Monday, December 11, 2017 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jan 2017 03.09 PM

കട്ടപ്പനയുടെ സ്വന്തം കനി

uploads/news/2017/01/72048/lijomolINW1.jpg

മഹേഷിന്റെ പ്രതികാരമെന്ന ഒറ്റ ചിത്രം മതി ഈ നടിയെ ഓര്‍ക്കാന്‍. കുസൃതിനിറഞ്ഞ സംസാരവും നിഷ്‌ക്കളങ്കമായ ചിരിയും ഈ ഇടുക്കിക്കാരിയെ സിനിമാപ്രേമികള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കി. നടി ലിജോ മോള്‍ തന്റെ സിനിമാകുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...

സോണിയ നമ്മുടെ മുത്തല്ലേ...നിങ്ങളെന്താണീ പറയണത്? മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തില്‍ സൗബിന്‍ പറയുന്ന രസകരമായൊരു ഡയലോഗാണിത്. ഡയലോഗും ഹിറ്റായി. ഇതിലെ സോണിയയും ഹിറ്റായി.

സോണിയയായെത്തിയ ലിജോ മോള്‍ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. സോണിയയ്ക്ക് ശേഷം ലിജോ വീണ്ടും നായികയായി. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ.

ചിത്രത്തിലെ കനിയെന്ന ഗ്രാമീണ സുന്ദരിയെ ലിജോ അവിസ്മരണീയമാക്കി. സോണിയയില്‍ നിന്നും കനിയിലേക്കുള്ള വളര്‍ച്ചയെ കണ്‍കുളിര്‍ക്കെ നോക്കിക്കാണുകയാണ് ലിജോ മോള്‍.

ഭാഗ്യം വന്ന വഴി


മഹേഷിന്റെ പ്രതികാരത്തിന്റെ കാസ്റ്റിംഗ് കോള്‍ വന്നപ്പോള്‍ എന്റെയൊരു സുഹൃത്ത് പറഞ്ഞിട്ടാണ് ഞാന്‍ ഫോട്ടോ അയച്ചത്. അപ്പോഴും എന്നെ തെരഞ്ഞെടുക്കുമെന്നുള്ള പ്രതീക്ഷയൊന്നും എനിക്കില്ല.

എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഫോട്ടോസ് അയച്ചതിന്റെ രണ്ടാമത്തെ ദിവസം അവരെന്നെ വിളിച്ചു. ഭയത്തോടെയാണ് ഞാന്‍ ഓഡിഷന് ചെന്നത്. അവിടെ നിന്ന് വിറയ്ക്കുന്ന എന്നെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കര്‍ ചേട്ടന്റെ ഭാര്യയാണ് ധൈര്യം തന്നത്. പേടിച്ച് നില്‍ക്കാതെ കഴിവിനൊത്ത് ഉയരണമെന്നും ചേച്ചി പറഞ്ഞു.

എനിക്ക് സ്‌ക്രീന്‍ ടെസ്റ്റിന് അഭിനയിക്കാന്‍ തന്ന രംഗം ചിത്രത്തിലേത് തന്നെയാണ്. എന്റെ ചാച്ചന്റെ (അലന്‍സിയര്‍)കടയില്‍ ജോലിക്കാര്യം പറയാനായി ക്രിസ്പിന്‍ ചേട്ടന്‍( സൗബിന്‍)വരുമ്പോള്‍ ആരാണെന്ന് ചോദിക്കുകയും കയറിയിരിക്കാന്‍ പറയുകയും ചെയ്യുന്ന സീനാണ് ചെയ്തത്.

പേടിച്ചാണ് ഞാന്‍ ആ സീന്‍ പൂര്‍ത്തീകരിച്ചത്. പക്ഷേ എല്ലാവര്‍ക്കും അതൊരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് അഭിനന്ദനവും ലഭിച്ചു. അതോടെ പേടി പമ്പ കടന്നു.

കനിയായതെങ്ങനെ?


അമര്‍ അക്ബര്‍ അന്തോണി കണ്ട ശേഷം നാദിര്‍ഷിക്കയുടെ സിനിമയില്‍ അഭിനയിക്കണമെന്നത് എന്റെ വലിയൊരാഗ്രഹമായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന്‍ ചിറ്റൂര്‍ ചേട്ടനാണ് ഈ ചിത്രത്തിലെ കനിയുടെ കഥാപാത്രത്തിനായി അഭിനയിക്കാന്‍ വിളിക്കുന്നത്.

നാദിര്‍ഷിക്കായുടെ സിനിമയാണെന്നറിഞ്ഞപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. സിനിമാ ലൊക്കേഷനിലെത്തിയപ്പോള്‍ തന്നെ എനിക്ക് തിരക്കഥ വായിക്കാന്‍ തന്നു. ഒരുപാട് ആസ്വദിച്ച് ചെയ്തൊരു കഥാപാത്രമായിരുന്നു കനിയുടേത്.

uploads/news/2017/01/72048/lijomolINW2.jpg

മറക്കാനാവാത്ത അഭിനന്ദനങ്ങള്‍?


മഹേഷിന്റെ പ്രതികാരം റിലീസായപ്പോഴും കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ റിലീസായപ്പോഴും പ്രമുഖരില്‍ നിന്നും എന്നെത്തേടി അഭിനന്ദനങ്ങള്‍ വന്നു. ജയസൂര്യച്ചേട്ടനാണ് ആദ്യം വിളിച്ചത്. നീ നന്നായി അഭിനയിച്ചിട്ടുണ്ട്.. എന്ന് പറഞ്ഞു.

പിന്നീട് മമ്മൂക്കയില്‍ നിന്നാണ് അഭിനന്ദനം ലഭിച്ചത്. മമ്മൂക്ക എന്നെ നേരിട്ട് വിളിച്ചില്ല. എനിക്കറിയാവുന്നൊരാളോട് ഞാന്‍ മിടുക്കിയാണെന്നും നല്ല കഴിവുള്ള കുട്ടിയാണെന്നും പറഞ്ഞു. വലിയൊരു അവാര്‍ഡ് ലഭിച്ച പ്രതീതിയായിരുന്നു എനിക്കപ്പോള്‍.

ജീവിതത്തില്‍ കനിയാണോ സോണിയയാണോ?


യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ കനിയുമല്ല, സോണിയയുമല്ല. ലിജോ മോള്‍ക്ക് ഇവരില്‍ ആരുമായും യാതൊരു സാമ്യവുമില്ല. കനിയും സോണിയയും തനി നാടന്‍ പെണ്‍കുട്ടികളാണ്. ഞാനത്ര നാടനല്ല. അല്പം മോഡേണാണ്. ജീന്‍സും ടോപ്പുമാണ് എന്റെ പ്രിയവസ്ത്രം.

അഭിനയത്തിനിടയില്‍ പഠനം?


ഞാന്‍ പി.ജി.കഴിഞ്ഞു. ലൈബ്രറി സയന്‍സാണ് പഠിച്ചത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍. എനിക്ക് പത്രപ്രവര്‍ത്തകയാവണമെന്നായിരുന്നു ആഗ്രഹം. അതിനായി കൊച്ചിയില്‍ നിന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സ് പഠിച്ചു.

ഒരു പ്രമുഖ ചാനലില്‍ കുറച്ച് നാള്‍ ഇന്റേണ്‍ഷിപ്പും ചെയ്തു. പക്ഷേ അപ്പോഴൊന്നും എനിക്കൊരു സംതൃപ്തി ലഭിച്ചില്ല. അങ്ങനെയാണ് പോണ്ടിച്ചേരിയില്‍ ലൈബ്രറി സയന്‍സ് പഠിക്കാന്‍ പോയത്. ഇപ്പോഴെനിക്ക് കോളേജ് ലക്ച്ചറര്‍ ആവണമെന്നാണ് ആഗ്രഹം. ഒപ്പം നല്ല സിനിമകളും ചെയ്യണം.

uploads/news/2017/01/72048/lijomolINW3.jpg

കുടുംബത്തെക്കുറിച്ച്?


കൊച്ചുകുടുംബമാണെന്റേത്. എന്റെ വീട് പീരുമേടാണ്. അച്ഛനും അമ്മയും അനിയത്തിയുമാണെന്റെ കുടുംബം. അച്ഛന്‍ രാജീവ് കര്‍ഷകനാണ്. അമ്മ ലിസമ്മ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നു. അനിയത്തി ലിയ എം.ബി.രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
TRENDING NOW