Thursday, October 19, 2017 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jan 2017 01.37 AM

മകരവിളക്ക്‌: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മകരവിളക്ക്‌ മഹോത്സവത്തിന്‌ ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക്‌ എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മകരവിളക്ക്‌ മഹോത്സവ ഒരുക്കങ്ങള്‍ അവലോകനത്തിനായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ അദ്ദേഹം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്‌.
തീര്‍ത്ഥാടകര്‍ക്ക്‌ അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കണമെന്നും സന്നിധാനത്തും ക്യൂ കോംപ്ലക്‌സിലും ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടു.
പുല്ലുമേട്‌ ഉള്‍പ്പെടെ തീര്‍ത്ഥാടന പാതകളില്‍ മതിയായ വെളിച്ചവും കുടിവെള്ളവും ഉറപ്പു വരുത്തണമെന്നും പമ്പയില്‍ വെള്ളം കവിഞ്ഞ്‌ മലിനമാകുന്നത്‌ തടയാനും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനുമായി മകരവിളക്കു വരെ കൂടുതല്‍ വെള്ളം പമ്പയിലേക്ക്‌ ഒഴുക്കിവിടാനും നടപടി സ്വീകരിക്കണമെന്നും കെ.എസ്‌.ഇ.ബി., വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളോടും പത്തനംതിട്ട ജില്ലാ കലക്‌ടറോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോഴിക്കോനം, സത്രം എന്നിവിടങ്ങളിലേക്ക്‌ കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന്‌ കെ.എസ്‌.ആര്‍.ടി.സിയോടും ആവശ്യമായ അസ്‌കാ ലൈറ്റുകള്‍ എല്ലാ ജില്ലകളില്‍നിന്നും ലഭ്യമാക്കണമെന്ന്‌ പോലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതിയും കുടിവെള്ളവും തടസമില്ലാതെ ലഭ്യമാക്കാന്‍ കെ.എസ്‌.ഇ.ബി., വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി എമര്‍ജന്‍സി ഓപ്പറേറ്റിംഗ്‌ സെന്റര്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, മാത്യു ടി. തോമസ്‌, എ.കെ. ശശീന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ അജയ്‌ ത റയില്‍, കെ. രാഘവന്‍, സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ, അഡീ. ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ, വിവിധ വകുപ്പ്‌ സെക്രട്ടറിമാര്‍, മറ്റുദ്യോഗസ്‌ഥര്‍ തു ടങ്ങിയവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Sunday 08 Jan 2017 01.37 AM
YOU MAY BE INTERESTED
TRENDING NOW