Tuesday, June 19, 2018 Last Updated 39 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.03 AM

വിപണിയിലിടപെടാതെ റബര്‍ ബോര്‍ഡ്‌; ടയര്‍ കമ്പനികളും പിന്‍വലിഞ്ഞു

uploads/news/2017/01/69861/3k.jpg

കോട്ടയം:വിലമാത്രം പ്രഖ്യാപിച്ചു വിപണിയിലിടപെടാതെ റബര്‍ ബോര്‍ഡും ഒളിച്ചുകളിച്ചു ടയര്‍ കമ്പനികളും തുടരുന്നതിനിടെ റബറിന്റെ ആഭ്യന്തര - രാജ്യാന്തര വിലകള്‍ തമ്മിലുള്ള അന്തരം 20 രൂപ. രാജ്യാന്തരവില കുതിച്ചുയരുമ്പോള്‍ ആഭ്യന്തര വില വര്‍ധനയ്‌ക്ക്‌ ആമവേഗം.
കര്‍ഷകര്‍ക്കു ശുഭസൂചന നല്‍കി ആഭ്യന്തരവിപണിയില്‍ ഇന്നലെ 145 രൂപയ്‌ക്കു വരെ റബര്‍ വ്യാപാരം നടന്നുവെങ്കിലും റബര്‍ ബോര്‍ഡ്‌ വില 143 രൂപയിലൊതുങ്ങി. 140 രൂപയില്‍ കൂടിയ തുകയ്‌ക്കു റബര്‍ വാങ്ങാന്‍ ടയര്‍ വ്യാപാരികള്‍ തയാറാകുന്നുമില്ല.

ഏറെ നാളുകള്‍ക്കുശേഷം റബര്‍ വില 145 രൂപയിലെത്തിയെങ്കിലും രാജ്യാന്തരവിലയേക്കാള്‍ 20 രൂപ കുറവാണ്‌. ബാങ്കോക്ക്‌ വില 5.63 രൂപ കൂടി 169.56 രൂപയിലും മലേഷ്യന്‍ ക്രംബ്‌ റബര്‍ വില 3.82 രൂപ കൂടി 147.73 രൂപയിലുമെത്തി. ഒരു മാസത്തിനിടെ ബാങ്കോക്ക്‌ വിലയില്‍ 27.19 രൂപയുടെയും മലേഷ്യന്‍ വിലയില്‍ 26.32 രൂപയുടെയും വര്‍ധനയുണ്ടായപ്പോള്‍ ആഭ്യന്തര വിലയിലുണ്ടായ വര്‍ധന 13.50 രൂപ മാത്രം.

ചൈനയുടെ ഉപഭോഗം വര്‍ധിച്ചതും തായ്‌ലന്‍ഡില്‍ ഉല്‍പാദനത്തിലുണ്ടായ കുറവുമാണു വില ഉയരാനുള്ള പ്രധാന കാരണം. തായ്‌ലന്റില്‍ 160,000 ഹെക്‌ടറിലെ റബര്‍ റീപ്ലാന്റിങ്ങിനായി വെട്ടിമാറ്റിയിരുന്നു. ഇവിടെ പ്രധാന ഉത്‌പാദനമേഖലകളിലെ മഴയും ഉല്‍പാദനം കുറയാന്‍ കാരണമായി. രാജ്യാന്തര വിലയിലെ വര്‍ധനയ്‌ക്കനുസരിച്ച്‌ ആഭ്യന്തര വില വര്‍ധിക്കാത്തതിനു പിന്നില്‍ റബര്‍ ബോര്‍ഡും ടയര്‍ വ്യവസായികളുമാണെന്നാണു കര്‍ഷകരുടെ ആരോപണം. തായ്‌ലന്‍ഡിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം സര്‍ക്കാര്‍ വില നിശ്‌ചയിക്കുകയും റബര്‍ സംഭരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ റബര്‍ ബോര്‍ഡ്‌ വില നിശ്‌ചയിക്കുന്നതു മാത്രമേയുള്ളൂ. ഇതാകട്ടെ വ്യാപാരികളില്‍നിന്നു ലഭിക്കുന്ന വിലനിലവാരത്തിന്റെ അടിസ്‌ഥാനത്തിലുള്ള ശരാശരി വിലയുമാണ്‌. ഒരു ദിവസം ടയര്‍ വ്യവസായികള്‍ വിപണിയില്‍നിന്നു വിട്ടുനിന്നാല്‍ സ്വഭാവികമായും റബര്‍ ബോര്‍ഡിന്റെ വിലയിലും വ്യത്യാസം അനുഭവപ്പെടും.

രാജ്യാന്തര വില കൂടി പരിഗണിച്ച്‌ ആഭ്യന്തര വില നിശ്‌ചയിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.മുമ്പ്‌, എല്ലാ ടയര്‍ കമ്പനികളും ഒരേ സമയം റബര്‍ വാങ്ങിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഊഴമനുസരിച്ചു മാത്രമാണു വാങ്ങുക. വാങ്ങാന്‍ മത്സരമുണ്ടായാല്‍ വില വീണ്ടും ഉയരുമെന്നതാണു കാരണം.

നിലവില്‍ അടിസ്‌ഥാന നികുതി ഉള്‍പ്പെടെ 35 ശതമാനം നികുതി നല്‍കി ഇറക്കുമതി കമ്പനികള്‍ക്കു ഗുണകരമല്ല. ഈ മാസത്തെ ഉപയോഗത്തിനു കൂടി കമ്പനികളുടെ പക്കല്‍ ഇറക്കുമതി റബറിന്റെ സ്‌റ്റോക്കുള്ളതും വിപണിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.വില 170 രൂപ വരെയെത്തിയേക്കുമെന്ന പ്രചരണമുള്ളതിനാല്‍ ചെറുകിട കര്‍ഷകരും വ്യാപാരികളുമെല്ലാം കഴിഞ്ഞ രണ്ടു ദിവസമായി റബര്‍ പിടിച്ചു വയ്‌ക്കുകയാണ്‌. കിഴക്കന്‍ മേഖലകളില്‍ ഇലകൊഴിച്ചിലും ആരംഭിച്ചതോടെ ഉല്‍പ്പാദനം കുറയുകയും വില വീണ്ടും ഉയരുകയും ചെയ്യുമെന്നു കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW