനമന്വേഷിച്ചു ചെന്നിരിക്കുന്ന സീന്‍ ഉള്‍പ്പെടെ പലതും ഞാന്‍ എഡിറ്റുചെയ്‌തു കളഞ്ഞു. പിന്നെയും ഒരു എഡിറ്റിങ്ങിനു തോന്നാത്തതുകൊണ്ട്‌ മൂന്നാം ഡ്രാഫ്‌റ്റോടെ ഞാന്‍ പേന താഴെവച്ചു.
കഥയുള്ള മാതൃഭൂമി പുറംലോകത്തേക്ക്‌ വരുന്നതിനു മുമ്പ്‌ മാതൃഭൂമിയില്‍ നിന്നുതന്നെ ആദ്യത്തെ അഭിനന്ദനം ഫോണിലൂടെ വന്നെത്തി. ഒരു പാട്‌ വായനക്കാരും സുഹൃത്തുക്കളും അവരുടെ അഭിപ്രായവും അഭിനന്ദനവും പറഞ്ഞ്‌ കത്തയയ്‌ക്കുകയും വിളിക്കുകയും ചെയ്‌തു.
ഒരു കഥാസമാഹാരത്തിനു വേണ്ടി 'രത്നാകരന്റെ ഭാര്യ' ഞാന്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. 'സ്‌ത്രീയുടെ പുനര്‍വായനകളും അപനിര്‍മിതികളും' എന്നാണ്‌ പുസ്‌തകത്തിന്റെ പേര്‌. അത്തരത്തില്‍ ഒരു പുനര്‍വായനയോ അപനിര്‍മിതിയോ താന്‍ പറഞ്ഞുകൊടുത്ത കഥയ്‌ക്ക് കൊച്ചുമകള്‍ നടത്തുമെന്ന്‌ അന്ന്‌ എന്റെ അമ്മൂമ്മ അറിഞ്ഞിരുന്നതേയില്ലല്ലോ!

ഇംഗ്ലീഷ്‌
അധ്യാപികയായിരുന്നതുകൊണ്ട്‌
ചോദിക്കട്ടെ,
മലയാളത്തില്‍
രചനകള്‍
നടത്താന്‍ ഈ
ഭാഷാ പ്രാവീണ്യം
എന്തെങ്കിലും
തരത്തില്‍
സഹായിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. ലോകസാഹിത്യത്തിലെ മാറ്റങ്ങളും ചലനങ്ങളും മനസിലാക്കാന്‍ അധ്യാപിക ജോലിയും, ഭാഷാപ്രാവീണ്യവും എനിക്ക്‌ സഹായകമായിട്ടുണ്ട്‌. പിന്നെ പി.ജി ക്ലാസില്‍ പഠിപ്പിച്ചതുകൊണ്ടും റിസര്‍ച്ച്‌ ഗൈഡായി പ്രവര്‍ത്തിച്ചതുകൊണ്ടും ഒരുപാട്‌ വായിക്കാനുള്ള അവസരം കിട്ടി. ചുറ്റുപാടുകളെ നിരീക്ഷിക്കാനും ക്രാഫ്‌റ്റ് രൂപീകരിക്കാനും ഇത്‌ സഹായകമായിട്ടുണ്ട്‌. പരന്ന വായനയുള്ളതുകൊണ്ട്‌ എഴുതാനിരിക്കുമ്പോള്‍ ഈ അറിവുകള്‍ സഹായകമായിട്ടുണ്ട്‌.

Ads by Google
Sunday 29 Jan 2017 12.27 AM
YOU MAY BE INTERESTED
TRENDING NOW