Monday, January 15, 2018 Last Updated 53 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 16 Jan 2017 07.03 PM

പ്രവാസിയെ മറന്ന 'പ്രവാസി ഭാരതീയ ദിവസ്'; കാത്തിരിപ്പ് ബാക്കി

uploads/news/2017/01/71391/pravasi.jpg

'പ്രവാസി ഭാരതീയ ദിവസ്'... നാടും വീടും വിട്ട് കഷ്ടപ്പെടുന്ന പ്രവാസിയ്ക്ക് മാത്രമായി ഒരു ദിനം. അവരുടെ ആവലാതികളും പരിഭവങ്ങളും പറയാനുള്ള ഒരു വേദി. എന്നാല്‍, സാധാരണ പ്രവാസികള്‍ക്ക് എന്തെങ്കിലും അവിടെ നിന്നും കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അവര്‍ നെറ്റി ചുളിക്കും. പ്രതിനിധി ഫീസ് തന്നെ ആയിരങ്ങള്‍ വരുന്ന സമ്മേളനത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ എത്തിപ്പെടുന്നതു തന്നെ വിരളം.

ബംഗുളൂരു സമ്മേളനത്തില്‍ തങ്ങളുടെ ക്ഷേമത്തിനായുള്ള എന്തെങ്കിലും ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാവില്‍ നിന്നും വീഴുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ആ വലിയ കാത്തിരിപ്പ് നല്‍കിയ പ്രതീക്ഷകള്‍ക്ക് അല്‍പായുസ്സായിരുന്നു ഫലം.

പ്രവാസികളുടെ പ്രതീക്ഷകളുമായി തട്ടിച്ചു നോക്കിയാല്‍ മണല്‍ത്തരിയോളം പോന്ന കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തി മറ്റൊന്നിലും പ്രധാനമന്ത്രി സ്പര്‍ശിച്ചില്ല. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അഭാവമാണ് ഇതിന് കാരണമെന്നും അവര്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറേക്കൂടി നല്ല തീരുമാനങ്ങള്‍ വന്നേനേ എന്നും വിശ്വസിക്കുന്നവരും കുറവല്ല.

എന്നാല്‍, കൊച്ചു കേരളത്തിന്റെ നഷ്ടം അവിടെയും തീരുന്നില്ല. തിരുവനന്തപുരത്ത് പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാല്‍ മുഖ്യമന്ത്രിമാര്‍ സംബന്ധിച്ച സെഷനില്‍ കേരളത്തിന് പ്രാതിനിധ്യം ഇല്ലാതെ പോയി. മുഖ്യമന്ത്രിയ്ക്ക് പ്രവാസി സമ്മേളനത്തെക്കാള്‍ വലുത് പോളിറ്റ് ബ്യൂറോ യോഗം ആണെന്ന മുറുമുറുപ്പും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, മുഖ്യമന്ത്രിയുടെ അഭാവം നികത്താന്‍ അവിടെയെത്തിയ വിദ്യാഭ്യാസമന്ത്രിക്ക് ആകട്ടെ വേദിയില്‍ ഇരിപ്പിടം പോലും കിട്ടിയതുമില്ല.

അതോ പ്രതീക്ഷകള്‍ ഓരോന്നായി അസ്തമിച്ചു തുടങ്ങി. ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണത്തിന്റെ വര്‍ത്തമാനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവിടെ നിന്നും തിരിച്ച് പോരേണ്ടി വന്നാല്‍ പിന്നീട് എന്ത്, എന്ന ആശങ്ക ഓരോ പ്രവാസിയുടെയും മുഖത്ത് നിഴലിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റ് തിരിച്ചു പോക്കിന്റെ വക്കിലാണ് ഭൂരിഭാഗം പേരും. ഇക്കാര്യം കണക്കിലെടുത്ത് പെന്‍ഷന്‍, പുനരധിവാസം പദ്ധതികളും ഇതിന് പുറമേ വിമാനയാത്രക്കൂലി വര്‍ധനയും വോട്ടവകാശവും ഉള്‍പ്പെടെയുള്ള പരാതികളും പരിഭവങ്ങളും ഒക്കെയാണ് പ്രവാസികള്‍ക്ക് പറയാനുള്ളത്. എന്നാല്‍, ഇന്നും പ്രവാസികളോട് കാട്ടുന്ന എന്തെന്നില്ലാത്ത ഒരു അവഗണനമാത്രം ബാക്കിയാക്കി ആ ദിനവും കടന്നുപോയി.

നിക്ഷേപം ആകര്‍ഷിക്കുന്നതും അവാര്‍ഡ് നല്‍കുന്നതും നല്ലതു തന്നെ. എന്നാല്‍, ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളെ അവഗണിച്ച ഈ മാമാങ്കത്തില്‍ നേട്ടം ആര്‍ക്ക് എന്ന ചോദ്യം ഇനിയും ബാക്കിയാണ്. എന്താണ് പ്രവാസിക്ഷേമം എന്നതിന് വ്യക്തമായ ഒരു മറുപടി കണ്ടെത്താന്‍ കഴിയാത്ത കാലത്തോളം ഒരു പടിയ്ക്കിപ്പുറം നിന്ന് എത്തിനോക്കുന്ന പ്രതീക്ഷകളായി പ്രവാസികളുടെ ആഗ്രഹങ്ങള്‍ ചുരുങ്ങും.

Ads by Google
Monday 16 Jan 2017 07.03 PM
YOU MAY BE INTERESTED
TRENDING NOW