Tuesday, February 28, 2017 Last Updated 17 Min 32 Sec ago English Edition
Todays E paper
എസ്‌. നാരായണന്‍
Wednesday 11 Jan 2017 02.06 AM

മുഖ്യമന്ത്രി ആക്‌ഷന്‍ തുടങ്ങി; മലബാര്‍ സിമെന്റ്‌സ്‌ മുന്‍ എം.ഡിക്ക്‌ സസ്‌പെന്‍ഷന്‍

uploads/news/2017/01/69545/2k.jpg

തിരുവനന്തപുരം:വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിന്റെ നടപടികളുടെ പേരില്‍ സര്‍ക്കാരിനെതിരേ സമരപ്രഖ്യാപനം നടത്തിയ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കു കനത്ത തിരിച്ചടിയേകി മലബാര്‍ സിമെന്റ്‌സ്‌ മുന്‍ മാനേജിങ്‌ ഡയറക്‌ടര്‍ കെ. പത്മകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു.

പത്മകുമാറിനെതിരേ വിജിലന്‍സ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതികാരമനോഭാവത്തോടെയാണെന്നും കാട്ടി ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ടാണു മുഖ്യമന്ത്രിയുടെ മിന്നല്‍നീക്കം.

വ്യവസായവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണിയാണു പത്മകുമാറിനെ അനുകൂലിച്ചുള്ള റിപ്പോര്‍ട്ട്‌ ചീഫ്‌ സെക്രട്ടറിക്കു സമര്‍പ്പിച്ചത്‌. നിയമസെക്രട്ടറി പി.ജി. ഹരീന്ദ്രനാഥും ഈ റിപ്പോര്‍ട്ട്‌ ശരിവച്ചിരുന്നു. കള്ളക്കേസ്‌ ചുമത്തിയാണു പത്മകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തതെന്നു പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ.എ.എസ്‌. അസോസിയേഷന്റെ പ്രമേയത്തിലും ഇതേ ആരോപണമുണ്ടായിരുന്നു.

സമരപ്രഖ്യാപനത്തിനു പിറ്റേന്നുതന്നെ മുഖ്യമന്ത്രി ഐ.എ.എസ്‌. അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ചനടത്തിയിരുന്നു. ചര്‍ച്ചയില്‍ അസോസിയേഷന്റെ നിലപാടുകള്‍ തള്ളിക്കളഞ്ഞതിനു തൊട്ടുപിന്നാലെയാണു താക്കീതെന്നവണ്ണം പത്മകുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

വിജിലന്‍സ്‌ പ്രഥമവിവര റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചതിനേത്തുടര്‍ന്ന്‌ പത്മകുമാറിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും അദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്യാതിരുന്നതു വിവാദമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച നടന്ന ചര്‍ച്ചയില്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ സമരനീക്കത്തിനെതിരേ മുഖ്യമന്ത്രി ശക്‌തമായ താക്കീതാണു നല്‍കിയത്‌.

തൊട്ടുപിന്നാലെതന്നെ ഏവരെയും അമ്പരപ്പിച്ച്‌ സസ്‌പെന്‍ഷന്‍ ഉത്തരവുമിറങ്ങി. അതേസമയം, ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരെ അനുനയിപ്പിക്കാന്‍ ഡോ. ടി.എം. തോമസ്‌ ഐസക്‌ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രംഗത്തിറങ്ങി. കടുത്ത നീക്കങ്ങളരുതെന്നാണ്‌ ഐ.എ.എസ്‌. അസോസിയേഷന്‍ നേതാവുകൂടിയായ അഡീ. ചീഫ്‌ സെക്രട്ടറി കെ.എം. ഏബ്രഹാമിനോടു മന്ത്രിമാര്‍ ആവശ്യപ്പെട്ടത്‌.

Ads by Google
എസ്‌. നാരായണന്‍
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW