Sunday, April 08, 2018 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
കെ.ആര്‍. പ്രമോദ്
കെ.ആര്‍. പ്രമോദ്
Wednesday 11 Jan 2017 01.28 AM

'ഒറ്റമരം കാവല്ല...'

uploads/news/2017/01/69427/2op.jpg

ആകാശം മറയ്‌ക്കുന്ന മരച്ചില്ലകള്‍! നട്ടുച്ചയ്‌ക്കുപോലും സൂര്യവെളിച്ചത്തിന്‌ മറപിടിക്കുന്ന ഓലപ്പനകള്‍!
കാട്ടുതെച്ചിയും ചെമ്പകവും പാലയും ഇലഞ്ഞിയും വള്ളിപ്പടര്‍പ്പും നിറഞ്ഞ ഇടങ്ങള്‍!
പേരാലുകളില്‍ തലകീഴായിത്തൂങ്ങിക്കിടക്കുന്ന കടവാവലുകള്‍! കടുത്ത വേനലിലും വേരുകളില്‍നിന്ന്‌ തുള്ളിതുള്ളികളായി വെള്ളം അരിച്ചെത്തുന്ന ഉറവകള്‍!
ചെറുമീനുകളും തവളകളും നീര്‍ക്കോലികളും വാഴുന്ന കുളങ്ങള്‍! തെച്ചിയും മുല്ലയും പെരുകിലപ്പൂക്കളും നിറഞ്ഞ ഈ കുളക്കരയിലെ കല്ലുകളിലും മരങ്ങളിലും വര്‍ഷത്തിലൊരിക്കലുള്ള വഴിപാടുകള്‍ ഭുജിച്ച്‌ ഉഗ്രമൂര്‍ത്തികളും പ്രകൃതിതന്നെയും നിശ്‌ചേഷ്‌ടരായി കുടികൊണ്ടുമരുവുന്നു!
നിഗൂഢസൗന്ദര്യം ഉള്ളിലൊതുക്കുന്ന കാവുകള്‍ നാട്ടിലെങ്ങും ഉണ്ടായിരുന്നു.
സര്‍പ്പക്കാവുകളാണ്‌ ഏറെ പ്രസിദ്ധം. പാലയും ചേരും ഇലഞ്ഞിയും വള്ളികളും അവയ്‌ക്കുള്ളില്‍ ചിത്രകൂടക്കല്ലുകളും ഉള്ളിലൊതുക്കിയ പാമ്പിന്‍കാവുകള്‍! അവിടുത്തെ പാതാളലോകത്ത്‌ നമ്മള്‍ നേദിക്കുന്ന നൂറും പാലും സ്വീകരിച്ച്‌ ആദിമനാഗങ്ങള്‍ കഴിയുന്നു.
എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായ കഥകളിലും നോവലുകളിലും സിനിമകളിലും കാവുകളുടെ പച്ചപ്പുണ്ട്‌. കാവുകളെയും അതിലെ ശക്‌തികളെയും നിരസിച്ചുദംശിച്ചുകൊണ്ടാണ്‌ ക്ഷുഭിതയൗവനങ്ങള്‍ തങ്ങളുടെ കോപ-താപങ്ങള്‍ക്ക്‌ അറുതിവരുത്തിയത്‌. കാമുകീ-കാമുകസംഗമത്തിന്‌ വേദിയൊരുക്കുന്ന ഇടങ്ങളായി കാവുകള്‍ അക്കാലത്ത്‌ പരിണമിച്ചു. കാമുകിയുടെ മുമ്പില്‍, കാവിലേക്ക്‌ നീട്ടിത്തുപ്പി വീരസ്യം കാട്ടിയ നായകന്റെ പതിവു പല്ലവി ഈ വിധമായിരുന്നു: നീയാണെന്റെ കാവിലെ ഭഗവതി!
കാവുകളിലെ പൂജകള്‍ക്കും സര്‍പ്പംപാട്ടിനുമിടയിലാകും നായകന്റെ പ്രേമം സാര്‍ത്ഥകമാകുന്നത്‌. അയാള്‍, അവിശ്വാസിയായ 'യുവശിങ്ക'മായിരിക്കുമെന്നതില്‍ സംശയമില്ല.
ഫ്യൂഡലിസ്‌റ്റിക്‌ കാവുകളില്‍നിന്നാണ്‌ സോഷ്യലിസത്തിന്റെ പൂവിളി ഉയര്‍ന്നതെന്ന്‌ പറയാം. വിപ്ലവനേതാക്കളുടെയും അതിവിപ്ലവക്കാരുടെയും ഒളിയിടങ്ങളായിരുന്നു കാവുകള്‍.

uploads/news/2017/01/69427/slug--nattumuttam.jpg


സ്‌റ്റഡീക്ലാസുകള്‍ക്കും ചെറുവിപ്ലവസംഗമങ്ങള്‍ക്കും ഗൗരവ പ്രേമസല്ലാപങ്ങള്‍ക്കും കാവിലെ മൂര്‍ത്തികള്‍ സാക്ഷികളായി. പ്രശസ്‌തമായ ഒരു സിനിമയില്‍ താന്‍ ഒളിവിടമാക്കിയ കാവില്‍ ഒരു നക്‌സല്‍ നേതാവ്‌ യുവതിയെ കണ്ടുമുട്ടുന്ന രംഗമുണ്ട്‌.
നാടിന്റെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങള്‍ കാവുകളുമായി ബന്ധപ്പെട്ടായിരുന്നു ആരംഭിച്ചതെന്നകാര്യം പലരും ശ്രദ്ധിച്ചുകാണില്ല. വലിയ തറവാടുകള്‍ തകര്‍ച്ച മറികടക്കാന്‍, ആദ്യം വിറ്റത്‌ കാവുകളായിരുന്നു. അധ്വാനശീലരായ ധീരന്‍മാര്‍ നിസാരവിലയ്‌ക്ക്‌ കാവുകള്‍ വാങ്ങി വെട്ടിത്തെളിച്ചു, കൃഷി ചെയ്‌തു, പണമുണ്ടാക്കി. വലിയ മന്ദിരങ്ങള്‍ ചമച്ചു. കാവുതീണ്ടിയവര്‍ പ്രമാണിമാരായി.
കേശവദേവിന്റെ 'അയല്‍ക്കാര്‍' എന്ന വിശ്രുത നോവലില്‍ ഇക്കാര്യം പറയുന്നുണ്ട്‌. തറവാടു ക്ഷയിച്ചപ്പോള്‍ കാരണവര്‍ ആദ്യം വിറ്റത്‌ സര്‍പ്പക്കാവായിരുന്നു. അത്‌ തെളിച്ച്‌ കുടില്‍വച്ച്‌, മരച്ചീനിയും മറ്റും കൃഷി ചെയ്‌ത പരദേശിയായ ആള്‍ കോടീശ്വരനായ കഥ ദേവ്‌ പറയുന്നു. ഈ മാറ്റം പല സ്‌ഥലങ്ങളിലും സംഭവിച്ചു.
സത്യത്തില്‍, മരങ്ങളില്‍ ഉടയാടചാര്‍ത്തി പ്രകൃതിയെത്തന്നെയാണ്‌ കാവുകളില്‍ ആരാധിക്കുന്നത്‌. കാവിലെ മരങ്ങള്‍ ദേവതമാരുടെ ഇരിപ്പിടങ്ങളാണെന്നാണ്‌ സങ്കല്‌പം. യക്ഷികള്‍ പാലയിലും ഗുളികന്‍ ചെമ്പരത്തിയിലും കാളീദേവി ആര്യവേപ്പിലും അധിവസിക്കുന്നു. കാക്കനാടന്റെ 'അജ്‌ഞതയുടെ താഴ്‌വര'യിലും മറ്റു കൃതികളിലും ഈ ദേവീപൂജയുടെ മിന്നലാട്ടമുണ്ട്‌. 'അജ്‌ഞതയുടെ താഴ്‌വര'യ്‌ക്ക്‌ ആമുഖമായി ശ്രീചക്രപൂജാമന്ത്രമാണ്‌ അദ്ദേഹം ചേര്‍ത്തിരിക്കുന്നത്‌. പാപം നിറഞ്ഞൊഴുകുന്ന നാഗരിക ജീവിതത്തില്‍ മുഴുകി മടുത്ത 'മനു' എന്ന മനുഷ്യന്‍ പട്ടണം വിട്ട്‌ പുഴകടന്ന്‌ ദേവിയുടെ കോവിലകത്ത്‌ എത്തുന്ന കഥയാണ്‌ പ്രസിദ്ധമായ ഈ നോവല്‍ പറയുന്നത്‌.
ഇടശേരിയുടെ 'കാവിലെപാട്ടി'ല്‍ ശക്‌തിസ്വരൂപിണിയായ പ്രകൃതിയുണ്ട്‌.
'ഒറ്റമരം കാവല്ല'- എന്നൊരു ചൊല്ലുണ്ട്‌. മരം മാത്രമല്ല, കാറ്റും നിലാവും വെള്ളവും പക്ഷിമൃഗാദികളും ചേര്‍ന്നതാണ്‌ കാവ്‌. അതൊരു ജൈവവ്യവസ്‌ഥയാണെന്ന്‌ ഇന്ന്‌ തിരിച്ചറിഞ്ഞിരിക്കുന്നു. നാടിന്റെ ഇക്കോപോയിന്റുകള്‍!
പണ്ട്‌, കാവിനെ തള്ളിപ്പറഞ്ഞവര്‍ ഇന്ന്‌ കാവുകളെ സംരക്ഷിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നു! പ്രകൃതിസംരക്ഷണം വരുമാനമാര്‍ഗമാക്കിയവരും എത്തിയിരിക്കുന്നു!
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോള്‍ക്കാവാണ്‌ കേരളത്തിലെ ഏറ്റവും വലിയ കാവായി അറിയുന്നത്‌. പരശുരാമന്‍ പ്രതിഷ്‌ഠ നടത്തിയ 108 ദുര്‍ഗാലയങ്ങളില്‍ ഒന്നാണിത്‌. കിഴക്കോട്ടു ദര്‍ശനമുള്ള രൂപമില്ലാത്ത ശിലയാണ്‌ ദുര്‍ഗയായി കരുതുന്നത്‌. കാവില്‍ വീണുകിടക്കുന്ന വിറകുപോലും ആരുമെടുക്കാറില്ല.
പാറമ്മേക്കാവ്‌, എളവൂര്‍ക്കാവ്‌, കടമ്മനിട്ട ഭഗവതിക്കാവ്‌, ഉത്രാളിക്കാവ്‌, ചക്കുളത്ത്‌കാവ്‌, കൊല്ലം പിഷാരിക്കാവ്‌, ചെമ്പൂക്കാവ്‌, ചെറുവള്ളിക്കാവ്‌, വള്ളിയാങ്കാവ്‌, മച്ചാട്ട്‌ മാമാങ്കം നടക്കുന്ന തിരുവാണിക്കാവ്‌, വിദ്യാമൂര്‍ത്തിയായ ശാസ്‌താപ്രതിഷ്‌ഠയുള്ള തിരുവുള്ളക്കാവ്‌, നൂറ്റിയെട്ടു ദുര്‍ഗാലയങ്ങളിലൊന്നായ തെച്ചിക്കോട്ടുകാവ്‌, പറശിനിക്കടവ്‌ മുത്തപ്പന്‍കാവ്‌, മുച്ചിലോട്ടു ഭഗവതിയെ ആരാധിക്കുന്ന മുച്ചിലോട്ടുകാവുകള്‍, തച്ചോളി ഒതേനന്റെ ഭഗവതിയുടെ ലോകനാര്‍കാവ്‌ എന്നിങ്ങനെ എത്രയോ കാവുകളുണ്ട്‌!!

അടിക്കുറിപ്പ്‌:

നിലത്തുകിടക്കുന്ന ഒരു ഇലയ്‌ക്കുള്ളില്‍പ്പോലും വലിയൊരു ലോകം കുടികൊള്ളുന്നു. ഒരിലയുടെ അടിയില്‍ ഞാഞ്ഞൂലും പുഴുവും തവളയും പാമ്പും നൂറുകണക്കിന്‌ സൂക്ഷ്‌മജീവികളും സുഖമായി ഉറങ്ങാറുണ്ട്‌. നിലത്തുപതിക്കുന്നതും മരങ്ങളില്‍ കാറ്റിലാടുന്നതുമായ പതിനായിരക്കണക്കിനിലകളില്‍, എത്രയോ ലോകങ്ങള്‍! കാവുകളെ അമ്മയായി സങ്കല്‍പ്പിക്കുന്നത്‌ വെറുതേയല്ല.
പാമ്പിന്റെ പുറ്റും മുട്ടകളും അറിയാതെ ഉടച്ചുപോയെങ്കില്‍ പൊന്നുകൊണ്ട്‌ അവ പണിതു നല്‍കാമെന്നാണ്‌ നാഗരാജാവിനോട്‌ പുള്ളുവന്‍പാട്ടിലൂടെ നമ്മള്‍ പാടിപ്പറയുന്നത്‌. നമ്മുടെ ഏറ്റുപറച്ചിലാണിത്‌. ഈച്ചയ്‌ക്കും ഉറുമ്പിനും കീറ്റിലയില്‍ വിശേഷനാളുകളില്‍ ചോറുകൊടുത്തിരുന്നതും ഒരുതരം സമര്‍പ്പണമായിരുന്നു.
മനുഷ്യനുമാത്രമല്ല, പുല്ലിനും പുഴുവിനും പൂവിനും ശലഭത്തിനും മൃഗങ്ങള്‍ക്കും കഴിയാന്‍ അവകാശമുള്ള ഇടമാണിതെന്ന്‌ കാവുകളുടെ ഹരിതചൈതന്യം നമ്മെ ഓര്‍മിപ്പിക്കുന്നു. മരംവെട്ടുമ്പോള്‍ പക്ഷികളോടും വനദേവതമാരോടും അനുഗ്രഹം ചോദിക്കുന്നതില്‍ കാല്‌പനികതയുടെയും വിനയത്തിന്റെയും സൗന്ദര്യമുണ്ട്‌. പ്രകൃതിയോടുള്ള അനന്തപ്രാര്‍ത്ഥനയാണ്‌ ജീവിതമെന്നാണ്‌ ബഷീര്‍ പറഞ്ഞത്‌.
രാവിലെ ഉണര്‍ന്നെണീറ്റ്‌ കാല്‌ നിലത്തു വയ്‌ക്കുന്നതിനു മുമ്പ്‌ ഭൂമിദേവിയോടും സര്‍വചരാചരങ്ങളോടും നമ്മള്‍ പ്രാര്‍ഥിച്ചിരുന്നത്‌ ഇങ്ങനെ:

പാദസ്‌പര്‍ശം ക്ഷമസ്വമേ!

Ads by Google
കെ.ആര്‍. പ്രമോദ്
കെ.ആര്‍. പ്രമോദ്
Wednesday 11 Jan 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW