Saturday, February 25, 2017 Last Updated 16 Min 36 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.02 AM

ജാഥകളുടെ വൈസ്‌ ക്യാപ്‌റ്റന്മാരാകാനില്ലെന്ന്‌ സി.പി. ജോണും ജോണി നെല്ലൂരും

തിരുവനന്തപുരം:ഐക്യം ഊട്ടിയുറപ്പിക്കാന്‍ യു.ഡി.എഫ്‌. തീരുമാനിച്ച മേഖലാജാഥയില്‍ കല്ലുകടി. തിരുവനന്തപുരം, കോട്ടയം മേഖലാ ജാഥകളുടെ വൈസ്‌ ക്യാപ്‌റ്റന്മാരായി തീരുമാനിച്ച സി.പി. ജോണും ജോണി നെല്ലൂരും സ്‌ഥാനം ഏറ്റെടുക്കില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ജാഥകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും കാലങ്ങളായി ഒപ്പം നില്‍ക്കുന്ന തങ്ങളെ അവഗണിച്ചുവെന്നാണു ചെറുകക്ഷികളുടെ പ്രതിഷേധം.
കഴിഞ്ഞതവണ തീരുമാനിച്ച നാലുമേഖലാ ജാഥകള്‍കോണ്‍ഗ്രസ്‌, ലീഗ്‌, കേരളാ കോണ്‍ഗ്രസ്‌(എം), ആര്‍.എസ്‌.പി എന്നീ കക്ഷികളാണ്‌ ജാഥകള്‍ നയിച്ചിരുന്നത്‌. ജെ.ഡി.യുവിനും ജേക്കബ്‌ ഗ്രൂപ്പിനും വൈസ്‌ ക്യാപ്‌റ്റന്‍ സ്‌ഥാനങ്ങള്‍ നല്‍കിയിരുന്നു. ഇക്കുറി അഞ്ച്‌ ജാഥ തീരുമാനിച്ചിട്ടും, മാണി ഗ്രൂപ്പ്‌ മുന്നണി വിട്ടിട്ടും തങ്ങളോട്‌ ചിറ്റമ്മനയം കാണിച്ചെന്നാണ്‌ ചെറുകക്ഷികള്‍ പറയുന്നത്‌.
അഞ്ചു ജാഥയില്‍ രണ്ടെണ്ണത്തിന്റെ ക്യാപ്‌റ്റന്‍ സ്‌ഥാനം കോണ്‍ഗ്രസിനും ലീഗ്‌, ആര്‍.എസ്‌.പി, ജെ.ഡി.യു എന്നീ കക്ഷികള്‍ക്ക്‌ ഓരോ ക്യാപ്‌റ്റന്‍ സ്‌ഥാനവുമാണ്‌ നിശ്‌ചയിച്ചത്‌. ജെ.ഡി.യു നയിക്കുന്ന കോട്ടയം മേഖല ജാഥയുടെ വൈസ്‌ ക്യാപ്‌റ്റനായാണ്‌ സി.എം.പി(ജോണ്‍) വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി സി.പി. ജോണിനെ തീരുമാനിച്ചത്‌. എന്നാല്‍ ഇതേക്കുറിച്ച്‌ തീരുമാനിച്ച കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തന്നെ താന്‍ ഈ സ്‌ഥാനത്തേക്കില്ലെന്ന്‌ പറഞ്ഞ്‌ ജോണ്‍ ഒഴിവായി. ആര്‍.എസ്‌.പിയിലെ എന്‍.കെ.പ്രേമചന്ദ്രന്‍ നയിക്കുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലാജാഥയുടെ ഉപനായകസ്‌ഥാനമാണ്‌ കേരളാ കോണ്‍ഗ്രസ്‌(ജേക്കബ്‌) ചെയര്‍മാനും യു.ഡി.എഫ്‌. സെക്രട്ടറിയുമായ ജോണി നെല്ലൂരിന്‌ വാഗ്‌ദാനം ചെയ്‌തത്‌. എന്നാല്‍ ഇത്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ അദ്ദേഹവും വ്യക്‌തമാക്കിയിട്ടുണ്ട്‌.
മുന്നണി ഒറ്റക്കെട്ടായി മുന്നേറണമെന്ന്‌ ഉപദേശിക്കുമ്പോള്‍ യു.ഡി.എഫിന്‌ വേണ്ടി ശക്‌തമായി വാദിച്ചുകൊണ്ടിരിക്കുന്ന സി.പി. ജോണിനെയും ജോണി നെല്ലൂരിനെയും ഒഴിവാക്കിയത്‌ ശരിയായില്ലെന്ന്‌ യു.ഡി.എഫില്‍ പൊതു അഭിപ്രായമുണ്ട്‌. ജാഥകളുടെ എണ്ണം ഏഴാക്കിയെങ്കില്‍പോലും പ്രശ്‌നം പരിഹരിക്കാമായിരുന്നു.
മാണി ഗ്രൂപ്പ്‌ മുന്നണിവിട്ട സാഹചര്യത്തില്‍ ഒരു ജാഥയുടെ നായകത്വം തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന വികാരവും ജേക്കബ്‌ പ്രകടിപ്പിക്കുന്നുണ്ട്‌. ജോണിനെയും ജോണി നെല്ലൂരിനെയും ഉപനായകരായി നിശ്‌ചയിച്ച ജില്ലകളില്‍ ജാഥകളുടെ തലപ്പത്ത്‌ കോണ്‍ഗ്രസിലെ ആരുമില്ല. കോണ്‍ഗ്രസിന്റെ നേതാക്കളാരുമില്ലാത്ത ജാഥയ്‌ക്ക്‌ ആ പാര്‍ട്ടിയില്‍ നിന്നും ഒരു പിന്തുണയും ലഭിക്കില്ല. ആ സാഹചര്യത്തില്‍ തങ്ങള്‍ ജാഥയുടെ ഭാഗമായിട്ടും ഒരു കാര്യവുമില്ലെന്നാണ്‌ ആ പാര്‍ട്ടികളുടെ അഭിപ്രായം.

ആര്‍. സുരേഷ്‌

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW