Friday, April 06, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jan 2017 12.38 AM

ആയുസ്സ്‌ കൂടുന്ന പുസ്‌തകം

uploads/news/2017/01/73163/3s.jpg

മലയാള നോവല്‍ സാഹിത്യത്തില്‍ നിത്യ വിസ്‌മയങ്ങളായി നിലകൊള്ളുന്ന കൃതികള്‍ അപൂര്‍വമായേ പിറവിയെടുക്കാറുള്ളൂ. വായന മരിക്കുന്നുവെന്നും പുസ്‌തകങ്ങള്‍ക്ക്‌ ആയുസ്സില്ലെന്നും മുറവിളി കൂട്ടുന്നവരെ വെല്ലുവിളിക്കാന്‍ അപ്പോഴും സാധിക്കുന്നത്‌ ഇത്തരം കൃതികളുടെ മേന്മകൊണ്ടാണ്‌. പതിറ്റാണ്ടുകള്‍ എത്ര കഴിഞ്ഞാലും ഇത്തരം പുസ്‌തകങ്ങളുടെ ഓരോ താളുകളില്‍നിന്നും ഉയരുന്നത്‌ പഴമയുടെ ദുര്‍ഗന്ധമല്ല, പകരം പുതുമയുടെ സുഗന്ധമാണ്‌. അത്തരം സര്‍വഗുണസമ്പന്നമായ ഒരു സൃഷ്‌ടിയാണ്‌ സി.വി. ബാലകൃഷ്‌ണന്റെ 'ആയുസ്സിന്റെ പുസ്‌തക'മെന്ന നോവല്‍. ഒരു മായാജാലക്കാരന്റെ കരവിരുതോടെയാണ്‌ എഴുത്തുകാരന്‍ പലതലമുറകളിലെയും വായനക്കാരെ ഒന്നടങ്കം ഈ പുസ്‌തകത്തിന്റെ ആരാധകരാക്കി മയക്കികിടത്തിയിരിക്കുന്നത്‌. കവിതാംശം തുളുമ്പുന്ന വാക്കുകള്‍, ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍, ബൈബിള്‍ ഭാഷയുടെ മാന്ത്രിക കരുത്ത്‌, വശ്യത തുളുമ്പുന്ന അവതരണം എന്നീ ഗുണഗണങ്ങളാണ്‌ നോവലിലൂടെ കടന്നുപോകുന്ന വായനക്കാരനെ 'ആസ്വാദനാലഹരി'യുടെ ആകാശ ചെരുവിലെത്തിക്കുന്നത്‌.
വായനയ്‌ക്കിടയില്‍ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ദൃശ്യമികവോടെ മനസില്‍ നിറയുന്നതാണ്‌ ഈ നോവലിന്റെ മറ്റൊരു സവിശേഷതയായി എടുത്തുപറയേണ്ടത്‌. നോവലിലെ കഥാപാത്രങ്ങളായ യോഹന്നാനും അവന്റെ അപ്പന്‍ തോമയും അപ്പൂപ്പനായ പൗലോയും സഹോദരി ആനിയും അവളെ വിവാഹം കഴിക്കുന്ന വൈദികനായ മാത്യുവും റാഹേലും സാറയും മേരിയുമെല്ലാം വായനകഴിഞ്ഞ്‌ ഒരായുസ്‌ കഴിഞ്ഞാലും വായനക്കാരുടെ ഓര്‍മ്മകളുടെ പുസ്‌തകത്തില്‍ മരണമില്ലാതെ നിലനില്‍ക്കുന്നതും സി.വിയുടെ രചനാപാടവത്തിന്റെ കരുത്തുകൊണ്ടാണ്‌. ബൈബിളിന്റെ സംഗീതസാന്ദ്രമായ ഭാഷയെ വടക്കന്‍ കേരളത്തിലെ ക്രിസ്‌ത്യന്‍ നാട്ടു ഭാഷയുമായി ലയിപ്പിച്ച സി.വി. ബാലകൃഷ്‌ണനെന്ന എഴുത്തുകാരന്റെ കരവിരുതാണ്‌ എന്നും ആയുസ്സ്‌ കൂടുന്ന ഈ പുസ്‌തകത്തിന്റെ മൂലക്കല്ല്‌.
ആയുസിന്റെ
പുസ്‌തകത്തിന്റെ
പിറവി

എങ്ങും വേരുറയ്‌ക്കാത്ത ഒരു യാത്രികനായിരുന്ന സി.വി. ബാലകൃഷ്‌ണന്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രോജക്‌റ്റിന്റെ ഭാഗമായി 1979 ല്‍ ബംഗാളി നാടകവേദിയെക്കുറിച്ച്‌ പഠിക്കാനാണ്‌ 1661 കിലോമീറ്റര്‍ ദൈര്‍ഘ്യം 26 മണിക്കൂറും 25 മിനിറ്റും കൊണ്ട്‌ പിന്നിടുന്ന 12842-ാം നമ്പര്‍ കോറമാണ്ടല്‍ എക്‌സ്പ്രസില്‍ കയറി കൊല്‍ക്കൊത്തയിലെ ഹൗറ സ്‌റ്റേഷനില്‍ ഒരു അഭയാര്‍ത്ഥിയെപ്പോലെ ചെന്നിറങ്ങുന്നത്‌. മലബാര്‍ കലാപത്തെ തുടര്‍ന്ന്‌ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരുടെ പില്‍ക്കാല ജീവിതം അന്വേഷിക്കുകയെന്ന പദ്ധതിയായിരുന്നു എഴുത്തുകാരന്‍ അക്കാദമിക്കു മുമ്പ്‌ അംഗീകാരത്തിനായി ആദ്യം സമര്‍പ്പിച്ചത്‌.
പക്ഷേ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്താന്‍ കപ്പലിലും മറ്റും യാത്ര ചെയ്ുന്നതിനുയള്ള ചെലവ്‌ താങ്ങാന്‍ അക്കാദമിക്ക്‌ കഴിവില്ലായിരുന്നു. സാഹിത്യ അക്കാദമിയുടെ അന്നത്തെ സെക്രട്ടറിയായിരുന്ന പവനന്‍ സൗമനസ്യത്തോടെ നിര്‍ദേശിച്ചത്‌ മറ്റൊരു പ്രോജക്‌റ്റായിരുന്നു. അതുപ്രകാരം സമര്‍പ്പിച്ച പ്രോജക്‌റ്റാണ്‌ ബംഗാളി നാടകവേദി. കൊല്‍ക്കൊത്തയില്‍ വിസ്‌മയിപ്പിക്കുന്ന കാഴ്‌ചകളാണ്‌ സി.വിയെ അവിടെ കാത്തിരുന്നത്‌. നാടകത്തെ കുറിച്ചുള്ള പഠന യാത്രയ്‌ക്കിടെയാണ്‌ ഉദ്യാനവൃക്ഷങ്ങള്‍ക്കു മധ്യേ ,ഗോഥിക്‌ വാസ്‌തുവിദ്യയിലുള്ള സെന്റ്‌ പോള്‍സ്‌ കത്തീഡ്രലില്‍ എത്തുന്നത്‌. പള്ളിക്ക്‌ അകമേ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. അല്‍ത്താരയുടെ പിന്‍ ചുവരുകളില്‍ സെന്റ്‌ പോളിന്റെ ജീവ ചരിത്രം കൊത്തിവച്ചിട്ടുണ്ട്‌. സെന്റ്‌ പോളിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുന്ന പെയിന്റിങ്ങുകളും പാരീഷ്‌ ഹാളിന്റെ കിഴക്കേ ഭിത്തിയില്‍ അടയാളപ്പെടുത്തിയിരുന്നു. സി.വി. ബാലകൃഷ്‌ണന്‍ ആ നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നു.
''ജനാലകളിലൂടെ കടന്നുവന്ന കാറ്റിന്റെ നേരിയ മര്‍മരംപോലൊരു ഒച്ചകേട്ടു. ഇരിപ്പിടങ്ങളോടു ചേര്‍ന്നുള്ള ചെരിവു മേശകളിലുണ്ടായിരുന്ന തുറന്നുവയ്‌ക്കപ്പെട്ട ബൈബിളിന്റെ പ്രതികളില്‍ ചിലതിന്റെ താളുകള്‍ മറയുന്ന ശബ്‌ദമായിരുന്നു അത്‌. നന്നേ നേര്‍ത്തത്‌. പക്ഷേ, ഞാനതു കേട്ടു. ഞാന്‍ ഇരിപ്പിടത്തില്‍ ചെന്നിരുന്ന്‌ മുന്നിലുള്ള വിശുദ്ധ ഗ്രന്ഥത്തിലൂടെ കണ്ണോടിച്ചു. വളരെ പഴക്കമുള്ളതായിരുന്നു ആ പ്രതി. എത്രയോ പേര്‍ ഒരുപക്ഷേ, പല തലമുറകള്‍ തന്നെ അത്‌ സ്‌പര്‍ശിച്ചിരിക്കണം. അതില്‍നിന്നും വായിക്കാന്‍ തുടങ്ങിയയുടനെ ഒരു തങ്കത്താക്കോല്‍കൊണ്ട്‌ ആരോ ഒരു ലോകം തുറന്നുതന്നതുപോലെയായി. നെറുകയില്‍ കുരിശോടെ വിദൂരമായ ഒരു ഗ്രാമത്തിലെ എളിയ പള്ളിയായ മാലോം സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ മുന്നില്‍ തെളിഞ്ഞു. പള്ളിയിലേക്കുള്ള നടവഴിയിലായി വലിയൊരു കല്‍ക്കുരിശ്‌ ഉയര്‍ന്നുനിന്നു. അതിനരികെ പാതി കത്തിയ മെഴുകുതിരികള്‍. എന്റെ കണ്‍ മുന്നില്‍ ഇയോബിന്റെ പുസ്‌തകമായിരുന്നു. അധ്യായം പതിനാല്‌..... ''
അവിടെയിരുന്നാണ്‌ അധ്യാപകനായി ജോലി ചെയ്‌ത കുടിയേറ്റ മലയോര ഗ്രാമങ്ങളായ കമ്പല്ലൂരിലും കടുമേനിയിലും കണ്ണിവയലിലും ചെറുപുഴയിലും ചിറ്റാരിക്കാലിലും മാലോത്തു കസബയിലും കൊന്നക്കാട്ടും നാട്ടക്കല്ലിലും വെള്ളരിക്കുണ്ടിലുമൊക്കെയുള്ള മനുഷ്യരെ എഴുത്തുകാരന്‍ ബൈബിളിന്റെ താളുകള്‍ക്കിടയിലൂടെ വീണ്ടും കണ്ടുമുട്ടുന്നതും ഓര്‍ത്തെടുക്കുന്നതും, സ്വന്തം ഛായയുള്ള കൗമാരക്കാരനായ യോഹന്നാന്‌ ജീവന്‍ നല്‍കുന്നതും.
യൗവനകാലത്ത്‌ കൊല്‍ക്കത്തയിലേക്ക്‌ ഈ യാത്ര നടത്തിയിരുന്നില്ലെങ്കില്‍ ആയുസ്സിന്റെ പുസ്‌തകം എഴുത്തുകാരന്റെ ആയുസ്സില്‍ എഴുതപ്പെടുമായിരുന്നില്ല. സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍ അതിന്‌ വേദിയും നിമിത്തവുമാവുകയായിരുന്നു. മലയാള സാഹിത്യത്തില്‍ എഴുതപ്പെട്ട ഒരു നോവലിലും പിന്നിലും ഇത്ര വലിയ ആകസ്‌മികതകള്‍ നിറഞ്ഞ ഒരു യാത്രയുടെ പിന്നാമ്പുറകഥ പറയാനുണ്ടാവില്ല. അന്ന്‌ കൊല്‍ക്കൊത്തയിലേക്ക്‌ എഴുത്തുകാരനെ വഴി നടത്തിച്ച ദിവ്യ പ്രകാശങ്ങളായ മദര്‍ തെരേസയും മൃണാള്‍സെന്നും സത്യജിത്ത്‌റായും ജ്യോതിബസുവും ബാദല്‍ സര്‍ക്കാറും അങ്ങനെ മഹാത്മാക്കളുടെ നീണ്ട നിര ഇന്ന്‌ ഓര്‍മ്മ മാത്രമാണ്‌.
വായനയിലും വില്‍പനയിലും തരംഗം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ആയുസ്സിന്റെ പുസ്‌തകത്തിന്റെ പിറവിയെക്കുറിച്ച്‌ സി.വി. ബാലകൃഷ്‌ണന്‍ സംസാരിക്കുന്നു.
സെന്റ്‌ പോള്‍സ്‌
കത്തീഡ്രലില്‍ ചെന്ന
ആ നിമിഷത്തെ
ഒന്ന്‌ ഓര്‍ത്തെടുക്കാമോ?

പ്രശസ്‌തമായ സെന്റ്‌ പോള്‍സ്‌ കത്തീഡ്രലില്‍ ഞാന്‍ ചെന്നത്‌ ഒരു പകലാണ്‌. മുറ്റത്ത്‌ ആരെയും കണ്ടില്ല. ഹാള്‍ തുറന്നുകിടക്കുന്നു. ഞാന്‍ നേരേ അതിനുള്ളില്‍ കടന്നു. അവിടെയും ആരുമില്ല. അള്‍ത്താരയ്‌ക്കു നേരെ കുറേ ഇരിപ്പിടങ്ങളും അവയ്‌ക്കു മുന്നിലുള്ള ഡസ്‌കുകളില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷിലുള്ള പഴയ പ്രതികളും മാത്രം.
തികഞ്ഞ നിശബ്‌ദത. ഞാന്‍ ഒരു ഇരിപ്പിടത്തില്‍ ചെന്നിരുന്നു. മുന്നില്‍ കണ്ട വിശുദ്ധ ഗ്രന്ഥമെടുത്തു പതുക്കെ തുറന്നു.
എത്രയോ പേരുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞ താളുകള്‍.
ഞാന്‍ വായിക്കാന്‍ തുടങ്ങി.
എന്താണ്‌ വായിച്ചതെന്ന്‌ മറന്നു.
വളരെക്കുറച്ചേ വായിക്കുകയുണ്ടായുള്ളൂ. പിന്നെ അനേകം ഓര്‍മ്മകളില്‍ നഷ്‌ടപ്പെടുകയായിരുന്നു. സ്‌ഥലകാലങ്ങള്‍ മാറി. നേര്‍ത്തൊരു മഞ്ഞിന്‍മറയ്‌ക്കപ്പുറത്ത്‌ ഒരുകൂട്ടം ഗ്രാമങ്ങള്‍. ഇഞ്ചിയും മഞ്ഞളും മരച്ചീനിയും ഏലവും റബറുമൊക്കെയുള്ള ചരിവുകള്‍. നാലു തൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൊച്ചുകൊച്ചു കാവല്‍മാടങ്ങള്‍. ഇടകലരുകയും ഇഴപിരിയുകയും ചെയ്യുന്ന നാട്ടുപാതകള്‍. കാടുകള്‍ താണ്ടിയെത്തുന്ന പുഴകള്‍. മഞ്ഞിലും മഴയിലും പാടേ മറയുകയും വെയിലില്‍ പതുക്കെപ്പതുക്കെ തെളിയുകയും ചെയ്യുന്ന കടുംപച്ചയായ കുന്നുകള്‍. വെള്ള മുയലുകള്‍ പതുങ്ങിയിരിക്കുന്ന പടര്‍പ്പുകള്‍, മേഞ്ഞു നടന്ന വളര്‍ത്തുപന്നികള്‍. പടക്കം കടിച്ചു ചാകുന്ന കാട്ടുപന്നികള്‍. പള്ളികളില്‍ നിന്നുള്ള മണിനാദങ്ങള്‍. സ്‌കാര്‍ഫ്‌ കെട്ടി പ്രാര്‍ത്ഥനയ്‌ക്കു പോകുന്ന പ്രസരിപ്പാര്‍ന്ന പെണ്‍കുട്ടികള്‍.
ഓര്‍മ്മകള്‍ തിടം വയ്‌ക്കുകയായിരുന്നു. ഞാനും വൃദ്ധനായ ഒരു വികാരിയച്ചനും ചെസ്‌ ബോര്‍ഡില്‍ കണ്ണുംനട്ട്‌ ഏകാഗ്ര ചിത്തരായിരിക്കുന്നു. അടുത്ത മുറിയില്‍ നിന്ന്‌ ഗിറ്റാറിന്റെയും ഫിഡലിന്റെയും ശബ്‌ദം. ഞായറാഴ്‌ചയാണ്‌. ഉച്ചയ്‌ക്കുശേഷമുള്ള കുര്‍ബാനയ്‌ക്ക് അച്ചന്റെ കൂടെ ഞാനും പോകുന്നു. പള്ളിയില്‍ ഞാനും മുട്ടുകുത്തുന്നു.
അക്കാലത്ത്‌ ഞാന്‍ കഴുത്തില്‍ വെന്തിങ്ങയണിഞ്ഞിരുന്നു. എന്നും ബൈബിള്‍ വായിക്കുകയും ചെയ്‌തിരുന്നു. ഏതാണ്ടൊരു ക്രിസ്‌ത്യാനിയായിത്തന്നെ ജീവിച്ച നാളുകള്‍. സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍ ഹാളില്‍ അന്ന്‌ ഒറ്റയ്‌ക്കിരുന്ന്‌ അതൊക്കെ ഓര്‍ത്തുപോയി.
'ആയുസ്സിന്റെ പുസ്‌തകം' ഒരാശയമായി മനസിലേക്കു വന്നത്‌ ഈ ഓര്‍മ്മകളെത്തുടര്‍ന്നാണ്‌.
സെന്റ്‌ പോള്‍സ്‌ കത്തീഡ്രലിനും പല തലമുറകള്‍ സ്‌പര്‍ശിച്ചിരിക്കാനിടയുള്ള പഴക്കമാര്‍ന്ന ആ ബൈബിളിനും നന്ദി.
ആയുസ്സിന്റെ പുസ്‌തകം
എഴുതിക്കഴിഞ്ഞ
ശേഷമുള്ള കാര്യങ്ങള്‍
പറയൂ?

ആയുസിന്റെ പുസ്‌തകം എഴുതിത്തീര്‍ന്നിട്ട്‌ ഇപ്പോള്‍ മൂന്നു പതിറ്റാണ്ടായി. എണ്‍പത്‌ ആദ്യംതൊട്ട്‌ എണ്‍പത്തിരണ്ട്‌ അവസാനംവരെയായിരുന്നു രചനാകാലം. ഫോട്ടോസ്‌റ്റാറ്റ്‌ യന്ത്രം പ്രാബല്യത്തില്‍ ഇല്ലാത്തതിനാല്‍ തനിപ്പകര്‍പ്പില്ലാതെ കയെ്െഴുത്തു പ്രതി കോഴിക്കോട്‌ ചെറൂട്ടി റോഡിലുള്ള മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പഴയ ഓഫീസില്‍ ചെന്ന്‌ പത്രാധിപരുടെ ചുമതലയില്‍ അന്നുണ്ടായിരുന്ന വി.ആര്‍. ഗോവിന്ദനുണ്ണിയെ ഏല്‍പ്പിച്ചു മടങ്ങിയത്‌ ഡിസംബറിലാണ്‌.
അടുത്തവര്‍ഷം ഏപ്രിലിലെ ആദ്യ ലക്കംതൊട്ട്‌ ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ചുതുടങ്ങി. അത്‌ നാല്‌ മാസക്കാലം തുടര്‍ന്നു. നാലഞ്ച്‌ ഖണ്ഡങ്ങളാണ്‌ ഓരോ ലക്കത്തിലും ചേര്‍ത്തിരുന്നത്‌. കൈയില്‍ വേറൊരു പകര്‍പ്പില്ലെന്നതുകൊണ്ട്‌ ഏറെക്കുറെ മുന്‍പരിചയമില്ലാത്തതുപോലെയാണ്‌ ഞാനവ വായിച്ചതെന്നുവേണം പറയാന്‍. അങ്ങനെ വായനക്കാരില്‍ ഒരാളെന്ന നിലയ്‌ക്ക് നോവല്‍ ആഴ്‌ചതോറും വായിച്ചുനീങ്ങിയത്‌ കൗതുകകരമായ ഒരോര്‍മ്മയായി അവശേഷിക്കുന്നു.
വായനക്കാരുടെ
പ്രതികരണങ്ങള്‍
എങ്ങനെയായിരുന്നു?

തലസ്‌ഥാനനഗരിയിലെ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ ഒരു വാര്‍ഡില്‍ കിടന്ന്‌ അര്‍ബുദരോഗബാധിതനായ ഒരു യുവാവ്‌ തന്റെ അവസാന നാളുകളില്‍ വായിച്ചിരുന്നത്‌ ആയുസിന്റെ പുസ്‌തകമാണെന്നും അത്‌ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചാണ്‌ അവന്‍ എന്നെന്നേക്കുമായി കണ്ണടച്ചതെന്നും ഞാനറിയുന്നത്‌ അരുവിപ്പുറത്ത്‌ ഒരു സാഹിത്യക്യാമ്പില്‍ സംബന്ധിക്കുമ്പോഴാണ്‌. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ സംഘടിപ്പിച്ച ക്യാമ്പായിരുന്നു. അതിനിടയില്‍ ഞാന്‍ ചില വിദ്യാര്‍ഥികള്‍ക്കൊപ്പം നെയ്യാറ്‌ കാണാന്‍ പോയി. ഒരു ക്ഷേത്ര പ്രതിഷ്‌ഠയ്‌ക്കായി ശ്രീനാരായണഗുരു ശിലാഖണ്ഡം മുങ്ങിയെടുത്ത നദി. കരിമ്പാറകള്‍ക്കിടയിലൂടെ വന്യമായൊരു സൗന്ദര്യത്തോടെ അത്‌ കൊടുംവെയിലില്‍ ഒഴുകിക്കൊണ്ടിരുന്നു.
മടക്കയാത്രയില്‍ ഞാനും ഒരു വിദ്യാര്‍ഥിയും തെല്ലു പിറകിലായി. അപ്പോഴാണ്‌ അവന്‍ തന്നെ വിട്ടുപിരിഞ്ഞ കൂട്ടുകാരനെക്കുറിച്ച്‌ പറഞ്ഞത്‌.
''അത്രയ്‌ക്ക് ഇഷ്‌ടമായിരുന്നു അവന്‌ ആയുസ്സിന്റെ പുസ്‌തകം. എപ്പോഴും പറയും. പിന്നേം പിന്നേം വായിക്കും. അതെഴുതിയ സാറിനെ നേരിലൊന്നു കാണണമെന്നതായിരുന്നു അവന്റെ ഏറ്റവും വലിയ മോഹം. പക്ഷേ...''
നെഞ്ചില്‍ നിന്ന്‌ ഒരു തേങ്ങലുയര്‍ന്ന്‌ എന്റെ തൊണ്ടയില്‍ കുരുങ്ങി.
''ഒരു കാര്‍ഡ്‌ എഴുതിയിട്ടിരുന്നെങ്കില്‍ ഞാന്‍ വരുമായിരുന്നല്ലോ.'' അങ്ങനെ പറയുമ്പോള്‍, ഞാനോര്‍ക്കുന്നു, എന്റെ ശബ്‌ദം ഇടറിയിരുന്നു.
പിന്നെ ഞങ്ങള്‍ നിശബ്‌ദരായി നടന്നു. ക്യാമ്പിലെത്തുവോളം ഒരു വാക്കും ഉരിയാടിയില്ല. ഏറ്റവും പ്രിയങ്കരനായ വായനക്കാരനെ നഷ്‌ടപ്പെട്ട എഴുത്തുകാരന്റെ സങ്കടത്തില്‍ എന്റെ ഉള്ള്‌ നീറിപ്പുകഞ്ഞു.
ഇത്രയും കാലത്തിനിടയില്‍ അനേകം വായനക്കാര്‍ ഈ കൃതിയിലൂടെ സ്‌നേഹാര്‍ദ്രതയോടെ കടന്നുപോയിട്ടുണ്ട്‌. ചില വര്‍ഷങ്ങളില്‍ കേരളത്തിലും പുറത്തും സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക്‌ ഇതൊരു പാഠപുസ്‌തകമായിരുന്നു. പലരും ഗവേഷണത്തിന്റെ ഭാഗമായി ഇതിനെ സമീപിച്ചിട്ടുണ്ട്‌. കോട്ടയത്തെ മിടുക്കിയായ ഒരു പെണ്‍കുട്ടി (അവള്‍ ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്നു) വെളിപ്പെടുത്തിയതനുസരിച്ച്‌ അവളുടെ ആണ്‍സുഹൃത്തില്‍ നിന്നു കിട്ടിയ പ്രഥമ സമ്മാനം ഈ പുസ്‌തകമായിരുന്നു. പിന്നീടെന്നോ ഒ.വി. വിജയന്റെ മുന്നില്‍വച്ച്‌ അവള്‍ അതില്‍ എന്റെ കയെ്ൊപ്പു വാങ്ങിയത്‌ ഓര്‍മ്മയിലുള്ള സവിശേഷമായ ഒരു മുഹൂര്‍ത്തമാണ്‌. നോവലിന്റെ കുറേ ഭാഗങ്ങളെങ്കിലും തന്നെ വായിച്ചുകേള്‍പ്പിക്കണമെന്ന്‌ വിജയേട്ടന്‍ അവളെ ചട്ടംകെട്ടുകയുണ്ടായി അന്ന്‌. അവള്‍ അങ്ങനെ ചെയ്‌തിരിക്കണം.
ആയൂസ്സിന്റെ പുസ്‌തകം
എഴുതിക്കഴിഞ്ഞ്‌
നീണ്ട വര്‍ഷങ്ങള്‍ക്കു
ശേഷമാണല്ലോ
കൊല്‍ക്കൊത്തയിലേക്ക്‌
യാത്രപോയത്‌?
എന്തായിരുന്നു
അനുഭവങ്ങള്‍?

ആയൂസ്സിന്റെ പുസ്‌തകം എഴുതിക്കഴിഞ്ഞ്‌ മുപ്പത്തിയഞ്ചിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ കൊല്‍ക്കത്തയിലേക്ക്‌ അടുത്തിടെ വീണ്ടുമൊരു യാത്ര നടത്തിയത്‌. ആയുസ്സിന്റെ പുസ്‌തകമെന്ന നോവല്‍ പിറവിയെക്കുറിച്ചും എന്റെ യൗവന കാല സ്‌മരണകളെക്കുറിച്ചും എഴുതാനായിരുന്നു യാത്ര. അതും പുസ്‌തകമായി പുറത്തിറങ്ങി. 'ഏതേതോ സരണികളില്‍' എന്ന ആ യാത്രാവിവരണം മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ്‌ പ്രസിദ്ധീകരിച്ചത്‌. ബാല്യസ്‌മരണകളായ 'പരല്‍ മീന്‍ നീന്തുന്ന പാട'ത്തിന്റെ തുടര്‍ച്ചയായാണ്‌ 'ഏതേതോ സരണികളില്‍' പ്രസിദ്ധീകരിച്ചത്‌.
യൗവന കാലത്ത്‌ നടന്ന ചൗരംഗി റോഡിലൂടെയും, രാഷ്‌ ബിഹാരി അവന്യൂവിലുടെയും പാര്‍ക്ക്‌ സ്‌ട്രീറ്റിലുടെയും കോളജ്‌ സ്‌ട്രീറ്റിലുടെയും, ഗരിയാഹട്ട്‌ മീന്‍ചന്തയിലൂടെയും, രബീന്ദ്ര സരോവരിന്റെ തീരങ്ങളിലൂടെയുമൊക്കെ നടക്കുക എന്നത്‌ കൗതുകകരമായ ഒരു അനുഭവമായിരുന്നു. ഓരോ കാല്‍വയ്‌പ്പിലും ഞാന്‍ പഴയ നാളുകളോര്‍ത്തു. ഓര്‍മ്മകള്‍ സദാതിടം വച്ചുകൊണ്ടിരുന്നു. ഒപ്പം ശാന്തിനികേതനിലും ചെന്നു. ഗംഭീരാകാരം പൂണ്ട ഓരോ വൃക്ഷത്തിലും വൃക്ഷ ശിഖരങ്ങളിലും ഇരുന്നു പാടുന്ന ഓരോ പക്ഷിയിലും ടാഗോറുണ്ടെന്നു തോന്നി. യാത്രയ്‌ക്കിടയില്‍ സെന്റ്‌ പോള്‍സ്‌ കത്തീഡ്രലിലും എത്തി. വിവരണാതീതമായ ഒരു അനുഭവമായിരുന്നു അത്‌. എന്റെ ഏറ്റവും പ്രിയങ്കരമായ രചനയുടെ ഉറവിടത്തിലേക്കുള്ള ഒരു തിരിച്ചു നടത്തം എന്നു വിശേഷിപ്പിക്കാം ഈ യാത്രയെ.
ആയുസ്സിന്റെ പുസ്‌തകത്തിന്‌ അക്കാദമി അവഗണിച്ചത്‌
വായനകാര്‍ക്ക്‌ ഇന്നും
അത്ഭുതമാണല്ലോ?.
എന്ത്‌ തോന്നുന്നു?

അവാര്‍ഡ്‌ കിട്ടാത്തതില്‍ എനിക്ക്‌ ഖേദമില്ല. അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ കൂടിയും 33 വര്‍ഷമായി പുസ്‌തകം നിലനില്‍ക്കുന്നുവെന്നത്‌ വലിയകാര്യമല്ലേ? . പുസ്‌തകം ഇറങ്ങിയ ശേഷം മൂന്ന്‌ തവണയും അക്കാദമി അവാര്‍ഡിന്‌ പുസ്‌തകം പരിഗണിക്കപ്പെട്ടിരുന്നു. ആദ്യവര്‍ഷം പരിഗണനയ്‌ക്കു എത്തിയപ്പോള്‍ തകഴിയായിരുന്നു അക്കാദമിയുടെ അധ്യക്ഷന്‍. അന്ന്‌ തകഴി, ബാലകൃഷ്‌ണന്‍ ചെറുപ്പമല്ലേ, ഇനിയും അവസരമുണ്ടല്ലോയെന്ന്‌ പറഞ്ഞതായി ഒരു പത്രത്തില്‍ വാര്‍ത്തവന്നിരുന്നു. ജി. വിവേകാനന്ദന്റെ നോവലിനായിരുന്നു അക്കൊല്ലം അവാര്‍ഡ്‌ കിട്ടിയത്‌. അടുത്ത രണ്ടു തവണയും സീനിയോറിറ്റിതന്നെയാണ്‌ പരിഗണിക്കപ്പെട്ടത്‌. പിന്നെ, ഇപ്പോള്‍ കേരളത്തില്‍ കാണുന്നതു പോലെ അനവധി പുരസ്‌കാരങ്ങളോ അവാര്‍ഡുകളോയൊന്നും അന്നില്ല.
പിന്നെ നോവല്‍ വായിച്ച്‌ അരവിന്ദനും, പത്മരാജനും, ആനന്ദുമെല്ലാം വളരെ നല്ല അഭിപ്രായമാണ്‌ പറഞ്ഞത്‌. ആയൂസ്സിന്റെ പുസ്‌തകം മലയാളത്തിലെ ഒരു ക്ലാസിക്കല്ലേ എന്നാണ്‌ ആനന്ദ്‌ വിശേഷിപ്പിച്ചത്‌. അവാര്‍ഡുകളാണ്‌ പുസ്‌തകങ്ങളെ നിലനിര്‍ത്തുന്നതെന്ന വിശ്വാസം എനിക്കില്ല. അവാര്‍ഡുകള്‍ കിട്ടിയ പല കൃതികളുടെ പേരുപോലും വായനക്കാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. അതില്‍ പലതും കാലഹരണപ്പെട്ടുപോയി. പുസ്‌തകത്തിന്റെ പുറംചട്ടയില്‍ എഴുതിയ പുരസ്‌കാരത്തിന്റെ ബലത്തേക്കാള്‍ ഉള്ളിലുള്ളതിനാണ്‌ കനവും, ഗുണവും വേണ്ടത്‌. ആയുസ്സിന്റെ പുസ്‌തകം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ പുസ്‌തകത്തിന്‌ ഒരു ആത്മചൈതന്യമുള്ളതുകൊണ്ടാണ്‌. സ്വന്തം ബലത്തിലാണ്‌ അത്‌ നിലനില്‍ക്കുന്നത്‌.
തെരുവില്‍ വളര്‍ന്ന ഒരു കുട്ടിയായാണ്‌ ഞാന്‍ ആയുസ്സിന്റെ പുസ്‌തകത്തെ താരതമ്യപ്പെടുത്തുന്നത്‌. ഓമനിക്കാനാളില്ലാതെ, താലോലിക്കാനാളില്ലാതെ, ക്ലേശതകളും, കഷ്‌ടതയിലും, മാലിന്യത്തിലും കിടന്നാണ്‌ അത്‌ വളര്‍ന്നുവന്നത്‌. അങ്ങനെ അനാഥനായി തെരുവില്‍ ജനിച്ച പലകുട്ടികളും മരിച്ചുപോയി. ആയുസ്സിന്റെ ബലംകൊണ്ട്‌ ആയുസ്സിന്റെ പുസ്‌തകം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. ഓരോ തലമുറയും ഇപ്പോഴും അത്‌ വായിക്കുന്നു. ഞാന്‍ പുസ്‌തകം എഴുതിയപ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവരാണ്‌ ഇന്ന്‌ പുസ്‌തകം വായിക്കുന്നത്‌. അതില്‍ സന്തോഷമുണ്ട്‌.

Ads by Google
Sunday 22 Jan 2017 12.38 AM
YOU MAY BE INTERESTED
TRENDING NOW