Tuesday, June 19, 2018 Last Updated 50 Min 12 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 28 Jan 2017 03.56 PM

പ്രക്ഷോഭങ്ങളുടെ പ്രത്യയശാസ്ത്രങ്ങളും പുതിയ പുലരിയും

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരം എടുത്താല്‍, അധികാരകേന്ദ്രങ്ങളെ, എന്തിനേറെ സര്‍ദാര്‍ വല്ലഭായി പട്ടേലിന് ശേഷം സ്വയം ഉരുക്ക് മനുഷ്യനായി അവരോധിച്ച് ഡല്‍ഹിയിലെ പരമപദത്തിലിരിക്കുന്ന സാക്ഷാല്‍ നരേന്ദ്രമോഡിയെപ്പോലും വരച്ചവരയില്‍ നിര്‍ത്തിയതാണ് ആ സമരം. അവിടെ രാഷ്ട്രീയമുണ്ടായിരുന്നില്ല, ഒറ്റലക്ഷ്യം മാത്രമായിരുന്നു.
uploads/news/2017/01/75114/lawa.jpg

ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നിര്‍ണായക സ്ഥാനമാണുള്ളത്. രാജ്യങ്ങളെ ജനാധിപത്യത്തിലേക്ക് നയിച്ചതിലും അതിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതിലും പ്രക്ഷോഭങ്ങള്‍ വഹിച്ചിട്ടുള്ള അല്ലെങ്കില്‍ ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അവിസ്മരണീയവുമാണ്. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ നടത്തുന്ന ഒരു ഭരണം എന്ന നിലയില്‍ ഇത് അനിവാര്യവുമാണ്. അത്തരത്തില്‍ നിര്‍ണ്ണായകമായ ചില പ്രക്ഷോഭങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. തമിഴ്‌നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് സമരവും കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നടക്കുന്ന ലോ അക്കാദമി സമരവും.

ഈ രണ്ടു സമരങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യങ്ങളുണ്ട്. രണ്ടിനും ചില പൊതുവായ ലക്ഷ്യങ്ങളുണ്ടെങ്കിലും സമരങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമാണ്. പതിവുപോലെ കേരളത്തിലെ സമരം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കത്തിപ്പടരുമ്പോള്‍ തമിഴ്‌നാട്ടിലെ ജെല്ലികെട്ട് സമരം ജനക്കൂട്ടത്തിന്റേതായി മാറുകയും ചെയ്തു. നമ്മുടെ മുന്നില്‍ നിരവധി സമരങ്ങള്‍ ദിനംപ്രതി നടക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ടു സമരങ്ങള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രാധാന്യം എന്ന ചിന്ത ഒരുപക്ഷേ ചിലരിലെങ്കിലും ഉയര്‍ന്നുവന്നേയ്ക്കാം.

എങ്ങനെയായിരിക്കണം എങ്ങനെയാകാന്‍ പാടില്ല സമരങ്ങള്‍ എന്നതിന്റെ സൂചകങ്ങളാണ് ഇവ. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരം എടുത്താല്‍, അധികാരകേന്ദ്രങ്ങളെ, എന്തിനേറെ സര്‍ദാര്‍ വല്ലഭായി പട്ടേലിന് ശേഷം സ്വയം ഉരുക്ക് മനുഷ്യനായി അവരോധിച്ച് ഡല്‍ഹിയിലെ പരമപദത്തിലിരിക്കുന്ന സാക്ഷാല്‍ നരേന്ദ്രമോഡിയെപ്പോലും വരച്ചവരയില്‍ നിര്‍ത്തിയതാണ് ആ സമരം. അവിടെ രാഷ്ട്രീയമുണ്ടായിരുന്നില്ല, ഒറ്റലക്ഷ്യം മാത്രമായിരുന്നു. വിവിധകോണുകളില്‍ നിന്നും ആ സമരത്തിന് സഹായങ്ങളും അഭിനന്ദനങ്ങളും പ്രവഹിക്കുകയും ചെയ്തു. എന്നാല്‍ ലക്ഷ്യംതെറ്റിയ ജനക്കൂട്ടങ്ങള്‍ക്ക് സംഭവിക്കുന്നതുപോലെ ആ സമരത്തിനും ഒടുവില്‍ വഴിതെറ്റിയെന്നതാണ് സത്യം.

ജനക്കൂട്ടത്തിന്റെ ആവേശങ്ങള്‍ക്ക് സമരത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയുമെങ്കിലും അതിന്റെ ദിശമാറ്റിക്കൊണ്ടുപോകാനും എളുപ്പമാണെന്നതാണ് ആ സമരം നമുക്ക് മുന്നില്‍ നല്‍കുന്ന ഗുണപാഠം. ജനാധിപത്യം ജനക്കൂട്ടത്തിന്റെ ആധിപത്യമാകുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയാണിത്. രാഷ്ട്രീയമില്ലെന്ന് അഹങ്കാരത്തോടെ പറഞ്ഞുകൊണ്ട് ചില വികാരങ്ങളുടെ പേരില്‍ ജനങ്ങള്‍ തടിച്ചുകൂടി നടത്തുന്ന ഒരു സമരത്തിന് ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാന്‍ അധികസമയം ആവശ്യമില്ല. ഇത്തരത്തിലുള്ള ഒരു ജനക്കൂട്ടത്തെ അതിതീവ്രദേശീയത പറഞ്ഞ് വഴിമാറ്റാനും സമരത്തിന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാനും വേഗത്തില്‍ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു ജെല്ലിക്കെട്ട് സമരം. സ്വന്തം സംസ്‌ക്കാരം നിലനിര്‍ത്താനായി ആരംഭിച്ച സമരം ഒടുവില്‍ കാവേരി, മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങളിലേക്ക് മാറിപ്പോകുന്നതാണ് കണ്ടത്. പഴയ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ അവ മാറ്റപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍ കലാപം ഉയര്‍ന്നതും. ഒരിക്കലും ജനക്കൂട്ടത്തിന് ഒരു സമൂഹത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നതിന്റെ സൂചനയാണത്. അതുകൊണ്ടുതന്നെ ലക്ഷ്യം നല്ലതാണെങ്കില്‍പോലും മാര്‍ഗ്ഗം വഴിപിഴച്ചതാകുന്നു.

അതേ അവസരത്തിലാണ് അധിക ശബ്ദകോലാഹലമില്ലാതെ തിരുവനന്തപുരത്ത് നടക്കുന്ന ലോ അക്കാദമി സമരം. ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ്. തമിഴ്‌നാട്ടില്‍ സമരക്കാരുടെ മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഭരണകൂടം ആദ്യമണിക്കൂറുകളില്‍ തന്നെ മുട്ടുകുത്തിയെങ്കില്‍ ഇവിടെ പതിനെട്ട് ദിവസമായിട്ട് ആരും അതിന് തുനിയുന്നില്ലെന്നതാണ് ദുഃഖസത്യം. എന്നാല്‍ ഈ സമരത്തിന്റെ ഗതിവേഗം മനസിലാക്കുമ്പോള്‍ എത്ര വലിയ കൊമ്പനായാലും ഒടുവില്‍ മുട്ടുകുത്തുമെന്ന് നമുക്ക് ന്യായമായും വിശ്വസിക്കാം. പതിനെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചില വിദ്യാര്‍ത്ഥികള്‍ മാത്രം ആരംഭിച്ച ഒരു പ്രക്ഷോഭമാണ് ഇന്ന് കേരളം ഒട്ടാകെ ചര്‍ച്ചചെയ്യുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നത്. നിയമം പഠിപ്പിക്കേണ്ടവര്‍ തന്നെ നിയമലംഘനത്തിന്റെ അപ്പോസ്തലന്മാരാകുന്നതാണ് ഇവിടെ കാണുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുമുതല്‍ തന്നെ ഈ സ്ഥാപനത്തെക്കുറിച്ച് വളരെ മോശമായ പരാതികള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നെങ്കിലും അതിനെക്കുറിച്ച് പരിശോധിക്കാനോ, ആവശ്യമായ തിരുത്തലുകള്‍ വരുത്താനോ ഇന്നുവരെ കേരളം ഭരിച്ച ഒരു സര്‍ക്കാരും തയാറായിരുന്നില്ലെന്നതാണ് സത്യം. പകരം ഇപ്പോള്‍ പരസ്പരം പഴിചാരുകയാണ് നടക്കുന്നത്. കേരളത്തിലെ സമരങ്ങളിലെ പ്രതിസന്ധിയും ഇതാണ്. നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതം പന്താടപ്പെടുമ്പോള്‍, സമൂഹം ഒറ്റക്കെട്ടായി അതിനെ നേരിടുന്നതിന് പകരം രാഷ്ട്രീയമായ മുതലെടുപ്പിനുള്ള വേദിയാക്കി അതിനെ മാറ്റുന്നുവെന്നതാണ് നമ്മുടെ നാട്ടിലെ പ്രക്ഷോഭങ്ങളുടെ മനഃശാസ്ത്രം.

എന്നാല്‍ ഇവിടെ ഈ പ്രക്ഷോഭത്തിനുള്ള മറ്റൊരു ഗുണം മുതലെടുപ്പിനാണെങ്കിലും എല്ലാ രാഷ്ട്രീയകക്ഷികളും അതിനെ പിന്തുണയ്ക്കുന്നുണ്ട്. മാത്രമല്ല, കേരള സമൂഹത്തിന്റെ പിന്തുണ പൂര്‍ണ്ണമായും അവര്‍ക്കുണ്ട് എന്നതും വസ്തുതയാണ്. ലോ അക്കാദമി എന്ന സ്ഥാപനത്തിന്റെ കാരുണ്യത്തില്‍ ബിരുദംനേടിയ ഒരു ചെറിയവിഭാഗം ഒരുപക്ഷേ ഈ സമരത്തിനോട് മുഖംതിരിഞ്ഞുനില്‍ക്കുന്നുണ്ടാകാം. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന കേരളീയസമൂഹം സമരത്തിന് അനുകൂലമാണ്. തങ്ങളാണ് ഈ ലോകത്തെ ഏറ്റവും വലിയവരെന്ന അഭിഭാഷകരുടെ അഹന്ത വകവയ്ക്കാതെ നാളത്തെ നിയമസംരക്ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി മാധ്യമലോകവുമുണ്ട്. ഇതൊക്കെ ഈ സമരത്തിന്റെ ഗുണവശങ്ങളാണ്. മാത്രമല്ല, സമരത്തിന്റെ ലക്ഷ്യം മാത്രമല്ല, അതിന് വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കാനും നേതാക്കളുണ്ട്.

ആ സാഹചര്യത്തില്‍ ഈ സമരത്തിന് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നീട് അവര്‍ അവിടെ പഠിച്ചിട്ട് കാര്യവുമില്ല. ഇപ്പോഴത്തേതിനെക്കാള്‍ കൂടുതല്‍ ദുരിതമായിരിക്കും അവര്‍ക്ക് വരുംകാലത്ത് നേരിടേണ്ടിവരുന്നത്. അതുകൊണ്ട് ഈ സമരം വിജയിക്കേണ്ടത് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ മാത്രം ആവശ്യമല്ല, കേരളത്തിന്റെ പൊതുവായ ആവശ്യമാണ്. എവിടെയും വിദ്യാര്‍ത്ഥികളാണ് മാറ്റത്തിന്റെ ചാലകശക്തികളായിരുന്നത്. ഇവിടെയും അത് തന്നെ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരു സുപ്രഭാതത്തില്‍ തീരുമാനമുണ്ടായില്ലെങ്കിലും നല്ലൊരു പ്രഭാതം പതിയെ വിരിഞ്ഞുവരും. അത്തരത്തില്‍ പതിയെ രൂപപ്പെടുന്ന തെളിഞ്ഞ പ്രഭാതം ദീര്‍ഘകാലം നിലനില്‍ക്കുന്നതും നല്ല ലക്ഷ്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതുമായിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW