Saturday, April 29, 2017 Last Updated 14 Min 45 Sec ago English Edition
Todays E paper
Friday 27 Jan 2017 02.56 PM

ഇമ മാര്‍ക്കറ്റിലെ പെണ്‍കാഴ്ചകള്‍...

പെണ്‍മ
uploads/news/2017/01/74790/weeklypenma270117.jpg

അതിരാവിലെയാണ് ഇംഫാല്‍ നഗരത്തിലൂടെ നടക്കാനിറങ്ങിയത്. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ആള്‍ ഇന്ത്യാ റൈറ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ ഇന്നലെ എത്തിയതാണ്, മണിപ്പൂരില്‍. നാളെയാണ് മീറ്റ്. ഇന്നത്തെ അവധി ചെലവഴിക്കാനാണ് അതിരാവിലെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

നഗരത്തിലെ റോഡരികില്‍ കച്ചവടം നടത്തുന്നത് മുഴുവന്‍ സ്ത്രീകളാണ്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ മുതല്‍ കാലുവയ്യാത്ത മുത്തശ്ശിമാര്‍ വരെയുണ്ട്, കൂട്ടത്തില്‍. പുരുഷന്‍മാരെ കാണാനേയില്ല. എനിക്ക് അദ്ഭുതം തോന്നി. ഇക്കാര്യം കൂടെയുണ്ടായിരുന്ന ഗൈഡിനോട് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു.

''തൊട്ടടുത്ത് നാലായിരത്തോളം സ്ത്രീകള്‍ നടത്തുന്ന ഇമാ മാര്‍ക്കറ്റുണ്ട്. കാണണോ?''
കാണണമെന്ന് പറഞ്ഞു.

'ഇമ' എന്നാല്‍ അമ്മ എന്നാണ് അര്‍ഥം. വളരെ വിശാലമാണ് ഇമ മാര്‍ക്കറ്റ്. തുണിത്തരങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. വില്‍ക്കുന്നതും വാങ്ങുന്നതുമൊക്കെ സ്ത്രീകളാണ്.

കൃഷിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നട്ടുനനച്ചുണ്ടാക്കിയ വിഷം ചേര്‍ക്കാത്ത പച്ചക്കറികള്‍ മാര്‍ക്കറ്റിലെ വിപണിയിലെത്തിക്കുന്നതും സ്ത്രീകള്‍. ചാക്ക് ചുമക്കുന്നതും ഇറച്ചിവെട്ടുന്നതുമെല്ലാം അവര്‍ തന്നെ. പേരിന് ഒന്നോ രണ്ടോ പുരുഷന്‍മാര്‍ മാത്രം.

ഇറോംശര്‍മിളയെപ്പോലുള്ള ശക്തരായ സ്ത്രീകള്‍ ഇവിടെ നിന്ന് വന്നതില്‍ അദ്ഭുതമില്ല. അത്രയ്ക്ക് മനക്കരുത്തുള്ളവരാണ് ഇവിടെയുള്ള സ്ത്രീകളെന്ന് ഒറ്റനോട്ടത്തിലറിയാം. ആരെയും കൂസാതെ, ഒരു പീഡനത്തെയും ഭയക്കാതെ അവര്‍ കച്ചവടം ചെയ്യുന്നു.

പെട്രോളിന് ക്ഷാമമുള്ള സമയമായിരുന്നു അത്. ഇത് കണ്ടറിഞ്ഞ സ്ത്രീകള്‍ ബ്ലാക്കിന് പെട്രോള്‍ വില്‍ക്കുന്നതും കണ്ടു. അതും ലിറ്ററിന് നൂറ്റമ്പത് രൂപയ്ക്ക്. അവര്‍ക്ക് ആരെയും പേടിയില്ല. പോലീസ് അറസ്റ്റുചെയ്യില്ലേ എന്നു ചോദിച്ചപ്പോള്‍ 'വരട്ടെ അപ്പോള്‍ കാണാം' എന്നായിരുന്നു മറുപടി.

വൈകിട്ട് അഞ്ചരയായാല്‍ അവിടം ഇരുട്ടിത്തുടങ്ങും. അതുകൊണ്ടുതന്നെ അഞ്ചുമണിയാവുമ്പോഴേക്കും എല്ലാവരും കച്ചവടം മതിയാക്കി വീട്ടിലേക്ക് നടക്കും. സ്ത്രീകളുടെ ധൈര്യത്തെക്കുറിച്ച് അഭിമാനം കൊണ്ടപ്പോള്‍ ഗൈഡ് മറ്റൊരു കഥ പറഞ്ഞു.

രണ്ടുപ്രാവശ്യം യുദ്ധം നയിച്ച പാരമ്പര്യം അവിടെയുള്ള സ്ത്രീകള്‍ക്കുണ്ടത്രേ. 1904ലായിരുന്നു ആദ്യത്തെ ചെറുത്തുനില്‍പ്പ്. അന്ന് വീട്ടിലെ പുരുഷന്‍മാരെയൊക്കെ ബ്രിട്ടീഷുകാര്‍ യുദ്ധത്തിന് വേണ്ടി പിടിച്ചുകൊണ്ടുപോയി.

അതിനെതിരേ സ്ത്രീകളുടെ കൂട്ടായ്മ രൂപപ്പെട്ടു. അവര്‍ മക്കളെയും ചേര്‍ത്തുപിടിച്ച് യുദ്ധം നയിച്ചു. 1939ലാണ് രണ്ടാം യുദ്ധം. അക്കാലത്ത് രണ്ടാംലോക മഹായുദ്ധം നടക്കുന്ന സമയമാണ്. കൃത്രിമക്ഷാമം വന്നപ്പോള്‍ സ്ത്രീകള്‍ യുദ്ധരംഗത്തേക്കിറങ്ങി. ബ്രിട്ടീഷുകാര്‍ പോലും അദ്ഭുതപ്പെട്ടുപോയ സമരങ്ങളായിരുന്നു അത്.

ഇമ മാര്‍ക്കറ്റ് എന്നെ ഏറെനേരം പിടിച്ചിരുത്തി. അവിടത്തെ സ്ത്രീകളെ നിരീക്ഷിച്ച് സമയം പോയതറിഞ്ഞില്ല. കച്ചവടത്തിനിടെ ചിലര്‍ ഭക്ഷണം കഴിക്കുന്നു. മറ്റുചിലര്‍ കുഞ്ഞിനെ നോക്കുന്നു. ഒരാളും വെറുതെയിരിക്കുന്നില്ല.

എനിക്ക് ജോലിയില്ല എന്നു പറഞ്ഞ് വീട്ടില്‍ ചടഞ്ഞിരിക്കുകയായിരുന്നില്ല, അവര്‍. പറ്റുന്ന ജോലികള്‍ ചെയ്യുകയാണ്. അതിന് വിദ്യാഭ്യാസം പോലും തടസ്സമല്ല. അവരെ ഒളിഞ്ഞുനോക്കാന്‍ ഒരു പുരുഷനും വരില്ല.

കാരണം അവര്‍ വെളിച്ചത്തുതന്നെയാണുള്ളത്. ഒളിപ്പിച്ചുവയ്ക്കുമ്പോഴാണ് ഒളിഞ്ഞുനോക്കാനുള്ള പ്രേരണയുണ്ടാവുന്നത്. ഇതൊക്കെ കാണുമ്പോള്‍ കേരളത്തെക്കുറിച്ചോര്‍ത്തുപോയി. ഇതുപോലുള്ള മാര്‍ക്കറ്റുകള്‍ ഇവിടെയും വന്നെങ്കിലെന്ന് തോന്നിപ്പോയ നിമിഷം.

ആര്യാ ഗോപി
കവയിത്രി, കോളജ് അധ്യാപിക,

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
TRENDING NOW