Thursday, June 29, 2017 Last Updated 8 Min 16 Sec ago English Edition
Todays E paper
മിഥുന്‍ സുധാകരന്‍
Thursday 12 Jan 2017 01.03 AM

ലഹരിവസ്തുക്കളേക്കാള്‍ പതിന്മടങ്ങ് കിക്ക് ; മത്തുപിടിക്കാന്‍ മനോരോഗചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന 'ബട്ടണ്‍' മരുന്നു വ്യാപകം

uploads/news/2017/01/69862/4k.jpg

തിരുവനന്തപുരം: മനോരോഗചികിത്സയ്‌ക്കുള്ള മരുന്നുകള്‍ സംസ്‌ഥാനവ്യാപകമായി ലഹരിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു. സ്‌ഥിരം ലഹരി ഉപയോക്‌താക്കള്‍ക്കിടയില്‍ ബട്ടണ്‍ എന്ന പേരിലാണ്‌ ഇത്തരം മരുന്നുകള്‍ അറിയപ്പെടുന്നത്‌. ഡോക്‌ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇവ വില്‍ക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ പൂട്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിരീക്ഷണത്തിനും നടപടികള്‍ക്കുമായി ആഭ്യന്തര-ആരോഗ്യവകുപ്പുകള്‍ സംയുക്‌തമായി നീങ്ങും.

ഷെഡ്യൂള്‍ എച്ച്‌ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ഡോക്‌ടറുടെ കുറിപ്പുകൂടാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്നു വില്‍ക്കരുതെന്നാണു നിയമം. എന്നാല്‍, ഇത്തരം മരുന്നുകള്‍ ലഹരി ഉപയോക്‌താക്കള്‍ എളുപ്പത്തില്‍ സംഘടിപ്പിക്കുന്നു. ഏതെങ്കിലും ആശുപത്രിയില്‍നിന്ന്‌, ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ വാങ്ങിയ ഒ.പി. ടിക്കറ്റില്‍ ഇത്തരം മരുന്നുകളുടെ പേര്‌ എഴുതിച്ചേര്‍ത്താണു മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന്‌ ഇവ സംഘടിപ്പിക്കുന്നത്‌. ഷെഡ്യൂള്‍ എച്ച്‌ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുമ്പോള്‍, ഉപയോക്‌താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണു നിയമം. എന്നാല്‍, ഇതു മിക്ക മെഡിക്കല്‍ സ്‌റ്റോറുകളിലും പാലിക്കപ്പെടുന്നില്ല. ആശുപത്രികളില്‍നിന്നുള്ള ഒ.പി. ടിക്കറ്റുകളില്‍ ഡോക്‌ടറുടെ ഒപ്പോ മുദ്രയോ ഉണ്ടാകാറില്ലെന്നതും ലഹരിമരുന്ന്‌ ലോബിക്കു സഹായകമാകുന്നു.

മറ്റു ലഹരിവസ്‌തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്നതിലും പതിന്മടങ്ങാണത്രേ ഇവയുടെ കിക്ക്‌. കൂടിയ അളവില്‍ ബട്ടണ്‍ അകത്തുചെന്നാല്‍ രണ്ടുദിവസത്തേക്കു ലഹരി നിലനില്‍ക്കും. മറ്റു ലഹരിവസ്‌തുക്കളെ അപേക്ഷിച്ച്‌ വില കുറവാണെന്നതും ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. ബെന്‍സോ ഡയസെപിന്‍ വിഭാഗത്തില്‍പ്പെട്ട നൈട്രാസെപാം, ക്ലോണസെപാം, ലോറസെപാം, ലിബ്രിയന്‍ തുടങ്ങിയ മനോരോഗമരുന്നുകളാണു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്‌. അമിതോത്‌കണ്‌ഠ, ഉറക്കമില്ലായ്‌മ, ഭയം തുടങ്ങിയ അവസ്‌ഥകളുടെ താത്‌കാലികശമനത്തിനാണ്‌ ഇത്തരം മരുന്നുകള്‍ പൊതുവേ ഉപയോഗിക്കുന്നത്‌. എന്നാല്‍, ഏറെയും മാനസികരോഗമില്ലാത്ത ലഹരി ഉപയോക്‌താക്കളാണ്‌ ഇവയെ ആശ്രയിക്കുന്നതെന്ന്‌ എറണാകുളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ.സി.ജെ. ജോണ്‍ ചൂണ്ടിക്കാട്ടി.

ഡോക്‌ടര്‍മാര്‍ നല്‍കിയ കുറിപ്പിന്റെ കാലാവധി കഴിഞ്ഞും അതുമായെത്തുന്നവര്‍ക്കു മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്നു മരുന്നുകള്‍ നല്‍കുന്നുണ്ട്‌. മനോരോഗമില്ലാത്തവര്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രതീക്ഷയ്‌ക്കപ്പുറമുള്ള ലഹരി ലഭിക്കുകയും തുടര്‍ന്ന്‌ അബോധാവസ്‌ഥയിലേക്കു വഴുതിവീഴുകയും ചെയ്യും. പിന്നീട്‌ ഇവര്‍ ലഹരിക്കു പൂര്‍ണമായി അടിപ്പെടും.

വിഷാദരോഗത്തിനുള്ള മരുന്നുകളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്‌. എന്നാല്‍ ഉത്‌കണ്‌ഠയ്‌ക്കെതിരായ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന വേഗത്തില്‍ വിഷാദത്തിനുള്ള മരുന്നുകള്‍ പ്രവര്‍ത്തിക്കില്ല. ബെന്‍സോ ഡയസെപിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നവയാണ്‌. ഇവയുടെ ദുരുപയോഗം ശരീരത്തിന്റെ സ്വാഭാവികസന്തുലനത്തെ ബാധിക്കും. തുടര്‍ന്നു സ്‌ഥിരമായ തളര്‍ച്ചയോ മരണംതന്നെയോ സംഭവിക്കാം.

Ads by Google
മിഥുന്‍ സുധാകരന്‍
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW