Saturday, May 19, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Jan 2017 01.28 AM

ആഹാരം അവകാശം

uploads/news/2017/01/69426/1op.jpg

വിശക്കുന്നവന്‌ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതു പോലെ മഹത്തരമായ കാര്യം മറ്റൊന്നില്ല. സാമൂഹിക തിന്മകള്‍ നിരവധി നിലനിന്നിരുന്ന സമൂഹമായിരുന്നു നമ്മുടേത്‌. എങ്കിലും നന്മയുടെ ചില അടയാളങ്ങളും ഇല്ലാതിരുന്നില്ല. ആസ്‌തിയുള്ള വീടുകളില്‍ അത്താഴം കഴിഞ്ഞാലുടന്‍ ഒരു കുടുംബാംഗത്തെ മതില്‍ക്കലേക്ക്‌ അയച്ച്‌ അത്താഴപ്പട്ടിണിക്കാരുണ്ടോയെന്നു നീട്ടിവിളിച്ച്‌ ചോദിക്കുമായിരുന്നു.
വെറുമൊരു ചോദ്യമായിരുന്നില്ല അത്‌. ഒരു വലിയ സാമൂഹികസന്ദേശമാണ്‌ ആ ചോദ്യം വിളമ്പിയത്‌. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണമെന്ന മാനവമൂല്യം ജീവിതത്തില്‍ പ്രായോഗികമാക്കുന്നതിന്റെ അടയാളമായി ഈ വിളിച്ചു ചോദിക്കലിനെ കരുതാം. സന്തോഷവും സംതൃപ്‌തിയും തങ്ങളുടെ മാത്രം കുത്തകയല്ലെന്നും അതിലൊരു പങ്ക്‌ അന്നം മുട്ടിയ പാവങ്ങള്‍ക്കും കിട്ടേണ്ടതാണെന്നുമുള്ള ഉത്തമബോധമാണ്‌ ഇതില്‍ പ്രതിധ്വനിച്ചിരുന്നത്‌.
ഇന്നു സ്‌ഥിതിയാകെ മാറിയിരിക്കുന്നു. വിവാഹത്തിനും ജന്മദിനാഘോഷത്തിനും ഒരുവിഭാഗം ആളുകള്‍ വാരിയെറിയുന്നതു കോടിക്കണക്കിനു പണം. ഇതിന്റെ കണക്കു സാധാരണക്കാരനു പിടികിട്ടുന്നതല്ല. പാവപ്പെട്ടവന്‌ അന്നം കൊടുക്കാന്‍ വേണ്ടിയുള്ളതല്ല ഈ ആഘോഷവും ധാരാളിത്തവുമൊക്കെ. സമൂഹത്തില്‍ പ്രശസ്‌തിയും പദവിയും സ്വാധീനവുമുള്ളവരെ മാത്രം വിളിച്ചു കൂട്ടിയാണു വലിയതോതില്‍ ധൂര്‍ത്തും ആര്‍ഭാടവും നടത്തുന്നത്‌. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊക്കെ എല്ലാമുള്ള സമ്പന്നരെ വിളിച്ചു കൂട്ടി വേണ്ടതും വേണ്ടാത്തതുമൊക്കെ പൊടിപൊടിച്ചു തീര്‍ക്കുന്ന ഗീര്‍വാണപ്രകടനം.
അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്നു ബാങ്കുകളുടെ ഔദാര്യം പോലെ അനുവദിച്ചു കിട്ടുന്നതു വാങ്ങി ജീവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരന്‍ ഒരു വശത്ത്‌. മറുവശത്ത്‌ ടാപ്പിലൂടെ വരുന്ന ജലധാര പോലെ പണം വാരിക്കോരി വിതറുന്ന സ്വാധീനശേഷിയുള്ള മറ്റൊരു വിഭാഗം.
ഇത്തരം ആര്‍ഭാടങ്ങളുടെ വിളക്കലങ്കാരങ്ങള്‍ അഴിച്ചുവച്ച്‌ രാത്രിയുടെ മറവില്‍ മണ്ണില്‍ കുഴിച്ചുമൂടപ്പെടുന്ന ആഹാരത്തിന്റെ മൂല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നുന്നു.
ട്രാഫിക്‌ സിഗ്നലുകളിലും നാല്‍ക്കവലകളിലും പാതയോരങ്ങളിലും ഒരു നേരത്തെ ആഹാരത്തിനു പൈസതേടി ഭിക്ഷയാചിക്കുന്ന കുട്ടികളുടെ ദൈന്യമുഖം എങ്ങനെ മറക്കാനാകും? നിലവിലുള്ള ഇത്തരം തീവ്രമായ സാമൂഹിക വൈരുധ്യങ്ങള്‍ക്ക്‌ എന്നാണ്‌ അറുതിയുണ്ടാവുക. യഥാര്‍ഥത്തില്‍ ഇങ്ങനെ ആഹാരം പാഴാക്കിക്കളയാന്‍ തക്ക ഭക്ഷ്യ സമ്പന്നതയൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു രാജ്യമാണു നമ്മുടേത്‌.
കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകര്‍ വെയിലും മഴയും നോക്കാതെ കഷ്‌ടപ്പെട്ട്‌ വിളവെടുക്കുന്ന പഴം, പച്ചക്കറികളില്‍ 40 ശതമാനവും ധാന്യങ്ങളില്‍ 20 ശതമാനവും കൈകാര്യം ചെയ്യുന്നതിലെ അപാകതകള്‍ മൂലം നശിച്ചുപോകുന്നുണ്ടത്രേ.
ചൈനയും ഇന്ത്യയുമുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതിവര്‍ഷം 1.3 ലക്ഷം കോടി ടണ്‍ ഭക്ഷ്യവസ്‌തുക്കളാണു പാഴാക്കിക്കളയുന്നതെന്ന്‌ ആധികാരിക കണക്കുകളുണ്ട്‌. ആഗോളതലത്തില്‍ 47 ലക്ഷം കോടി രൂപയിലേറെ മൂല്യം വരുന്ന ഭക്ഷണമാണു പാഴാക്കിക്കളയുന്നത്‌.
നമ്മുടെ രാജ്യത്ത്‌ ദാരിദ്ര്യരേഖ എന്ന അളവുകോല്‍ തന്നെ തര്‍ക്കവിഷയമാണ്‌. എന്ത്‌ അടിസ്‌ഥാനത്തിലാണു ദാരിദ്ര്യത്തെ നിര്‍വചിക്കുന്നതെന്നതും ഏതൊക്കെ മാനദണ്ഡങ്ങളാണു പരിഗണിക്കുന്നതെന്നതും നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ്‌. ജനസംഖ്യയുടെ 22 ശതമാനം ദാരിദ്ര്യരേഖയ്‌ക്കു താഴെയുണ്ടെന്നാണ്‌ 2012 ലെ സര്‍ക്കാര്‍ കണക്ക്‌. എന്നാല്‍, ഇത്‌ 23.6 ശതമാനം വരുമെന്നു ലോകബാങ്ക്‌ വ്യക്‌തമാക്കുന്നു. ഇതൊന്നുമല്ല, യഥാര്‍ഥത്തില്‍ 50 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്‌ക്കു താഴെയാണെന്ന്‌ വാദിക്കുന്ന മറ്റൊരു കൂട്ടം വിമര്‍ശകരുമുണ്ട്‌.
196 ദശലക്ഷം ആളുകള്‍ പട്ടിണിയിലാണ്‌. 800 ദശലക്ഷത്തിലേറെപ്പേരുടെ ദിവസ വരുമാനം 20 രൂപയില്‍ താഴെ മാത്രമായിരിക്കെ, പട്ടിണി ഉണ്ടായില്ലെങ്കില്ലേ അത്ഭുതമുള്ളൂ. ലോകത്തു തന്നെ ഒന്നാം നമ്പര്‍ മരണഹേതു പട്ടിണിയാണെന്നാണ്‌ ഇതിനെതിരേ പടപൊരുതുന്ന മാനവസംഘടനകള്‍ പറയുന്നത്‌. മാരകരോഗങ്ങളൊക്കെ ഇതിനു പിന്നിലേ നില്‍ക്കൂ. ദാരിദ്ര്യരേഖയുടെ ഉയരം എത്രയും ആയിക്കൊള്ളട്ടെ.
ആ രേഖയ്‌ക്കു കീഴെ വീര്‍പ്പുമുട്ടുന്ന അശരണരുടെ എണ്ണം പോലെ പ്രാധാന്യമുള്ള മറ്റൊരു വിഷയം കൂടിയുണ്ട്‌. കിട്ടുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യക്കുറവാണു വിഷയം. ഏതാണ്ട്‌ 195 ദശലക്ഷം ജനങ്ങള്‍ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന രാജ്യമാണിത്‌. അതായത,്‌ പോഷകാഹാരക്കുറവ്‌ നേരിടുന്ന ലോകജനസംഖ്യയുടെ നാലിലൊന്നും നമ്മുടെ രാജ്യത്താണെന്നു സാരം. ഫലമോ, അഞ്ചു വയസിനു താഴെയുള്ള 44 ശതമാനം കുഞ്ഞുങ്ങള്‍ക്കും ശരീരഭാരം തുലോം കുറവാണ്‌. 15 മുതല്‍ 59 വരെ വയസുള്ള സ്‌ത്രീകളില്‍ പകുതിയിലേറെ പേര്‍ക്കും വിളര്‍ച്ച ബാധിച്ചിരിക്കുന്നു.
ഓരോ മിനിട്ടിലും അഞ്ചുപേരും ഒരു ദിവസം 7000 പേരും ഉള്‍പ്പെടെ പ്രതിവര്‍ഷം പട്ടിണിമൂലം മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 25 ലക്ഷമാണെന്ന്‌ ഭൂഖ്‌ ഡോട്ട്‌ കോം എന്ന സംഘടന അവരുടെ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തുന്നു.
ലോകരാജ്യങ്ങളുടെ പട്ടിണി സ്‌ഥിതിവിശേഷത്തെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ശേഷിയുള്ള സംഘടനകളിലൊന്നാണ്‌ ഇന്റര്‍നാഷണല്‍ ഫുഡ്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌. അതിഗുരുതരമായ പട്ടിണി നിലനില്‍ക്കുന്ന ഏഴു രാജ്യങ്ങളും ഗൗരവതരമായ പട്ടിണി സ്‌ഥിതിവിശേഷമുള്ള 43 രാജ്യങ്ങളും ഉള്‍പ്പെടെ 50 പട്ടിണി രാജ്യങ്ങളുടെ പട്ടിക ഈ സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ തുടങ്ങി ഗ്വാട്ടിമാലയില്‍ അവസാനിക്കുന്ന പട്ടികയില്‍ ഇരുപത്തി രണ്ടാമതാണു നമ്മുടെ രാജ്യം.
പരിപാവനമായ ഭരണഘടന അനുശാസിക്കും പ്രകാരമാണു കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ ഈ പട്ടികയില്‍ ഭാരതം ഒരിക്കലും ഉള്‍പ്പെടേണ്ടതായിരുന്നില്ല. പോഷകാഹാരവും ജീവിതനിലവാരവും ഉറപ്പാക്കുന്നതു സംബന്ധിച്ച്‌ രാജ്യത്തിന്‌ അതിന്റെ പൗരന്മാരോടുള്ള ഉത്തരവാദിത്വം വിളിച്ചോതുന്ന ഭരണഘടനാ വ്യവസ്‌ഥയാണ്‌ ആര്‍ട്ടിക്കിള്‍ 47. എന്നിട്ടു പോലും ഭക്ഷണം ധൂര്‍ത്തടിക്കുന്നവരും വിശപ്പ്‌ അകറ്റാന്‍ പാങ്ങില്ലാത്തവരും കിട്ടുന്ന ഭക്ഷണത്തില്‍ വേണ്ടത്ര പോഷകങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നവരും ഉള്‍പ്പെട്ട വൈരുധ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതു ഭാരതം പോലൊരു രാജ്യത്തിന്‌ ഒരിക്കലും ഭൂഷണമല്ല
ആഹാരം നല്‍കേണ്ടതു രാജ്യത്തിന്റെ കടമയും ലഭിക്കേണ്ടതു പൗരന്റെ അവകാശവുമാണെങ്കില്‍ പ്രസ്‌തുത കടമയും അവകാശവും ഭേദവ്യത്യാസങ്ങള്‍ ഏതുമില്ലാതെ ജനങ്ങള്‍ക്കെല്ലാം ഒരുപോലെ അനുഭവിക്കാനും കഴിയണം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Jan 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW