Monday, April 23, 2018 Last Updated 35 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 27 Jan 2017 03.31 PM

ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം

കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/01/74794/lenacolam.jpg

രണ്ടാം ഭാവം എന്ന തലക്കെട്ടില്‍ എനിക്കും എന്തെങ്കിലുമൊക്കെ എഴുതാനുണ്ടാകുമോ? ഇങ്ങനെയൊരു ആശയം എനിക്കു മുന്നില്‍ വച്ചപ്പോള്‍ മനസ്സില്‍ ആദ്യം തോന്നിയത് അതാണ്. എങ്കിലും ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാനുള്ള ഒരു അവസരമാണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ ഒരു കൗതുകം തോന്നി.

ആത്മകഥയെന്ന് ഇതിനെ വിളിക്കാനാവില്ല. ആത്മസ്പര്‍ശം, അതാണ് ഉചിതം. എന്റെ ഭാഷകളിലൂടെ ഞാന്‍ നിങ്ങളുടെ മുന്നിലെത്തുന്നു. അതില്‍ വെള്ളിത്തിരയും, എന്റെ സ്വകാര്യ ജീവിതവും, ചില കഥാപാത്രങ്ങളുമൊക്കെയുണ്ടാകും...

സ്‌നേഹത്തിന്റെ പടി കടന്ന്, നിങ്ങളുടെ വീട്ടിലെ അതിഥിയായി പിന്നീട് രണ്ടാം ഭാവത്തിലൂടെ ഞാന്‍ മറ്റൊരു മേലങ്കിയുമണിഞ്ഞു. പങ്കുവയ്ക്കലിന്റെ ഈ അക്ഷരയാത്രയില്‍ എനിക്കൊപ്പം നിങ്ങളും ഉണ്ടാവുമല്ലോ...

ഈ സിനിമാക്കാരൊക്കെ എന്ത് ഭാഗ്യമുള്ളവരാ... ഓരോ ദിവസവും ഓരോന്നാവാം. ഒരു ദിവസം പോലീസായാല്‍ അടുത്ത ദിവസം ഡോക്ടറാകാം, അതിനടുത്ത ദിവസം കളക്ടറാകാം.....

എന്റെ കുഞ്ഞു മനസ്സില്‍ അഭിനയത്തിന്റെ നാമ്പു വിരിഞ്ഞു തുടങ്ങിയത് ഈ ചോദ്യം അമ്മയോടു ചോദിച്ച പ്രായത്തിലാകാം. ഇതു പറയുമ്പോഴൊന്നും പക്ഷേ സിനിമയിലേക്ക് എത്തിപ്പെടുമെന്ന് വിദൂരസ്വപ്‌നത്തില്‍ പോലും തോന്നിയിരുന്നില്ല. ഉപബോധമനസ്സിലെവിടെയോ തട്ടിത്തടഞ്ഞ ആ ചിന്തകള്‍ക്ക് ചിറകു മുളച്ചത് പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ്.

ബാങ്ക് മാനേജരായ അച്ഛനും ഡിസൈനര്‍ ബൊട്ടീക്ക്് നടത്തുന്ന അമ്മയും, ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം എനിക്കു ജനിച്ചൊരു അനിയത്തിയും, ഒരു കൊച്ചു കുടുംബം. അച്ഛനും അമ്മയും ജോലിക്കാരായതു കൊണ്ട് അനിയത്തി ടാഷയും ഞാനും നല്ല കൂട്ടായിരുന്നു. ഇതു പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്.

പലരും എന്റെ പേരിനെക്കുറിച്ച് ചോദിക്കാറുണ്ട്. ഹിന്ദുവായ അച്ഛനും ക്രിസ്ത്യനായ അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.(ആ കഥയൊക്കെ വിശദമായി പിന്നീട്.) അമ്മയുടെ പേര് ടീനയെന്നാണ്, അതില്‍ നിന്ന് അക്ഷരങ്ങള്‍ ചേര്‍ത്ത് ലീനയെന്ന പേരിടാന്‍ തീരുമാനിച്ചു.

ഷില്ലോംഗില്‍ നിന്ന് അയച്ച കത്തിലൂടെയാണ് അച്ഛന്‍ ആ പേര് നിര്‍ദ്ദേശിച്ചത്. പക്ഷേ ആരുമെന്നെ ലീന എന്നു വിളിച്ചിട്ടില്ല. മറിച്ച് കേട്ട എല്ലാവരുമത് ലെന എന്നാക്കി. സത്യത്തില്‍ അങ്ങനെ വന്നതാണ് ഈ പേര്.

ഇനി സിനിമയിലെത്തിയതിനെക്കുറിച്ച്... സിനിമാക്കാഴ്ച്ചയ്ക്ക് അധികം പ്രാധാന്യം കൊടുക്കാത്ത വീടായതുകൊണ്ട് വി.സി.ആറോ, വി.സി.ഡിയോ ഇല്ലാത്ത വീട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും.

പുസ്തപ്പുഴുവായിരുന്നു ഞാന്‍. അന്നൊന്നും ഒരിക്കലും സിനിമയെക്കുറിച്ച് ആലോചിക്കുകയോ സ്വപ്നം കാണുകയോ ചെയ്തിട്ടില്ല. സിനിമ കാണാന്‍ പോകുന്നതു പോലും അപൂര്‍വ്വം. ഷൂട്ടിംഗ് കണ്ടിട്ടില്ല.

പക്ഷേ സ്‌കൂളില്‍ നാടകവേദികളില്‍ സജീവമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം നാടകം സ്‌ക്രിപ്റ്റ് ചെയ്ത് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോട് വലിയ ക്രേസായിരുന്നു. എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ ഡോള്‍സ് ഹോസ്പിറ്റല്‍ എന്ന പ്ലേയിലൂടെയാണ് ആദ്യമായി സ്‌റ്റേജിലെത്തുന്നത്.

TRENDING NOW