Wednesday, May 23, 2018 Last Updated 58 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 03.33 PM

ലൈഫ് ഓഫ് ജീത്തു

uploads/news/2017/01/69378/jeethujoseph3.jpg

ഊഴം കാത്തിരുന്നാണ് ജീത്തു ജോസഫ് മലയാള സിനിമയില്‍ എത്തിയത്. സിനിമകളിലും ജീവിതത്തിലും വേറിട്ട ശബ്ദമാകുന്ന ജീത്തുവിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളിലേക്ക്..

മലയാള സിനിമാ ലോകത്തിനു ദൃശ്യ വിരുന്നൊരുക്കിയ സംവിധായകന്‍, തൃപ്പൂണിത്തറയിലെ വലിയകണ്ടത്തില്‍ വീട്ടില്‍ ജീത്തു ജോസഫ് ക്രിസ്മസ് തിരക്കിനിടയിലും പുതിയ സിനിമയുടെ തിരക്കഥയിലാണ്. ഭാര്യ ലിന്റയും മക്കളായ കാത്തറിനും കറ്റീനക്കുമൊപ്പം ജീത്തു വിജയത്തിന്റെ പടികള്‍ പണിതുയര്‍ത്തുകയാണ്.

ചെന്നൈയില്‍ ബി.കോമിനു പഠിക്കുന്ന മൂത്തമകള്‍ കാത്തറിനും പത്താം ക്ലാസുകാരിയായ ഇളയമകള്‍ കറ്റീനയും ചേര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് വലിയകണ്ടത്തില്‍ വീടും വീട്ടുകാരും. ജീത്തുവിന് കുടുംബവും സിനിമയും ഒരുപോലെയാണ്. ജീത്തു ജോസഫ് എന്ന കുടുംബനാഥന്റെയും സിനിമക്കാരന്റെയും വിശേഷങ്ങള്‍..

ചെയ്ത സിനിമകളിലെല്ലാം കുടുംബത്തിനു നല്ലൊരു സ്ഥാനം നല്‍കുന്നുണ്ടല്ലോ?


സിനിമ എന്നാല്‍ സമൂഹത്തിന്റെ കഥയാണ്. സമൂഹത്തില്‍ നടക്കുന്ന കഥ. സമൂഹം എന്നത് ഒരു കൂട്ടം കുടുംബങ്ങളാണ്. സ്വാഭാവികമായും സമൂഹത്തിന്റെ കഥ പറയുമ്പോള്‍ കുടുംബം വരും. കുടുംബം ഇല്ലാതെ എന്ത് സമൂഹം?

നാളെ ഹോസ്റ്റല്‍ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതില്‍ ഫാമിലിയുടെ ആവശ്യം ഉണ്ടാകില്ല. ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ കുടുംബമില്ല. പ്രകടമായി കുടുംബത്തെ കാണിക്കുന്നില്ലെന്നു മാത്രം.

അച്ഛന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരിന്നിട്ടും ആ വഴി തെരഞ്ഞെടുക്കാതിരുന്നത്?


എനിക്ക് രാഷ്ട്രീയം താല്‍പ്പര്യമില്ലാത്ത വിഷയമാണ്. കാരണം എനിക്കും കുടുംബത്തിനും രാഷ്ട്രീയം തിക്താനുഭവമാണ് നല്‍കിയിട്ടുള്ളത്. അച്ഛന് പ്രധാനം കൃഷി തന്നെയായിരുന്നു. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാവരുംകൂടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു.

അച്ഛന്റെ അച്ഛന് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. എന്നിട്ടും മത്സരിച്ചു, വിജയിച്ചു. അന്ന് ശരിക്കും സത്യസന്ധമായ പൊതുപ്രവര്‍ത്തനം ആയിരുന്നു. അന്നത്തെ സ്പിരിറ്റില്‍ നാട് നന്നാക്കാന്‍ കൈയീന്ന് കാശെടുത്താണ് പലതും ചെയ്തത്. പിന്നീട് എം.എല്‍.എ. ആയി.

രാഷ്ട്രീയക്കാരന്‍ എന്നതിലുപരി അച്ഛന്‍ നല്ലൊരു കൃഷിക്കാരനായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം മാറി. എണ്‍പതുകളില്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയെങ്കിലും പിന്നീട് കാലുവാരലുമെല്ലാമായി രാഷ്ട്രീയം ബിസിനസ്സായി മാറിയപ്പോഴേക്കും അച്ഛന് പിടിച്ചുനില്‍ക്കാന്‍ പറ്റാതായി.

ഒരാത്മാര്‍ത്ഥതയും ഇല്ലാതെ ഒരാളെ ചിരിച്ചുകാണിക്കുന്നതും ഇന്നത്തെ ഒരു രീതിയാണ്. എനിക്കത് പറ്റില്ല. എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ എന്റെ മുഖത്തതറിയാം. കോളജിലൊക്കെ നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ സമ്മതിച്ചിട്ടില്ല.

പിന്നെയാണ് സിനിമയിലേക്ക് വന്നത്. എന്നാല്‍ രണ്ടും ഒരുപോലെ തന്നെ. അധികാരം ഉണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ കൂടെ ആളുണ്ടാകും. സിനിമയില്‍ വിജയമുണ്ടെങ്കില്‍ ആളുണ്ട്.

സിനിമകളിലും രാഷ്ട്രീയ പ്രവര്‍ത്തകരെ കാണാനില്ല ?


പൂര്‍ണമായും രാഷ്ട്രീയം ഉള്‍പ്പെടുത്തി ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ അത് കഥയാക്കാന്‍ കഴിഞ്ഞില്ല. നാളെ ചിലപ്പോള്‍ വന്നേക്കാം.

അച്ഛന്റെ കൃഷിയോടും താല്‍പര്യമില്ലേ?


പണ്ടേ കൃഷിയോട് വലിയ താല്‍പ്പര്യമില്ല.റബര്‍വെട്ടിയ കാശ് ഉപയോഗിക്കാന്‍ മാത്രമാണറിയാമായിരുന്നത്. സഹോദരങ്ങള്‍ക്കൊക്കെ കൃഷി ഇഷ്ടമാണ്. ഇപ്പോഴുള്ള വീട്ടിലെ ചെടികളുമൊക്കെ എനിക്ക് കാണാനും ആസ്വദിക്കാനുമാണ് ഇഷ്ടം. ഐഡിയ എല്ലാം പറയും.

എന്നിട്ടും ഒരിക്കല്‍ കൃഷി ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. റബര്‍ ഉണ്ട്, അത് വെട്ടാനും ആള്‍ക്കാരുണ്ട്. സാമ്പത്തികവും ഉണ്ട്. ആയിടയ്ക്കാണ് മുല്ലക്കൃഷിയെപ്പറ്റി കേള്‍ക്കുന്നത്. ജീവിതത്തില്‍ ഒരേയൊരു തവണ മാത്രമാണ് അത് പരീക്ഷിച്ചത്. ഒരേക്കര്‍ സ്ഥലത്തെ തെങ്ങ് മുഴുവന്‍ വെട്ടി മുല്ലക്കൃഷി തുടങ്ങി.

വാശിയോടെ ഇറങ്ങിതിരിച്ചാല്‍ ചെയ്യും. കാര്യമായിട്ടുതന്നെ എല്ലാം ചെയ്തു. എല്ലാത്തിനും ആള്‍ക്കാരെ സംഘടിപ്പിച്ചു. ദിവസം 1000 രൂപയോളം ലാഭം കിട്ടിത്തുടങ്ങി. ഒരു മാസം കഴിഞ്ഞപ്പോള്‍ പൂപറിക്കാന്‍ ആരും വരുന്നില്ല. കാരണം രാവിലെ എട്ടുമണിക്കുമുന്‍പ് പൂവ് പറിച്ച് കയറ്റിവിടണം.

എല്ലാവര്‍ക്കും കൃത്യമായി കാശും കൊടുത്തു. കാശ് കിട്ടികഴിഞ്ഞപ്പോള്‍ ആരും പൂ പറിക്കാന്‍ വരാതായി. കൃഷിയുടെ ഏറ്റവും വലിയ പ്രശ്‌നവും ഇതാണ്. എന്തെങ്കിലും കാരണത്താല്‍ കൃഷി നശിക്കും, കാറ്റ്, മഴ, വില കുറവ്, ഇതൊക്കെ വന്നു കഴിയുമ്പോള്‍ മനസ് മടുക്കും.

പിന്നെ എല്ലാവരുടെയും ജീവിതത്തില്‍ ഓരോ സമയമുണ്ടല്ലോ. ഒരാള്‍ ജനിച്ച് മരിക്കുന്നതിനിടയില്‍ ഒരു കാലഘട്ടം ഉണ്ട്. എന്റെ കഷ്ടകാലസമയത്തായിരിക്കും ഇങ്ങനെയുള്ള നഷ്ടങ്ങള്‍ ഉണ്ടായത്.

ഞാന്‍ ഇന്നും വിശ്വസിക്കുന്നു, എന്റെ സ്ഥലം ഇതാണ്, സിനിമയാണ്. ദൈവമായിട്ടാണ് എന്നെ ഇതില്‍ എത്തിച്ചത്. സിനിമയില്‍ വരണം എന്നാഗ്രഹിച്ച സമയത്ത് വന്നില്ല.അപ്പോള്‍ എനിക്ക് അതിനുള്ള പക്വത വന്നിട്ടില്ലായിരിക്കാം.

Ads by Google
Loading...
TRENDING NOW