Thursday, January 12, 2017 Last Updated 9 Min 8 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.02 AM

മജിസ്‌ട്രേറ്റിന്റെ ദുരൂഹമരണം: അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന്‌

തൃശൂര്‍:കാസര്‍ഗോഡ്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ വി.കെ. ഉണ്ണിക്കൃഷ്‌ണന്റെ ദുരൂഹമരണം സംബന്ധിച്ച കേസന്വേഷണം അട്ടിമറിക്കുന്നെന്ന്‌ ആരോപണം. മരണം ആത്മഹത്യയാണെന്നും ആര്‍ക്കെതിരേയും പ്രേരണാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നുമുള്ള ലോക്കല്‍ പോലീസിന്റെ നിലപാട്‌ സംശയത്തിന്റെ നിഴലിലുള്ള അഭിഭാഷകരെ രക്ഷപ്പെടുത്താനായാണെന്നും ആക്ഷേപം.
കര്‍ണാടകയിലെ സുള്ള്യ പോലീസ്‌ ഉണ്ണിക്കൃഷ്‌ണനെ ക്രൂരമായി മര്‍ദിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ക്കും അദ്ദേഹത്തെ അവിടേക്കു കൊണ്ടുപോയവര്‍ക്കും രക്ഷപ്പെടാന്‍ പഴുതുകളൊരുക്കിയാണ്‌ എഫ്‌.ഐ.ആര്‍. തയാറാക്കിയതെന്ന്‌ ദളിത്‌ സംഘടനകള്‍ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ അഭിഭാഷകരെയും ഒരു വ്യവസായിയെയും പോലീസ്‌ ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഒരു സ്‌ത്രീയടക്കം നാലു പേര്‍ക്കെതിരേ കേസുണ്ടാകുമെന്ന്‌ പോലീസിലെ ചിലര്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സൂചിപ്പിച്ചെങ്കിലും അന്വേഷണം മുമ്പോട്ടുപോയില്ല. അഭിഭാഷകരെ സംശയിക്കത്തക്കവിധത്തില്‍ ഒന്നുമില്ലെന്നാണ്‌ പോലീസിന്റെ നിലപാട്‌.
രണ്ടു സംസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സി.ബി.ഐ. പോലുള്ള ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യം തെളിയൂ എന്ന്‌ ദളിത്‌ സംഘടനകളും ഉണ്ണിക്കൃഷ്‌ണന്റെ ബന്ധുക്കളും പറയുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട്‌ പരാതി നല്‍കുകയും ചെയ്‌തിരുന്നു.
ഉണ്ണിക്കൃഷ്‌ണന്റെ ജന്മനാടായ മുല്ലശേരിയില്‍ പഞ്ചായത്ത്‌ ഭരണസമിതിയും പ്രാദേശിക സമരസമിതിയും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ 14-ന്‌ എല്ലാ വാര്‍ഡിലും ഒപ്പുശേഖരണത്തിനു തീരുമാനിച്ചിട്ടുണ്ട്‌. 22-ന്‌ തൃശൂരില്‍ വന്‍ ബഹുജനകണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്‌.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW