Saturday, August 19, 2017 Last Updated 0 Min 30 Sec ago English Edition
Todays E paper

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Monday 09 Jan 2017 06.15 PM

മാനവികത പടിയിറങ്ങിപ്പോയ കാമ്പസുകളില്‍ രാഷ്ട്രീയം തിരിച്ചുവരണം

അനീതി നടക്കപ്പെടുമ്പോള്‍ അവിടെ കലാപം ഉണ്ടായിരിക്കണം എന്ന വാചകങ്ങള്‍ ഓര്‍മ്മിക്കണം. പാമ്പാടി കോളേജിനെതിരെ കുട്ടികള്‍ സമരം തുടങ്ങിയിരിക്കുന്നു. പോലീസിനെക്കാളും നിയമത്തിനെക്കാളും മുന്‍പേ അവര്‍ തന്നെയാണ് പുറത്തിറങ്ങേണ്ടത്. എത്രയോ വര്‍ഷങ്ങളായി ക്യാംപസുകളില്‍ അന്യംനിന്നുപോയ സമര മാര്‍ഗ്ഗങ്ങള്‍ അനീതി നടക്കുന്ന സാഹചര്യങ്ങളിലെങ്കിലും പോരാട്ടമായി മുന്നോട്ടു വരട്ടെ.
uploads/news/2017/01/69034/college.gif

കാമ്പസ് രാഷ്ട്രീയം നിരോധിക്കുമ്പോള്‍ അക്രമരാഷ്ട്രീയത്തിന്റെ ദുരന്തചിത്രങ്ങളായിരുന്നു എവിടെയും ചര്‍ച്ചാവിഷയമായിരുന്നത്. എന്നാല്‍ ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയ വിഷയങ്ങളില്ലാതെയും കുട്ടികള്‍ അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ പറയാന്‍ തോന്നുന്നത് മറ്റൊന്നാണ്, യുവാക്കളെ കൃത്യമായ ലക്ഷ്യബോധത്തിലേക്ക് നയിക്കാന്‍ പറ്റിയ യുവജനപ്രസ്ഥാനങ്ങളോ അവരുടെ ബുദ്ധിമുട്ടുകളില്‍ ഇടപെടാന്‍ കഴിയുന്ന ഒരു സംഘടനയോ ഇപ്പോള്‍ കേരളത്തിലില്ലെന്ന്. പാമ്പാടി നെഹ്‌റു കോളേജിലെ പഠിതാവ് ജിഷ്ണുവിന്റെ ആത്മഹത്യ സൂചിപ്പിക്കുന്നത് അത്തരമൊരു ആശയസംഘടനാ അഭാവത്തിന്റെ ഇരതന്നെയാണ് ജിഷ്ണു എന്നതാണ്.

കഴിഞ്ഞ ആഴ്ച തന്നെയാണ് മറ്റൊരു വിഷയം ശ്രദ്ധയില്‍ പെട്ടത്. സംസ്ഥാനത്തെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയെ വിരല്‍ മുറിഞ്ഞു പോയി രക്തം വാര്‍ന്നൊലിച്ചിട്ടും മാതാപിതാക്കള്‍ വരാതെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയ്യാറാകാതിരുന്ന അധ്യാപകരുടെ ക്രൂരത. കുട്ടികളെ പുറത്തേയ്ക്ക് ഇറക്കുകയായിരുന്ന അധ്യാപിക അവസാനം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കണ്ടില്ല, കതകടച്ചപ്പോള്‍ അതിനിടയില്‍പെട്ടാണ് രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വിരല്‍ മുറിഞ്ഞു വേര്‍പെട്ടത്. കുഞ്ഞിനെ സ്‌കൂളില്‍ കൊണ്ടാക്കിയ മാതാപിതാക്കള്‍ സ്‌കൂളില്‍നിന്നുള്ള അറിയിപ്പുകിട്ടി എത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സ്‌കൂളില്‍ ഫസ്റ്റ്് എയിഡ് മാത്രം കൊടുത്ത് അധ്യാപകര്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വച്ചുകൊണ്ടിരിക്കുകയായിരുന്നു. തീര്‍ത്തും മനുഷ്യത്വ രഹിതമായ ഇവരുടെ ഇടപെടലുകള്‍ കാരണം മണിക്കൂറുകള്‍ കഴിഞ്ഞെന്ന കാരണത്താല്‍ ഹോസ്പിറ്റലില്‍ ചെന്നെത്തിയിട്ടും വിരലുകള്‍ തുന്നിക്കെട്ടാന്‍ ബുദ്ധിമുട്ടു നേരിട്ടു , മാതാപിതാക്കള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ വിഷയം ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്... മാസം തോറും ആവശ്യമില്ലാത്ത ദിവസങ്ങള്‍ക്കുവരെ പണം എണ്ണമില്ലാത്ത വാങ്ങിക്കുന്ന സ്‌കൂളിന് അപകടകരമായ ഒരു അവസ്ഥയില്‍ രക്തം വാര്‍ന്നു പോകുന്ന അവസ്ഥയുണ്ടായിട്ടും ഒരു ചെറിയ കുഞ്ഞിനോട് പോലും മനുഷ്യത്വം കാണിക്കാന്‍ കഴിയാതെ പോകുന്ന വിധത്തില്‍ നശിച്ചു പോയോ മനുഷ്യത്വം?

മനുഷ്യത്വം മറ്റൊരര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെട്ടതാണ് ജിഷ്ണുവിന്റെ വിഷയത്തിലും ഉണ്ടായത്. ആദ്യമായി യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതുന്ന ഒരു കുട്ടി, അവന്‍ കോപ്പി അടിച്ചോ ഇല്ലയോ എന്നത് അറിവില്ലാത്ത കാര്യമാണ്. അഥവാ കോപ്പി അടിച്ചെങ്കില്‍ പോലും ആദ്യ പരീക്ഷ എന്ന നിലയില്‍ ആ കുട്ടിയെ ശകാരിച്ചു , ഉപദേശിച്ച് വിടേണ്ടതിനുപകരം ഇനി പരീക്ഷ എഴുതാന്‍ കഴിയാത്ത വിധത്തില്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും പേപ്പര്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ മരവിച്ച് പോകുന്ന അധ്യാപകരുടെ മനുഷ്യത്വം എത്ര വലുതാണ്!

വിദ്യാഭ്യാസം കച്ചവടം മാത്രമായി മാറപ്പെടുന്ന സാംസ്‌കാരിക അവസ്ഥയില്‍ നഷ്ടപ്പെടുന്ന മാനവിക മൂല്യങ്ങള്‍ ഇതേ അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ എവിടെ നിന്ന് ഉണ്ടാകണമെന്നാണ്? രാഷ്ട്രീയം പോലും സ്വാര്‍ത്ഥതയ്ക്കു വേണ്ടി മാത്രമായി മാറപ്പെടുമ്പോള്‍ ഒരുകാലത്ത് കലാലയങ്ങളില്‍ നീതിയ്ക്കുവേണ്ടിയും കുട്ടികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതിയിരുന്നവരുടെ സത്യസന്ധമായ രാഷ്ട്രീയ നിലപാടുകളെ ഏറെ ആദരവോടെ നോക്കേണ്ടി വരും. അടിമകളായി മാത്രം കുട്ടികള്‍ മാറ്റപ്പെടുന്ന വിദ്യാഭ്യാസ കച്ചവടത്തില്‍ ഈ അധ്യാപകര്‍ നല്‍കുന്നതും പറയുന്നതും മാത്രം കേട്ടുവളരുന്ന കുട്ടിയുടെ മാനവിക മൂല്യങ്ങള്‍ മരവിച്ചു പോകുന്നു. ഇവരുടെ തലമുറ വളര്‍ന്നു വരുമ്പോള്‍ എവിടെ നിന്നാണ് മൂല്യബോധമുള്ള ഒരു രാഷ്ട്രീയഭാവി സംസ്ഥാനം സ്വപ്നം കാണേണ്ടത്?

ക്ലാസ്സില്‍ ഒരു കുട്ടിയ്ക്ക് തലകറക്കമോ വേദനയോ ഒക്കെ വന്നാല്‍ പോലും വീടിനടുത്തുള്ള കുട്ടികളുടെ ഒപ്പം ആ കുട്ടിയെ വീട്ടിലേയ്ക്കു പറഞ്ഞു വിടുകയും അതേ കുറിച്ച് പിന്നീടും അന്വേഷിക്കുന്ന ഒരു സംസ്‌കാരം പണ്ട് സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ടായിരുന്നു. വലിയ വ്യത്യാസമില്ലാതെ സ്വകാര്യ സ്‌കൂളുകളും ഇത് പിന്‍തുടര്‍ന്ന് പോന്നിട്ടുണ്ട്. ഒപ്പം പോകുന്ന കുട്ടികള്‍ അസുഖമുള്ള കുട്ടികളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത മട്ടില്‍ അവരെ വീടുകളില്‍ കൊണ്ടാക്കുകയും കാര്യങ്ങള്‍ മാതാപിതാക്കളോട് വിശദീകരിക്കുകയും ചെയ്യും. അധ്യാപകരില്‍ നിന്ന് കുഞ്ഞുങ്ങളിലേയ്ക്ക് അറിയാതെ പകര്‍ത്തപ്പെടുന്ന മാനവിക പാഠം തന്നെയായിരുന്നു അത്. ഇന്ന് മാതാപിതാക്കളില്‍ രണ്ടു പേരും ജോലിക്കാരാകുമ്പോള്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ മാതാപിതാക്കളുടെ നമ്പറുകള്‍ ഏഴുതി വായിക്കപ്പെട്ട ഡയറികളില്‍ നിത്യവും ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും പണമാവശ്യപ്പെട്ടു കൊണ്ട് ഏഴുതി വിടാനും ഫോണ്‍ വിളിക്കാനും മടി കാണിക്കാത്ത സ്‌കൂള്‍ അധികൃതര്‍ അപകടങ്ങളില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് സ്വാര്‍ത്ഥമായ കച്ചവടങ്ങളിലേയ്ക്ക് മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. പത്താം ക്ലാസ്സില്‍ പോലും കോപ്പിയടിയില്‍ പിടിക്കപ്പെടുന്ന കുട്ടികള്‍ക്ക് ആദ്യം മിക്കപ്പോഴും ഉപദേശം തന്നെയാണ് നല്‍കുക. ഡീബാര്‍ ചെയ്യുന്ന അവസ്ഥ അങ്ങേയറ്റം വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ നല്‍കൂ എന്നിരിക്കെ ഒരു കോളേജ് തലത്തില്‍ അവര്‍ അപഹസിക്കപ്പെടുന്ന, ഭീഷണിപ്പെടുന്ന രീതി ക്രൂരമാണ്.

അനീതി നടക്കപ്പെടുമ്പോള്‍ അവിടെ കലാപം ഉണ്ടായിരിക്കണം എന്ന വാചകങ്ങള്‍ ഓര്‍മ്മിക്കണം. പാമ്പാടി കോളേജിനെതിരെ കുട്ടികള്‍ സമരം തുടങ്ങിയിരിക്കുന്നു. പോലീസിനെക്കാളും നിയമത്തിനെക്കാളും മുന്‍പേ അവര്‍ തന്നെയാണ് പുറത്തിറങ്ങേണ്ടത്. എത്രയോ വര്‍ഷങ്ങളായി ക്യാംപസുകളില്‍ അന്യംനിന്നുപോയ സമര മാര്‍ഗ്ഗങ്ങള്‍ അനീതി നടക്കുന്ന സാഹചര്യങ്ങളിലെങ്കിലും പോരാട്ടമായി മുന്നോട്ടു വരട്ടെ. മാനവികത ചോദ്യം ചെയ്യപ്പെടുമ്പോള്‍ മറുചോദ്യവുമായി അവകാശമുള്ളവര്‍ മുന്നോട്ടു വരിക തന്നെ വേണം. കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ എല്ലാം തന്നെ ചോദ്യം ചെയ്യപ്പെടട്ടെ. കച്ചവടം നടത്തുമ്പോള്‍ തന്നെ കുട്ടികളുടെ ജീവനെങ്കിലും സംരക്ഷിക്കാനുള്ള ബാധ്യത ഓരോ നല്ല അധ്യാപകരും ഏറ്റെടുക്കട്ടെ. വാചകങ്ങളില്ല, പ്രവൃത്തിയിലാണ് കാര്യം, മാനുഷികതയിലും.

Ads by Google
TRENDING NOW