Monday, April 23, 2018 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 22 Jan 2017 06.39 PM

ജെല്ലിക്കെട്ടിന്റെ വിജയതന്ത്രവും മുല്ലപ്പെരിയാറിലെ പരാജയകാരണവും

കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നത് കേരളം പോലെ ചുരുക്കം ചില സംസ്ഥാനങ്ങളാണെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലകൊണ്ടത് തമിഴ്‌നാടിന് വേണ്ടിയായിരുന്നു. എന്നാലൂം നമുക്ക് പരിഭവമില്ല.
uploads/news/2017/01/73432/jelli.jpg

തമിഴ്‌നാട്ടിലെ യുവജനപ്രതിഷേധം വിജയം കണ്ടു. അവരുടെ പാരമ്പര്യ മത്സരമായ ജെല്ലിക്കെട്ടിന് വഴിതുറന്നു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെപ്പോലും വരച്ചവരയില്‍ നിര്‍ത്തിക്കൊണ്ടാണ് ഒരു ജനതയുടെ ഇച്ഛാശക്തി വിജയം നേടിയിരിക്കുന്നത്. കേന്ദ്രം ഉള്‍പ്പെടെ എല്ലാ സര്‍ക്കാരുകളും മുട്ടുമടക്കി ജനശക്തിക്കു മുന്നില്‍ വന്ദിച്ച് അവരുടെ ആവശ്യം അംഗീകരിച്ചുകൊടുത്തിരിക്കുന്നു. ഇത് ഒരു ജനതയുടെ വിജയമാണ്. രാഷ്ട്രീയത്തിനും മറ്റ് പരിഗണനകള്‍ക്കും അതീതമായി ജനക്കൂട്ടത്തിന്റെ വിജയം. എന്നാല്‍ ഈ വിജയം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുമുണ്ട്. ഇത്തരത്തിലുള്ള ഒരു നീക്കം ആശാസ്യമാണോ, എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ദ്രാവിഡ കരുത്തിന്റെ പ്രതീകമാണ് തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ജെല്ലിക്കെട്ട്. തമിഴ്‌നാടിന്റെ രാഷ്ട്രീയവും ജീവിതവും മുന്നോട്ടുനയിച്ചുകൊണ്ടിരുന്നത് ദ്രാവിഡ സംസ്‌ക്കാരമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുളായി അതില്‍ പലതും ഇല്ലാതാക്കികൊണ്ടുവരുകയുമായിരുന്നു. രാഷ്ട്രീയത്തെ തങ്ങള്‍ക്കനുകൂലമായി വളച്ചെടുക്കാനായി ദ്രാവിഡ സങ്കല്‍പ്പത്തെതന്നെ ഇല്ലാതാക്കുകയായിരുന്നു. അതിനിടിയിലാണ് ജെല്ലിക്കെട്ടിന് വേണ്ടിയുള്ള ഈ പ്രക്ഷോഭം. അതിന് ഒരു രാഷ്ട്രീയത്തിന്റെയും പിന്തുണയുണ്ടായിരുന്നില്ലെന്നതാണ് സത്യം. ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ മാറ്റത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടിയതുപോലെയായിരുന്നു തമിഴ്‌നാട്ടില്‍ മെറീന ബിച്ചില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. ആ ജനക്കൂട്ടം പ്രക്ഷോഭമായി പിന്നീട് അത് ലക്ഷ്യം നേടി. അങ്ങനെ തങ്ങളുടെ സംസ്‌ക്കാരത്തെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് ആശ്വസിക്കാം.

തമിഴ്‌വികാരം ശക്തമായി ഉയര്‍ന്നപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു, കേന്ദ്രസര്‍ക്കാര്‍ അതിന് സഹായം പ്രഖ്യാപിച്ചു. എന്തിനേറെ സുപ്രീകോടതിപോലും വിധി മാറ്റിവച്ചുകൊണ്ട് സമരക്കാരെ പിന്തുണച്ചു. ഇത് ഒരു ജനതയുടെ ഇച്ഛാശക്തിയുടെ വിജയവും കൂടിയാണ്. എല്ലാത്തിനും മുകളില്‍ ജനേച്ഛ വിജയം നേടിയതില്‍ നമുക്ക് സന്തോഷിക്കാം ആഹ്‌ളാദിക്കാം. ഇവിടെ ജനത്തിന് വിലകുറഞ്ഞിട്ടില്ലെന്ന് ആശ്വസിക്കാം.

എന്നാല്‍ നമ്മുടെ അയല്‍സംസ്ഥാനത്ത് ഇത്തരമൊരു വിജയം കൈവരുമ്പോള്‍ നമ്മുടെ മുന്നില്‍ ഉയരുന്ന ചില ആശങ്കകളും ഭീതിയുമുണ്ട്. സംസ്‌ക്കാരം സംരക്ഷിക്കാന്‍ ഒരു ജനതയോടൊപ്പം സര്‍ക്കാരുകളും നീതിപീഠവും നിന്നതാണ് ഈ സംഭവമെങ്കില്‍, മനുഷ്യജീവനുകള്‍ പോലും പൊലിയുമെന്ന ആശങ്ക ഉയര്‍ന്നിട്ടും ഒപ്പം നില്‍ക്കാന്‍ കൂട്ടാക്കാത്ത ഭരണകൂടങ്ങളുടെ കഥയായിരിക്കും നമുക്ക് പറയാനുള്ളത്.

ജെല്ലിക്കെട്ടിന് സമാനമായി നമുക്ക് ചൂണ്ടിക്കാട്ടാവുന്ന രണ്ടു സംഭവങ്ങളാണുള്ളത്. ഒന്ന് മുല്ലപ്പെരിയാര്‍ കേസും രണ്ട് തെരുവ്‌നായ ശല്യവും. മുല്ലപ്പെരിയാന്‍ കേസില്‍ സമാനമായ ഒരു സാഹചര്യമാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായത്. 129 വര്‍ഷം പഴക്കമുള്ള സുര്‍ക്കിയും ചെളിയും കൊണ്ട് നിര്‍മ്മിച്ച ഒരു അണക്കെട്ടിന്റെ സുരക്ഷയാണ് ചര്‍ച്ചയായത്. തമിഴ്‌നാടിന്റെ കാര്‍ഷികാവശ്യങ്ങള്‍ നിറവേറ്റാനായി നാം ദാനം ചെയ്ത വെള്ളമാണ് ഇന്ന് നമുക്ക് ഭീഷണിയായിരിക്കുന്നത്. ഈ അണക്കെട്ട് സുരക്ഷിതമല്ലെന്ന് രാജ്യത്തെ മൂന്ന് പ്രമുഖ ഏജന്‍സികളാണ് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. മഴകനത്താല്‍ ഈ ഡാം സുരക്ഷിതമല്ലെന്നാണ് അവരുടെ പഠനം. മാത്രമല്ല, ഭൂകമ്പബാധിതമേഖലയിലുള്ള ഡാം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാമെന്ന നിഗമനവുമുണ്ട്. അങ്ങനെ വന്നാല്‍ ആറു ജില്ലകളിലെ 30 ലക്ഷത്തില്‍പരം ജനങ്ങള്‍ ഒഴുകിപ്പോകുമെന്ന പഠനറിപ്പോര്‍ട്ടുമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും ജനങ്ങളുടെ ജീവനും സ്വത്തിനും അന്നത്തെ സര്‍ക്കാരുകളോ നീതിപീഠമോ തെല്ലും വില കല്‍പ്പിച്ചില്ല. മറിച്ച് സുപ്രീകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണ നടത്തിയെന്ന ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ ഡാം സുരക്ഷാ അതോറിറ്റി നിയമം പോലും റദ്ദാക്കിയത്. അന്നും കേരളത്തില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. ആശങ്കകള്‍ പങ്കുവച്ച് നമ്മുടെ ജനപ്രതിനിധികളും സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചു, കോടതിയെ സമീപിച്ചു. എന്നാല്‍ വിധി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയോ, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുഖം കൊടുക്കുകയോ പോലും ചെയ്യാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. മറിച്ച് ഉന്നതാധികാരസമിതിയെ സ്വാധീനിച്ച് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. എന്തായാലും മഴയില്ലാത്തതുകൊണ്ട് ഇപ്പോള്‍ ഭീഷണി കുറഞ്ഞിരിക്കുന്നുവെന്ന് ആശ്വസിക്കാം.

ഇതേ സാഹചര്യമാണ് തെരുവ്‌നായകളുടെ കാര്യത്തിലും ഉണ്ടായത്. വീടുകളില്‍ നിന്നും തെരുകളില്‍ എത്തപ്പെട്ട് ക്രൗര്യതയുടെ പര്യമായി മാറിയ തെരുവ്‌നായകള്‍ മുനഷ്യരെപ്പോലും കടിച്ചുകീറുന്ന സാഹചര്യമുണ്ടായിട്ടും സുപ്രീകോടതിയുടെയോ, കേന്ദ്രസര്‍ക്കാരിന്റെയോ മനസിളകയില്ല. ഈ രണ്ടു സംഭവങ്ങളും ജെല്ലികെട്ടുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ കേരളം പരാജയപ്പെടുന്നിടത്ത് തമിഴ്‌നാട് വിജയിക്കുന്നുവെന്നതാണ് മനസിലാക്കാന്‍ കഴിയുന്നത്.

എവിടെയായിരുന്നു കേരളത്തിന്റെ പരാജയം. അത് കേരളത്തിന്റെ രാഷ്ട്രീയത്തില്‍ തന്നെയാണ്. കേരളത്തിലെ രാഷ്ട്രീയം ദേശീയതലത്തില്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ കൈകളിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു സമ്മര്‍ദ്ദശക്തിയാകാന്‍ കഴിയുന്നില്ല. ദേശീയതലത്തില്‍ അവരുടെ നിലനില്‍പ്പിന് അനുകൂലമായി മാത്രമേ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളു. മുല്ലപ്പെരിയാറില്‍ സംഭവിച്ചതും അതാണ്. കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നത് കേരളം പോലെ ചുരുക്കം ചില സംസ്ഥാനങ്ങളാണെങ്കിലും അന്ന് കോണ്‍ഗ്രസ് നിലകൊണ്ടത് തമിഴ്‌നാടിന് വേണ്ടിയായിരുന്നു. എന്നാലൂം നമുക്ക് പരിഭവമില്ല.

ജെല്ലിക്കെട്ട് പ്രശ്‌നം വിജയത്തിലെത്താന്‍ കാരണം രണ്ടാണ്. ഒന്ന് തമിഴ്‌നാട് എന്ന സമ്മര്‍ദ്ദശക്തി. രാജ്യത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നവര്‍ക്ക് അവിടെ പ്രാധാന്യമില്ല. തമിഴ്‌നാടിന് അവരുടെ രാഷ്ട്രീയം മാത്രമാണ്. ആ രാഷ്ട്രീയത്തില്‍ പോലും അവരുടെ ജനതയുടെ വികാരങ്ങള്‍ക്കാണ് പ്രാധാന്യം. അതാണ് ഈ വിജയത്തിന്റെ ഫലവും. ഒരുമയും കൂട്ടായ്മയുമാണ് ഈ വിജയത്തിന് വഴിവച്ചത്. നമുക്കില്ലാതെപോയതും അതാണ്.

Ads by Google
TRENDING NOW