Sunday, January 08, 2017 Last Updated 55 Min 34 Sec ago English Edition
Todays E paper
Sunday 08 Jan 2017 01.37 AM

ശബരിമല സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ : കരാറുകാരനും ബോര്‍ഡുമായി തര്‍ക്കം മുറുകുന്നു

ശബരിമല: സന്നിധാനത്തെ സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെ കരാറുകാരനായ വാസ്‌കോ കമ്പനിയും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കരാറുകാരന്‌ പണം നല്‍കാത്തതിനെത്തുടര്‍ന്ന്‌ പ്ലാന്റിലെ രണ്ട്‌ വിദഗ്‌ധ തൊഴിലാളികളെ കമ്പനി തിരിച്ചുവിളിച്ചു. ഇതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി. സാങ്കേതിക വിദഗ്‌ധരില്ലാതെ നടത്തുന്ന ട്രീറ്റ്‌മെന്റ്‌ മലിനജലം ഒഴുകാന്‍ ഇടയാക്കുന്നതായാണ്‌ ആക്ഷേപം. പൂര്‍ണമായി സംസ്‌കരിക്കാത്ത ജലം ഞുണങ്ങാറിലൂടെ പമ്പാ നദിയിലേക്കാണ്‌ ഒഴുകിയെത്തുന്നത്‌.
കരാര്‍ പ്രകാരം ദേവസ്വം ബോര്‍ഡ്‌ ഒരു കോടി രൂപ നല്‍കാനുണ്ടെന്നാണ്‌ കമ്പനിയുടെ വാദം. 2015 ഓക്‌ടോബറിനു ശേഷം പ്ലാന്റ്‌ പ്രവര്‍ത്തിപ്പിച്ച ഇനത്തില്‍ ഒരു കോടിയും ഉള്‍പ്പെടെ രണ്ടു കോടി രൂപ ദേവസ്വം ബോര്‍ഡ്‌ നല്‍കാനുണ്ട്‌. എന്നാല്‍, സന്നിധാനത്തെ എല്ലാ കെട്ടിടങ്ങളുടേയും മാലിന്യം സംസ്‌കരണശാലയിലേക്ക്‌ എത്തിക്കാന്‍ കാരാറുകാര്‍ക്ക്‌ കഴിയാത്തതിനാല്‍ പണം നല്‍കാനാകില്ലെന്നാണു ബോര്‍ഡിന്റെ നിലപാട്‌. സംസ്‌കരണശാലയിലേക്ക്‌ മാലിന്യം എത്തിക്കാനായി സ്‌ഥാപിച്ചിട്ടുള്ള പി.വി.സി. പൈപ്പുകള്‍ നീക്കി കാസ്‌റ്റ്‌ അയണ്‍ പൈപ്പുകള്‍ സ്‌ഥാപിക്കണമെന്ന ആവശ്യവും ബോര്‍ഡ്‌ ഉയര്‍ത്തുന്നുണ്ട്‌. ഇവ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ കമ്പനിക്കു പണം നല്‍കാനാകൂ എന്ന പിടിവാശിയിലാണ്‌ ദേവസ്വം ബോര്‍ഡ്‌. എറണാകുളം കേന്ദ്രമായ വാസ്‌കോ എന്‍വയോണ്‍മെന്റല്‍ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ കരാറുകാര്‍. കഴിഞ്ഞ വര്‍ഷമാണ്‌ 23.7 കോടി രൂപ മുതല്‍ മുടക്കി 1.25 ഹെക്‌ടര്‍ സ്‌ഥലത്ത്‌ മാലിന്യസംസ്‌കരണശാല നിര്‍മിച്ചത്‌. 2015 ഒക്‌ടോബറിനു ശേഷം ദേവസ്വം ബോര്‍ഡ്‌ ബില്‍ മാറിക്കൊടുക്കാഞ്ഞതിനാല്‍ ഇവിടെ ജോലി നോക്കിയിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്ക്‌ ശമ്പളം നല്‍കാനാകുന്നില്ലെന്ന്‌ കമ്പനി പല തവണ ദേവസ്വം ബോര്‍ഡിന്‌ കത്തു നല്‍കിയിരുന്നു. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ്‌ പറയുന്ന ആവശ്യങ്ങള്‍ മുന്‍പ്‌ ഉന്നയിച്ചിരുന്നില്ലെന്നും കമ്പനി പറയുന്നു.
സന്നിധാനം ഉള്‍പ്പെടുന്ന 64 ഹെക്‌ടര്‍ ഭൂപ്രദേശത്തെ മുഴുവന്‍ കക്കൂസ്‌ ദ്രവമാലിന്യങ്ങളും ജീവാണുക്കളുടെ സഹായത്തോടെ സംസ്‌കരിച്ച്‌ ശുദ്ധജലമായി പുറത്തുവിടുന്നതാണ്‌ പദ്ധതി. പ്രതിദിനം അഞ്ചു മില്ല്യണ്‍ ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ പ്ലാന്റിന്‌ കഴിയുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. മാലിന്യസംസ്‌കരണശാലയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെനിന്നു പുറംതള്ളുന്ന മാലിന്യം ഒഴുകിയെത്തുന്ന പമ്പയില്‍ കോളിഫോം ബാക്‌ടീരിയയുടെ അളവ്‌ കൂടുന്നതായാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പറയുന്നത്‌.

Ads by Google
Sunday 08 Jan 2017 01.37 AM
YOU MAY BE INTERESTED
TRENDING NOW