Friday, February 24, 2017 Last Updated 12 Min 44 Sec ago English Edition
Todays E paper
വി.എ. ഗിരീഷ്‌
Wednesday 11 Jan 2017 02.06 AM

സര്‍ക്കാര്‍ഭൂമി നഷ്‌ടപ്പെടുന്നുവെന്ന്‌ എ.ജി. റിപ്പോര്‍ട്ട്‌: വയല്‍ നികത്തല്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകളിറങ്ങും

uploads/news/2017/01/69551/8k.jpg

തിരുവനന്തപുരം:സംസ്‌ഥാനത്തെ നെല്‍വയലുകളും മിച്ചഭൂമിയും സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനു ഗുരുതരവീഴ്‌ച സംഭവിച്ചെന്ന്‌ അക്കൗണ്ടന്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതു തടയാന്‍ കഴിയുന്നില്ല.

റവന്യൂ ഉദ്യോഗസ്‌ഥരുടെ വീഴ്‌ചമൂലം സര്‍ക്കാരിനു ലഭിക്കേണ്ട ഏക്കര്‍ കണക്കിനു ഭൂമി നഷ്‌ടപ്പെടുകയും സ്വകാര്യവ്യക്‌തികള്‍ക്കു ലഭിക്കുകയും ചെയ്യുന്നതായി പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതു കണ്ടെത്താന്‍ ജില്ലാ, താലൂക്കുതലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

റവന്യൂ വകുപ്പുമായി ചേര്‍ന്ന്‌ അഞ്ചുജില്ലകളിലാണ്‌ അക്കൗണ്ടന്റ്‌ ജനറല്‍ പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ നടത്തിയത്‌. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അന്യംനില്‍പ്പ്‌ ഭൂമിയും നിയമാനുസൃതം സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ഗുരുതരവീഴ്‌ചയുണ്ടായി.

അനധികൃതനികത്തലുകള്‍ സംബന്ധിച്ച പരാതികള്‍ രേഖപ്പെടുത്താന്‍ കൃത്യമായ രജിസ്‌റ്റര്‍ സൂക്ഷിക്കുന്നില്ല. ഇതുമൂലം തുടര്‍നടപടി സാധ്യമാകുന്നില്ല. കണ്ടെത്തുന്ന അനധികൃത നികത്തലുകള്‍ക്കെതിരേ യഥാസമയം നടപടിയെടുക്കുന്നില്ല. പൂര്‍വസ്‌ഥിതിയിലാക്കാന്‍ ഉത്തരവിടുന്ന കേസുകളില്‍പോലും നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ അനധികൃതപ്രവൃത്തികള്‍ തുടരുന്നു. അന്യംനിന്ന ഭൂമി സംബന്ധിച്ച്‌ യഥാസമയം വില്ലേജ്‌ ഓഫീസറും തഹസീല്‍ദാരും നടപടിയെടുക്കാത്തതിനാല്‍ സര്‍ക്കാരിനു വന്നുചേരേണ്ട ഏക്കര്‍ കണക്കിനു ഭൂമി നഷ്‌ടപ്പെടുന്നു. ഭൂമി വ്യക്‌തികളുടെ കൈവശം എത്തുന്നു. അക്കൗണ്ടന്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌ ഗൗവരമേറിയതാണെന്നു വിലയിരുത്തിയാണു നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതു കണ്ടെത്താന്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്‌.

സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ രജിസ്‌റ്ററുകള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു. നെല്‍വയല്‍ അനധികൃതമായി നികത്തുന്നതുപോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ക്കു രജിസ്‌റ്റര്‍ അത്യാവശ്യമാണ്‌. അതിനാല്‍ ജില്ലാ കലക്‌ടര്‍, സബ്‌ കലക്‌ടര്‍മാര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ലേജ്‌ ഓഫീസര്‍ എന്നിവര്‍ നിര്‍ബന്ധമായും രജിസ്‌റ്ററുകള്‍ സൂക്ഷിക്കണം. നെല്‍വയല്‍ സംരക്ഷിക്കാന്‍ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്‌ഥകള്‍പ്രകാരം കൃത്യമായ നടപടിയെടുക്കണം.

അന്യംനിന്ന ഭൂമി സംബന്ധിച്ച്‌ 1965-ലെ ചട്ടങ്ങളിലെ ചട്ടം നാല്‌, അഞ്ച്‌ എന്നിവയില്‍ വില്ലേജ്‌ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ ചുമതല കൃത്യമായി വിവരിക്കുന്നുണ്ട്‌. അതില്‍ വീഴ്‌ചയുണ്ടായാല്‍ സര്‍ക്കാരിലേക്കു വന്നുചേരേണ്ട ഭൂമി നഷ്‌ടപ്പെടുകയും ഭൂമി അനര്‍ഹരുടെ കൈയിലെത്തുകയും ചെയ്യും. ഇത്‌ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നു പുതിയ വിജ്‌ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു. അന്യംനിന്ന ഭൂമി ഏറ്റെടുത്താല്‍ നിയമാനുസൃതം സംരക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്‌. സര്‍ക്കാര്‍ഭൂമിയുടെ സംരക്ഷണത്തിനു സ്വീകരിച്ച നടപടി ജില്ലാ കലക്‌ടര്‍മാര്‍ പരിശോധിക്കണം. വീഴ്‌ചയുണ്ടെങ്കില്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Ads by Google
വി.എ. ഗിരീഷ്‌
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW