Tuesday, April 25, 2017 Last Updated 22 Min 14 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.34 AM

മത്സരയിടമല്ല, സ്‌കൂള്‍ കലാമേള ഉത്സവവേദിയാകണം: വിദ്യാഭ്യാസ മന്ത്രി

uploads/news/2017/01/69280/k8.jpg

കണ്ണൂര്‍: സ്‌കൂള്‍ കലാമേളകളെ മല്‍സരങ്ങള്‍ക്കുള്ള ഇടമായല്ല, ഉല്‍സവേദിയായാണു കാണേണ്ടതെന്ന്‌ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ അഭിപ്രായപ്പെട്ടു. വിജയിക്കുകയാണ്‌ പ്രധാനമെന്നു തോന്നുമ്പോഴുണ്ടാവുന്ന അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ഇത്‌ അനിവാര്യമാണെന്നും സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ കണ്ണൂര്‍ കലക്‌ടറേറ്റ്‌ ഹാളില്‍ വിലയിരുത്തിക്കൊണ്ട്‌ മന്ത്രി പറഞ്ഞു.
മേളയെ കുറ്റമറ്റതാക്കുന്നതിന്‌ നടത്തിപ്പിലും വിധിനിര്‍ണയത്തിലുമൊക്കെ സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്‌. കലോത്സവ പ്രചാരണം മുതല്‍ നടത്തിപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട്‌ ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മാമാങ്കം നടത്താനായാല്‍ അതൊരു ചരിത്രസംഭവമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി 12-നു വൈകിട്ടു നാലിന്‌ കണ്ണൂറ നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തുമെന്ന്‌ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു.
മേളയുടെ തീം സോങ്ങിന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു. സാജു ഗംഗാധരന്‍ രചനയും ബിനേഷ്‌ കരുണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ച മൂന്ന്‌ മിനുട്ട്‌ ദൈര്‍ഘ്യമുള്ള തീം സോങ്‌ കണ്ണൂരിന്റെ ചരിത്രവും തനിമയും ദൃശ്യവല്‍ക്കരിക്കുന്നതാണ്‌. മേളയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പരിപാടികളുമായി ബന്ധപ്പെട്ട്‌ തയ്ാറയാക്കിയ ബ്രോഷര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി സുമേഷിന്‌ നല്‍കിക്കൊണ്ട്‌ മന്ത്രി പ്രകാശനം ചെയ്‌തു. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി കലോല്‍സവ വേളയില്‍ ഉപയോഗിക്കുന്നതിനുള്ള 1000 മഷിപ്പേനകള്‍ കോര്‍പറേഷന്‍ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: പി ഇന്ദിര മന്ത്രിക്ക്‌ നല്‍കി.
അവലോകന യോഗത്തില്‍ മേയര്‍ ഇ.പി. ലത, എം.എല്‍.എമാരായ ജയിംസ്‌ മാത്യു, ടി.വി. രാജേഷ്‌, എ.എന്‍. ഷംസീര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. സുമേഷ്‌, ഡി.പി.ഐ. മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ എം.എസ്‌. ജയ, ജില്ലാ കലക്‌ടര്‍ മിര്‍ മുഹമ്മദലി, എസ്‌.പി: കെ.പി ഫിലിപ്പ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Tuesday 10 Jan 2017 02.34 AM
YOU MAY BE INTERESTED
TRENDING NOW