Monday, January 09, 2017 Last Updated 11 Min 49 Sec ago English Edition
Todays E paper
Monday 09 Jan 2017 02.57 PM

പുതുദാമ്പത്യത്തിന്റെ പദവിന്യാസങ്ങള്‍

uploads/news/2017/01/68995/weeklyrajasreewair.jpg

അവതാരകയും നര്‍ത്തകിയുമായ രാജശ്രീവാര്യരുടെ വിവാഹശേഷമുള്ള ആദ്യത്തെ പുതുവത്സരമാണ് ഇത്. പുതിയ ജീവിതത്തെക്കുറിച്ച് രാജശ്രീ.

കൈയും മെയ്യും മനസ്സും ഒന്നാകുമ്പോഴാണ് നൃത്തം കാണികളുടെ മനസ്സില്‍ കുളിര്‍മ്മയുണ്ടാക്കുന്നത്. അങ്ങനെ പ്രേക്ഷകരുടെ മനസ്സിന് കുളിര്‍മ്മയേകാന്‍ ഒരു യഥാര്‍ത്ഥ നര്‍ത്തകിക്കേ കഴിയൂ.

ജീവിതത്തില്‍ ഒറ്റപ്പെട്ടു നിന്ന സമയത്തും രാജശ്രീ നൃത്തം കൈവിട്ടില്ല. ഏകാന്തജീവിതം അവസാനിപ്പിച്ച് തന്റെ സുഹൃത്ത് കൂടിയായ അനില്‍കുമാറിനൊപ്പം പുതിയൊരു ജീവിതംതുടങ്ങിയിരിക്കുകയാണ് രാജശ്രീ.

പുതുവര്‍ഷത്തില്‍ കൂട്ടിനൊരാളും വന്നു. പുതിയ ജീവിതത്തെക്കുറിച്ച്?


പുതിയ ആളൊന്നുമല്ല അനില്‍. വര്‍ഷങ്ങളായി എന്റെ നല്ല സുഹൃത്തായിരുന്നു. ഒരു കൂട്ടുവേണമെന്ന് തോന്നിയപ്പോള്‍ അത് നമ്മളെ അറിയുന്ന, മനസ്സിലാക്കുന്ന ഒരാളാകുന്നതാണ് നല്ലതെന്ന് തോന്നി. കെ.എസ്.ഇ.ബി.യില്‍ എഞ്ചിനീയറാണ് അനില്‍.

അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്. ജീവിതത്തില്‍ വിവാഹമേ വേണ്ടെന്ന് കരുതി ജീവിച്ച ആളാണ് അദ്ദേഹം. എന്റെ വീട്ടില്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. മകള്‍ക്കും പൂര്‍ണ്ണ സമ്മതം. അങ്ങനെ പെട്ടെന്ന് തീരുമാനിച്ച് വളരെ പെട്ടെന്നായിരുന്നു വിവാഹം. കഴിഞ്ഞ സെപ്തംബര്‍ 11-ന്.

ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ തുടക്കകാലത്ത് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചു?


87 - കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ നൃത്തമത്സരത്തില്‍ എനിക്കായിരുന്നു ഒന്നാംസ്ഥാനം. അതുകഴിഞ്ഞ് ദൂരദര്‍ശനില്‍ നൃത്തമവതരിപ്പിക്കാന്‍ ക്ഷണം. ആ സമയത്താണ് ആകാശവാണിയില്‍ 'വിദ്യാര്‍ത്ഥികള്‍ക്ക്' എന്ന പ്രോഗ്രാമിലേക്ക് നന്നായി മലയാളം സംസാരിക്കുന്ന കുട്ടികളെ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുത്തത്. അതിലും അവസരം കിട്ടി.

എന്റെ സംഗീത അദ്ധ്യാപകനായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌സാര്‍ ആകാശവാണിയിലെ സ്റ്റാഫായിരുന്നു. അദ്ദേഹത്തിന്റെ പ്രോഗ്രാമുകളിലൂടെ പാടുകയും ചെയ്തു. ആകാശവാണിയിലുണ്ടായിരുന്നവര്‍ ദൂരദര്‍ശനിലേക്ക് ട്രാന്‍സ്ഫറായി വന്ന സമയം. അവരാണ് എന്നോട് പരിപാടിയുടെ അവതാരകയാകാമോ എന്ന് ചോദിക്കുന്നത്.

നൃത്തവും സംഗീതവുമല്ലാതെ അവതരണത്തിന്റെ ശൈലിപോലും എനിക്കറിയില്ല. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് സമീക്ഷ എന്ന സാഹിത്യപരിപാടി അവതരിപ്പിച്ചു. അതുവരെ ടെലിവിഷനില്‍ അവതരണം എന്നൊരു ശൈലിയുണ്ടായിരുന്നില്ല.

മലയാളത്തില്‍ ആദ്യമായി അവതരണം ചെയ്ത പരിപാടിയായി സമീക്ഷ മാറി. ഒ.എന്‍.വി, വിഷ്ണുനമ്പൂതിരി, കൈതപ്രം തുടങ്ങിയവരുടെ പങ്കാളിത്തം സമീക്ഷയുടെ ലെവല്‍ തന്നെ മാറ്റി. വയലാറിന്റെ കവിതകള്‍ ഈ പ്രോഗ്രാമിലൂടെ അവതരിപ്പിച്ച് ആ വര്‍ഷത്തെ നാനാ ടെലിവിഷന്‍ അവാര്‍ഡും കരസ്ഥമാക്കി.

തുടര്‍ന്ന് ലൈവ്‌പ്രോഗ്രാം, ന്യൂസ് പ്രോഗ്രാം എല്ലാം അവതരിപ്പിക്കാന്‍ സാധിച്ചു. എം.ടി.ക്ക് ജ്ഞാനപീഠം കിട്ടിയ വര്‍ഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.

സുപ്രഭാതം എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി?


ഏഷ്യാനെറ്റ് തുടങ്ങിയ സമയത്ത് തന്നെ അവിടുത്തെ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അവതരണശൈലിയില്‍ നിന്നും വേറിട്ടൊരനുഭവം തന്നെയായിരുന്നു സുപ്രഭാതം പരിപാടി. ഒരു ദിവസം രാവിലെ അഞ്ചുമണിക്ക് എന്റെ ഫോണിലേക്ക് വിളി വന്നു. ആറരയ്ക്ക് യേശുദാസ് സ്റ്റുഡിയോയില്‍ എത്തും. അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യണം.

എനിക്കാകെ ടെന്‍ഷനായി. രണ്ടു പേരാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഒന്ന് എന്റെ അദ്ധ്യാപകന്‍ കൂടിയായ ടി.എന്‍ ഗോപകുമാര്‍സാര്‍, മറ്റൊന്ന് ഞാന്‍. ജേണലിസ്റ്റ് വ്യൂവിലൂടെ അദ്ദേഹം ചോദിക്കും, ഞാന്‍ മറ്റൊരു ആംഗിള്‍ കണ്ടുപിടിക്കണം.

ഒരു ഇന്റര്‍വ്യൂ കഴിയുമ്പോള്‍ തന്നെ ആളുകള്‍ മടുത്തുതുടങ്ങും. അതുകൊണ്ട് ഗസ്റ്റുകളുടെ മൂഡ് നോക്കി വേണം സംസാരിക്കാന്‍. ഗോപകുമാര്‍ സാറിന്റെ ഇന്റര്‍വ്യൂ കഴിഞ്ഞു. പേടിച്ചിട്ടാണ് ഞാന്‍ ദാസ്‌സാറിന്റെ അരികിലെത്തുന്നത്. പക്ഷേ ഒരു മകളോടെന്നപോലെ സ്‌നേഹത്തോടും വാത്സല്യത്തോടുമാണ് അദ്ദേഹം എന്നോട് പെരുമാറിയത്.

വളരെ ചെറുപ്പം മുതല്‍ നൃത്തം പഠിച്ചിരുന്നു?


എന്നെ പ്ലേ സ്‌കൂളില്‍ വിടുന്ന സമയം, അവിടുത്തെ ടീച്ചര്‍മാരാണ് അച്ഛനോടും അമ്മയോടും ഞാന്‍ നന്നായി ഡാന്‍സ് കളിക്കും പാട്ടുപാടും എന്നൊക്കെ പറയുന്നത്. ആദ്യം പാട്ടാണ് പഠിക്കുന്നത്. അച്ഛനും അമ്മയും നല്ല കലാസ്വാദകരായിരുന്നു. അമ്മയുടെ ഓഫീസിലെ ഒരു ക്രിയേറ്റീവ് ക്ലബ്ബുമായി ചേര്‍ന്നാണ് നരേന്ദ്രപ്രസാദ് അങ്കിളിന്റെ നാട്യഗൃഹ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ നാട്യഗൃഹയുമായി നല്ല ബന്ധമുണ്ടായിരുന്നു.

ഞാന്‍ പി.ജി. ചെയ്തത് സംഗീതത്തിലാണ്. വര്‍ണ്ണം ഇന്‍ ഡ്യുവല്‍ ഫോര്‍മ്‌സ് ആയിരുന്നു വിഷയം. ഒരു വര്‍ണ്ണം സംഗീതത്തിലും മറ്റൊന്ന് നൃത്തത്തിലും. ഞാന്‍ കച്ചേരിയും ചെയ്യാറുണ്ട്. ഒരു മാസം ആറ് ഡാന്‍സ് പ്രോഗ്രാമുണ്ടെങ്കില്‍ ഞാന്‍ കച്ചേരി ഏറ്റെടുക്കില്ല. ഡാന്‍സിന്റെ ഇടവേളകളില്‍ കച്ചേരികള്‍ ചെയ്യും.

സ്വദേശത്തും വിദേശത്തുമായി ധാരാളം വേദികള്‍ പിന്നിട്ടു. മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവം


ഒരിക്കല്‍ മദ്രാസിലെ ഒരു വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ധനജ്ഞയന്‍ സാറും വേദിയിലുണ്ടായിരുന്നു. പരിപാടി കഴിഞ്ഞതും അദ്ദേഹം എന്നെ വിളിച്ച് നേരിട്ട് അഭിനന്ദിച്ചു. ആ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂ വായിക്കാനിടയായി.

ആ വര്‍ഷത്തെ ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം ഏതായിരുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. സീനിയര്‍ കാറ്റഗറിയില്‍ വൈജയന്തിമാലയുടേത്, പിന്നെ രാജശ്രീവാര്യരുടെ പെര്‍ഫോമന്‍സാണ് മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. ഞാന്‍ ഗുരുതുല്യനായി കാണുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കലും മറക്കാനാവില്ല.

സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലേ?


ധാരാളം അവസരങ്ങള്‍ വരാറുണ്ട്. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. പക്ഷേ എന്റെ ലക്ഷ്യവും സ്വപ്നവും സിനിമയല്ല. അത്തരം പേരിനും പ്രശസ്തിക്കും താല്പര്യമില്ല.

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ വീട്ടുകാരുടെ പിന്തുണ?


അച്ഛനും അമ്മയും നല്ല വിമര്‍ശകരാണെങ്കിലും എല്ലാ കാര്യത്തിനും പിന്തുണ നല്‍കിയിരുന്നു. തെറ്റു കണ്ടാല്‍ അതിനെ വിമര്‍ശിക്കാനും മടികാട്ടാറില്ല. ഞാനൊരു സിംഗിള്‍ പേരന്റാണ്. അതിന്റെ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എല്ലാത്തിലും അവര്‍ കൂടെ നിന്നു.

മൗനമാണ് ഏറ്റവും പിന്തുണയെന്ന് പഠിപ്പിച്ചത് അവരാണ്. ഒരിക്കലും അവരെന്നെ വിമര്‍ശിച്ചിട്ടില്ല. എന്റെ തീരുമാനങ്ങള്‍ ശരിയോ തെറ്റോ എന്ന് പറഞ്ഞിട്ടില്ല. നീ എന്ത് ചെയ്താലും അതിന്റെ ഫലം നീ തന്നെ അനുഭവിക്കണം എന്നതായിരുന്നു അവരുടെ ചിന്ത. എന്തു പ്രശ്‌നം വന്നാലും താങ്ങായി ഞങ്ങളുണ്ട് എന്നൊരു തോന്നല്‍ എനിക്ക് ഫീല്‍ ചെയ്യുംവിധമാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഒരു മകളുണ്ട്, ലാവണ്യ. സി.എ. പഠിച്ചിട്ട് ഒരു കമ്പനിയില്‍ ട്രെയിനിംഗാണ്. പാട്ടും ഡാന്‍സും ഒക്കെ പഠിച്ചിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മൂകാംബികയില്‍വച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്. പക്ഷേ അവള്‍ക്ക് കരിയറിനോടാണ് താല്പര്യം. കല അവള്‍ക്ക് സെക്കന്‍ഡറി ചോയിസാണ്. എന്റെ ഏറ്റവും നല്ല വിമര്‍ശകയും സുഹൃത്തുമാണവള്‍. എന്തും പറയാവുന്ന കൂട്ടുകാരി.

- സുനിത സുനില്‍

Ads by Google
TRENDING NOW