Thursday, November 23, 2017 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

സാമ്പത്തികവര്‍ഷം തീരാന്‍ രണ്ടരമാസം; പദ്ധതിത്തുക പാഴാക്കുന്നതില്‍ തദ്ദേശസ്‌ഥാപനങ്ങളുടെ മത്സരം

തിരുവനന്തപുരം:സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടരമാസം ശേഷിക്കേ സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങള്‍ ഇതുവരെ ചെലവഴിച്ച പദ്ധതിവിഹിതം 20.88% മാത്രം.
ബാക്കിയുള്ള 78 ദിവസം നെട്ടോട്ടമോടിയാല്‍പോലും പദ്ധതിത്തുക വിനിയോഗത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ പുരോഗതിയുണ്ടാകില്ലെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. പദ്ധതിത്തുക വിനിയോഗത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ്‌ ഏറ്റവും പിന്നില്‍. കോര്‍പ്പറേഷനുകള്‍ 16.94% തുകയേ വിനിയോഗിച്ചിട്ടുള്ളൂ. സംസ്‌ഥാനത്തെ ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായുള്ള 477.62 കോടിയുടെ പദ്ധതിത്തുകയില്‍ 80.91 കോടി മാത്രമാണു ചെലവഴിച്ചത്‌. ജില്ലാ പഞ്ചായത്തുകളും തുക വിനിയോഗത്തില്‍ പിന്നിലാണ്‌. ആകെ 17.47%. അതായത്‌, 268.9 കോടി രൂപയില്‍ ചെലവഴിച്ചത്‌ 99.79 കോടി മാത്രം. ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 18.64 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 23.48 ശതമാനവും മുനിസിപ്പാലിറ്റികള്‍ 18.42 ശതമാനവുമാണു പദ്ധതിത്തുക ചെലവഴിച്ചത്‌.
ഇക്കാര്യത്തില്‍ മലപ്പുറം ജില്ലയാണു മുന്നില്‍. പിന്നില്‍ തൃശൂര്‍ ജില്ലയും. മലപ്പുറം ജില്ല 23.85% തുക ചെലവഴിച്ചപ്പോള്‍ തൃശൂര്‍ ചെലവഴിച്ചതു 15.12% മാത്രം.
രണ്ടാംസ്‌ഥാനത്ത്‌ ആലപ്പുഴ ജില്ല-23.27%, മൂന്നാമത്‌ ഇടുക്കി-23.16%. മറ്റു ജില്ലകളുടെ തുകവിനിയോഗം ശതമാനത്തില്‍: പാലക്കാട്‌-23.01, പത്തനംതിട്ട 22.45, തിരുവനന്തപുരം 22.24, കോഴിക്കോട്‌-22.03, കാസര്‍ഗോഡ്‌-22.02, കണ്ണൂര്‍-21.76, കൊല്ലം-20.81, എറണാകുളം- 18.04, വയനാട്‌-17.93, കോട്ടയം-15.97.

അനൂജ നാസറുദ്ദീന്‍

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW