Saturday, June 02, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
കെ.ആര്‍. പ്രമോദ്‌
കെ.ആര്‍. പ്രമോദ്‌
Wednesday 25 Jan 2017 01.41 AM

രാമുവിന്റെ ദശാവതാരങ്ങള്‍

uploads/news/2017/01/74133/25bft2.jpg

രാമുവിനെ നമ്മളില്‍ പലരും കണ്ടിട്ടുണ്ട്‌. പ്രത്യേകിച്ചും ഇപ്പോഴത്തെ മധ്യവയസ്‌കര്‍.
വെളുത്ത ഷര്‍ട്ടും മുണ്ടും വള്ളിച്ചെരുപ്പും ചുണ്ടില്‍ ബീഡിയുമായി ചായക്കടകളില്‍, മുറുക്കാന്‍ കടകളില്‍, ട്യൂട്ടോറിയല്‍ കോളജിന്റെ അധ്യാപകമുറിയില്‍, വായനശാലയില്‍, എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ചിനു മുമ്പിലെ ക്യൂവില്‍-എല്ലായിടത്തും അയാളെക്കണ്ടു. തൊഴിലില്ലാത്ത ബി.എക്കാരന്‍!
അറുപതുകളിലും എഴുപതുകളിലും യൗവ്വനത്തിന്റെ ചൂടും യുവത്വത്തിന്റെ തീജ്വാലയുമേറ്റ്‌ കരുവാളിച്ച അയാള്‍ക്ക്‌ അച്‌ഛനും അമ്മയും പെങ്ങളും കാമുകിയും കൂട്ടുകാരുമുണ്ട്‌! ആഗ്രഹങ്ങളും ആദര്‍ശങ്ങളും സ്വപ്‌നങ്ങളുമുണ്ട്‌!
അതൊരു കാലമായിരുന്നു. കാഫ്‌കയും കാമുവും സാര്‍ത്രും മാര്‍ക്‌സും ഏംഗല്‍സും 'പുര നിറഞ്ഞുനിന്ന' കാലം. ഈശ്വരനെയും പഴമയെയും നിരാകരിച്ച കാലം. തറവാടുകളും കാവുകളും കുളങ്ങളും തകര്‍ന്നുകൊണ്ടിരുന്ന കാലം. കുടുംബാസൂത്രണ വിജയഫലമായി അണുകുടുംബങ്ങള്‍ രൂപപ്പെട്ടുവരുന്ന കാലം.
അക്കാലത്ത്‌, മുകുന്ദന്റെ ശൈലിയില്‍ പറഞ്ഞാല്‍-
ബ്രഹ്‌മാണ്ഡത്തില്‍,
ക്ഷീരപഥത്തില്‍,
ഭൂമിയില്‍,
ഇന്ത്യയില്‍,
കേരളത്തില്‍
രാമു ജനിച്ചു!
കൃത്യമായി പറഞ്ഞാല്‍, ജി. അരവിന്ദന്‍ എന്ന റബര്‍ ബോര്‍ഡ്‌ ഉദ്യോഗസ്‌ഥന്റെ ബ്രഷില്‍നിന്ന്‌ 'ചെറിയ മനുഷ്യരുടെ വലിയ ലോകത്തി'ലേക്ക്‌ രാമു അവതാരംകൊണ്ടതിന്റെ അമ്പത്താറാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ഞായറാഴ്‌ച.
സരളമായ ഗ്രാമീണസംസ്‌കാരത്തില്‍നിന്നു നാഗരികതയുടെ കാപട്യങ്ങളിലേക്കുള്ള യാത്ര കേരളം തുടങ്ങുന്നത്‌ അറുപതുകളിലാണ്‌. രാമുവിന്റെ ജീവിതവും ഇത്തരത്തിലുള്ള യാത്രതന്നെ. അക്കാലത്ത്‌ ഗള്‍ഫിലേക്ക്‌ ഒഴുക്ക്‌ തുടങ്ങിയിരുന്നില്ല. ടിവിയും മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമൊക്കെ കാല്‍ നൂറ്റാണ്ടുകഴിഞ്ഞാണ്‌ 'സംഭവിച്ച'ത്‌.
എം.വി. ദേവന്‍ പറഞ്ഞതുപോലെ, പുറത്തുനിന്നു കാണുമ്പോള്‍ സുഖപര്യവസായിയും അകത്തുനിന്ന്‌ നോക്കുമ്പോള്‍ ദുഃഖാന്തവുമാണ്‌ രാമുവിന്റെ കഥ. മനുഷ്യജീവിതത്തിനു ദുഃഖഛായയാണുള്ളതെന്ന തത്വചിന്താപരമായ മാനംകൂടി ഇതിലുണ്ട്‌.
മുമ്പു പറഞ്ഞതുപോലെ രാമുവിന്‌ അച്‌ഛനും അമ്മയും സഹോദരിയും കാമുകി ലീലയുണ്ട്‌. സുഹൃത്തുക്കളാകട്ടെ ഗുരുജി, ഗോപി, എല്‍.ഐ.സി. സ്വാമി, ജോര്‍ജ്‌ തുടങ്ങിയ ഉന്നതശ്രേണിയിലുള്ളവര്‍ മുതല്‍ ട്യൂട്ടോറിയല്‍ കോളജ്‌ അധ്യാപകര്‍, മുറുക്കാന്‍ കടക്കാരന്‍ മമ്മദ്‌, പ്യൂണ്‍ നാഗപ്പന്‍പിള്ള, ഹസ്‌തരേഖക്കാരന്‍, ഹോട്ടല്‍ വെയ്‌റ്റര്‍ തുടങ്ങിയവര്‍ വരെയുണ്ട്‌. രാമുവിന്റെ ചുറ്റുമുള്ള ലോകം അതുകൊണ്ടുതന്നെ കര്‍മംകൊണ്ടും ഭാവംകൊണ്ടും രൂപംകൊണ്ടും വൈവിദ്ധ്യമാര്‍ന്നതും സഹതാപാര്‍ഹവുമാണ്‌.
എല്ലാം നേടിക്കഴിയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചായിപ്പോകുന്നു എന്ന സത്യം രാമു തിരിച്ചറിയുന്നു. ബീഡി വലിക്കാന്‍ അമ്മയോടു പൈസ ചോദിക്കുന്ന രാമു വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ആഡംബരക്കാറില്‍ യാത്രചെയ്യുന്ന മുതലാളിയായി മാറിയപ്പോള്‍ അമ്മയും അച്‌ഛനും പെങ്ങളുമൊക്കെ എതോ ജന്മത്തിലെ വേദനിക്കുന്ന ഓര്‍മകളായിത്തീരുന്നു.
എം.ടിയുടെയും മുകുന്ദന്റെയും കാക്കനാടന്റെയും കഥാപാത്രങ്ങള്‍ ഇതേ വ്യഥകള്‍ പേറുന്നവരണ്‌.
'രാമു' അവതരിച്ച കാലത്തുതന്നെയാണ്‌ വഴിത്തിരിവ്‌ സൃഷ്‌ടിച്ച നോവലുകളായ മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളും വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസവും' കാക്കനാടന്റെ 'അടിയറവും' വത്സലയുടെ 'ആഗ്‌നേയ'വുമൊക്കെ പുറത്തുവന്നത്‌.
ഏതാണ്ട്‌ ഇതേകാലത്താണ്‌ വി.കെ.എന്നിന്റെ 'പയ്യന്‍ കഥകളി'ലൂടെ 'പയ്യന്‍' ദില്ലയില്‍ എത്തിയത്‌. 'പയ്യനും രാമുവും' അന്നത്തെ മലയാളി യുവത്വത്തിന്റെ രണ്ട്‌ അവസ്‌ഥകളായിരുന്നുതാനും.
മൂല്യശോഷണവും നൈതികവികല്‍പ്പങ്ങളും ജ്വരജല്‍പ്പനം നടത്തുന്ന നമ്മുടെ നാടിന്റെ സത്യവും സുന്ദരവും ശിവമയവുമായ ലോകമാണ്‌ അരവിന്ദനിലൂടെ വിരിഞ്ഞതെന്ന്‌ എം.വി. ദേവന്‍ പറഞ്ഞത്‌ വെറുതേയല്ല.
വൈവിധ്യമാര്‍ന്നതാണ്‌ രാമുവിനു ചുറ്റുമുള്ള കാലം.
രാമുവിന്റെ പ്രധാന സുഹൃത്ത്‌ ഗുരുജി യുവാക്കളുടെ റോള്‍മോഡലായി കുറേനാള്‍ വിലസി. തത്വചിന്തയും സാഹിത്യവും രാഷ്‌ട്രീയവും 'അരച്ചുകലക്കിക്കുടിച്ച' ഗുരുജിയിലൂടെയാണ്‌ അക്കാലത്ത്‌ സാധാരണ വായനക്കാര്‍ പോലും കാമു, സാര്‍ത്ര്‌, ട്രൂമാന്‍ കപോടി, ഡെസ്‌മണ്‍ഡ്‌ മോറിസ്‌ എന്നീ പേരുകളും കൃതികളും അറിഞ്ഞത്‌.
ഗുരുജിയുടെ ചില വാക്കുകള്‍ നോക്കുക:
-"അമ്മമാരുടേത്‌ സ്‌നേഹത്തിന്റെ ഭാഷയാണെടോ! ആ ഭാഷയിലവരോട്‌ തര്‍ക്കിച്ച്‌ ജയിക്കുക അസാദ്ധ്യം!"
കുറ്റം പറയുന്ന പൊതുജനത്തെക്കുറിച്ച്‌ ഗുരുജി:
-"പൂവര്‍ ഗൈസ്‌! പൊതുജനം കഴുതയാണെന്നല്ലാതെ കൊമ്പുള്ള ഇനമാണെന്ന്‌ ഇതുവരെ മനസിലാക്കിയിരുന്നില്ലേ?"
ട്യൂട്ടോറിയല്‍ കോളജ്‌ അധ്യാപകനായിരുന്ന രാമു ട്യൂഷന്‍ മാസ്‌റ്ററായി മാറിയ കാര്യം അറിഞ്ഞപ്പോള്‍ ഗുരുജി:
-"ലോര്‍ക്ക എവിടെയോ ഓന്തിനെ ഒരു തുള്ളി മുതല എന്ന്‌ വിശേഷിപ്പിച്ചിട്ടുള്ളതായി ഓര്‍ക്കുന്നു. 'ലക്കി ഗൈ!"
മറ്റൊരു ദിവസം ഗുരുജി രാമുവിനോട്‌ പറയുന്നു:
-"നല്ലതെന്നോ ചീത്തയെന്നോ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ എല്ലാമുള്ള ക്ലാസിഫിക്കേഷന്‌ ഈ ലോകത്ത്‌ ഒരര്‍ഥവുമില്ലടോ! ഇവിടെയെല്ലാം ആപേക്ഷികമാണ്‌!"
ജോലി തേടി മടുത്ത്‌ ഒടുവില്‍ ഇന്റര്‍വ്യൂവിന്‌ എത്തിയ രാമുവിനോട്‌ 'അഡീഷണല്‍ ക്വാളിഫിക്കേഷന്‍സ്‌ വല്ലതുമുണ്ടോ?' എന്ന്‌ ഇന്റര്‍വ്യൂ ബോര്‍ഡിലെ കിഴവന്‍ ചോദിച്ചപ്പോള്‍ രാമുവിന്റെ മറുപടി:
-"കുറച്ചുകാലമായി ഒരു ഗവണ്‍മെന്റാഫീസില്‍ കയറിയിറങ്ങി നടക്കുന്നു. ചുവപ്പുനാട സമ്പ്രദായവും ഔദ്യോഗികമായി പൊതുജനത്തോടിടപെടേണ്ട രീതിയും കണ്ടുപഠിച്ചിട്ടുണ്ട്‌!"
രാമുവിന്റെ സുഹൃത്തായ കവി ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റിനോട്‌ പറയുന്നു:
-"ജഡത്തിന്റെ അസ്‌തിത്വം എനിക്ക്‌ നിസാരമാണ്‌! വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നിലെ കവിയെ ഇന്‍ഷുര്‍ ചെയ്യാം!"
ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റിന്റെ പിടിയില്‍നിന്ന്‌ രക്ഷപ്പെടാനായി രാമു പറയുന്നു:
-"ഞാനും ഒരവലോകിത ഹസ്‌തപാണിയാണ്‌, സര്‍!"
പണ്ട്‌ റോഡുകളിലൂടെയും ഇടവഴികളിലൂടെയും നടന്ന്‌ കാലുതേഞ്ഞ രാമു, ജീവിതയാത്രാന്ത്യത്തില്‍ ഒരു മുതലാളിയായി പരിണമിച്ചപ്പോള്‍ കാറോടിച്ചുകൊണ്ട്‌ പറയുന്നതിതാണ്‌:
-"എക്‌സാറ്റ്‌ലി! ഈ പെഡസ്‌ട്രിയന്‍സിനെക്കൊണ്ട്‌ തോറ്റു!"
പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ പെന്‍ഷന്‍ പറ്റിപ്പിരിയുന്ന പ്യൂണ്‍ ശങ്കുണ്യേട്ടന്റെ ദുഃഖവും പുതിയതായി ലാവണത്തില്‍ പ്രവേശിക്കുന്ന യുവാവിന്റെ സന്തോഷവും കാണുമ്പോള്‍ രാമുവിന്റെ ആത്മഗതം:
-"മറ്റൊരു ശങ്കുണ്യേട്ടന്‍ ജനിക്കുന്നു!"
സാഹിത്യവും തത്വചിന്തയും ഇക്കണോമിക്‌സും രാഷ്‌ട്രീയവുമെല്ലാം ഒരു കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചു എന്നതാണ്‌ അരവിന്ദനെ അത്ഭുതപുരുഷനാക്കുന്നത്‌. കല്ലും മുള്ളും നിറഞ്ഞ വഴികളും തീരാത്ത വെയിലുകളും തോരാത്ത മഴകളും സ്‌നേഹവും പകയും വൈരാഗ്യവുമെല്ലാം വരകളിലാക്കുക എന്നത്‌ അത്ര എളുപ്പമല്ല. ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക്‌ നോവലാണ്‌ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്നു കരുതുന്നുവരുണ്ട്‌.
ആര്‍ട്ടിസ്‌റ്റ് ദേവന്‍, തിക്കൊടിയന്‍, കഥാകൃത്ത്‌ പട്ടത്തുവിള കരുണാകരന്‍ എന്നീ കൂട്ടുകാര്‍ക്കൊപ്പം 'ഉത്തരായണം' എന്ന ആദ്യ സിനിമയുടെ ലോകത്തേക്ക്‌ അരവിന്ദന്‍ പ്രയാണമാരംഭിക്കുന്നകാലത്താണ്‌ 'ചെറിയമനുഷ്യരും വലിയലോകവും' അവസാനിക്കുന്നത്‌. 1974 ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ നിര്‍മാണം പട്ടത്തുവിളയും കഥാരചന തിക്കൊടിയനുമായിരുന്നു.
1977 ല്‍ 'കാഞ്ചനസീതയും' 1978 ല്‍ 'തമ്പും' പുറത്തിറങ്ങി.
അരവിന്ദന്റെ പിന്നീട്‌ വന്ന സിനിമകളിലൊക്കെ രാമുവിന്റെയും ഗുരുജിയുടെയും ഇന്‍ഷുറന്‍സ്‌ ഏജന്റിന്റെയും അംശങ്ങള്‍ കാണാം.

അടിക്കുറിപ്പ്‌:

സ്വാതന്ത്ര്യസമരവും സര്‍ക്കസും കാവടിയാട്ടവുമൊക്കെ ഒരേ കണ്ണുകൊണ്ട്‌ വീക്ഷിക്കുന്ന യുവത്വത്തിന്റെ കാലമാണിത്‌.
കണക്കുപറഞ്ഞ്‌ വധുവിനെ തേടുന്ന യുവത്വം..;
ആഹാരത്തോടും ആസക്‌തികളോടും ആര്‍ത്തി പ്രഖ്യാപിച്ച യുവത്വം,;
സൗഭാഗ്യങ്ങള്‍ക്കായി ദൈവങ്ങളോടു യാചിക്കുന്ന യുവത്വം..;
ലൈംഗികചേഷ്‌ടകളും തരംതാണ കോമഡികളും വായിച്ചും കണ്ടും കൈയടിച്ചു ചിരിക്കുന്ന യുവത്വം...
സഞ്‌ജയനും വി.കെ.എന്നും അരവിന്ദനുമൊക്കെ ഈ ലോകത്ത്‌ അപ്രസക്‌തരായിക്കഴിഞ്ഞു!
ഗുരുജി പലപ്പോഴും പറയുന്ന വാചകം ഓര്‍മ വരുന്നു:
"പൂവര്‍ ഗൈസ്‌!"

Ads by Google
കെ.ആര്‍. പ്രമോദ്‌
കെ.ആര്‍. പ്രമോദ്‌
Wednesday 25 Jan 2017 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW