Tuesday, November 21, 2017 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 03.37 PM

സിനിമ എന്നെ ഭ്രമിപ്പിച്ചിട്ടേയില്ല

uploads/news/2017/01/69713/weeklyalecire.jpg

എല്ലാറ്റിനും ഒരു കാലമുണ്ടെന്ന് വിശ്വസിക്കാനാണ് അലന്‍സിയര്‍ക്കിഷ്ടം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതിന്റെ പതിനെട്ടാംവര്‍ഷമാണ് അദ്ദേഹം താരമായി അറിയപ്പെടുന്നത്.

കൃത്യമായി പറഞ്ഞാല്‍ 'മഹേഷിന്റെ പ്രതികാരം' തിയറ്ററിലെത്തിയ 2016 ഫെബ്രുവരി അഞ്ചു മുതല്‍. അതിനുശേഷം ഇന്നുവരെ വെറുതെയിരിക്കേണ്ടി വന്നിട്ടില്ല, തിരുവനന്തപുരം പുത്തന്‍തോപ്പിലെ അലന്‍സിയര്‍ ലെ ലോപ്പസിന്.

''ബൈബിളില്‍ പറഞ്ഞിട്ടുണ്ട്, വിതയ്ക്കാനൊരു കാലം കൊയ്യാനൊരു കാലം എന്ന്. കഴിഞ്ഞ കുറെക്കാലം ഞാന്‍ വിതച്ചു. ഇപ്പോള്‍ കൊയ്യുകയാണ്. സിനിമ ഒരിക്കലും എന്നെ ഭ്രമിപ്പിച്ചിട്ടേയില്ല. എത്രകാലം ഇത് കൂടെയുണ്ടാവുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ താരപരിവേഷത്തെ കൊണ്ടുനടക്കാറുമില്ല.

എങ്കിലും ഈ പ്രശസ്തി ആസ്വദിക്കുന്നു. ആളുകള്‍ കൂടെനിന്ന് സെല്‍ഫിയെടുക്കുകയും റസ്‌റ്റോറന്റില്‍ കയറുമ്പോള്‍ പരിചയപ്പെടാന്‍ വരികയും ചെയ്യുമ്പോള്‍ വല്ലാത്തൊരു സന്തോഷം.

'മഹേഷിന്റെ പ്രതികാരം' എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാടകം കൊണ്ടുണ്ടായ കടങ്ങളെല്ലാം തീര്‍ത്തത് ഈ സിനിമയില്‍ നിന്ന് കിട്ടിയ കാശ് കൊണ്ടാണ്.''

നാടകക്കാലം കഷ്ടപ്പാടിന്റെ കാലമായിരുന്നു. അല്ലേ?


കുട്ടിക്കാലം മുതലേ നാടകത്തോട് താല്‍പ്പര്യമായിരുന്നു. നാലാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് അയല്‍പക്കത്തെ കുട്ടികളെയെല്ലാം കൂട്ടി ഒരു നാടകസംഘമുണ്ടാക്കിയത്.

ഹൈസ്‌കൂള്‍കാലത്തും അത് കൊണ്ടുനടന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തിയപ്പോഴാണ് ഇതുവരെ കണ്ടതൊന്നുമല്ല, നാടകമെന്ന് മനസ്സിലാക്കുന്നത്.

നരേന്ദ്രപ്രസാദ്, ഡി.വിനയചന്ദ്രന്‍, വി.പി.ശിവകുമാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ നാടകം എന്തെന്ന് പഠിക്കാന്‍ കഴിഞ്ഞു. കോളജ് ജീവിതം കഴിഞ്ഞിട്ടും നാടകത്തെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓരോ നാടകവും ഒരുപാട് കടങ്ങളുണ്ടാക്കി. ആ സമയത്താണ് അയല്‍ക്കാരിയായ സുശീലാ ജോര്‍ജിനെ പ്രണയിക്കുന്നത്.

വിവാഹം കഴിക്കാനെങ്കിലും നല്ലൊരു ജോലി വേണമെന്ന് തോന്നി. യൂണിവേഴ്‌സിറ്റി കോളജില്‍ എന്റെ ജൂനിയറായി പഠിച്ച റിയാസിനൊപ്പം തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിനടുത്ത് ഒരു ഹോട്ടല്‍ തുടങ്ങി. ബ്രിഡ്ജ് റസ്‌റ്റോറന്റ്. ഉച്ചയ്ക്കുള്ള ഊണ്‍ മാത്രമാണ് അവിടെ നല്‍കുന്നത്. രാവിലെ പന്ത്രണ്ടു മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ഹോട്ടല്‍ പ്രവര്‍ത്തിക്കും.

എല്ലാ ദിവസവും അതിരാവിലെ മാര്‍ക്കറ്റില്‍ പോയി പച്ചക്കറികള്‍ വാങ്ങിക്കുന്നത് ഞാനായിരുന്നു. സ്ഥിരമായി കാണാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം പച്ചക്കറിക്കടക്കാരന്‍ എന്നോട് ചോദിച്ചു-എന്തിന് വേണ്ടിയാ ഇത്രയും പച്ചക്കറി വാങ്ങിക്കുന്നത്? ഹോട്ടലിലേക്കാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു.

''എന്നാലത് നേരത്തെ പറയാമായിരുന്നില്ലേ? ഹോട്ടലുകാര്‍ക്ക് നല്‍കാന്‍ വേണ്ടി മാത്രം മാറ്റിവച്ച പച്ചക്കറികള്‍ ആ കൂടയിലുണ്ട്.''
കടയുടെ മൂലയ്ക്കുവച്ച കൂടയില്‍ നോക്കിയപ്പോള്‍ നിറയെ പച്ചക്കറികളുണ്ട്. എല്ലാം വേസ്റ്റാണ്. ചീഞ്ഞളിഞ്ഞതും കേടുവന്നതുമായ സാധനങ്ങള്‍. ചിലത് പുഴുവരിക്കുന്നു.

''അതില്‍ എല്ലാമുണ്ട്. സാമ്പാറിനും തോരനും അവിയലിനും പച്ചടിക്കുമൊക്കെ ഉപയോഗിക്കാം. ഒരു കൂടയ്ക്ക് പന്ത്രണ്ട് രൂപയേയുള്ളൂ.''
ഞാന്‍ ഞെട്ടിപ്പോയി.
''ഇതെനിക്ക് വേണ്ട. കാരണം ഞാനും കൂടി കഴിക്കുന്ന ഭക്ഷണമല്ലേ?''
അയാള്‍ക്കത് പിടിച്ചില്ല.

''എന്റെ ചേട്ടാ, എല്ലാ ഹോട്ടലുകാരും ഇതാണ് കൊണ്ടുപോകുന്നത്. നിങ്ങള്‍ നൂറും നൂറ്റമ്പതും രൂപയ്ക്ക് പച്ചക്കറി മേടിച്ച് ഹോട്ടല്‍ നടത്തിയാല്‍ എങ്ങനെ ലാഭം കിട്ടും?''
കിട്ടുന്ന ലാഭം മതിയെന്ന് പറഞ്ഞാണ് അവിടം വിട്ടത്. ഒരുമാസം കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഹോട്ടല്‍ കൊണ്ട് മെച്ചമില്ലെന്ന്.

കൈയിലുള്ള കാശും പോകുമെന്ന ഘട്ടമെത്തിയപ്പോള്‍ നിര്‍ത്തി. വീണ്ടും തൊഴിലില്ലാത്ത അവസ്ഥ. റിയാസിന് തുണിക്കച്ചവടമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്ക് എന്നെ സാമ്പത്തികമായി സഹായിച്ചിരുന്നത് അവനാണ്. എന്റെ അവസ്ഥ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു-നമുക്കൊരു റെഡീമെയ്ഡ് ബിസിനസ് തുടങ്ങിയാലോ? സമ്മതിച്ചു.

അങ്ങനെ 'റീയല്‍ ഫാഷന്‍സ്' തുടങ്ങി. 'ഹെര്‍മാന്‍' എന്ന പേരില്‍ ഒരു ബ്രാന്‍ഡഡ് കോട്ടണ്‍ ഷര്‍ട്ട് ഇറക്കാനും തീരുമാനിച്ചു. ബാംഗ്ലൂരിലായിരുന്നു അത് നിര്‍മ്മിച്ചത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ഓരോ റെഡിമെയ്ഡ് കടകളിലും കയറിയിറങ്ങി ഞാന്‍ തന്നെ ഓര്‍ഡര്‍ പിടിച്ചു.

Ads by Google
TRENDING NOW