Saturday, May 26, 2018 Last Updated 20 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 12.27 AM

മലമേലെ, മോഹനഭൂവില്‍

uploads/news/2017/01/75165/1s.jpg

"തിരുവാഭരണം ചാര്‍ത്തിയ
മായിക മരതക രൂപം കണ്ടു
സംക്രമദീപാരതിയില്‍ മനസ്സിന്‍
തിമിരാവരണമൊഴിഞ്ഞു""

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഈ വരികള്‍ തിരുവാഭരണ വിഭുഷിതനായ അയ്യപ്പന്റെ മുന്നിലെത്തുമ്പോഴുള്ള ഭക്‌തമനസ്സിന്റെ പ്രതീകമാണ്‌. എല്ലാവര്‍ഷവും മകരസംക്രാന്തി നാളില്‍ ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തിന്‌ തങ്കത്തിളക്കം നല്‍കുന്നത്‌ പന്തളത്തു നിന്നുള്ള തിരുവാഭരണമാണ്‌.
എല്ലാവര്‍ഷവും ധനു 28-ന്‌ പന്തളം വലിയ കോയിക്കല്‍ ശാസ്‌താ ക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര മൂന്നാം നാള്‍ സന്നിധാനത്ത്‌ എത്തും. നാടും നഗരവും ജനപഥങ്ങളും കാനനവും കടന്ന്‌ ശബരീശ മന്ത്രങ്ങളോതി സന്നിധാനം മാത്രം ലക്ഷ്യമായി കണ്ട്‌ ഭക്‌തിയുടെ മുദ്രാമാലകളണിഞ്ഞുള്ളയാത്ര ഒരേസമയം ഭക്‌തിനിര്‍ഭരവും യാത്രയുടെ ആനന്ദം നിറഞ്ഞതുമാണ്‌. പന്തളം മുതല്‍ സന്നിധാനം വരെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനാവുന്നത്‌ ജന്മപുണ്യമാണ്‌.
ജനുവരി 12ന്‌ ഗരുഡവാഹനമായ ശ്രീകൃഷ്‌ണപരുന്ത്‌ വഴിതെളിച്ചാണ്‌ തിരുവാഭരണ ഘോഷയാത്രയുടെ ആരംഭം. ശരണമന്ത്രങ്ങളും മണിയൊച്ചയും കര്‍പ്പൂരാഴിയും ഉയര്‍ന്ന അന്തരീക്ഷത്തില്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ തിരുനട അടച്ചശേഷം മേല്‍ശാന്തി ദിലീപന്‍ നമ്പൂതിരി 12.32 ന്‌ പ്രത്യേകപൂജ നടത്തി. തിരുവാഭരണങ്ങള്‍ കൊട്ടാരം അധികൃതരില്‍ നിന്നും ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ എണ്ണിതിട്ടപ്പെടുത്തി പേടകങ്ങളിലാക്കി ജമന്തിപൂമാല അണിയിച്ചു.
പന്തളത്തു വലിയ തമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മരാജ ശബരിമലയ്‌ക്കുപോകുന്ന തന്റെ രാജപ്രതിനിധിക്ക്‌ വിഭൂതിയും വാളും നല്‍കി അനുഗ്രഹിച്ചു. രാജപ്രൗഢി മാറ്റൊലി കൊണ്ട ധന്യ മുഹൂര്‍ത്തത്തില്‍ ഈ തിരുവാഭരണങ്ങള്‍ ശബരിമലക്കു കൊണ്ടുപോകുകയും ഭദ്രമായി തിരികെ എത്തിക്കണമെന്നും വലിയ തമ്പുരാന്‍ അരുള്‍ ചെയ്‌തു.
തിരുവാഭരണഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരപിള്ള തിരുവാഭരണ പേടകവും കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായര്‍ കൊടിപ്പെട്ടിയും മരുതമനശിവന്‍പിള്ള കളഭപ്പെട്ടിയും ശിരസ്സിലേറ്റി. രാജപ്രതിനിധി പല്ലക്കില്‍ യാത്രയായി. തിരുവാഭരണ പേടകത്തില്‍ ശബരിമല ധര്‍മ്മശാസ്‌താക്ഷേത്രത്തില്‍ ചാര്‍ത്താനുള്ള ഇന്ദ്രനീലക്കല്ലുകള്‍ പതിച്ച തിരുമുഖം, നവരത്നമേതിരം, മണിമാല, ശരപൊളിമാല, എരിക്കിന്‍ പൂമാല, ചുരിക, വാള്‍, സ്വര്‍ണ്ണതളിക, പ്രഭാമണ്ഡലം, ആന, പുലി, പൂര്‍ണ്ണപുഷ്‌ക്കലമാര്‍ എന്നിവ. കലശപ്പെട്ടിയില്‍ കളകാഭിഷേകത്തിനുള്ള സ്വര്‍ണ്ണക്കുടം, വെള്ളികെട്ടിയ ശംഖ്‌, പൂജാപാത്രങ്ങള്‍ എന്നിവയും മൂന്നാമത്തെ പേടകത്തില്‍ ശബരിമല എഴുന്നള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, തലപ്പാറ, ഉടുമ്പാറ, കൊടികളും.
പാണ്ഡ്യ രാജവംശ സ്‌മ്യതിയുടെ പലായനത്തില്‍ പന്തളത്തെത്തിയ രാജാക്കന്മാര്‍ കൈപ്പുഴ തമ്പാനോടു സ്‌ഥലം വാങ്ങി അച്ചന്‍കോവിലാറിന്റെ ഇരുകരകളിലും കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചു. 1000 വര്‍ഷങ്ങള്‍ക്കപ്പുറം രാജാരാജശേഖരന്‍ പന്തളനാട്‌ വാണിരുന്ന കാലത്താണ്‌ പമ്പാപുളിനത്തില്‍ നിന്നും മണികണ്‌ഠനെ ലഭിച്ചത്‌. ബാല്യ കൗമാരങ്ങള്‍ പന്തളത്ത്‌ കഴിച്ച മണികണ്‌ഠന്‍ റാണിയുടെ അസുഖം മാറ്റാന്‍ പുലിപ്പാലിനായി കാട്ടില്‍ പോയതും പുലികളുമായി തിരികെ എത്തി. ദൈവീക സാന്നിധ്യം
തെളിയിച്ചതും പന്തളരാജന്‍ ശബരിമലക്ഷേത്രം പണിതതും മകര സംക്രമത്തില്‍ ഭഗവാനു ചാര്‍ത്തുവാന്‍ പിതാവു കൊടുത്തു വിടുന്ന ആഭരണങ്ങളും ജനങ്ങളില്‍ രൂഢമൂലമായ കഥകളാണ്‌.
തിരുവാഭരണഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ ഒരുയാത്രയാണ്‌ ഉച്ചയ്‌ക്ക് വലിയകോയിക്കലില്‍ നിന്നും പുറപ്പെടുന്നഘോഷയാത്ര പതിനായിരക്കണക്കിന്‌ അയ്യപ്പഭക്‌തര്‍ അനുധാവനം ചെയ്യുന്നു. കൈപ്പുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം വഴി കുളനട ഭഗവതിക്ഷേത്രത്തില്‍ തിരുവാഭരങ്ങള്‍ ദര്‍ശനത്തിന്‌ വയ്‌ക്കുമ്പോള്‍ പതിനായിരങ്ങളാണ്‌ കണ്‍കുളിര്‍ക്കെ കാണാനെത്തുന്നത്‌. ഉള്ളന്നൂര്‍ ക്ഷേത്രം, കുറിയാനിപ്പള്ളിക്ഷേത്രം എന്നിവിടങ്ങളിലൂടെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും, പൊന്നുംതോട്ടം, പാമ്പാടിമണ്‍ എന്നി ക്ഷേത്രങ്ങളിലെത്തി രാത്രിയില്‍ അയിരൂര്‍ പുതിയകാവ്‌ ക്ഷേത്രത്തിലെത്തി വിശ്രമിക്കുന്നു. കടന്നുവരുന്ന പാതയോരങ്ങളുടെ ഇരുവശങ്ങളിലുമുള്ള ഭവനങ്ങളില്‍ നിലവിളക്ക്‌ തെളിച്ച്‌ പൂത്താലമേന്തി ഓരോമുക്കിലും മൂലയിലും ജാതിമതഭേദമേന്യേ ഭജനകളും അന്നദാനവിതരണവും.
എവിടെയും ശരണ മന്ത്രങ്ങള്‍ മാത്രം. അയ്യപ്പതിന്തകത്തോം, സ്വാമിതിന്തകത്തോം എന്ന വചനംമാത്രമാണ്‌ എവിടേയും. അയിരൂര്‍ പുതിയകാവില്‍ നിന്നും രാത്രി രണ്ട്‌ മണിക്ക്‌ ഘോഷയാത്ര തുടങ്ങിയപ്പോള്‍ അന്തരീക്ഷം ഭക്‌തിയില്‍ ലയിച്ചിറങ്ങി. മുക്കന്നൂര്‍ , ഇടപ്പാവൂര്‍ എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്‌ പേരൂര്‍ചാല്‍ കടവില്‍ പമ്പാനദിക്ക്‌ കുറുകെ കടന്ന്‌ ആയിക്കല്‍ പാതയില്‍ എത്തുന്നു. അവിടെനിന്നും അല്‍പ്പനേരം വിശ്രമിച്ചശേഷം പരമ്പരാഗതപാതയിലുടെ സഞ്ചരിച്ച്‌ റാന്നി - വൈക്കം ജങ്‌ഷനിലെത്തി. അവിടെനിന്നും പള്ളിക്കുമുരുപ്പിലെത്തി വടശ്ശേരിക്കര പേങ്ങാട്ടുകടവിലൂടെ വടശ്ശേരിക്കരയിലെത്തുന്നു. വടശ്ശേരിക്കു ദേവീക്ഷേത്രം, മഹാവിഷ്‌ണുക്ഷേത്രം, മാടമണ്‍ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ പെരുനാട്ടിലെത്തി. പെരുനാട്‌ പാലത്തിലൂടെ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. തുടര്‍ന്ന്‌ കൂനംകരയിലെത്തി ളാഹ എസേ്‌റ്ററ്റിലൂടെ പരമ്പരാഗത പാതയിലൂടെ ളാഹ ഫോറസ്‌റ്റ് ഗസ്‌റ്റ് ഹൗസില്‍ രണ്ടാം നാള്‍ വിശ്രമം.
രാത്രി ഒന്‍പത്‌ മണിയോടെ ളാഹയിലെത്തിയ ഘോഷയാത്രയെ നാട്ടുകാര്‍ താലപ്പൊലിയോടെ സ്വീകരിച്ചാനയിച്ചു. അവിടെ ഘോഷയാത്രയില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം. പുലര്‍ച്ചെ വരെ കലാപരിപാടികള്‍. ളാഹയുടെ ഉത്സവദിനം കൂടിയാണ്‌ അന്ന്‌. ഘോഷയാത്രയില്‍ എത്തുന്നവര്‍ക്ക്‌ വിരിവയ്‌ക്കാനോ പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ ഇവിടെ ഇടമില്ല. ഘോഷയാത്രയില്‍ എത്തുന്നവരുടെ അടിസ്‌ഥാന ആവശ്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്‌.
ഇവിടെയുള്ള മുസ്ലിം വീടുകള്‍ പലതും ഘോഷയാത്ര സംഘത്തിന്‌ തുറന്നുകൊടുക്കുന്നു. 1980 മുതല്‍ ളാഹ വനം വകുപ്പ്‌ ഗസ്‌റ്റ് ഹൗസിനു മുന്നില്‍ ചായക്കട നടത്തുന്ന മറിയം ബീവിയുടെ വീട്ടിലാണ്‌ തിരുവാഭരണ സംഘാംഗങ്ങള്‍ വിശ്രമിക്കുകയും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത്‌. മൂന്നാംനാള്‍ പുലര്‍ച്ചെ രണ്ടരയ്‌ക്ക് തിരിക്കുന്ന ഘോഷയാത്ര പ്ലാപ്പള്ളി വഴി നിലയ്‌ക്കലെത്തി മഹാദേവക്ഷേത്രത്തില്‍ വിശ്രമിച്ച്‌ അവിടെനിന്നും ഘോരവനത്തിലേക്കു യാത്രയാകുന്നു. കാട്ടാറു കുറുകെ കടന്ന്‌ കൊടും വനത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ആനത്താരയിലൂടെ നടന്നകലുന്ന കാട്ടാനകളും വന്യമൃഗങ്ങളും വഴിമാറിനിന്ന്‌ അയ്യന്റെ തിരുവാഭരണയാത്രയ്‌ക്ക് സരണിയൊരുക്കുമ്പോള്‍ എല്ലാവരും ഒരുമനസ്സുപോലെ വിളിച്ചുപോകുന്നു സ്വമിയെ ശരണമയ്യപ്പാ.
ചെറിയാനവട്ടവും, വലിയാനവട്ടവും മറ്റൊരു സംസ്‌ക്കാരവും ആചാരവുമാണ്‌. അവിടെ അയ്യപ്പന്‍ തമിഴര്‍ക്കു സ്വന്തം ദൈവം. കരിമല കയറി, അപ്പാച്ചിമേടുവഴി വൈകുന്നേരം ശരംകുത്തിയിലെത്തുമ്പേള്‍ വാദ്യമേളഘോഷങ്ങളോടെ തിരുവാഭരണത്തെ വരവേല്‍ക്കാന്‍ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പൂജിച്ച പൂമാലയും തന്ത്രിയുടെ കൈയ്യില്‍ നിന്നും എതിരേല്‍പ്പിനുള്ള പൂമാലയും വിഭൂതിയും സ്വീകരിച്ചുകൊണ്ട്‌ അവര്‍ പന്തളരാജനേയും തിരുവാഭരണ ഘോഷയാത്രയേയും സ്വീകരിച്ചാനയിക്കുന്നു. പൊന്നുപതിനെട്ടാം പടിയിലൂടെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരപിള്ള കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ ശ്രീകോവിലില്‍ നിന്നും തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങിയശേഷം നടയടച്ച്‌ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന. അപ്പോള്‍ ആകാശത്ത്‌ കൃഷ്‌ണപരുന്ത്‌ വട്ടമിട്ടു പറന്നു. മകരജ്യേതി മിന്നിതെളിഞ്ഞതോടെ ശബരിമലയില്‍ ഒരു മണ്‌ഠല-മകരവിളക്കിന്‌ പരിസമാപ്‌തി.
മൂന്നുനാള്‍ പിന്നിട്ടു വന്ന തിരുവാഭരണഘോഷയാത്രയില്‍ പന്തളത്തു രാജാവിനോടൊപ്പം കൊട്ടാരത്തിലെ ഇളമുറക്കാരും തിരുവാഭരണസംഘാംങ്ങളും ദേവസ്വം അധികൃതരും സുസജ്‌ജമായ പോലീസ്‌ സന്നാഹവും ആയിരക്കണക്കിന്‌ അയ്യപ്പഭക്‌തരും.
ജനുവരി 20ന്‌ ശബരിമലസന്നിധിയില്‍ നടന്ന ഉപചാരചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ തിരുവാഭരണ പേടകങ്ങളുടെ തിരിച്ചെഴുന്നള്ളിപ്പ്‌. ശബരിമല മേല്‍ശാന്തി ടി. എം.ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി ഭഗവാന്റെ രൂപം ഒരു യോദ്ധാവിന്റെതാക്കി ഭസ്‌മം കൊണ്ട്‌ പൊതിഞ്ഞ്‌ പന്തളം രാജപ്രതിനിധി പി.ജി. ശശികുമാര്‍വര്‍മ്മയെ ഏല്‍പ്പിച്ചപ്പോള്‍ 20ന്‌ രാവിലെയുള്ള ചടങ്ങുകള്‍ തുടങ്ങിയിരുന്നു. രാജാവ്‌ വന്നശേഷം ക്ഷേത്രമേല്‍ശാന്തി, കീഴ്‌ശാന്തി എന്നിവര്‍ അനുമതിയോടെ ഹരിവരാസനം പാടി. ഇതിനിടെ കീഴ്‌ശാന്തി ക്ഷേത്രത്തിന്‌ പുറത്തേക്കുപോയി. ക്ഷേത്രത്തിനുള്ളില്‍ മേല്‍ശാന്തിമാത്രം. തീര്‍ത്ഥവും പ്രസാദവും പുറത്തേക്കുവച്ചു. ഭഗവാന്റെ മുന്നിലെ ഓരോവിളക്കും കെടുത്തിതുടങ്ങി അവസാനത്തെ വിളക്ക്‌ അണയ്‌ക്കുന്നതിനുമുന്‍പ്‌ മേല്‍ശാന്തി രാജാവിനോടു ചോദിച്ചു ''അണയ്‌ക്കട്ടെ''. മേല്‍ശാന്തിയോടു മാറിനില്‍ക്കാന്‍ പറഞ്ഞമാത്രയില്‍ ക്ഷേത്രമേല്‍ശാന്തി വാതില്‍ മറവില്‍ മറഞ്ഞുനിന്നു. പിതാവും പുത്രനും തമ്മിലുള്ള ആത്മസംസാരമായിരുന്നു അഞ്ചുമിനുറ്റുനേരം.
പന്തളരാജാവ്‌ ഭഗവാനെ രണ്ടുകൈകളും എടുത്തുകൂപ്പി. മേല്‍ശാന്തി അണയ്‌ക്കുവാനുള്ള വിളക്കുകള്‍ അണച്ചു. ക്ഷേത്രം പൂട്ടാന്‍ പന്തളരാജന്റെ അനുമതി. ക്ഷേത്രം പൂട്ടിയശേഷം മേല്‍ശാന്തി ശ്രീകോവിലിന്റെ നേരെ നമസ്‌കരിച്ചു. ശ്രീകോവില്‍ പൂട്ടിയ താക്കോല്‍ രാജാവിനെ ഏല്‍പ്പിച്ചു. മേല്‍ശാന്തി മുന്നിലും പന്തളരാജന്റെ പടക്കുറുപ്പ്‌ പിന്നിലുമായി ക്ഷേത്രത്തില്‍ നിന്നും താഴേക്ക്‌. പതിനെട്ടാം പടിയിലൂടെ അവസാനത്തെ ആളായി പന്തളരാജാവ്‌ ഇറങ്ങി.
പൊന്നുപതിനെട്ടാം പടിയുടെ ഗേറ്റ്‌ ചാരി. പതിനെട്ടാം പടിയുടെ താഴെ രാജാവിനെ ഏല്‍പ്പിച്ച ശബരിമലക്ഷേത്രത്തിന്റെ താക്കോല്‍ മേല്‍ശാന്തിക്കു തിരികെ നല്‍കി. വരുന്ന മകരവിളക്കുവരെ ക്ഷേത്രകാര്യങ്ങള്‍ നോക്കാന്‍ രാജാവ്‌ മേല്‍ശാന്തിക്ക്‌ അനുമതി നല്‍കി.ദേവസ്വം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രാജാവിന്‌ പണക്കിഴിനല്‍കി. വരുന്ന വര്‍ഷത്തെ പൂജകള്‍ക്കുവേണ്ടി കിഴി രാജാവ്‌ തിരികെ നല്‍കി. ഇരുവരും പതിനെട്ടാംപടിക്കുനേരെ നമസ്‌കരിച്ചു.
കാനനത്തില്‍ നിന്നും അടിച്ചുയര്‍ന്ന പ്രഭാതത്തിലെ നനുത്തകാറ്റില്‍ രാജാവും മേല്‍ശാന്തിയും ഉപചാരവാക്കുകള്‍ കൈമാറിയതോടെ ഭഗവാന്റെ കനകാഭരണങ്ങളുമായി രാജാവ്‌ തിരിച്ചെഴുന്നള്ളി. ഘോഷയാത്ര കടന്നുവന്ന പരമ്പരാഗത പാതയിലൂടെയാണ്‌ തിരിച്ചുവരവും.

Ads by Google
Sunday 29 Jan 2017 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW