ശബരിമല: പമ്പ വിളക്കും പമ്പാസദ്യയും 13ന് നടക്കും. 12ന് വൈകിട്ട് സന്ധ്യാ വന്ദനത്തിന് ശേഷം പമ്പാ മണപ്പുറത്ത് സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
ഗുരുസ്വാമിമാരുടെ നിര്‍ദേശപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച വിഭവങ്ങള്‍ തയാറാക്കി ഉച്ചയോടെ അയ്യപ്പഭക്തര്‍ പമ്പ മണപ്പുറത്ത് ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കും. നിലവിളക്ക് കൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പുന്നതോടെ സദ്യ ആരംഭിക്കും. ആദ്യം അയ്യപ്പനു നിവേദിച്ചശേഷമാണ് ഭക്തര്‍ സദ്യയുണ്ണുക. പമ്പാ സദ്യയില്‍ അയ്യപ്പന് പങ്കെടുക്കുന്നുവെന്നാണ് വിശ്വാസം. 13ന് വൈകിട്ട് ആറുമണിയോടെ പമ്പവിളക്ക് നടക്കും. മുളകൊണ്ട് ഗോപുരങ്ങള്‍ ഉണ്ടാക്കി അതില്‍ മണ്‍ചിരാതുകള്‍ കത്തിച്ചശേഷം ശരണമന്ത്രങ്ങളോടെ പമ്പാ നദിയിലേക്ക് ഒഴുക്കിവിടും. ഇതോടെ പമ്പാനദി ദീപപ്രപഞ്ചമായി മാറും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ 12ന് ആരംഭിക്കും. 12ന് പ്രാസാദശുദ്ധിയും 13ന് ബിംബശുദ്ധിക്രിയകളുമാണ് നടക്കുക. പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് ശുദ്ധിക്രിയകള്‍ നടക്കുക. മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും. സൂര്യന് ധനുരാശിയില്‍നിന്നു മകരംരാശിയിലേക്കു കടക്കുന്ന 14ന് രാവിലെ 7.40നാണ് സംക്രമപൂജ. ഈ സമയം തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന് വശം കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14 ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം ആകാശ നീലിമയില്‍ മകരനക്ഷത്രം മിഴിതുറക്കും. കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.