Saturday, June 24, 2017 Last Updated 5 Min 57 Sec ago English Edition
Todays E paper
എസ്‌. നാരായണന്‍
Thursday 12 Jan 2017 01.02 AM

ഐ.എ.എസുകാര്‍ക്ക്‌ അടുത്ത പ്രഹരം: പിണറായി 'ആക്‌ഷന്‍' തുടരുന്നു; പോള്‍ ആന്റണിയും തെറിക്കും

uploads/news/2017/01/69815/pinarayi-vijayan.jpg

തിരുവനന്തപുരം: മലബാര്‍ സിമെന്റ്‌സ്‌ മുന്‍ എം.ഡി: കെ. പത്മകുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനു പിന്നാലെ, വിവാദ ബന്ധുനിയമനേക്കസില്‍ മൂന്നാംപ്രതിയായ വ്യവസായവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണിയെ തല്‍സ്‌ഥാനത്തുനിന്നു നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ഉന്നതോദ്യോഗസ്‌ഥര്‍ക്കെതിരായ വിജിലന്‍സ്‌ നടപടികള്‍ക്കെതിരേ ഐ.എ.എസ്‌. പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കേയാണു മുഖ്യമന്ത്രിയുടെ അടുത്ത നീക്കം. ഇതുസംബന്ധിച്ച ഐ.എ.എസ്‌. അസോസിയേഷന്റെ നിലപാടുകള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. പോള്‍ ആന്റണിയെ തല്‍സ്‌ഥാനത്തുനിന്നു നീക്കാന്‍ ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദിനോടു മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണു സൂചന. ഇദ്ദേഹത്തെ മനഃപൂര്‍വം വിജിലന്‍സ്‌ കേസില്‍ പ്രതിയാക്കിയെന്നാരോപിച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ കൂട്ടയവധിക്ക്‌ ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ശക്‌തമായ നിലപാട്‌ എടുത്തതോടെ ഈ നീക്കം പാളി. ഇതിനിടെയാണു വിജിലന്‍സ്‌ കേസില്‍ പ്രതിയായ പോള്‍ ആന്റണിയെ നീക്കാനുള്ള തീരുമാനം ഐ.എ.എസ്‌. സംഘടിതശക്‌തിക്ക്‌ അടുത്ത പ്രഹരമാകുന്നത്‌. നിയമവകുപ്പ്‌ സെക്രട്ടറി നല്‍കുന്ന ഉപദേശത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും ചീഫ്‌ സെക്രട്ടറിയുടെ തീരുമാനം.

അതേസമയം, സ്‌ഥാനചലനം ഉറപ്പായ പോള്‍ ആന്റണി, തന്നെ ചുമതലയില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വ്യവസായമന്ത്രി എ.സി. മൊയ്‌തീന്‌ ഇന്നലെ രാത്രി വൈകി കത്തുനല്‍കി. വ്യവസായവകുപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാക്കിയ സ്‌ഥിതിക്ക്‌ ചുമതലയില്‍ തുടരുന്നതു ധാര്‍മികമായി ശരിയല്ലെന്ന്‌ അദ്ദേഹം മന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി. പോള്‍ ആന്റണിക്കു പകരം നികുതിവകുപ്പ്‌ സെക്രട്ടറി പി. മാരപാണ്ഡ്യനെ വ്യവസായ സെക്രട്ടറിയാക്കാനാണ്‌ ആലോചന. എന്നാല്‍, മേയില്‍ വിരമിക്കുന്ന മാരപാണ്ഡ്യനെ സുപ്രധാനതസ്‌തികയില്‍ നിയമിക്കണോ എന്ന ചോദ്യവും സര്‍ക്കാരിനു മുന്നിലുണ്ട്‌.

കെ. പദ്‌മകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തതു സുപ്രീംകോടതി ഉത്തരവിനെതിരാണെന്നു പോള്‍ ആന്റണി നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പത്മകുമാറിനെതിരേ വിജിലന്‍സ്‌ രജിസ്‌റ്റര്‍ ചെയ്‌ത അഞ്ചു കേസും വ്യാജതെളിവുകളുടെ അടിസ്‌ഥാനത്തില്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

ഐ.എ.എസ്‌. അമര്‍ഷം അതിരുകടന്നു, തിരുത്തി: മുഖ്യമന്ത്രി

കൊല്ലം: ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുമായി പ്രശ്‌നങ്ങളുണ്ടെന്നു കരുതി ആരും മനഃപായസമുണ്ണേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്‌ഥരുടെ പരസ്യപ്രതികരണം ശരിയായില്ലെന്ന്‌ അവരെ ബോധ്യപ്പെടുത്തി. അതവര്‍ അംഗീകരിക്കുകയും ചെയ്‌തു. ഊഷ്‌മളമായാണ്‌ അവര്‍ മടങ്ങിപ്പോയതെന്നും മുഖ്യമന്ത്രി കൊല്ലത്തു പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്‌ഥനെതിരേ എഫ്‌.ഐ.ആര്‍. ഇട്ടപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക്‌ അമര്‍ഷമുണ്ടായി. അതു സ്വഭാവികമാണ്‌. എന്നാല്‍ ആ വികാരം പരിധി കടന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ നടക്കാത്ത തരത്തില്‍ ഒരു പ്രക്ഷോഭരീതിയിലേക്കു കടന്നു. അവര്‍ കാണിക്കുന്നത്‌ അബദ്ധമാണെന്നു ബോധ്യപ്പെടുത്തി. എല്ലാകാര്യത്തിലും ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരിനോടു സഹകരിക്കുന്നുണ്ട്‌.

Ads by Google
എസ്‌. നാരായണന്‍
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW