ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം ലോകത്തെ അറിയിച്ച ക്ലയര്‍ ഹോളിങ്വര്‍ത്ത്(105) അന്തരിച്ചു. 1939 ഓഗസ്റ്റില്‍ ജര്‍മനി പോളണ്ടില്‍ കടന്നുകയറിയെന്നു റിപ്പോര്‍ട്ട് ചെയ്തത് ഇവരാണ്. വിയറ്റ്നാം അള്‍ജീരിയ യുദ്ധങ്ങളും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പോളണ്ടില്‍നിന്നു ജര്‍മനിയിലേക്കുള്ള യാത്രയ്ക്കിടെയാണു സൈനിക നീക്കം ക്ലയറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു "ദ ഡെയ്ലി ടെലിഗ്രാഫി"ലൂടെയാണ് അവര്‍ വാര്‍ത്ത പുറത്തുവിട്ടത്. ഇതു നൂറ്റാണ്ടിലെ സ്കൂപ്പായി വിശേഷിക്കപ്പെട്ടു.
1911 ല്‍ ലെസെസ്റ്ററിലാണു ക്ലയര്‍ ജനിച്ചത്. സാമൂഹിക പ്രവര്‍ത്തകയായാണ് അവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഹിറ്റ്ലറിന്റെ ക്രൂരതയ്ക്കിരയായ ആയിരങ്ങളെയാണു വിസകള്‍ സംഘടിപ്പിച്ച് അവര്‍ രക്ഷപ്പെടുത്തിയത്. പിന്നീട് റിപ്പോര്‍ട്ടറായി മാറുകയായിരുന്നു. ബ്രിട്ടിഷ് ചാരന് കിം ഫില്‍ ഫില്ഫിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ലോകം ചര്‍ച്ച ചെയ്തു. ഇയാള്‍ റഷ്യയുടെയും ചാരനാണന്ന് അവര്‍ കണ്ടെത്തി. 1963 ല്‍ ദ ഗാര്ഡിയനിലൂടെയാണു വാര്‍ത്ത പുറത്തുവന്നത്. ഇതേ തുടര്‍ന്നു ഫില്ബിക്കു റഷ്യയില്‍ അഭയം തേടേണ്ടിവന്നു.
ഹോങ്കോങ്ങിലാണ് അവസാന കാലം ചെലവിട്ടത്. അവിടെ ഫോറിന് കറസ്പോണ്ടന്റസ് ക്ലബില്‍ അംഗമായിരുന്നു.