Monday, May 21, 2018 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 12.21 PM

ഉത്സവപ്രതീതിയുണര്‍ത്തി കേളി വാര്‍ഷികാഘോഷം

uploads/news/2017/01/69678/keli.jpg

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ 16-ാം വാര്‍ഷികത്തിന്റെ (കേളിദിനം 2017) ഭാഗമായി അല്‍ഹയര്‍ അല്‍ഒവൈദ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രവാസി മലയാളികളായ കാണികളില്‍ ഉത്സവപ്രതീതിയുടെ ഗൃഹാതുര സ്മരണയുണര്‍ത്തി.

മലയാളത്തനിമയുള്ള കലാപരിപാടികളോടെ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി ഒരു ദിനം നീണ്ടുനിന്ന കലാപരിപാടികള്‍ പ്രവാസികള്‍ക്ക് നവ്യാനുഭവമായി. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്ത ആഘോഷപരിപാടികള്‍ സനയ്യ അര്‍ബയിന്‍ ഏരിയയിലെ കലേശന്റെ ഗാനാലാപത്തോടെ ആരംഭിച്ചു. വിവിധ ഏരിയകളില്‍ നിന്നുള്ള കേളി അംഗങ്ങള്‍ അവതരിപ്പിച്ച അര്‍ത്ഥശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍, നാടന്‍ പാട്ടുകള്‍, കവിതകള്‍ തുടങ്ങിയവ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. അല്‍ഖര്‍ജ് ഏരിയയിലെ മോഹനനും സംഘവും അവതരിപ്പിച്ച കലാഭവന്‍ മണിക്കൊരു ട്രിബ്യൂട്ട് എന്ന പരിപാടി ശ്രദ്ധേയമായി. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കേരളത്തനിമയുള്ള നാടന്‍ കലകളെ നാട്ടുപച്ച എന്ന പേരില്‍ നസ്സിം ഏരിയയിലെ ജോഷി പെരിഞ്ഞനവും സംഘവും അവതരിപ്പിച്ചു. ഉമ്മുല്‍ഹമാം ഏരിയയിലെ കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിരക്കളിയും കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ സിന്ധു ഷാജിയും സംഘവും അവതരിപ്പിച്ച കരിവെള്ളൂര്‍ മുരളിയുടെ സ്ത്രീ, അത്തീക്ക ഏരിയ അവതരിപ്പിച്ച ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നീ ദൃശ്യാവിഷ്‌ക്കാരങ്ങളും, സുലൈ ഏരിയയിലെ പുരുഷോത്തമനും സംഘവും അവതരിപ്പിച്ച പൂതപ്പാട്ട് എന്നിവ കാണികളെ ഏറെ ആകര്‍ഷിച്ചു.

സിയാദ് മണ്ണഞ്ചേരി രചിച്ച് ജോബ് കുമ്പളങ്ങിയും സംഘവും ആലപിച്ച അവതരണഗാനം ഏറെ ഹൃദ്യമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി ശ്രീചന്ദ് സുരേഷും സംഘവും അവതരിപ്പിച്ച ഹലാക്കിന്റെ അവിലും കഞ്ഞിയും എന്ന കുട്ടികളുടെ നാടകം അഭിനയ മികവുകൊണ്ടും ഹാസ്യ ചാരുതകൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിലെ അഞ്ചു പരമ്പരാഗത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി മലാസ് ഏരിയയിലെ ഇകെ രാജീവന്റെ നേതൃത്വത്തില്‍ നടന്ന പൂരക്കളിയും, ബത്ത ഏരിയയുടെ വട്ടപ്പാട്ടും കോല്‍ക്കളിയും, സുലൈ ഏരിയയിലെ സീബ അനിയുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിരക്കളിയും കുടുംബ വേദിയിലെ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പനയും വ്യത്യസ്തമായ അനുഭവമാണ് കാണികള്‍ക്ക് സമ്മാനിച്ചത്.കേളി നാടക സംഘം അവതരിപ്പിച്ച ചന്തീരാനും കൂട്ടരും എന്ന നാടകത്തിനു ശേഷം നടന്ന ഗാനമേളയോടെ കേളി ദിനം 2017 ആഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീണു. ആഘോഷപരിപാടികളുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു.

കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് കേളി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോ പ്രദര്‍ശനം ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. കൂടാതെ സിജിന്‍ കൂവള്ളൂരിന്റെ നേതൃത്വത്തില്‍ കേളി സൈബര്‍ വിഭാഗം സംഘടിപ്പിച്ച കഴിഞ്ഞ 16 വര്‍ഷത്തെ കേളിയുടെ ചരിത്രം വിളിച്ചോതുന്ന വിഡിയോ പ്രദര്‍ശനം ഏവരേയും ആകര്‍ഷിക്കുന്നതും പൊതു സമൂഹത്തിന് കേളിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഉതകുന്നതുമായിരുന്നു.

കേളി അംഗങ്ങളുടെ കുടുംബങ്ങളും, റിയാദിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളായ പ്രവാസി കുടുംബങ്ങളും, അവരവരുടെ വീടുകളില്‍ പാകംചെയ്തു നല്‍കിയ പൊതിച്ചോറാണ് ആഘോഷപരിപാടികള്‍ വീക്ഷിക്കാനെത്തിയ രണ്ടായിരത്തോളം പേര്‍ക്ക് ഉച്ച ഭക്ഷണത്തിനായി വിതരണം ചെയ്തത്. റിയാദിലെ മലയാളി പ്രവാസി സാംസ്‌കാരിക സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി പ്രവാസി കുടുംബങ്ങളുടെ ആത്മാര്‍ത്ഥമായ പങ്കാളിത്തത്തോടെ സാധ്യമായ ഇത്തരം ഒരു സംരംഭം ഏവര്‍ക്കും പുതിയ ഒരു അനുഭവമായി.

മലബാര്‍ ടെയ്‌സ്റ്റ് ആയിരുന്നു കേളി ദിനം 2017ന്റെ മുഖ്യപ്രായോജകര്‍. ഇന്‍ഡോമി, അമല്‍ പ്രിന്റിംഗ് പ്രസ്സ് എന്നിവര്‍ സഹപ്രായോജകരായിരുന്നു. കൂടാതെ നിരവധി സ്ഥാപനങ്ങള്‍ കേളിയുടെ വാര്‍ഷികാഘോഷ പരിപാടികളുമായി സഹകരിച്ചു. കെപിഎം സാദിഖ് കണ്‍വീനറും ശ്രീകാന്ത് കണ്ണുര്‍ ചെയര്‍മാനുമായ സംഘാടകസമിതി, കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം എന്നിവര്‍ വാര്‍ഷികാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ടിആര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ സിയാദ് മണ്ണഞ്ചേരി, രാജു നീലകണ്‍ഠന്‍, നൗഫല്‍ പൂവക്കുറിശ്ശി, സിജിന്‍ കൂവള്ളൂര്‍, മഹേഷ് കൊടിയത്ത്, ജോഷി പെരിഞ്ഞനം, സിന്ധു ഷാജി എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Wednesday 11 Jan 2017 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW