Wednesday, January 11, 2017 Last Updated 19 Min 6 Sec ago English Edition
Todays E paper
Wednesday 11 Jan 2017 02.06 AM

നിരോധനമറിയാതെ പഴയനോട്ടുകള്‍ സൂക്ഷിച്ചു; സതിഭായിയുടെ നാലുലക്ഷം കോടതിയിലേക്ക്‌

uploads/news/2017/01/69544/1k.jpg

വരാപ്പുഴ:നോട്ടു നിരോധനമറിയാതെ പഴയനോട്ടുകള്‍ സൂക്ഷിച്ച വയോധികയുടെ വീട്ടില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ നാലു ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. ചിറയ്‌ക്കകം ഭഗവതിപ്പറമ്പ്‌ സതിഭായി(75)യുടെ വീട്ടില്‍ നിന്നാണ്‌ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിച്ച നോട്ടുകള്‍ പോലീസ്‌ കണ്ടെത്തിയത്‌.
ഒറ്റയ്‌ക്കു താമസിക്കുന്ന വയോധികയുടെ കൈവശം അസാധുനോട്ട്‌ ഉണ്ടെന്നു മനസിലാക്കി പഞ്ചായത്ത്‌ വാര്‍ഡ്‌തല ജാഗ്രത സമിതിയും പഞ്ചായത്ത്‌ അംഗങ്ങളും എത്തി അസാധുനോട്ട്‌ ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. വീടിന്റെ അകത്ത്‌ ഇവരെ കയറ്റാതെ വാതിലിനു സമീപം ഇരുന്നു.
അര മണിക്കുറോളം വയോധികയുമായി സംസാരിച്ചെങ്കിലും ഒടുവില്‍ വയോധിക കുറുവടി എടുത്ത്‌ അംഗങ്ങളെ വിരട്ടിയോടിച്ചു. ഇതേ തുടര്‍ന്ന്‌ വൈകിട്ട്‌ അഞ്ചുമണിയോടെ വരാപ്പുഴ എസ്‌.ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ വീട്‌ പരിശോധിക്കാന്‍ എത്തിയപ്പോള്‍ സതീഭായ്‌ അരിവാളും കത്തിയുമായി എത്തി. പോലീസ്‌ അതുപിടിച്ചുവാങ്ങിയ ശേഷം പരിസരവും അലമാരയും പരിശോധിച്ചപ്പോള്‍ അലമാരയില്‍ പ്ലാസ്‌റ്റിക്‌ സഞ്ചിയിലാക്കി ബാഗില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു.
നിരോധിച്ച ആയിരത്തിന്റെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളും കണ്ടെത്തി. സതീഭായിയുടെയും ആലങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിജു ചുള്ളിക്കാട്ടിന്റെയും പഞ്ചായത്ത്‌ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പോലീസ്‌ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി. നാലുലക്ഷം രൂപയാണ്‌ ആകെ ഉണ്ടായിരുന്നത്‌. ബാങ്കില്‍ നിന്നും നോട്ട്‌ നിരോധനത്തിനു മുമ്പെടുത്ത അഞ്ഞൂറിന്റെ 50,000 രൂപയുടെ ഒരു പുതിയ കെട്ട്‌ നോട്ട്‌ ഉണ്ടായിരുന്നു.
പോലീസ്‌ നോട്ട്‌ എണ്ണുന്നതിനിടെ സതീഭായി കരഞ്ഞു കൊണ്ട്‌ താന്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയാണെന്നു പറഞ്ഞു. കോടതിയില്‍ ഹാജരാക്കുന്ന നോട്ട്‌ അവിടെ നിന്നും സതിഭായിക്ക്‌ ലഭിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു. വരാപ്പുഴയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്‌തിരുന്ന സതിഭായി സര്‍വീസില്‍ നിന്നും പിരിഞ്ഞശേഷം ലഭിച്ച തുകയാണ്‌ ബാങ്കിലിടാതെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്‌.
പെന്‍ഷന്‍ തുകയും ഇതില്‍പ്പെടുന്നു. പുലര്‍ച്ചെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയശേഷം വാതില്‍ അടച്ചു അകത്തുകഴിയുന്ന വയോധിക ആരുവിളിച്ചാലും വാതില്‍ തുറക്കാറില്ല. ഏക മകള്‍ അംബിക മരിച്ചശേഷമാണ്‌ സതീഭായി വീടു പൂട്ടി അകത്തുകഴിയാന്‍ തുടങ്ങിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

തോബിയാസ്‌ തണ്ണിക്കോട്‌

Ads by Google
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW