Thursday, October 19, 2017 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.24 AM

അര്‍ത്തുങ്കല്‍ പെരുന്നാളിനു കൊടിയേറി

uploads/news/2017/01/69418/1.jpg

ചേര്‍ത്തല: മതമൈത്രിയുടെയും വിശ്വാസപാരമ്പര്യത്തിന്റെയും സംഗമഭൂമിയായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസിലിക്കയിലെ വിശുദ്ധ സെബസ്‌ത്യാനോസിന്റെ 371-ാമത്‌ മകരം പെരുന്നാളിന്‌ ഭക്‌തിനിര്‍ഭരമായ തുടക്കം. ഭക്‌തസഹസ്രങ്ങളെ സാക്ഷിയാക്കി ആലപ്പുഴ രൂപത ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയിലാണ്‌ 17 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്കു കൊടിയേറ്റിയത്‌.
പാലായില്‍ നിന്നു നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ ആലപ്പുഴ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലില്‍ കൊണ്ടുവന്ന പതാക ആഘോഷപൂര്‍വമാണ്‌ ബസിലിക്കയിലേക്ക്‌ ആനയിച്ചത്‌.
വികാരി ഫാ. സ്‌റ്റാലിന്‍ പുളിമൂട്ട്‌ പറമ്പില്‍ പ്രയാണം ഫ്‌ളാഗ്‌ഓഫ്‌ ചെയ്‌തു. ബസിലിക്ക റെക്‌ടര്‍ ഫാ. ക്രിസ്‌റ്റഫര്‍ എം. അര്‍ഥശേരിയുടെ നേതൃത്വത്തില്‍ ട്രസ്‌റ്റിമാര്‍ ചേര്‍ന്ന്‌ പതാക ഏറ്റുവാങ്ങി പുതുതായി പ്രതിഷ്‌ഠിച്ച അള്‍ത്താരയില്‍ സ്‌ഥാപിച്ചു. തുടര്‍ന്ന്‌ ആഘോഷമായി കൊടിമരച്ചുവട്ടിലേക്ക്‌ എത്തിച്ചു. പുതിയതായി നിര്‍മിച്ച കൊടിമരത്തിലാണ്‌ ഇത്തവണ കൊടിയേറ്റിയത്‌.
തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാര്‍മികത്വം വഹിച്ചു. ഫാ. ബോണി സെബാസ്‌റ്റ്യന്‍ ചാരങ്കാട്ട്‌ വചനസന്ദേശം നല്‍കി.
കൊടിയേറ്റിനു മുന്നോടിയായി അറിയിപ്പ്‌ ആചാരവെടി മുഴങ്ങിയതോടെ വിശ്വാസികള്‍ കൂട്ടത്തോടെ കൂവി തിരുനാളിന്റെ വരവറിയിച്ചു. മറ്റുള്ളവര്‍ ഏറ്റുകൂവി മൂന്നുദിക്കിലും അറിയിക്കുന്നത്‌ പരമ്പരാഗതമായി തുടരുന്ന ആചാരമാണ്‌.
പെരുന്നാള്‍ തുടങ്ങിയതോടെ തീരദേശവാസികള്‍ക്ക്‌ ഇനി ആഘോഷത്തിന്റെ ദിനങ്ങളാണ്‌. വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം വണങ്ങി നേര്‍ച്ചകാഴ്‌ചകള്‍ അര്‍പ്പിച്ച്‌ അനുഗ്രഹം തേടാന്‍ ലക്ഷക്കണക്കിന്‌ ഭക്‌തര്‍ ദേവാലയത്തിലെത്തും. 18-ന്‌ പുലര്‍ച്ചെ വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം പൊതുദര്‍ശത്തിനായി പ്രതിഷ്‌ഠിക്കും. ഇരുപതിനാണ്‌ പ്രധാന പെരുന്നാള്‍ ദിനം. 27 വരെ തിരുസ്വരൂപം ദര്‍ശിക്കാന്‍ അവസരമുണ്ടാകും.

Ads by Google
Advertisement
Wednesday 11 Jan 2017 01.24 AM
YOU MAY BE INTERESTED
TRENDING NOW