Tuesday, January 10, 2017 Last Updated 17 Min 50 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.34 AM

മുഖ്യമന്ത്രി വിരട്ടി ; ഐ.എ.എസുകാര്‍ മുട്ടുമടക്കി , അവധിയില്ല ഇനി മെല്ലെപ്പോക്ക്‌

uploads/news/2017/01/69282/k1.jpg

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കര്‍ശന നിലപാടിന്‌ മുന്നില്‍ മുട്ടുമടക്കി സംസ്‌ഥാനത്തെ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ ഇന്നലെ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന കൂട്ട അവധിയെടുത്തുള്ള പണിമുടക്ക്‌ പിന്‍വലിച്ചു. രാവിലെ പണിമുടക്കിനു മുമ്പ്‌ ഐ.എ.എസ്‌. അസോസിയേഷന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ പണിമുടക്ക്‌ ഏകപക്ഷീയമായി പിന്‍വലിച്ചത്‌.
സമരം പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന്‌ ഐ.എ.എസുകാരോടുള്ള എതിര്‍പ്പിനെതിരേ തക്ക സമയത്തു പ്രതികരിക്കാനാണ്‌ ഇവരുടെ തീരുമാനം. കുറെ കാലത്തേക്കെങ്കിലും സുപ്രധാന ഫയലുകള്‍ക്കടക്കം ഇനി ചലനവേഗമുണ്ടാകില്ല. വിവേചനശേഷിയുപയോഗിച്ചു തീരുമാനിക്കേണ്ട പല കാര്യങ്ങളിലും, സുപ്രധാന തീരുമാനങ്ങളിലും മെല്ലെപ്പോക്ക്‌ തുടരും. ഭരണരംഗത്തു മൊത്തത്തില്‍ മെല്ലെപ്പോക്ക്‌ സമരത്തിനാണ്‌ ഐ.എ.എസുകാര്‍ ആലോചിക്കുന്നത്‌.
സമരം സര്‍ക്കാരിനെതിരേ വഴിതിരിച്ചുവിടാന്‍ ശ്രമിക്കരുതെന്നു ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ട മുഖ്യമന്ത്രി ചര്‍ച്ചയിലുടനീളം അതിരൂക്ഷമായാണ്‌ ഐ.എ.എസ്‌. ഭാരവാഹികളെ നേരിട്ടത്‌. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ ഉന്നയിച്ച പല ആവശ്യങ്ങളും വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിനെതിരായ ആരോപണങ്ങളും തള്ളിയ മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കിടെ ജേക്കബ്‌ തോമസിനെയും വിജിലന്‍സ്‌ വകുപ്പിനെയും വെള്ള പൂശുകയും ചെയ്‌തു. സമരം സര്‍ക്കാരിനെതിരേ തിരിയുന്നതായും അതിനാല്‍ ഉടന്‍ സമരം പിന്‍വലിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ചാണ്‌ പണിമുടക്കുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍നിന്ന്‌ ഐ.എ.എസുകാര്‍ പിന്‍വാങ്ങിയത്‌. രാവിലെ മുഖ്യമന്ത്രിയുമായുള്ള
ചര്‍ച്ച തുടങ്ങിയ ഉടന്‍ ഉന്നത ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ തങ്ങളോട്‌ കാട്ടുന്ന പകപോക്കലുകള്‍ വിശദീകരിച്ചു തുടങ്ങി. പക്ഷേ കാര്യങ്ങള്‍ അങ്ങനെയൊന്നുമില്ല എന്ന പറഞ്ഞ മുഖ്യമന്ത്രി തന്റെ നിലപാട്‌ വ്യക്‌തമാക്കി.
വിജിലന്‍സ്‌ വകുപ്പിനെ ഉപയോഗിച്ച്‌ ജേക്കബ്‌ തോമസ്‌ പലതരം കോലാഹലങ്ങളും ഉണ്ടാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉദ്യോഗസ്‌ഥരോടു സമ്മതിച്ചു. ഡയറക്‌ടര്‍ ചെയ്യുന്ന പല കാര്യങ്ങളും തന്നെ അറിയിക്കുന്നുണ്ട്‌. എന്നാല്‍ പലപ്പോളും മിക്ക കാര്യങ്ങളും ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയെ അറിയിക്കാതെ ചെയ്യുന്നുണ്ട്‌ എന്ന പരാതിയും തനിക്കു ലഭിച്ചിട്ടുണ്ട്‌. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ വികാരം താന്‍ പൂര്‍ണമായും മനസിലാക്കുന്നു.
അതിനു പരിഹാരം കാണാന്‍ ഒരു സ്‌ഥിരം സംവിധാനം ഉണ്ടാകും. പക്ഷേ അവധിയെടുത്തുള്ള പണിമുടക്ക്‌ ആഹ്വാനം സര്‍ക്കാരിനെതിരേ തിരിയുകയാണ്‌. സമരം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണെങ്കില്‍ അതനുവദിക്കില്ല. തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ സമരം പ്രഖ്യാപിച്ചതു ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. എല്ലാ സംസ്‌ഥാനത്തും ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കെതിരേ വിജിലന്‍സ്‌ അന്വേഷണം നടക്കുന്നുണ്ട്‌. അതിന്റെ പേരില്‍ വിജിലന്‍സിനെ വിമര്‍ശിക്കാന്‍ തനിക്കാകില്ലെന്നും അന്വേഷണങ്ങളില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഇതേത്തുടര്‍ന്നാണ്‌ തങ്ങള്‍ അവധിയെടുത്തുള്ള സമരം പിന്‍വലിക്കുകയാണെന്നു ചര്‍ച്ചയ്‌ക്കെത്തിയവര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്‌. വിജിലന്‍സ്‌ ഡയറക്‌ടറുടെ പ്രതികാരനടപടികള്‍ തുടരുന്നതിലുള്ള തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ കണ്ടെത്തിയ ഏക മാര്‍ഗത്തിനെതിരേ മുഖ്യമന്ത്രിയടക്കം രാഷ്‌ട്രീയ നേതൃത്വം കടുത്ത നിലപാടെടുത്തതില്‍ അതീവ ദുഃഖിതരാണ്‌ ഐ.എ.എസ്‌. നേതൃത്വം. ഇത്തരത്തിലൊരു പ്രതികരണം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉദ്യോഗസ്‌ഥര്‍ പ്രതീക്ഷിച്ചതുമില്ല. എന്നിരുന്നാലും സംസ്‌ഥാനത്തെ ഭരണസംവിധാനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ദുഷ്‌പേര്‌ കേള്‍ക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഐ.എ.എസ്‌. നേതൃത്വം പണിമുടക്ക്‌ പിന്‍വലിച്ചു തീരുമാനിച്ചത്‌.

ഭരണസിരാകേന്ദ്രത്തിലെ പ്രധാനികള്‍ സമരരൂപം സ്വീകരിക്കരുത്‌: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കൂട്ട അവധിയെടുത്തുള്ള ഒരു വിഭാഗം ഐ.എ.എസ്‌ ഉദ്യോഗസ്‌ഥരുടെ സമരരൂപത്തെ അംഗീകരിക്കാനാവില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍തന്നെ സമരരൂപം സ്വീകരിക്കുന്നത്‌ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇക്കാര്യം തന്നെ കണ്ട്‌ സംസാരിക്കാനെത്തിയ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരോട്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. വിജിലന്‍സ്‌ അന്വേഷണത്തില്‍ ഇടപെടാനോ സ്വാധീനിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ല.
അന്വേഷണം സ്വതന്ത്രവും നിഷ്‌പക്ഷവുമായി നടക്കണമെന്നാണ്‌ സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Ads by Google
Tuesday 10 Jan 2017 02.34 AM
YOU MAY BE INTERESTED
TRENDING NOW