Friday, June 01, 2018 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jan 2017 02.39 PM

ലതാജിയുടെ പകരക്കാരനാവുന്നു

യേശുദാസിന്റെ ജീവിത കഥ - പാട്ടിന്റെ പാലാഴി
uploads/news/2017/01/74678/WeeklyyesudasIssu23.jpg

ചെമ്മീന്റെ ഗാനങ്ങള്‍ റിക്കാര്‍ഡു ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ബോംബെയിലായിരുന്നു. മദ്രാസില്‍ നിന്നു രാമു കാര്യാട്ടും യേശുദാസും മഹാനഗരത്തിലെത്തി.

പെഡ്ഡര്‍ റോഡിലെ വെള്ളച്ചായം തേച്ച ബഹുനില മന്ദിരത്തിലെ വിശാലമായ ഫ്‌ളാറ്റിനു മുന്നില്‍ വണ്ടിയിറങ്ങി. സ്വീകരണമുറിയില്‍ അച്ഛന്‍ ദീനാനാഥ് മംേങ്കഷ്‌കറുടെ വലിയ ചിത്രം.

മിനുട്ടുകള്‍ക്കകം ലതാജിയെത്തി; ആയിയേ, ആയിയേ എന്ന സ്വാഗത വചസ്സുകളോടെ. ശബ്ദംപോലെ തന്നെ മധുരിമ നിറഞ്ഞ പുഞ്ചിരിയാണ് മുഖത്ത്. തൂവെള്ള നിറമുള്ള സാരിയും ബ്ലൗസും. നെറ്റിയില്‍ കുങ്കുമപ്പൊട്ട്.

സലില്‍ദാ ദാസിനെയും കാര്യാട്ടിനെയും പരിചയപ്പെടുത്തി. വരൂ, നമുക്കകത്തേക്കു പോകാം. ലതാജി ക്ഷണിച്ചു.

ഇടനാഴികള്‍ പിന്നിട്ട് മൂന്നുപേരും ലതാജിയുടെ പിന്നാലെ നടന്നു. ഒടുവില്‍ ചെന്നെത്തിയത് ഗായികയുടെ ബെഡ്‌റൂമില്‍!
ഇരിക്കൂ, ഞാനിതാവരുന്നു, എന്നുപറഞ്ഞ് ആതിഥേയ പുറത്തേക്കു നീങ്ങിയപ്പോള്‍ സലില്‍ദാ താഴ്ന്ന സ്വരത്തില്‍ പ്രസ്താവിച്ചു.

ഇവിടെ സാധാരണ ഗതിയില്‍ അടുത്ത ബന്ധുക്കള്‍ക്കു പോലും, പ്രവേശനം നല്‍കാറില്ല. സംഗീതരംഗത്തു ലതാജി ഏറെ മാനിക്കുന്നവര്‍ക്കു മാത്രമുള്ള ഒരു പ്രത്യേക പരിഗണനയാണിത്. കേരളത്തിന്റെ ഗായകനോടുള്ള ആദരപ്രകടനമായി ഇതിനെ കരുതണം.

താനാകെ ചെറുതായിപ്പോകുന്നതുപോലെ തോന്നി. സ്വന്തമെന്നു പറയാന്‍ കുറച്ചു സിനിമാപ്പാട്ടുകള്‍ മാത്രമേയുള്ളൂ. ലതാജിയാണെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും സോപാനത്തിന്റെ ഏറ്റവും മുകളിലത്തെ പടിയിലാണ്.

അതിഥികള്‍ക്കു ലഘുപാനീയങ്ങളും മറ്റും ഏര്‍പ്പാടാക്കിയിട്ട് ഗായികമടങ്ങിയെത്തി. സലില്‍ദായുമായി ചില ഹിന്ദി റിക്കാര്‍ഡിങ്ങുകളെപ്പറ്റി സംസാരിച്ചു. കാര്യാട്ടു സാറിനോടു ചെമ്മീനെപ്പറ്റി തിരക്കി.

ഈ സമയമെല്ലാം യേശുദാസ് നിശ്ശബ്ദനായി, ആയേഗാ ആനേവാലാ പാടിക്കൊണ്ടുവന്ന് ഒരു സാമ്രാജ്യം പിടിച്ചടക്കിയ കലാകാരിയെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. സംഭാഷണം കറങ്ങിത്തിരിഞ്ഞു കടലിനക്കരെ പോണോരേ എന്ന ഗാനത്തിലെത്തി.

ലതാജി, മലയാളവാക്കുകള്‍ ദേവനാഗരിലിപികളില്‍ എഴുതിയെടുത്തു. ദാസ് മലയാളമെഴുതിയ ഷീറ്റുമായി, മുന്‍ഷിസാറിന്റെ റോളില്‍ പ്രകടനം തുടങ്ങി.

തുടക്കം മുതല്‍ക്കേ അതൊരു പാഴ്‌വേലയാണെന്ന ബോദ്ധ്യം ഇരുവര്‍ക്കുമുണ്ടായി. പറഞ്ഞൊപ്പിക്കാന്‍ വിഷമമുള്ള ഭാഷകളിലൊന്നാവണം മലയാളം. തമിഴര്‍ക്കുപോലും വേണ്ടവിധം ഉച്ചരിച്ചൊപ്പിക്കാന്‍ ബുദ്ധിമുട്ട്.

മലയാളിക്കു തന്നെ ചിന്താക്കുഴപ്പമുണ്ടാക്കുന്ന ന കാരത്തിന്റെ രണ്ടുവിധത്തിലുള്ള ഉച്ചാരണം തോന്നുംപടി തട്ടിവിട്ടു പാട്ടുകള്‍ വികലമാക്കുന്ന മലയാളികളെയും തമിഴരേയും തനിക്കറിയാം.

മാതൃഭാഷയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷയില്‍ തെറ്റുകൂടാതെ പാടുക അനായാസമല്ല. ഇക്കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട്, മലയാളിയല്ലാത്ത ആള്‍ മലയാളം പാടാന്‍ ശ്രമിക്കുമ്പോഴാണുണ്ടാവുക.

നമ്മുടെ വാഴപ്പഴം തമിഴന് വാളപ്പളമാണെങ്കില്‍ പഞ്ചാബിയും ഗുജറാത്തിയും അതെങ്ങനെ കൈകാര്യം ചെയ്യുമെന്നു പറയേണ്ടതില്ലല്ലോ.
തട്ടിയും തടഞ്ഞും ഒരു വിധത്തില്‍ മുന്നോട്ടു പോയി.

കടലിനക്കരെ പോണോരേ / കാണാപ്പൊന്നിനു പോണോരേ...
പോയ്‌വരുമ്പോഴെന്തു കൊണ്ടുവരും / കൈ നിറയെ, പോയ് വരുമ്പോ / ഴെന്തു കൊണ്ടുവരും.
പതിനാലാം രാവിലെ / പാലാഴിത്തിരയിലെ....

ഇതിനിടെ പ്രശസ്തയായ ആ വിദ്യാര്‍ത്ഥിനി മൂന്നുവട്ടം തട്ടിത്തടഞ്ഞു വീണു. മൂന്നും ഴകാരത്തില്‍ തന്നെ. വേറെയും കല്ലുകടികളേറെയുണ്ടായി. വല്ലാത്ത വിമ്മിഷ്ടത്തോടെയുള്ള ഉച്ചാരണക്ലാസ്. അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിക്കും ഒരുപോലെ അസ്വസ്ഥതയും അസംതൃപ്തിയുമുണ്ടാക്കുന്ന സ്ഥിതിവിശേഷം.

കാര്യാട്ടുസാറിന്റെ മുഖം ആകെ ഇരുണ്ടു. സലില്‍ദാ ദുഃഖിതനായി. ഇങ്ങനെപോയാല്‍ രക്ഷയില്ല. മാനസമൈനേ വരൂ എന്ന ഗാനം മന്നാഡേ ഏതാണ്ടു കുറ്റമറ്റ രീതിയില്‍ തന്നെ റിഹേഴ്‌സ് ചെയ്ത് ചിട്ടപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. ഇത് അതിലേറെ എളുപ്പമാവുമെന്നാണു കരുതിയത്. നാളെയാണു റിക്കാര്‍ഡിങ്ങ്.

ഇനിഴയും നയുമൊക്കെ നീക്കി പാട്ടുമാറ്റിയെഴുതാനൊന്നും സാധിക്കില്ല. മറാഠി മാതൃഭാഷയായുള്ള വനിതയെക്കൊണ്ടു മലയാളഗാനം പാടിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷ. കാര്യാട്ടിനായിരുന്നു ഇച്ഛാഭംഗം.

നല്ലൊരു പബ്ലിസിറ്റ് പോയിന്റാണ് നഷ്ടമാകുന്നത്. ലതാമേങ്കഷ്‌കര്‍ പാടിയ ആദ്യ മലയാള ഗാനവുമായി തകഴിയുടെ ചെമ്മീന്‍.... എന്ന് അച്ചടിച്ച പോസ്റ്ററുകള്‍. എല്ലാം ദിവാസ്വപ്നമായല്ലോ ഭഗവാനേ...!ഒടുവില്‍ ബുദ്ധിമതിയായ ആ മഹിതകലാകാരിതന്നെ പ്രശ്‌നപരിഹാരമുണ്ടാക്കി.

അരേബാബാ, യേ മേരാ കാം നഹിം, ആപ് ഗായിയേ.... (പൊന്നു മോനേ, ഇതെന്റെ ജോലിയല്ല. ദയവായി താങ്കള്‍ പാടുക)
ഒടുവില്‍ അങ്ങനെയാണുണ്ടായത്.

കറുത്തമ്മയായ ഷീലയുടെ പിന്നണിയില്‍ ലതാമേങ്കഷ്‌കര്‍ പാടാന്‍ രൂപപ്പെടുത്തിയ ഗാനം പരീക്കുട്ടിയായ മധുവിന്റെ പിന്നണിയില്‍ യേശുദാസ് പാടി.

മലയാളം പാട്ടുപഠനത്തില്‍ നിന്നു രക്ഷപ്പെട്ടതോടെ ലതാജി വാചാലയായി. ദാസിന്റെ അച്ഛനമ്മമാരെപ്പറ്റിയും സഹോദരങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു. ഗായകന്‍ എല്ലാറ്റിനും വിശദമായി മറുപടി പറഞ്ഞു.

അപ്പോഴാണ് സലില്‍ദാ ഒരു സംഗതി ലതാജിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇയാള്‍, ഈ യേശുദാസ്, സിനിമാപ്പാട്ടുകാരന്‍ മാത്രമല്ല. ശാസ്ത്രീയസംഗീതം നന്നായി പാടും. കര്‍ണ്ണാടകശാസ്ത്രീയ സംഗീതം മനസ്സിരുത്തിപ്പഠിച്ച ഉസ്താദാണ്.

ലതാജിക്ക് വലിയ ഉത്സാഹമായി. എനിക്കു കര്‍ണ്ണാടകസംഗീതം കേള്‍ക്കാന്‍ ഏറെ ഇഷ്ടമാണ്. നിങ്ങളുടെ ഹംസധ്വനിരാഗം ഒന്നു പാടുമോ, വിരോധമില്ലെങ്കില്‍...!

(തുടരും...)

മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി

Ads by Google
Ads by Google
Loading...
TRENDING NOW