Thursday, May 25, 2017 Last Updated 22 Min 49 Sec ago English Edition
Todays E paper
ജി.അരുണ്‍
Wednesday 11 Jan 2017 02.05 AM

മന്ത്രി പൂട്ടിച്ച അരിമില്ലിനെ സഹായിക്കുന്നത്‌ സപ്ലൈകോ-കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍; നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട്‌ കാര്യമാക്കിയില്ല

uploads/news/2017/01/69514/rice.jpg

തിരുവനന്തപുരം:ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നേരിട്ടു നടത്തിയ പരിശോധനയില്‍ റേഷന്‍ അരിയില്‍ മായം കലര്‍ത്തിയതു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പൂട്ടിച്ച കോട്ടയം ആര്‍പ്പുക്കരയിലെ റാണി റൈസ്‌ മില്ലിന്‌ ഒത്താശ ചെയ്‌തു കൊടുത്തിരുന്നത്‌ സപ്ലൈക്കോയിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്‌ഥര്‍.

നെല്ലുസംഭരണത്തിന്റെ പേരില്‍ കൃഷി വകുപ്പില്‍നിന്നു സിവില്‍ സപ്ലൈസ്‌ വകുപ്പിലേക്ക്‌ പാഡി മാര്‍ക്കറ്റിങ്‌ ഓഫീസറായി എത്തിയ ഉദ്യോഗസ്‌ഥനാണ്‌ മില്ലിനുവേണ്ട സഹായങ്ങള്‍ ഒരുക്കിയിരുന്നത്‌. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലും വേണ്ടെന്നുവച്ച്‌ ഇവിടെ തുടരുന്ന ഈ ഉദ്യോഗസ്‌ഥന്റെ സ്‌പോണ്‍സര്‍ സ്വകാര്യ മില്ലുകാരാണെന്നുള്ള വിവരം സപ്ലൈക്കോ ഉദ്യോഗസ്‌ഥര്‍ക്ക്‌ അറിവുള്ളതാണ്‌.

വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ സപ്ലൈകോ സി.എം.ഡി ആയിരിക്കെയാണ്‌ സിവില്‍ സപ്ലൈസില്‍ നെല്ല്‌ സംഭരണത്തിന്‌ തുടക്കം കുറിച്ചത്‌. അഴിമതി ഒഴിവാക്കി കര്‍ഷകര്‍ക്കു പരമാവധി ആനുകൂല്യം ലഭിക്കാനായിരുന്നു ഇത്‌. എന്നാല്‍ ഇത്‌ അട്ടിമറിക്കാനാണ്‌ സിവില്‍ സപ്ലൈസിലെയും കൃഷി വകുപ്പിലെയും ചില ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുന്നത്‌.

പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്നതിനുള്ള അരിയില്‍ വ്യാപകമായി മായം കലര്‍ത്തുന്നത്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മന്ത്രിയുടെ നിര്‍ദേശാനുസരണം കോട്ടയം കലക്‌ടര്‍ സി.എ. ലത പൂട്ടിച്ച റാണി റൈസ്‌ മില്ലില്‍ ഇതിനു മുന്‍പും ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്‌ഥരുടെ ഒത്തുകളിയില്‍ ഇവര്‍ക്കെതിരെ നടപടി ഒഴിവായി.

കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ സംഭരിച്ച്‌ നല്‍കുന്ന നെല്ല്‌ അരിയാക്കി പൊതുവിതരണ ശൃംഖലയില്‍ എത്തിക്കുന്ന റാണി റൈസ്‌ മില്ലില്‍ നിന്നുള്ള അരി ഗുണനിലവാരത്തെക്കുറിച്ച്‌ ഏറെക്കാലമായി പരാതികളുണ്ടായിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇവര്‍ ഗുണനിലവാരമുള്ള അരിമറിച്ചുവിറ്റ്‌ മോശം അരി അതേഅളവില്‍ പൊതുവിതരണ ശൃംഖലയിലേക്കു നല്‍കുകയായിരുന്നുവെന്നാണ്‌ ആരോപണം.

2015 ഏപ്രില്‍ 22-ന്‌ സപ്ലൈകോ കോട്ടയം റീജണല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്‌ എം.ഇസ്‌മയില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ആര്‍പ്പുക്കരയിലെ സ്വകാര്യ മില്ലുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌ സപ്ലൈക്കോ മാനേജിങ്‌ ഡയറക്‌ടര്‍ക്ക്‌ ഏപ്രില്‍ 24-ന്‌ സമര്‍പ്പിച്ച അടിയന്തര റിപ്പോര്‍ട്ടില്‍ മേല്‍നോട്ട പിഴവ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

ഈ ക്രമക്കേടുകള്‍ക്ക്‌ കൂട്ടു നിന്നത്‌ കൃഷിവകുപ്പില്‍ നിന്ന്‌ ഡെപ്യൂട്ടേഷനില്‍വന്നിട്ടുള്ള ഉദ്യോഗസ്‌ഥനായിരുന്നു. എന്നാല്‍ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട്‌ അന്നത്തെ സി.എം.ഡി: എ.ടി. ജെയിംസും വിജിലന്‍സ്‌ ഓഫീസര്‍ ഷംസു ഇല്ലിക്കലും മുഖവിലക്കെടുത്തില്ല. ഇതേത്തുടര്‍ന്ന്‌ കോടിക്കണകക്കിനു രൂപയുടെ ക്രമക്കേടാണ്‌ സ്വകാര്യ മില്ലിന്റെ മറവില്‍ നടന്നത്‌.

മില്ലിലേക്ക്‌ അരിയാക്കാന്‍ കൊണ്ടുപോകുന്ന നെല്ലിന്റെ അളവ്‌ സൂക്ഷിക്കേണ്ട രജിസ്‌റ്റര്‍ പോലും പാഡി മാര്‍ക്കറ്റിങ്‌ ഓഫീസര്‍ സൂക്ഷിച്ചിരുന്നില്ല. ഇതിനു പിന്നില്‍ വന്‍അഴിമതിയാണ്‌ നടന്നിട്ടുള്ളത്‌. പലവട്ടം കൃഷി വകുപ്പിലേക്ക്‌ തിരിച്ചയച്ച ഈ കൃഷി ഓഫീസറാണ്‌ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി ഇവിടെ പാഡി മാര്‍ക്കറ്റിങ്‌ ഓഫീസറായി തുടര്‍ന്ന്‌ സ്വകാര്യ മില്ലിന്‌ ഒത്താശ ചെയ്‌തത്‌ കൊടുത്ത്‌ സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിക്കുന്നത്‌.

Ads by Google
ജി.അരുണ്‍
Wednesday 11 Jan 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW