Friday, June 15, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Thursday 12 Jan 2017 01.02 AM

അഴിമതി കണ്ടെത്തിയാലും നടപടിയില്ല; ഭക്ഷ്യവകുപ്പിനു പാര്‍ട്ടിയുടെ കൂച്ചുവിലങ്ങ്‌

uploads/news/2017/01/69825/p-thilothaman.jpg

തിരുവനന്തപുരം:സ്വന്തം വകുപ്പില്‍ അഴിമതി കണ്ടെത്തിയാലും അതിലുള്‍പ്പെട്ടവര്‍ക്കെതിരേ ചെറുവിരല്‍ അനക്കാനാകാതെ ഭക്ഷ്യവകുപ്പ്‌.
അഴിമതിക്കാര്‍ക്ക്‌ സ്വന്തം പാര്‍ട്ടി തന്നെ സംരക്ഷണകവചം ഒരുക്കുമ്പോള്‍ മന്ത്രിയും ഉന്നതോദ്യോഗസ്‌ഥരും നടത്തുന്ന മിന്നല്‍ പരിശോധനകള്‍ പോലും പ്രഹസനമാകുന്നു. "ആരോഗ്യകരമായ" പ്രഭാതം വാഗ്‌ദാനം ചെയ്‌ത്‌ വിപണി പിടിച്ച സഫോള മസാല ഓട്ട്‌സില്‍ ഇ-കോളി ബാക്‌ടീരിയ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയ സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടെങ്കിലും അതു തുടരേണ്ടെന്ന്‌ ഉന്നതങ്ങളില്‍ നിന്ന്‌ ഉത്തരവ്‌ എത്തിയതിനെത്തുടര്‍ന്ന്‌ കുറ്റക്കാര്‍ സര്‍വീസില്‍ സുരക്ഷിതരാണ്‌.

ഓട്ട്‌സിലെ ഇ-കോളി ബാക്‌ടീരിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന മുന്നറിയിപ്പുമായി കോന്നിയിലെ സി.എഫ്‌.ആര്‍.ഡി. ലാബ്‌ അധികൃതര്‍ കൈമാറിയ റിപ്പോര്‍ട്ട്‌ കമ്പനിയെ രക്ഷിക്കാനായി സപ്ലൈകോയിലെ ഗുണനിലവാര പരിശോധകന്‍ പൂഴ്‌ത്തിവച്ചു. സംഭവം മംഗളം പുറത്തുകൊണ്ടു വന്നതിനെത്തുടര്‍ന്ന്‌ മന്ത്രി പി. തിലോത്തമന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. സംഭവം നേരിട്ടന്വേഷിക്കുമെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി അറിയിച്ചെങ്കിലും ആരോപണവിധേയനായ ഉദ്യോഗസ്‌ഥനെ സഹായിക്കാന്‍ പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. ഇതേത്തുടര്‍ന്ന്‌ അന്വേഷണം നിലച്ചു.

സപ്ലൈകോ ക്രിസ്‌മസ്‌ വിപണിയിലേക്ക്‌ തീര്‍ത്തും മോശമായ വറ്റല്‍മുളക്‌ വാങ്ങിക്കൂട്ടിയതിനെപ്പറ്റിയുള്ള അന്വേഷണവും ഉന്നതര്‍ ഇടപെട്ട്‌ അട്ടിമറിച്ചു. വിവരം പുറത്തുവന്ന അന്നുതന്നെ അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എറണാകുളത്തെ സപ്ലൈകോ ഹെഡ്‌ ഓഫീസില്‍ എത്തി ആരോപണവിധേയനായ ഗുണനിലവാര പരിശോധകനെ സന്ദര്‍ശിച്ചു. "ഒന്നും പേടിക്കേണ്ട" എന്നായിരുന്നു ഉദ്യോഗസ്‌ഥന്റെ മറുപടി. സപ്ലൈകോയ്‌ക്കു സാധനങ്ങള്‍ നല്‍കുന്ന കരാറുകാരും എറണാകുളത്തെ സപ്ലൈകോ ആസ്‌ഥാനത്തെ ചില ഉന്നതോദ്യോഗസ്‌ഥരും അടങ്ങുന്ന മാഫിയയായിരുന്നു ലക്ഷങ്ങളുടെ അഴിമതിക്കു പിന്നില്‍. അവിടെയും ഭക്ഷ്യ വകുപ്പിന്‌ നോക്കുകുത്തിയാകേണ്ടി വന്നു.

നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട്‌ കൃഷി വകുപ്പില്‍നിന്ന്‌ സിവില്‍ സപ്ലൈസ്‌ വകുപ്പിലേക്ക്‌ പാഡി മാര്‍ക്കറ്റിങ്‌ ഓഫീസര്‍മാരായി ഡെപ്യൂട്ടേഷനിലെത്തിയ കൃഷി ഓഫീസര്‍മാരെ നിശ്‌ചിത കാലാവധി കഴിഞ്ഞിട്ടും സിവില്‍ സപ്ലൈസില്‍ നിലനിര്‍ത്തുന്നതിനു പിന്നിലും പാര്‍ട്ടി ഇടപെടലാണ്‌. നെല്ല്‌ നല്‍കിയ കര്‍ഷകന്‌ കോടിക്കണക്കിനു രൂപ കൊടുക്കാനുള്ളപ്പോഴാണ്‌ ലക്ഷങ്ങള്‍ ശമ്പളം നല്‍കി "വേണ്ടപ്പെട്ടവരെ" സിവില്‍ സപ്ലൈസ്‌ സഹായിക്കുന്നത്‌. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞവരെ നിലനിര്‍ത്തുന്നതിനൊപ്പം കൃഷിവകുപ്പില്‍ അവര്‍ക്കു പകരക്കാരെ ജോലിക്കു വച്ച്‌ അവര്‍ക്കും ശമ്പളം നല്‍കുന്ന ധൂര്‍ത്ത്‌ അരങ്ങേറിയിട്ടും ഭക്ഷ്യവകുപ്പിന്‌ ഒന്നും ചെയ്യാനായില്ല. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞവരെ മാതൃവകുപ്പിലേക്ക്‌ മടക്കി അയക്കാന്‍ സിവില്‍ സപ്ലൈസ്‌ പലവട്ടം ഉത്തരവിട്ടെങ്കിലും അതിനെതിരേയും പാര്‍ട്ടിയുടെ ഇടപെടലുണ്ടായി.

Ads by Google
ജി. അരുണ്‍
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW