Wednesday, September 20, 2017 Last Updated 35 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.03 AM

വി.എസ്‌. വിഷയം അടഞ്ഞ അധ്യായമെന്നു കോടിയേരി

uploads/news/2017/01/69863/5k.jpg

തിരുവനന്തപുരം: വി.എസ്‌. അച്യുതാനന്ദനുമായി ബന്ധപ്പെട്ടു പാര്‍ട്ടിയിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കേന്ദ്ര കമ്മിറ്റി വി.എസിനെതിരേ നടപടി പ്രഖ്യാപിച്ചതോടെ തര്‍ക്കങ്ങള്‍ അവസാനിച്ചു. ഇനി പുതിയ അധ്യായമാണ്‌. അതു പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുമെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമന ആരോപണം പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ ചര്‍ച്ചചെയ്‌ത്‌, അടുത്ത കേന്ദ്ര കമ്മിറ്റിക്കു മുമ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കും. ബന്ധുനിയമനവിവാദം അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചെന്ന വാര്‍ത്ത ശരിയല്ല. വി.എസിനെ സംസ്‌ഥാനസമിതിയില്‍ ക്ഷണിതാവാക്കാന്‍ കേന്ദ്ര കമ്മിറ്റി എടുത്ത തീരുമാനം എല്ലാ പാര്‍ട്ടി അംഗങ്ങളും അംഗീകരിക്കണം. വി.എസിനെതിരേ കൂടുതല്‍ നടപടി വേണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ വി.എസ്‌. സംസ്‌ഥാനസമിതിയില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നുണ്ട്‌. കേന്ദ്ര കമ്മിറ്റിയില്‍ അദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കുന്നുമുണ്ട്‌. കേരളവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും അദ്ദേഹത്തിനു സംസ്‌ഥാനസമിതിയില്‍ അഭിപ്രായം പ്രകടിപ്പിക്കാമെന്നു കേന്ദ്ര കമ്മിറ്റി വ്യക്‌തമാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഘടകം സംസ്‌ഥാനസമിതിയാണ്‌. അതിനു പുറത്ത്‌ അഭിപ്രായം പറയരുതെന്നാണോ എന്ന ചോദ്യത്തിന്‌, പുറത്തു ഞാനും പാര്‍ട്ടിക്കെതിരേ പറയാന്‍ പാടില്ലല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി.
വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ നിയമവിരുദ്ധമായൊന്നും ചെയ്‌തിട്ടില്ല. അദ്ദേഹം തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ. ആരും നിയമത്തിന്‌ അതീതരല്ല. വിജിലന്‍സ്‌ സ്വതന്ത്രമായാണു പ്രവര്‍ത്തിക്കുന്നത്‌. വിജിലന്‍സിനു സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കാറില്ല. ഐ.എ.എസുകാരുമായി സര്‍ക്കാരിനു നല്ല ബന്ധമാണ്‌. അവരെ വിമര്‍ശിച്ച സി.പി.എം. അനുകൂല സര്‍വീസ്‌ സംഘടനയുടെ നിലപാട്‌ പാര്‍ട്ടിയുടേതല്ല. സ്വാശ്രയ മാനേജ്‌മെന്റുകളുടേതു പ്രാകൃതനിലപാടാണ്‌. അവരെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കണം.
സാഹിത്യകാരന്‍മാര്‍ക്കെതിരേ മറ്റു സംസ്‌ഥാനങ്ങളിലുണ്ടായ നീക്കങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കാനാണ്‌ ആര്‍.എസ്‌.എസ്‌. നീക്കം. എം.ടി. വാസുദേവന്‍നായര്‍ക്കും കമലിനുമെതിരേ സംഘപരിവാര്‍ നടത്തുന്ന ആക്രോശം സാംസ്‌കാരികകേരളത്തെ മലിനമാക്കുകയാണ്‌.
നോട്ടുകള്‍ അസാധുവാക്കി ജനത്തെ ദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാരിനെതിരേ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി 25-നു ജില്ലാകേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതീകാത്മകവിചാരണചെയ്യും. ഫെബ്രുവരി 15-നകം കേരളത്തിലെ 2,000 കേന്ദ്രങ്ങളില്‍ ബഹുജനകൂട്ടായ്‌മ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.

Ads by Google
Advertisement
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW